Read Time:11 Minute

ർഷം 1846 ഒരു പേരിടൽ പ്രശ്നത്തിന്റെ പേരിൽ ജോൺ ഹെർഷലിന്റെ ഉറക്കം തന്നെ നഷ്ടപ്പെട്ടു. കുഞ്ഞിന്റെ പേരിടലിന്റെ പേരിൽ തെറ്റിപ്പിരിയുന്ന ഭാര്യയുടേയും ഭർത്താവിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ട്  അത്ര അധികം കാലമായിട്ടില്ല. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ പ്രശ്നമായി അത് മാറി. ഹെർഷലിന്റെ പ്രശ്നം അതിലും രൂക്ഷമായിരുന്നു. തർക്കം രണ്ട് രാജ്യങ്ങൾ തമ്മിലാണ്. ഒരു ഭാഗത്ത് സ്വന്തം നാടായ ഇംഗ്ലണ്ടിലെ ജ്യോതിശാസ്ത്രജ്ഞരും മറുഭാഗത്ത് ഫ്രെഞ്ചുകാരും. പിന്നെങ്ങനെ അദ്ദേഹത്തിന് ഉറക്കം വരാനാണ്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജ്യോതിശാസ്ത്ര തർക്കമായിരുന്നു അത്. പുതിയതായി കണ്ടെത്തിയ ഗ്രഹത്തിന് എന്ത് പേരിടും എന്നതായിരുന്നു പ്രശ്നം. ജോൺ ഹെർഷലിന്റെ പിതാവായ വില്യം ഹെർഷലാണ് അതിന് മുൻപ് ഒരു ഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് ദൈവങ്ങളുടെ പേര് നല്കുന്ന പതിവിനെ ലംഘിച്ച് അദ്ദേഹം ജോർജിന്റെ നക്ഷത്രം എന്നതിന് പേരും നല്കി (Georgium Sidus, or “George’s Star,”) അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്ന ജോർജ് മൂന്നാമൻ രാജാവിന്റെ ബഹുമാനാർഥമായിരുന്നു അത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അർബൈൻ ലെ വെരിയർ (Urbain Le Verrier) ഈ ഏഴാം ഗ്രഹത്തിനപ്പുറം മറ്റൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുകയും അതിന്റെ സ്ഥാനം കൃത്യമായി കണക്കുകൂട്ടുകയും ചെയ്തു. ഈ ഗ്രഹം പിന്നീട് കണ്ടെത്തി. പക്ഷേ ഇതിന് മുൻപ് തന്നെ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ കൌച്ച് ആഡംസും (John Couch Adams) ഇതേ കണക്കുകൂട്ടലുകൾ നടത്തി സ്ഥാനം പ്രവചിച്ചിരുന്നു. ജ്യോതിശാസ്ത്ര മേഖലയിൽ ലെ വെരിയറോളം പ്രശസ്തനായിരുന്നില്ല ആഡംസ് എന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഹെർഷലിന് ഇക്കാര്യം നേരത്തേ അറിയാമായിരുന്നത് കൊണ്ട് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി. അതോടെ പേരിടാനുള്ള അവകാശം രണ്ടുപേരിൽ ആർക്കാണ് എന്നത് സംബന്ധിച്ച് തർക്കം തുടങ്ങി. ഇംഗ്ലണ്ട് ഒരു ഭാഗത്തും യൂറോപ്പ് മുഴുവൻ മറുഭാഗത്തും.

