Read Time:7 Minute


ഡോ. സപ്ന കെ.
സ്കൂൾ ഓഫ് മറൈൻ സയൻസസ്, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല

കേൾക്കാം

എഴുതിയത് : സപ്ന കെ അവതരണം : നീതി റോസ്

‘അവർ പാമ്പും കീരിയും പോലെയാണ്’ എന്ന പ്രയോഗം നമുക്ക് ഏവർക്കും സുപരിചിതമാണ്. ഈ പ്രയോഗത്തിന്റെ വസ്തുത പരിശോധിക്കാം. ചുരുക്കിപ്പറഞ്ഞാൽ രണ്ടുപേർ തമ്മിൽ അതിതീവ്ര ശത്രുത ഉണ്ടെങ്കിൽ ആണ് നാം മുകളിൽ പറഞ്ഞ പ്രയോഗം കേൾക്കുന്നത്. പാമ്പ് എന്നാൽ ഉഗ്രവിഷം ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. വിഷപ്പാമ്പുകൾ ആണെങ്കിൽ അവർക്ക് പ്രകൃത്യാ ശത്രുക്കൾ അല്ലെങ്കിൽ അവയെ കീഴ്പ്പെടുത്തി ആഹാരമാക്കാൻ കെൽപ്പുള്ള ജീവികൾ വളരെ കുറവാണ്. (സ്വയരക്ഷയ്ക്ക് എന്തിനെയും ഏതിനെയും കൊല്ലുന്ന മനുഷ്യൻ ഇതിന് ഒരു അപവാദം ആണ് കേട്ടോ.)

അവയിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു പ്രധാന ജീവിവർഗ്ഗം ആണ് കീരികൾ. ചെറിയ കുറ്റിക്കാടുകളിലും, മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്ന ചെറിയ ചെറിയ ആൾപ്പെരുമാറ്റം കുറഞ്ഞ മേഖലകളിലും നമുക്ക് കീരികളെ ഒറ്റയായോ, മൂന്ന് നാല് എണ്ണം അടങ്ങുന്ന കൂട്ടമായോ, കുടുംബമായോ കാണാൻ കഴിയും. ഏകദേശം മൂന്ന് ഡസനോളം സ്പീഷീസുകളിൽ പെടുന്ന കീരികൾ ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും തെക്കേ യൂറോപ്പിലുമായി കണ്ടുവരുന്നു. ഇവയിൽ 10 സ്പീഷീസുകളാണ് ഏറ്റവും അറിയപ്പെടുന്നത്. ഇന്ത്യയിൽ കാണപ്പെടുന്നത് ഹെർപ്പെസ്റ്റസ് ജീനസിൽ പെടുന്ന H. edwardsii ( Indian Grey mongoose) എന്ന സ്പീഷീസ് ആണ്. അവയെ അടിസ്ഥാനമാക്കിയാണ് ഇവിടെയുള്ള സവിശേഷതകൾ പ്രതിപാദിച്ചിരിക്കുന്നത്.

Indian Gray Mongoose (Herpestes edwardsii) കടപ്പാട് വിക്കിപീഡിയ

മാളങ്ങളിൽ ജീവിക്കുകയും ഇരപിടിക്കുന്ന സ്വഭാവക്കാരും ആയ ഈ ചെറു സസ്തനികൾക്ക് എല്ലാദിവസവും പാമ്പിനെ കഴിച്ച് വയറു നിറക്കണം എന്ന നിർബന്ധമൊന്നുമില്ല. ചെറു സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മുട്ടകൾ തുടങ്ങി വിവിധ തരം ഭക്ഷണം ഇവർ ഇഷ്ടപ്പെടുന്നു. അത്യപൂർവമായി ഫലങ്ങൾ കഴിക്കാറുണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും ഇപ്പോൾ നമ്മുടെ വിഷയമല്ല. നമ്മെ കീരികളോട് ആകൃഷ്ടരാക്കുന്നത് അവയുടെ പാമ്പുകളെ കീഴ്പ്പെടുത്താനുള്ള ധീരതയാണ്. അതെ, അത്യുഗ്ര വിഷപ്പാമ്പുകളെ (പ്രത്യേകിച്ച് മൂർഖനെ വർഗ്ഗത്തിൽ പെടുന്ന നാഡികളെ ബാധിക്കുന്ന തരം അത്യുഗ്രമായ ‘Neurotoxic’ വിഷം ഉള്ള ) അതിസാഹസികമായി ആക്രമിച്ച് കീഴടക്കുന്നതിൽ ഇവർ അഗ്രഗണ്യരാണ്. ആ നേതൃപാടവം ആയിരിക്കാം Rudyard Kipling തന്റെ 1894 ലെ കഥാസമാഹാരമായ ” The Jungle Book”  ലെ ഒരു കഥയിൽ റിക്കി, ടിക്കി, ടവി എന്ന ഇന്ത്യൻ കീരിക്കുട്ടനെ നായകനാക്കിയത്.

ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളും പാമ്പുമായി ഏറ്റുമുട്ടുമ്പോൾ കീരിക്ക് ഉണ്ട്. അതിന് ഏതൊക്കെ വിധത്തിലാണ് കീരികൾ അനുയോജ്യരായിരിക്കുന്നത് എന്ന് നോക്കാം.

