Home » സാമൂഹികം » ഡിഫ്തീരിയ എന്ന മാരകരോഗം

ഡിഫ്തീരിയ എന്ന മാരകരോഗം

ഡോ. മോഹൻ ദാസ് നായർ, ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി.

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗംബാധിച്ചവരുടെ തൊണ്ടയിൽ കാണുന്നവെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടയ്ക്ക് മൃഗങ്ങളുടെ തോലുമായുള്ള സാമ്യത്തിൽ നിന്നാണ് ഈവാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയാരാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ പൊരുതാൻ ആയുധങ്ങളില്ലാതിരുന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു.
1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെപരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ്-ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു.

Edwin_Klebs
എഡ്വിൻ ക്ലെബ്സ് (1834 – 1913)
Emil_von_Behring_sitzend
വോൺ ബെറിംഗ് (1854 – 1917)
Friedrich_Loeffler_3
ഫെഡറിക്ക് ലോഫ്ലർ (1852 – 1915)

 

 

 

 

 

 

 

 

 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയസമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. 1901 ൽ വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽസമ്മാനം ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, “ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ഡിഫ്തീരിയക്കെതിരായ യുദ്ധം ഇനി മുമ്പത്തെപ്പോലെ ഏകപക്ഷീയമായിരിക്കില്ല. ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്”.
ആ വാക്സിൻ ഉപയോഗിച്ചുതുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു. 1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിക്കുകയും പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത രോഗമായിരുന്നു ഡിഫ്തീരിയ. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആ വർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നുമാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിതരാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗം ഭീകരരൂപം പ്രാപിച്ച് സംഹാരതാണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ ഒന്നര ലക്ഷം പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയുംചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനുംപേരു കേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്നമലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലുകുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്. ഇപ്പോൾ കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും രോഗം വ്യാപിച്ചിരിക്കുന്നു. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമോയെന്ന  ഭീതിയിലാണ്.
സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്നസ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറംജില്ലയിലെ ചില പ്രദേശണ്ടളിൽ) 3 – 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽനിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗപ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ്എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായിചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്നരീതി (എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ) ആദ്യമായി പരീക്ഷിച്ചത് ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനായിരുന്നു, 1885 ൽ.
രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃ

pseudomembrane
ഡിഫ്തീരിയ ബാധിച്ച രോഗിയുടെ തൊണ്ടയിൽ രൂപപ്പെട്ട പാട. വിക്കിപ്പീഡിയയിലെ ചിത്രം

ദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
ഇതു കൂടാതെ ഡിഫ്തീരിയ പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ (നാഡികളുടെ) പ്രവർത്തനത്തെയാണ്. തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മൂക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗിപൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കുതന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്നനിലക്ക്. മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്.
ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെപാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റിടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് അധികം മരുന്നുകമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞുകഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ ഉള്ളപ്പോൾ. 90%ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെകുറവാണ്. ഇന്ന് കേരളത്തിലെ കുട്ടികളിൽ കുത്തിവെപ്പ് ശതമാനം 80 നു മുകളിലാണെങ്കിലും മുതിർന്നവർ കൂടിയുൾപ്പെടുന്ന സമൂഹം പരിഗണിക്കുമ്പോൾ ഇതു എത്രയോ താഴെയായിരിക്കും. കാരണം DPT എന്നകുത്തിവെപ്പ് എടുത്തു തുടങ്ങിയത് എഴുപതുകളിൽ മാത്രമാണ്.  അതിനാൽ ഇതു വ്യാജപ്രചരണങ്ങളിൽ വിശ്വസിച്ചു കുത്തിവെപ്പ് എടുക്കാത്ത ആളുകൾ കൂടുത

Diphtheria_vaccination_poster
ഡിഫ്ത്തീരിയാ വാക്സിൻ പ്രചരിപ്പിക്കാൻ യൂക്കേയിൽ ഉപയോഗിച്ചിരുന്ന പോസ്റ്റർ – വിക്കിപ്പീഡിയയിലെ ചിത്രം. അരനൂറ്റാണ്ടു മുമ്പാണ് ഈ പ്രചരണം!

ലുള്ള മലപ്പുറം, കോഴിക്കോട്, കാസറഗോഡ്, വയനാട്, പാലക്കാട് ജില്ലകളുടെ മാത്രം പ്രശ്നമായി കാണാൻ പറ്റില്ല.
ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നരവയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈരോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻപറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റിനിർത്താൻ പറ്റും.
അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കംപോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടുപോകും, നിയന്ത്രണാതീതമാകും, മുമ്പ് സോവിയറ്റ് യൂനിയനിൽ സംഭവിച്ചതു പോലെ.
DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈരോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്. അതിനാൽ ഇത് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. ബാലിശമായ വരട്ടു വാദങ്ങൾപറഞ്ഞ് കുത്തിവെപ്പിനെ എതിർക്കുന്നവർക്ക് നാം വഴങ്ങാൻ പാടില്ല. ബോധവൽക്കരണവും നിയമപരമായ നിഷ്കർഷയും കൊണ്ടു മാത്രമേ ഈ അപകടകരമായ അവസ്ഥയിൽ നിന്നുംനമുക്ക് രക്ഷപ്പെടാൻ കഴിയൂ.

Check Also

കേടായ കൊടിമരവും മെര്‍ക്കുറി ശാസ്ത്രവും

ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞദിവസം പൂജാ ദ്രവ്യങ്ങളുടെ കൂടെ മെർക്കുറി ഒഴിച്ചെന്നും, കൊടിമരം കേടായി എന്നും ഒക്കെ പത്രത്തിൽ വായിച്ചു കാണുമല്ലോ? ഈ അവസരത്തില്‍ മെര്‍ക്കുറിയെ പറ്റിയും കൊടിമരം കേടായതിന്റെ ശാസ്ത്രത്തെ പറ്റിയും ലേഖനം ചര്‍ച്ച ചെയ്യുന്നു.

Leave a Reply

%d bloggers like this: