നാനോ മെംബ്രേയ്ൻ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ കുറഞ്ഞ സമയത്തിൽ സമുദ്രജലം ശുദ്ധീകരിക്കുന്നു എന്ന് ഗവേഷകർ അവകാശപ്പെടുന്നു.
ഭൂമിയുടെ 71% ഭാഗവും വെള്ളം മൂടിക്കിടക്കുകയാണെങ്കിലും ഇതിൽ 2.5 ശതമാനം മാത്രമാണ് കുടിക്കാൻ ഉപയോഗയോഗ്യമായത്. WHO യുടെ 2019-ലെ കണക്കുകൾ പ്രകാരം 800 ദശലക്ഷം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല. സമുദ്രജലം ശുദ്ധീകരിക്കാൻ സാധിച്ചാൽ ലോകത്തിലെ വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്ന് പരിഹരിക്കാൻ സാധിക്കും. നാനോ മെംബ്രേയ്ൻ (Nano membrane) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ കുറഞ്ഞ സമയത്തിൽ സമുദ്രജലം ശുദ്ധീകരിക്കുന്നു എന്ന് ഗവേഷകർ അവകാശപ്പെടുന്നു.

ഇപ്പോൾ നിലവിലുള്ള ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന ഫിൽറ്ററുകളിലെ മെംബ്രയ്ൻ നനയുന്നതുമൂലം പെട്ടെന്ന് കേടുവരുന്നതായി കാണുന്നു. അതിനാൽ ഫിൽറ്ററുകൾ ഇടയ്ക്കിടെ മാറ്റേണ്ടിവരുന്നു. ഇതിനു പരിഹാരമായിട്ടാണ് ജല കണികകളെ അടുപ്പിക്കാത്ത ഹൈഡ്രോഫോബിക് മെംബ്രൈയ്ൻ (Hydrophobic membrane) വരുന്നത്. പോളിവിനൈലിഡിൻ ഫ്ലൂറൈഡ്-കോ-ഹെക്സാഫ്ളൂറോപ്രോപ്പിലിനും (Polyvinylidene fluoride-co-hexafluoropropyl) സിലിക്ക ഏറോജെല്ലും (silica aerogel) കൂടെ ചേർത്താണ് പുതിയ തരം ഹൈഡ്രോഫോബിക് മെംബ്രേയ്ൻ നിർമ്മിച്ചിരിക്കുന്നത്. ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
അധികവയാനയ്ക്ക്
Journal of Membrane Science, Vol. 623 (2021) 119028