CERN സ്ഥാപകദിനം
‘European Organization for Nuclear Research’, അഥവാ ‘സേൺ’ (CERN) ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണശാലയുടെ നടത്തിപ്പുകാരായ അന്താരാഷ്ട്രസംഘടനയാണ്. 1954 ലെ ഉടമ്പടിപ്രകാരം സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ ഉദ്ദേശ്യം, ‘അടിസ്ഥാനശാസ്ത്രമേഖലകളിൽ ഊന്നിയുള്ള ആണവഗവേഷണത്തിന് യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുക’ എന്നതാണ്. സൈനികാവശ്യങ്ങൾക്കായുള്ള ഗവേഷണങ്ങളിൽ ഏർപ്പെടില്ലെന്നും, ഗവേഷണഫലങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കുമെന്നും ഉടമ്പടിയിൽ പറയുന്നു. ഇരുപത് യൂറോപ്യൻ രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങൾ ആണ്. അതു കൂടാതെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ സഹകരണവുമുണ്ട്.
1954-ഇൽ സ്ഥാപിതമായ സേൺ പരീക്ഷണശാല ഫ്രാൻസ്- സ്വിറ്റ്‌സർലാന്റ് അതിർത്തിയിൽ, ജനീവയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുഖ്യമായും കണികാഭൗതികപരീക്ഷണങ്ങൾക്കാവശ്യമായ കണികാത്വരണികളാണ് സേണിൽ ഉള്ളത്. ലാർജ്ജ് ഹാഡ്രോൺ കൊളൈഡർ എന്ന ലോകത്തെ ഏറ്റവും വലിയ കണികാത്വരണി സേൺ ആണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതു കൂടാതെ കംപ്യൂട്ടർ സംബന്ധമായ നിരവധി ഗവേഷണങ്ങളും സേണിൽ നടക്കുന്നു. വേൾഡ് വൈഡ് വെബ്(www) സേണിലാണ് വികസിപ്പിയ്ക്കപ്പെട്ടത്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കമ്പ്യൂട്ടർ വിഭവങ്ങളെ ഒരൊറ്റ കമ്പ്യൂട്ടേഷണൽ വിഭവമായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പരീക്ഷണങ്ങളെ സേൺ മുന്നോട്ട് നയിക്കുന്നു.
ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)- സംബന്ധിച്ച് ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം
എന്റികോ ഫെര്‍മി
ആണവയുഗത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന ഇപ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി (Enrico Fermi).1901 സെപ്റ്റംബര്‍ 29-നായിരുന്നു എന്റികോ ഫെര്‍മിയുടെ ജനനം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായാണ് എന്റികോ ഫെര്‍മിയെ ശാസ്ത്രലോകം പരിഗണിക്കുന്നത്. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവര്‍ത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോര്‍ജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. അണുകേന്ദ്രത്തിൽ നിന്ന് അസ്ഥിരമായ ന്യൂട്രോൺ പ്രോട്ടോണായി മാറുമ്പോൾ ബീറ്റാകണവും വൈദ്യുതചാർജ്ജ് രഹിതമായ ന്യൂട്രിനോയും ഉണ്ടാകുന്നുവെന്ന ബീറ്റാക്ഷയ (Beta decay) സിദ്ധാന്തം അവതരിപ്പിച്ചത് അദ്ദേഹമാണ്. പ്രകൃതിയിലെ നാല് അടിസ്ഥാന ബലങ്ങളിലൊന്നായ ദുർബല ബലം (Weak Force) കണ്ടെത്തി. ന്യൂട്രോൺ ഇപയോഗിച്ചുള്ള റേഡിയോ ആക്ടീവതയുടെയും വേഗം കുറഞ്ഞ ന്യൂട്രോണിന്റെയും കണ്ടുപിടുത്തത്തിന് 1938-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ഫെർമി സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപജ്ഞാതാവ് കൂടിയാണദ്ദേഹം.
സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1952-ല്‍ നിര്‍മ്മിക്കപ്പെട്ട ഫെര്‍മിയം എന്ന മൂലകം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്. 1954 നവംബര്‍ 28-ന് എന്റികോ ഫെര്‍മി അന്തരിച്ചു.