[author image=”http://luca.co.in/wp-content/uploads/2014/09/pappooty.jpg” ]പ്രൊഫ. കെ. പാപ്പൂട്ടി, എഡിറ്റർ[/author]
നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്‌തീരിയ രോഗം ബാധിച്ച് കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നിൽ എന്ന് അഭിമാനിക്കുന്ന കേരളത്തിൽ! ഇതിൽപ്പരം ഒരു നാണക്കേട് വരാനുണ്ടോ?
ആസ്‌പത്രിയില്‍ വരാന്‍ മടിക്കുന്നവര്‍ക്കായി റോഡരികിലും ബസ്‌സ്റ്റാന്റിലും ഒക്കെ ഡിഫ്‌തീരിയയ്‌ക്കും വില്ലന്‍ചുമയ്‌ക്കും ടെറ്റനസ്സിനും ഉള്ള ട്രിപ്പിള്‍ വാക്‌സിന്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കാനായി കാത്തിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നമുക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്ന കാഴ്‌ചയാണല്ലോ. ഒരു നാലുപതിറ്റാണ്ടു മുമ്പു പോലും കുഞ്ഞുങ്ങളുടെ വന്‍ കൊലയാളി ആയിരുന്ന ഈ മൂന്നു രോഗങ്ങളെയും നമ്മള്‍ കീഴടക്കിക്കഴിഞ്ഞു എന്നു കരുതിയ ഘട്ടത്തിലാണ് ഡിഫ്‌തീരിയയുടെ തിരിച്ചുവരവ്.
ശാസ്‌ത്രവിരുദ്ധത മാത്രം കൈമുതലായുള്ള, വിശ്വാസസംരക്ഷകരായി സ്വയം ചമയുന്ന ഒരു കൂട്ടരും പ്രകൃതിചികിത്സാവക്താക്കളും ചേര്‍ന്നു നടത്തിയ വന്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തിന്റെ ഫലമായിരുന്നു ഈ തിരിച്ചുവരവ്. ഒരു പ്രത്യേക മതവിഭാഗത്തിനിടയില്‍ ജനനനിരക്ക് കുറയ്‌ക്കാനുള്ള തന്ത്രമാണ് വാക്‌സിനേഷന്‍ എന്ന് ആദ്യവിഭാഗം വാദിച്ചപ്പോള്‍ രോഗാണുസിദ്ധാന്തം തന്നെ തെറ്റാണെന്നു പറയാന്‍ പോലും രണ്ടാമത്തെ വിഭാഗത്തില്‍ ചിലര്‍ തയ്യാറായി. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും കൊടുക്കുന്ന വാക്‌സിനേഷന്‍ എങ്ങനെയാണ് ഒരു മതവിഭാഗത്തിന്റെ മാത്രം ജനനനിരക്കു കുറയ്‌ക്കുക എന്ന് വിശദീകരിക്കാന്‍ കപട `വിശ്വാസസംരക്ഷകര്‍’ ഇനിയും തയ്യാറായിട്ടില്ല. പക്ഷേ, ഒരു കാര്യം ശരിയാണ്; ശിശുമരണത്തിനിടയാക്കുന്ന രോഗങ്ങളെ നിയന്ത്രണവിധേയമാക്കുകയും കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്‌താല്‍ അച്ഛനമ്മമാര്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ മതിയെന്നുവെക്കും. അങ്ങനെയാണ് കേരളത്തിലും, വിദ്യാസമ്പന്നരായ ആളുകളുള്ള ലോകത്തെല്ലായിടത്തും ജനനനിരക്കു കുറഞ്ഞത്.

പ്രചാരണങ്ങള്‍ക്ക് വഴിപ്പെട്ട് വാക്‌സിനേഷന്‍ വേണ്ട എന്നുവെച്ചവരുടെ മക്കളാണ് ഇപ്പോള്‍ രോഗത്തിനു കീഴടങ്ങേണ്ടിവരുന്നത്. വാക്‌സിനേഷന്റെ കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ രോഗം അതിവേഗം തിരിച്ചുവരും എന്നത് ലോകം മുഴുവനും ഉള്ള അനുഭവമാണ്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കു മുമ്പ്, 1990ല്‍, റഷ്യയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്‌തീരിയ കേസുകള്‍ 1211 ആയിരുന്നുവത്രെ. എന്നാല്‍, തകര്‍ച്ചയ്‌ക്കുശേഷം വാക്‌സിനേഷനില്‍ ശ്രദ്ധ കുറഞ്ഞതുകൊണ്ട് 1994ല്‍ അത് കുതിച്ചുയര്‍ന്ന് 39703 ആയി. പിന്നീട് അതിനെ നിയന്ത്രിച്ചതും വാക്‌സിനേഷന്‍ വഴി തന്നെ. അമേരിക്കയില്‍ വില്ലന്‍ചുമയുടെ കാര്യത്തിലും സമാനമായ അനുഭവമുണ്ട്. ജന്മം നല്‍കുന്ന ദൈവം ശേഷമുള്ള സംരക്ഷണവും ഏറ്റെടുത്തുകൊള്ളും എന്നു വിശ്വസിക്കുന്ന ഒരു മതവിഭാഗമാണ് അവിടെയും വാക്‌സിനേഷന്‍ വിരുദ്ധ നിലപാടെടുത്തതും വില്ലന്‍ചുമ പരക്കാന്‍ ഇടയാക്കിയതും. അക്കൂട്ടരും ഇവിടത്തെ `വിശ്വാസ സംരക്ഷകരു’മായി ഒരു പ്രധാന വ്യത്യാസമുണ്ട്. അവര്‍ക്കിടയില്‍ മുതിര്‍ന്നവരും ചികിത്സ തേടില്ല. രോഗം വന്നു മരിക്കുക എന്നാല്‍ ദൈവം അങ്ങോട്ടു വിളിക്കുന്നതാണ് എന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഇവിടെയാകട്ടെ ഗര്‍ഭസ്ഥശിശുവിന് ദൈവം തന്നെ എല്ലാത്തരം വാക്‌സിനേഷനും നല്‍കിയ ശേഷമാണ് പ്രസവിക്കാന്‍ അനുവദിക്കുന്നത്’ എന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നവര്‍ പോലും തനിക്കു രോഗം വന്നാല്‍ ഒരു മുന്തിയ ആസ്‌പത്രി തേടി ഓടും.
വാക്‌സിനേഷന്‍ വിരുദ്ധരുടെ പ്രചാരണത്തില്‍ സാധാരണ മനുഷ്യര്‍ കുടുങ്ങിപ്പോകുന്നത് അജ്ഞതകൊണ്ടാണ്. അതില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. വാക്‌സിന്‍ എന്താണ്? എങ്ങനെയാണത് ഉണ്ടാക്കുന്നത്, എങ്ങനെയാണത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതും രോഗങ്ങളെ തടയുന്നതും തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ശരിക്കും മനസ്സിലാക്കുകയും മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുകയും വേണം. അതിനു സഹായകമായേക്കാവുന്ന ഏതാനും ലേഖനങ്ങളാണ് തുടര്‍ന്നു നല്‍കുന്നത്.
Happy
0
0 %
Sad
1
100 %
Excited
0
0 %
Sleepy
0
0 %
Angry
0
0 %
Surprise
0
0 %
Related