ജോൺ ഹെർഷൽ

സ്വന്തം പേര് പുതിയ ഗ്രഹത്തിന് നൽകാനാഗ്രഹിച്ച ലെ വെരിയർ അതിനൊരു സൂത്രം കണ്ടു. ഏഴാം ഗ്രഹത്തിന് ജോൺ ഹെർഷലിന്റെ പിതാവിന്റെ ബഹുമാനാർഥം ഹെർഷൽ എന്ന പേര് നല്കാം എന്നായിരുന്നു ആ നിർദ്ദേശം. പിന്നീട് അതേ പതിവ് അടുത്ത ഗ്രഹത്തിനും തുടരുമല്ലോ. ജോൺ ഹെർഷൽ കുറേക്കൂടി കുഴപ്പത്തിലായി. ഒരു വശത്ത് സ്വന്തം കുടുംബപ്പേരാണല്ലോ, അതിട്ടാലോ തെറ്റായൊരു കീഴ്വഴക്കം ആവുകയും ചെയ്യും. അദ്ദേഹം പക്ഷേ വിവേകപൂർവ്വം തീരുമാനമെടുക്കുകയും ഗ്രീക്ക് പുരാണങ്ങളിലെ പേരിടുന്ന പതിവ് തുടർന്ന് ഏഴാം ഗ്രഹത്തിന് യുറാനസ് എന്ന പേര് സ്ഥിരപ്പെടുത്തുകയും ചെയ്തു. അതോടെ എട്ടാം ഗ്രഹത്തിന് നെപ്റ്റ്യൂൺ എന്നും പേരിട്ടു. ഇതിന് മുൻപും പേരിടൽ സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. വ്യാഴത്തിന്റെയും ശനിയുടെയുമൊക്കെ ഉപഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരിടണോ, നമ്പർ മതിയോ എന്നൊക്കെയുള്ള തർക്കങ്ങൾ ഗലീലിയോയുടെ കാലം തൊട്ട് നടക്കുന്നുണ്ട്. ഗലീലിയോ തന്നെ നാട്ടിലെ പ്രമാണിമാരുടെ പേര് ആകാശഗോളങ്ങൾക്ക് നല്കിയിരുന്നു. ഇത് പിൽക്കാലത്ത് തിരുത്തപ്പെട്ടു. ഏതായാലും ബഹിരാകാശത്ത് മനുഷ്യരുടെ പേരുകളും, രാജ്യതാല്പര്യങ്ങളുമൊന്നും കറങ്ങി നടക്കേണ്ട എന്ന് ഹെർഷൽ തീരുമാനിച്ചു. പിന്നീട് യുറാനസിന്റെ ഉപഗ്രഹങ്ങൾക്ക് പേരിട്ടപ്പോൾ ജോൺ ഹെർഷൽ ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരാണിട്ടത്. അതും പിൽക്കാലത്ത് പരിഷ്കരിക്കപ്പെട്ടു. ഏതായാലും ആകാശഗോളങ്ങളുടെ പേരുകൾ അംഗീകരിക്കാനുള്ള അധികാരം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനായി മാറി. 1922 മുതൽ ഭാഗികമായി അത്തരം നിർദ്ദേശങ്ങൾ നിലവിലുണ്ട്. 1982 ജനീവയിൽ വെച്ച് ഈ വിഷയത്തിൽ നടന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പേരിടലിൽ ഇടപെടേണ്ടതെങ്ങനെ എന്നതിന് കൃത്യമായ നിയമാവലി ഉണ്ടാക്കി. ഉപഗ്രഹങ്ങൾക്കും, ഛിന്നഗ്രഹങ്ങൾക്കും, ധൂമകേതുക്കൾക്കും, ഗർത്തങ്ങൾക്കുമൊക്കെ പേര് നല്കാൻ കൃത്യമായ മാനദണ്ഡങ്ങളും രൂപീകരിച്ചു.

ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയന്റ് എന്ന പേര് നൽകാനുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് പുതിയ വിവാദ വിഷയം. ആദ്യം ഇത് സംബന്ധിച്ച നിയമങ്ങൾ എന്തൊക്കെ എന്ന് നോക്കാം.


