രഞ്ജുഷ എം.കെ.
അസിസ്റ്റന്റ് പ്രൊഫസർ, പയ്യന്നൂർ കോളേജ്
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സെലിനിയത്തെ പരിചയപ്പെടാം.
അറ്റോമിക് നമ്പർ 34 . Se എന്നാണ് ഇതിന്റെ രാസപ്രതീകം. സൾഫർ, ടെലൂറിയം എന്നീ മൂലകങ്ങളുടെ ചില ഗുണങ്ങൾ കാണിക്കുന്ന സെലീനിയം ഒരു അലോഹം ആണ്. ആർസനിക് എന്ന മൂലകത്തിന്റെ സവിശേഷതയുമായും ചില സാമ്യങ്ങൾ കാണിക്കുന്നു. ഭൗമോപരിതലത്തിൽ ശുദ്ധമായ രൂപത്തിലുള്ള സെലീനിയം കാണാനുള്ള സാധ്യത വളരെ കുറവാണ്. ആവർത്തന പട്ടികയിൽ സെലീനിയം താഴെ കാണുന്ന ഗുണങ്ങൾ കാണിക്കുന്നു.
സെലീനിയത്തിന്റെ ഇലക്ട്രോൺ വിന്യാസം ആണ് താഴെ കാണിച്ചിരിക്കുന്നത്.
1817ൽ ജോൺസ് ജേക്കബ് ബർസീലിയസ് എന്ന ശാസ്ത്രജ്ഞനാണ് സെലീനിയം ആദ്യമായി കണ്ടുപിടിക്കുന്നത്. സെലീനിയം എന്ന പേര് വന്നത് ചന്ദ്രൻ എന്ന് അർത്ഥം വരുന്ന അറബി പദമായ സെലിനെ എന്ന വാക്കിൽ നിന്നുമാണ്.
സെലീനിയം സാധാരണ കണ്ടുവരുന്നത് ലോഹ സൾഫൈഡ് അയിരിൽ ആണ്. അതിൽ കുറച്ചു സൾഫർ സെലീനിയം കൊണ്ട് ആദേശം ചെയ്ത് കാണുന്നു. ഈ അയിരിനെ ശുദ്ധീകരിക്കുമ്പോൾ കിട്ടുന്ന ഉപ ഉൽപ്പന്നമാണ് സെലീനിയം. ശുദ്ധമായ സെലീനിയം സംയുക്തങ്ങൾ കാണാനുള്ള സാധ്യത വളരെ കുറവാണ്.
സെലീനിയം പല വാണിജ്യ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. ഗ്ലാസ് നിർമാണത്തിലും ചായക്കൂട്ട് നിർമ്മാണത്തിലും ആണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഫോട്ടോ സെല്ലുകളിൽ അർദ്ധ ചാലകം ആയി ഉപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനത്ത് സിലിക്കൺ ആണ് ഉപയോഗിക്കുന്നത് .
സെലീനിയത്തിന്റെ ഒരു പരിധിക്കപ്പുറമുള്ള ഉപയോഗം ശരീരത്തിന് ഹാനികരമാണ്. എന്നാൽ കോശങ്ങളുടെ പ്രവർത്തനങ്ങളിൽ ചെറിയ അളവിൽ ഇത് അത്യാവശ്യമാണ്. പലതരം വിറ്റാമിനുകളിലും ഭക്ഷണപദാർത്ഥങ്ങളിലും കുട്ടികൾക്ക് കൊടുക്കുന്ന പല ആഹാരങ്ങളിലും ഈ മൂലകം ഉണ്ടായിരിക്കും. പല തരം ആൻറി ഓക്സിഡൻറിലും സെലീനിയം ഒരു ഘടകമാണ്. ഇതിന്റെ ആവശ്യകത പലതരം സസ്യങ്ങളിലും പലതരത്തിലാണ് കാണുന്നത്.
ഭൗതികഗുണങ്ങൾ
സെലീനിയം താപനില മാറുന്നതിന് അനുസരിച്ചു വിവിധതരത്തിലുള്ള അലോട്രോപ്പുകൾ ആയി കാണപ്പെടുന്നുണ്ട്.സെലീനിയം സാധാരണയായി രൂപരഹിതമായ, കടുംചുവപ്പ് നിറത്തിലുള്ള പൊടിരൂപത്തിൽ ആണ് കാണുന്നത് . എന്നാൽ അത് പെട്ടെന്ന് ഉരുക്കുമ്പോൾ കറുത്ത വിട്രിയസ് രൂപത്തിലേക്ക് മാറുന്നു. ഈ കറുത്ത രൂപത്തിലുള്ള സെലീനിയം ചൂടാക്കുമ്പോൾ ചാരനിറത്തിലുള്ളതാകുന്നു.
ഐസോടോപ്പുകൾ
പ്രകൃതിദത്തമായ പലതരത്തിലുള്ള ഐസോട്ടോപ്പുകൾ ഈ മൂലകത്തിന് കാണുന്നുണ്ട്, Se -74, 76, 77, 78, 80 എന്നിവ. അതിൽ സെലീനിയം 80 ആണ് ഏറ്റവും കൂടുതൽ സ്ഥിരത ഉള്ളത്.
കൃത്രിമമായ പലതരം ഐസോടോപ്പുകൾ നിർമ്മിച്ചെടുത്തിട്ടുണ്ട് .സെലീനിയം 64 മുതൽ 95 വരെ ഉണ്ട്. അതിൽ ഏറ്റവും സ്ഥിരതയുള്ളത് Se -75 ആണ്. ഇങ്ങനെയുള്ള ഐസോട്ടോപ്പുകൾ വിവിധതരത്തിലുള്ള ആവശ്യത്തിന് ഉപയോഗിക്കാറുണ്ട്.
സെലീനിയത്തിന്റെ സംയുക്തങ്ങൾ
ചാൽക്കോജൻ സംയുക്തങ്ങൾ
സെലീനിയം വിവിധ ഓക്സീകരണ നിലകളിൽ കാണുന്നുണ്ട് . -2 ,+2,+4, +6 എന്നിവയാണ് അത്. മുഖ്യമായും രണ്ട് തരത്തിലുള്ള ഓക്സൈഡുകൾ ആയിട്ടാണ് കാണപ്പെടുന്നത്.
- സെലീനിയം ഡയോക്സൈഡ് (SeO2) –സെലീനിയം ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ഇത് ഒരു പോളിമർ രൂപത്തിലാണ് കാണപ്പെടുന്നത് .
- സെലീനിയം ട്രയോക്സൈഡ് (SeO3) -സ്ഥിരതയുള്ള ഒരു സംയുക്തം ആണ്.
- സെലീനിയം ഡയോക്സൈഡ്കളിൽനിന്നും ആണ് സെലീനിയം ഡൈ സൾഫൈഡ് (SeS2)ഉണ്ടാക്കുന്നത്. ഈ സംയുക്തം ഷാംപൂ, ആൻറി ഡാൻഡ്രഫ് ഷാംപൂ , പല പോളിമർ പ്രവർത്തനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
ഹാലജൻ സംയുക്തങ്ങൾ
ഏറ്റവും സ്ഥിരതയുള്ള സംയുക്തം സെലീനിയം ക്ലോറൈഡ് (Se2Cl2)ആണ് . അയഡിൻ, ബ്രോമിൻ സംയുക്തങ്ങൾ സാധാരണയായി കാണപ്പെടുന്നില്ല. എന്നാൽ ഫ്ളൂറിനുമായി പ്രവർത്തിച്ചു സെലീനിയം ഹെക്സാ ഫ്ലൂറൈഡ് (SeF6) രൂപപ്പെടുന്നു .
സെലിനൈഡ്
ഏറ്റവും പ്രധാനപ്പെട്ട ഒരു സംയുക്തമായ ഹൈഡ്രജൻ സെലിനൈഡ് ( H2Se) വിഷസ്വഭാവം കാണിക്കുന്ന ഒരു വാതകമാണ് .ഹൈഡ്രജൻ സൾഫൈഡ് നെക്കാളും സ്ഥിരതയുള്ള വാതകമാണ് ഇത്.
