ഡോ.ദീപ.കെ.ജി
ആഗോളതാപനത്തിന്റെ ഫലമായി രൂപം കൊള്ളുന്ന കാട്ടുതീ, കൊടുങ്കാറ്റ്, അഗ്നിപർവ്വത സ്ഫോടനം മുതലായ പ്രകൃതി ദുരന്തങ്ങൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, ആഗോളതാപനം വരുത്തിവച്ച ശ്രദ്ധിക്കപ്പെടാത്ത ഒന്നാണ് ജീവജാലങ്ങളുടെ രൂപഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന തരത്തിൽ വിവിധ ജീവജാലങ്ങളുടെ രൂപഘടനയിൽ വ്യത്യാസം വരുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
പക്ഷികളുടെ കൊക്കുകളും സസ്തനികളുടെ ചെവികളും പോലുള്ള അവയവങ്ങൾ ശരീരത്തിലെ അധിക ചൂട് നിയന്ത്രിക്കാൻ സഹായിക്കാറുണ്ട്. ചൂട് കാലാവസ്ഥയിൽ ജീവിക്കുന്ന മൃഗങ്ങളിൽ ഇത്തരം അവയങ്ങളുടെ വലുപ്പം താരതമ്യേന കൂടുതലാണ്. ശരീരത്തിന്റെ ഉപരിതല വിസ്തീർണവും വ്യാപ്തവും തമ്മിലുള്ള അനുപാതം തണുത്ത കാലാവസ്ഥയിലെ ജീവജാലങ്ങളിൽ കുറവും ചൂട് കാലാവസ്ഥയിലെ ജീവികളിൽ കൂടുതലും ആണെന്നാണ് പഠനങ്ങൾ. കാലാവസ്ഥയിലെ താപനില കൂടുന്നതിനനുസരിച്ചു ഇത്തരം അവയവങ്ങളുടെ വലിപ്പവും വർധിക്കുന്നുണ്ട്. 30 തരം ജീവജാലങ്ങളിൽ ഈയിടെ നടത്തിയ പഠനങ്ങൾ ഇത് ശരിയാണെന്നു തെളിയിക്കുന്നു.
പക്ഷികളുടെ കാര്യമെടുക്കുകയാണെങ്കിൽ, പഠനവിധേയമാക്കിയ 110 ഇനങ്ങളിൽപ്പെട്ട പക്ഷികളിൽ 58% ത്തിലും താപനിലയിൽ വന്ന മാറ്റത്തിനനുസരിച്ചു 4 മുതൽ 10% വരെ കൊക്കിന്റെ വലിപ്പം കൂടിയതായി കണ്ടെത്തി. സസ്തനികളിലാവട്ടെ, കാലാവസ്ഥാ വ്യതിയാനം മൊത്തത്തിലുള്ള ശരീരവലുപ്പത്തിൽ മാറ്റം വരുത്തുന്നതിനോടൊപ്പം ചെവി, വാൽ, കാൽ, ചിറക് എന്നിവയുടെ വലുപ്പത്തിലും വർധനവ് ഉണ്ടാക്കുന്നു. പക്ഷികൾ, ചെറിയ ഇനം സസ്തനികൾ തുടങ്ങിയവയിലാണ് ഇത്തരം മാറ്റങ്ങൾ കാണപ്പെട്ടിട്ടുള്ളത്.
2021 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.
അവലംബം: Shape-shifting: changing animal morphologies as a response to climatic warming: Trends in Ecology & Evolution (cell.com)
മറ്റു ലേഖനങ്ങൾ