ഗർത്തങ്ങൾജ്യോതിശാസ്ത്രത്തിന് നിർണായക സംഭാവന നല്കിയ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും പേരുകൾ,  മോസ്കോവിൻസ് സമതലത്തിന് ചുറ്റുമുള്ള ഗർത്തങ്ങൾക്ക് റഷ്യൻ ബഹിരാകാശ സഞ്ചാരികളുടെ പേരും അപ്പോളോ ഗർത്തത്തിന് ചുറ്റുമുള്ളവയ്ക്ക് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളുടെ പേരും നല്കാം. ചന്ദ്രനിൽ എത്തുന്ന മറ്റ് രാജ്യക്കാർക്ക് അവരുടേതായ മേഖലകൾ നല്കും. ഇവയിലെ പ്രത്യേക താല്പര്യമുള്ള ഗർത്തങ്ങൾക്ക് അതാത് രാജ്യത്തെ വിദഗ്ധരുടെ ആദ്യ നാമം നല്കാം.
തടാകങ്ങൾ,ബസാൾട്ട് സമതലങ്ങൾ, ചതുപ്പുകൾ, ചെറുസമതലങ്ങൾ, സമുദ്രങ്ങൾകാലാവസ്ഥ, മറ്റ് അമൂർത്ത സങ്കൽപ്പങ്ങൾ എന്നിവയെ കുറിക്കുന്ന ലാറ്റിൻ പദങ്ങൾ
പർവതനിരകൾഭൂമിയിലെ മലനിരകൾ, സമീപ ഗർത്തങ്ങൾ, തങ്ങളുടെ മേഖലയിൽ ഗണ്യമായ സംഭാവന നല്കിയ ശാസ്ത്രജ്ഞരുടെ പേരുകൾ
കൊടുമുടികൾ, താഴ്വരകൾസമീപ ഗർത്തങ്ങളുടെയോ മറ്റ് സ്ഥലപരമായ പേരുകളോ
മടക്കുതിട്ടകൾഭൌമശാസ്ത്രജ്ഞരുടെ പേരുകൾ
ഗർത്തനിരകൾ,  ഭ്രംശമേഖലകൾസമീപ ഗർത്തങ്ങളുടെ പേരുകൾ

നാമകരണത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുന്നത് തന്നെ പരിഹാസ്യമാണ്. അത് ഭരണകക്ഷിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റിയുള്ളതാകുന്നത് ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണ്. 1967 ലെ ഉടമ്പടി പ്രകാരം ബഹിരാകാശ ഗോളങ്ങൾ മാനവരാശിയുടെ പൊതുസ്വത്താണ്. ഈ പേരിടൽ തന്നെ ആ ഉടമ്പടിയുടെ ലംഘനമാണ്. ഒരു വിഭാഗം ഇന്ത്യക്കാർക്ക് മാത്രമാണ് ശിവശക്തി എന്ന പേരിനോട് ഐക്യപ്പെടാനാവുക. നമുക്ക് ചന്ദ്രനിൽ ദൈവസാന്നിധ്യം ആവശ്യമില്ല. പകരം ശാസ്ത്ര നേട്ടങ്ങൾക്ക് കാരണമായ ഇന്ത്യൻ ശാസ്ത്രജ്ഞരെയോ സാങ്കേതിക വിദഗ്ധരെയോ പേരിടലിലൂടെ ആദരിക്കാവുന്നതാണ്. All India Peoples Science Network ഇക്കാര്യത്തിൽ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പുതിയ പേര് സ്ഥിരപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ പ്രത്യേക വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ആവശ്യമുണ്ട്. പേരുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും  [email protected] എന്ന ഇ -മെയിൽ വഴി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനെ അറിയിക്കാവുന്നതാണ്.


അനുബന്ധ വായനയ്ക്ക്

Happy
Happy
62 %
Sad
Sad
3 %
Excited
Excited
3 %
Sleepy
Sleepy
3 %
Angry
Angry
17 %
Surprise
Surprise
10 %

One thought on “ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?

Leave a Reply

Previous post പൗരാണിക ജിനോമിക്‌സ്‌ – ഡോ.കെ.പി. അരവിന്ദൻ – LUCA TALK
Next post സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?
Close