- മെർക്കുറി സെലിനൈഡ് , ലെഡ് സെലിനൈഡ്. കോപ്പർ സെലിനൈഡ് എന്നിവ അർദ്ധ ചാലകങ്ങളിൽ ഉപയോഗിച്ചുകാണുന്നുണ്ട്.
- വളരെ പ്രധാനപ്പെട്ട സെലീനിയം സംയുക്തമായ ടെട്രാ സെലീനിയം ടെട്രാ നൈട്രൈഡ് (Se4N4) ഒരു സ്ഫോടക വസ്തു ആണ്.
സെലീനിയം സയനേറ്റ്
സെലീനിയം സയനൈഡുമായി പ്രവർത്തിച്ചു ഈ സംയുക്തങ്ങൾ ഉണ്ടാകുന്നു. ഉദാഹരണം പൊട്ടാസ്യം സെലിനോസയനേറ്റ് (KSeCN).
ഓർഗാനോ സെലീനിയം സംയുക്തങ്ങൾ
സെലീനിയവും കാർബണും തമ്മിലുള്ള സ്ഥിരതയുള്ള ബന്ധനം കൊണ്ട് ഓർഗാനോ സെലീനിയം സംയുക്തങ്ങൾ ഉണ്ടാകുന്നു. സെലിനൈഡുകൾ (R2Se), ഡൈസെലിനൈഡുകൾ (R2Se2), സെലിനോൾ (RSeH) എന്നിവ അതിന് ഉദാഹരണങ്ങളാണ്.
ശുദ്ധീകരണം
സെലീനിയം സാധാരണയായി നിർമിക്കുന്നത് കോപ്പർ എന്ന ലോഹത്തിന്റെ ശുദ്ധീകരണ പ്രക്രിയയിൽ ഇടയ്ക്ക് ഉണ്ടാകുന്ന ഒരു ഉപ ഉൽപ്പന്നമായ സെലീനിയം ഡൈ ഓക്സൈഡിൽ നിന്നും ആണ്. ഇത് ജലവുമായി ചേരുമ്പോൾ സെലീനിയസ് ആസിഡ് ഉണ്ടാകുന്നു. പിന്നീട് സൾഫർ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഇതിന്റെ നിരോക്സീകരണം നടത്തിയാണ് ശുദ്ധമായ സെലീനിയം നിർമ്മിക്കുന്നത്.
വിവിധതരത്തിലുള്ള ഉപയോഗങ്ങൾ
- മാംഗനീസ് നിർമ്മാണ സമയത്ത് സെലീനിയം ഡയോക്സൈഡിന്റെ സാന്നിധ്യം അതിൻറെ ശുദ്ധീകരണം എളുപ്പമാക്കുന്നു.
- ഗ്ലാസ് നിർമ്മാണത്തിൽ സെലീനിയം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. സെലീനിയത്തിന്റെ സാന്നിധ്യം ഗ്ലാസിന് ചുവപ്പ് നിറംകൊടുക്കുന്നു. സാധാരണയായി ഇരുമ്പ് സംയുക്തങ്ങൾ ആണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇരുമ്പിന്റെ ഉപയോഗം ഗ്ളാസിന്റെ നശീകരണത്തിന് കാരണമാകാറുണ്ട്. സെലീനിയം ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.
- സെലീനിയം വിവിധ ലോഹ സങ്കരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചില പിച്ചളക്കൂട്ടുകളിൽ ലെഡിന് പകരം സെലീനിയം ചേർത്തു ‘പരിസ്ഥിതി സൗഹൃദ’ പിച്ചളയാക്കി മാറ്റാറുണ്ട്
- ബിസ്മത് എന്ന ലോഹത്തിന്റെ കൂടെ ചേർന്നാൽ പിച്ചള ഉണ്ടാക്കാൻ ഉപയോഗിക്കാം. അങ്ങനെ ലെഡ് ന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.