  1. വളരെ കട്ടിയായ രോമാവൃതമായ ദേഹാവരണം. അത് പാമ്പിന് എളുപ്പത്തിൽ കടിക്കാൻ തടസ്സമാകുന്നു.
  2. ചടുലമായ ചലനങ്ങൾ. വളരെ പെട്ടെന്ന് ചെറിയ ചെറിയ ആക്രമണങ്ങൾ നടത്തി പാമ്പിനെ ഫലവത്തായി പ്രകോപിപ്പിക്കാനും, സ്വയം പരിക്കേൽക്കാതെ രീതിയിൽ അതിവേഗത്തിൽ ഉള്ളതുമായ ആക്രമണങ്ങൾ അഴിച്ചു വിടാനും അങ്ങിനെ പാമ്പിനെ ക്ഷീണിതമാക്കാനും കഴിയുന്നു.
  3. പാമ്പ് ക്ഷീണിക്കാൻ തുടങ്ങുമ്പോൾ അതിന്റെ ശൗര്യം ഒന്ന് ശമിക്കുമ്പോൾ കീരി തന്റെ അവസാനത്തെ അടവ് പുറത്തെടുക്കുന്നു. അതിഗംഭീരമായി ഉന്നം തെറ്റാതെ പാമ്പിന്റെ തലയോട്ടി തകരുമാറ് കനത്ത രീതിയിലുള്ള ഒറ്റക്കടിയിൽ പാമ്പിന്റെ കഥ കഴിയും. അതിന് അനുയോജ്യമായ രീതിയിൽ ബലവത്തായ പല്ലുകളും താടിയെല്ലുകളും കീരിക്കുണ്ട്.
  4. അഥവാ പാമ്പിന്റെ കടിയേറ്റാൽ കീരിക്ക് അത് എൽക്കാറില്ല. അത്തരത്തിലുള്ള എല്ലാവിധ സജ്ജീകരണങ്ങളും ജന്മനാതന്നെ ഇവയുടെ ശരീരത്തിൽ ഉണ്ട്. പാമ്പിൻ വിഷം, പാമ്പിനെ സ്വയം എങ്ങനെ സംരക്ഷിക്കുന്നുവോ, അതേ രീതിയിലുള്ള ഒരു സംവിധാനമാണ് കീരികളിലും ഉള്ളത്. നാഡികളെ ബാധിക്കുന്ന വിഷമാണ് മൂർഖൻ വർഗ്ഗത്തിന് (Neurotoxic) കണ്ടുവരുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അതിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം ( Neurotoxin ) നമ്മുടെ ശരീരത്തിൽ സ്വീകരിക്കുന്നത്, കോശത്തിലെ അസറ്റൈൽ കോളൈൻ എന്ന റിസപ്റ്റർ ( സ്വീകരിണി) വഴിയാണ്. നാഡിയും പേശിയും ചേരുന്നിടത്താണ് ഇത്തരം റിസപ്റ്ററുകൾ കാണപ്പെടുന്നത്. പേശികളെ നാഡീവ്യൂഹവുമായി ബന്ധിപ്പിച്ച് സംവേദനം കൃത്യമായി നടത്തുന്നതിൽ റിസപ്റ്ററുകൾക്ക് പ്രധാന പങ്കുണ്ട്. പാമ്പിൻ വിഷം ഈ റിസപ്റ്ററുകളിൽ എത്തി പ്രവർത്തിച്ച്, അവയുടെ പ്രവർത്തനശേഷി നശിപ്പിച്ച്, പേശിയുടെ സംവേദനാത്മകത ഇല്ലാതാക്കുന്നു. അങ്ങിനെ പരാലിസിസ് (മരവിപ്പ്, പക്ഷാഘാതം) സംഭവിക്കുന്നു. ക്രമേണ മരണവും.
കടപ്പാട് : www.reddit.com

പാമ്പുകൾക്ക് സ്വയവും, കീരികളിലും വിഷത്തെ സ്വീകരിക്കാൻ പ്രാപ്തമല്ലാത്ത, വ്യത്യസ്തമായ ഘടനയോടു കൂടിയ റിസപ്റ്ററുകൾ ആണ്. അതിനാൽ വിഷത്തിന് കോശത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ കഴിയില്ല. ഈ ഘടനാപരമായ പ്രത്യേകത ജനിതകപരമായി കീരികൾക്കുള്ളതുകൊണ്ടാണ്, കീരികൾ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി പാമ്പുകളുമായി ഏറ്റുമുട്ടി വിജയം കൈവരിക്കാൻ പ്രാപ്തരാകുന്നത്. ഇപ്പോൾ മനസ്സിലായില്ലേ കാഴ്ചയിൽ അല്ല കാര്യത്തിലാണ് ശൗര്യം വേണ്ടത് എന്ന്.


പാമ്പും കീരിയും – നാഷണൽ ജ്യോഗ്രഫിക്ക് തയ്യാറാക്കിയ വീഡിയോ കാണാം

Happy
Happy
41 %
Sad
Sad
4 %
Excited
Excited
41 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
11 %

Leave a Reply

Previous post സിസ്പ്ലാറ്റിനും കാൻസർ ചികിത്സയും
Next post സെപ്റ്റംബർ 29 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
Close