Read Time:8 Minute

വിനയരാജ് വി.ആർ

ഇന്ന് സതീഷ് ധവാന്റെ നൂറാം പിറന്നാളാണ്. വിനയരാജ് വി.ആർ എഴുതിയ കുറിപ്പ് വായിക്കാം

1979 -ൽ ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ ഡയറക്ടറായിരിക്കെ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട് റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് മുൻരാഷ്ട്രപതിയായ ഡോ. എ. പി,. ജെ അബ്ദുൾക്കലാം ഒരിക്കൽ പറഞ്ഞ കഥയുണ്ട്.
റോക്കറ്റിന്റെ ഇന്ധനടാങ്കിന് ഒരു ചോർച്ചയുള്ള കാര്യം എല്ലാവർക്കും അറിയാമായിരുന്നു, എന്നാൽ അത് നിസാരമാണെന്നാണ് ഏവരും കരുതിയത്. കൂടാതെ ആവശ്യത്തിന് ഇന്ധനം ടാങ്കിൽ ഉണ്ടെന്നും അവർക്ക് അറിയാമായിരുന്നു. ഈ കണക്ക് തെറ്റിപ്പോയതാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായത്. അന്ന് ISRO ചെയർമാൻ ആയിരുന്ന സതീഷ് ധവാൻ അബ്ദുൾ കലാമിനെ വിളിച്ചശേഷം മാധ്യമങ്ങൾക്ക് കുറിപ്പുകൊടുത്തു:
“നമ്മൾ പരാജയപെട്ടു, പക്ഷേ എന്റെ ടീമംഗങ്ങളിൽ എനിക്ക് പരിപൂർണ്ണവിശ്വാസമുണ്ട്, അടുത്തതവണ നമ്മൾ തീർച്ചയായും വിജയിക്കും” വിക്ഷേപണപരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സതീഷ് ധവാൻ ഏറ്റെടുത്തത് അബ്ദുൾ കലാമിനെ ഞെട്ടിച്ചുകളഞ്ഞു. അടുത്ത വർഷം നടന്ന വിക്ഷേപണം വിജയിച്ചപ്പോൾ ധവാൻ അബ്ദുൾ കലാമിനെ വിളിച്ച് വിക്ഷേപണം വിജയിച്ചകാര്യം മാധ്യമങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ടു, അതിൽ ധവാൻ പങ്കെടുത്തുമില്ല. പരാജയം ഉണ്ടായപ്പോൾ അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുകയും വിജയിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് ടീമിനു നൽകുകയും ചെയ്ത ഉത്തമനായ സാരഥിയുമായിരുന്നു സതീഷ് ധവാൻ. ഭാരതീയരെ മുഴുവൻ സ്വപ്നം കാണാനും ലക്ഷ്യത്തിലെത്താൻ പ്രയത്നിക്കാനും നിരന്തരം പ്രചോദിപ്പിച്ച ശ്രീ.അബ്ദുൾ കലാമിനെ പ്രചോദിപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു സതീഷ് ധവാൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച എഞ്ചിനീയർമാരിലൊരാളായിരുന്നു അദ്ദേഹം.
1920 സെപ്തംബർ ഇരുപത്തഞ്ചിന് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഒരു പഞ്ചാബികുടുംബത്തിൽ ജനിച്ച സതീഷ് ധവാൻ ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും ബിരുദങ്ങൾ, ഇംഗ്ലീഷിലും എയറോസ്പേസ് എഞ്ചിനീയറിങ്ങിലും എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിലും ബിരുദാനന്തരബിരുദം, അമേരിക്കയിലെ കാൾടെക്കിൽ നിന്ന് ഗണിതത്തിലും എയറോസ്പേസ് എഞ്ചിനീയറിങ്ങിലും രണ്ട് പി എച്‌ഡി. എന്നിവയെല്ലാം സ്വന്തമാക്കി. 1951 -ൻ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ( IISc) അധ്യാപകനായിച്ചേർന്ന ധവാൻ 1962 -ൽ അതിന്റെ ഡിറക്ടറായി. ദീർഘകാലം അവിടെ ചെലവഴിച്ച ധവാനാണ് IISc -യെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്രഗവേഷണസ്ഥാപനങ്ങളിലൊന്നായി മാറ്റിത്തീർത്തത്. അവിടെ തുടരുന്നകാലത്തുതന്നെ ISRO യുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
സതീഷ് ധവാൻ, എ.പി.ജെ.അബ്ദുൽ കലാം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നിവർ
വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും ഒഴുക്കിനെപ്പറ്റിയും അവയുടെ ചലനം അവയിൽക്കൂടി ചലിക്കുന്ന വസ്തുക്കൾക്ക് അവയുടെ വേഗതയേയും മാധ്യമത്തിന്റെ ഗുണവിശേഷം അനുസരിച്ചുമുണ്ടാകുന്ന വ്യത്യാസങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഫ്ലൂയ്ഡ് ഡൈനാമിക്സ്. ഇന്ത്യയിലെ പരീക്ഷണ ഫ്ലൂയ്ഡ് ഡൈനാമിസിന്റെ പിതാവായിട്ടാണ് സതീഷ് ധവാൻ അറിയപ്പെടുന്നത്. വിമാനങ്ങളുടെയും റോക്കറ്റുകളെയും ചലനം പൈപ്പുകൾ വഴി ജലത്തിന്റെയും പെട്രോളിയത്തിന്റെയും മറ്റും ഒഴുക്കുകൾ കാലാവസ്ഥാപ്രവചനം എന്നിവയിലെല്ലാം ഫ്ലൂയ്ഡ് ഡൈനാമിക്സിനു പങ്കുണ്ട്. ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ രാജ്യത്തെ ആദ്യ സൂപ്പർസോണിക് വിൻഡ് ടണൽ സ്ഥാപിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ശബ്ദാതിവേഗപരീക്ഷണങ്ങൾക്കും ഉയർന്നവേഗതയിൽ വായുവിന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനുമൊക്കെ സഹായകമായ ഈ ടണൽ റോക്കറ്റിന്റെയും വിമാനത്തിന്റെയും ഒക്കെ ചലനം പഠിക്കാൻ അത്യന്താപേക്ഷിതമാണ്. അതിൽത്തന്നെ വിമാനത്തിന്റെ ചിറകുകൾ വായുവിന്റെ അടരുകളുമായി പെരുമാറുന്നതേപ്പറ്റിയുള്ള ഗവേഷണവിഭാഗമായ ബൗണ്ടറി ലെയർ തിയറിയിൽ ധവാന്റെ സംഭാവനകൾ വളരെയേറെയാണ്.
1972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്. ഉപഗ്രഹസാങ്കേതികവിദ്യ കൃഷിക്കും സാമ്പത്തികരംഗത്തിന് സഹായകമാകുന്ന മറ്റുമേഖലകൾക്കും വിദൂരവിദ്യാഭ്യാസത്തിനും ഉപകാരപ്പെടണമെന്നായിരുന്നു ധവാന്റെ ആഗ്രഹം. ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ഇൻസാറ്റിന്റെയും IRS ന്റെയും PSLV യുടെയും വികസനത്തിന് പ്രമുഖമായ പങ്കുവഹിച്ചവരിൽ ഒരാളാണ് സതീഷ് ധവാൻ. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാനായി സേവനമനുഷ്ഠിച്ചതും അദ്ദേഹമാണ്. പന്ത്രണ്ടുവർഷം ഇസ്രോയിൽ ചെയർമാനായിരുന്ന ധവാനായിരുന്നു ഇസ്രോയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനും. ഇസ്രോയെ ലോകത്തെ ബഹിരാകാശഗവേഷണകേന്ദ്രങ്ങളിൽ ഏറ്റവും മുന്നിൽ എത്തിക്കുന്നതിൽ ധവാൻ നൽകിയ സംഭാവനകൾ നിസ്തുലമാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും കണ്ടുമുട്ടിയ പ്രമുഖയായ ജനിതകഗവേഷകയായ നളിനിയായിരുന്നു ധവാന്റെ ഭാര്യ. അവരുടെ മകൾ ജ്യോൽസ്നയും അതിപ്രശസ്തയായ അന്താരാഷ്ട്രശാസ്ത്രഗവേഷകയാണ്. ശാസ്ത്രമേഖലയിലെ സംഭാവനകൾക്ക് രാജ്യം ധവാനെ പദ്മഭൂഷൻ നൽകി ആദരിച്ചു. സതീഷ് ധവാന്റെ ബഹുമാനാർത്ഥം ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.

ഒലെ റോമർ

പ്രകാശവേഗത ആദ്യമായി തിട്ടപ്പെടുത്തിയ ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ ഒലെ റോമറുടെ (Ole Rømer 1644-1710) ജന്മദിനം കൂടിയാണ് ഇന്ന് . ഒലെ റോമറുടെ ശാസ്ത്രരംഗത്തെ സംഭാവനകളെക്കുറിച്ചുള്ള കുറിപ്പ് ഇന്ന് മറ്റൊരു ലേഖനമായി ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതാണ്

Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 2        
Next post പസിലുകൾക്ക് ഒരാമുഖം
Close