- ലിഥിയം സെലീനിയം ബാറ്ററികൾ ഇന്ന് ഉപയോഗത്തിലുള്ള മികച്ച ഒരു ബാറ്ററിയാണ് .ലിഥിയം സൾഫർ ബാറ്ററിക്ക് പകരം ഉപയോഗിക്കുമ്പോൾ ഇതിന് താപചാലകത കൂടുതലായി കാണപ്പെടുന്നു.
- സോളാർ സെല്ലുകളിലും സെലീനിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നുണ്ട്.
- ഓർഗാനോ സെലീനിയം സംയുക്തങ്ങൾ ഉൽപ്രേരകങ്ങൾ ആയി ഉപയോഗിക്കാറുണ്ട്.
- ഫോട്ടോ വോൾട്ടായിക് , ഫോട്ടോ ചാലകതാ ഗുണങ്ങൾ ഫോട്ടോ കോപ്പി , ഫോട്ടോ സെൽ, സോളാർ സെല്ലുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.
- നീല എൽഇഡി ഉണ്ടാക്കാൻആദ്യമായി ഉപയോഗിച്ചത് സിങ്ക് സെലിനൈഡുകൾ ആണ്.
- റേഡിയോഗ്രാഫിയിൽ ഗാമ ഉറവിടം ആയി Se75 ഐസോടോപ്പ് ഉപയോഗിക്കാറുണ്ട്.
- സെലീനിയം സംയുക്തങ്ങൾ പല പ്രവർത്തനങ്ങളിലും ഉൽപ്രേരകമായി ഉപയോഗിക്കുന്നു .എന്നാൽ വിഷ സ്വഭാവം ഉള്ളത് കൊണ്ടാണ് അധികം ഉപയോഗിക്കാത്തത്.
ജൈവിക പങ്ക്
സസ്യങ്ങളിലും പലതരം ജീവജാലങ്ങളിലും ഇതിന്റെ സാന്നിധ്യം കോശ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്.സെലീനിയം അമിനോ ആസിഡുകളിൽ ഉള്ള ഒരു ഘടകമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സെലീനിയം ഒരു അവശ്യ മൂലകം ആണ്.
പോഷക ഉറവിടം
സെലീനിയം ഭക്ഷണ പദാർത്ഥങ്ങളിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇറച്ചി, ധാന്യങ്ങൾ, കൂൺ എന്നിവയിൽ ഈ മൂലകം ധാരാളമായി കാണപ്പെടുന്നു. ബ്രസീൽ നട്‌സിൽ ആണ് ഏറ്റവും കൂടുതൽ അളവിൽ സെലീനിയം അടങ്ങിയിരിക്കുന്നത്. എന്നാൽ സെലീനിയം അളവിൽ കൂടിയാൽ അത് ശരീരത്തിന് ഹാനികരമാണ്. 100-200 μg ആണ് അനുയോജ്യമായ അളവ്. ഇതിന്റെ അളവ് കൂടുതൽ ആയാൽ അത് വിഷാംശം ആയി മാറും.
അമിതമായ ഉപയോഗം ദഹന വ്യവസ്ഥയിൽ തകരാറുണ്ടാക്കും.മുടികൊഴിച്ചിൽ ,വിളർച്ച ,ക്ഷീണം , നാഡീവ്യവസ്ഥയ്ക്കുള്ള തകരാറ് എന്നിവയ്ക്കും കാരണം ആകുന്നു. ലിവർസിറോസിസ്, പൾമണറി എഡിമ എന്നിവയ്ക്കും മരണത്തിനുപോലും കാരണമാകുന്നു . മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഇത് അളവിൽ കൂടിയാൽ ഹാനികരം ആണ്. എന്നാൽ ഈ മൂലകത്തിന്റ കുറവ് മനുഷ്യരിലും സസ്യങ്ങളിലും പല ജൈവ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും.
മനുഷ്യരിൽ സെലീനിയത്തിന്റ കുറവ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് Kashin – Beck. അസ്ഥികൾ വികൃതമായി ശരീരത്തിൽ കാണുന്ന അവസ്‌ഥ ആണ് ഇത്.