Read Time:4 Minute
പി.ആർ.മാധവപ്പണിക്കർ
സെപ്റ്റംബർ 30 – ഹാൻസ് ഗൈഗർ (Hans Geiger 1882-1945 ) എന്ന ജർമൻ ഭൗതികജ്ഞന്റെ ജന്മദിനം. ഗൈഗർ കൗണ്ടർ (Geiger counter) എന്ന കണ നിദർശകം (particle detector), അണുകേന്ദ്രത്തിന്റെ കണ്ടെത്തലിലേക്കു നയിച്ച ഗൈഗർ-മാസ്ഡെൻ പരീക്ഷണം എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജർമനിയിലെ എർലാങെൻ സർവകലാശാലയിൽനിന്ന് 1906ൽ പി.എച്ച്.ഡി നേടി, അധികം വൈകാതെ റഥർഫോഡ് (Ernest Rutherford) എന്ന പ്രശസ്ത അണുശാസ്ത്രജ്ഞനോടൊപ്പം ഉപരിഗവേഷണം നടത്തുവാനായി ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചസ്റ്റർ സർവകലാശാലയിലെത്തി. റഥർഫോഡിന്റെ സംഘത്തിലെ ഏറ്റവും പ്രധാന ശാസ്ത്രജ്ഞരിലൊരാളായി. അവിടെവച്ചാണ് അദ്ദേഹം ആദ്യമായി കണനിദർശകം നിർമിച്ചത്. ആൽഫാ കണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനായിരുന്നു ഈ പുതിയ ഉപകരണം രൂപകല്പനചെയ്തു നിർമിച്ചത്. ഉയർന്ന മൂല്യമുള്ള വൈദ്യുത ക്ഷേത്രത്തിൽ, ഒരു അടഞ്ഞ കുഴലിനുള്ളിൽ വളരെക്കുറഞ്ഞ മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന വാതകത്തിലേക്ക് വീഴുന്ന ആൽഫാ കണം വാതകത്തിലെ ചില കണങ്ങളെ അയണീകരിക്കുകയും അങ്ങനെയുണ്ടാവുന്ന ചാർജിത കണങ്ങൾ വൈദ്യുതക്ഷേത്രത്തിന്റെ സ്വാധീനത്തിൽ ഇലക്ട്രോഡുകളിലേക്ക് ഓടുകയും ചെയ്യുന്നു. ഇതാണ് ഉപകരണം രേഖപെടുത്തുന്നത്. പരിചയമുള്ള വഴി ഉപേക്ഷിച്ച് പുത്തൻ വഴിയേ ചിന്തിക്കാൻ ധൈര്യം കാണിച്ചതിന്റെ ഫലമായിരുന്നു ഒരർഥത്തിൽ ആ കണ്ടുപിടിത്തം. വാതക കണങ്ങളെ അയണീകരിക്കാൻ ശേഷിയുള്ള, ആൽഫാ കണങ്ങളേയും മറ്റു വികിരണങ്ങളേയുമാണ് ഈ ഉപകരണത്തിന് കണ്ടെത്തി അളക്കാനാവുന്നത്.
ഗൈഗർ മുലെർ റേഡിയേഷൻ കൗണ്ടർ.
പിന്നീട് വാൽഥർ മുലെർ (Walther Müller) എന്ന ശാസ്ത്രജ്ഞനുമായി സഹകരിച്ചു നടത്തിയ പരിഷ്ക്കരണങ്ങളിലൂടെ ഈ ഉപകരണത്തെ കൂടുതൽ പ്രവർത്തനക്ഷമവും ഈടുള്ളതുമാക്കി. അങ്ങനെ ഇത് ഗൈഗർ-മുലെർ കൗണ്ടറായി. അണുഗവേഷണത്തിലും പലവ്യവസായ സ്ഥാപനങ്ങളിലും ഈ ഉപകരണം ഇന്നും ഉപയോഗിക്കപ്പെടുന്നു. ഇലക്ട്രോണിക്സ് ഉപയോഗിച്ച് വളരെ പരിഷ്ക്കരിക്കപ്പെട്ടവയാണ് ഇന്ന് അധികവും.
ഇന്ന് നമുക്ക്‌ അണുവിന്റെ വലിപ്പത്തെക്കുറിച്ചും അതിനുള്ളിലെ അണുകേന്ദ്രത്തിന്റെ വലിപ്പത്തെക്കുറിച്ചും കുറച്ചൊക്കെ ധാരണയുണ്ട്. അതിനു കാരണമായത് റഥർഫോഡിന്റേയും ഗൈഗറിന്റേയുംമറ്റും ഗവേഷണപഠനങ്ങളാണ്. മൊത്തം അണുവിനെക്കാൾ എത്രയോ ചെറിയ, ലക്ഷത്തിലൊരംശം, കേന്ദ്ര ഭാഗത്താണ് അണുവിന്റെ ദ്രവ്യമാനത്തിൽ ഏറിയ പങ്കും എന്ന അതിപ്രധാനമായ കണ്ടെത്തൽ നടത്താൻ റഥർഫോഡിന് സഹായമായത് ഗൈഗറുമായിച്ചേർന്നുള്ള ഗവേഷണമാണ്.
1912ൽ ഗൈഗർ ജന്മനാട്ടിലേക്കു മടങ്ങി. ബർലിനിലെ ‘ജർമൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജി’ എന്ന ഗവേഷണസ്ഥാപനത്തിൽചേർന്ന് അണുഘടനയെ സംബന്ധിച്ച ഗവേഷണം തുടർന്നു. അവിടെ ബഥേ (Walter Bothe) എന്ന ശാസ്ത്രജ്ഞനുമായിച്ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സെപ്റ്റംബർ 29 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
Next post ശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന പ്രവചനശക്തി
Close