അന്തരീക്ഷ കാർബൺ ഡയോക്സൈഡ് കുറയ്ക്കാനുള്ള വഴികൾ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട് കുറേക്കാലമായി, അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കടൽ അർച്ചിനകളുടെ പഠനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ കടൽജീവികളുടെ അസ്ഥികൂടം കാൽസ്യം കാർബണേറ്റ് കൊണ്ടുള്ളതാണ്, നിക്കൽ രാസത്വരകമായി നടക്കുന്ന രാസ പ്രവർത്തനം വഴി കാർബൺ ഡയോക്സൈഡും കാത്സ്യവും ചേർന്ന് കാൽസിയം കാർബണേറ്റ് ഉണ്ടാവുന്നു എന്നതാണ് കണ്ടെത്തൽ. ജീവിശരീരങ്ങൾക്ക് പുറത്തും ഈ പ്രവർത്തനം അതേപോലെ ആവർത്തിക്കാം എന്നതാണ് ഇതിന്റെ പ്രാധാന്യം. യു.കെയിലെ ന്യൂകാസിൽ സർവകലാശാലയിലെ വിദഗ്ധരാണ് ഈ കണ്ടെത്തൽ നടത്തി പ്രസിദ്ധീകരിച്ചത് (Catalysis Science & Technology, – 2013 ഫിബ്രവരി 5). കാർബൺ ഡയോക്സൈഡ് വലിയ അളവിൽ പുറംതള്ളുന്ന വ്യവസായങ്ങൾ നിരവധിയാണ്. ഇത് നിർദോഷവസ്തുവായ കാൽസിയം കാർബണേറ്റ് ആയി മാറ്റാൻ ഈ രീതി ഉപയോഗിക്കാം. പല വ്യാവസായിക ആവശ്യങ്ങൾക്കും കാൽസ്യം കാർബണേറ്റ് ഉപയോഗിക്കുകയും ചെയ്യാം.
തികച്ചും യാദൃച്ഛികമായാണ് ഗവേഷകർ ഈ കണ്ടെത്തലിലെത്തിച്ചേർന്നത്. കടൽ അർച്ചിൻ ലാർവകളുടെ പുറംഭാഗത്ത് ബാഹ്യഅസ്ഥിക്കൂടത്തോട് ചേർന്ന് ഉയർന്ന അളവിൽ നിക്കൽ കണ്ടെത്തി. നിക്കൽ നാനോ കണങ്ങൾക്ക് വലിയ ഉപരിതല വിസ്തീർണമുണ്ട്. കാർബോണിക് അമ്ലത്തിൽ നിക്കൽ ചേർത്തപ്പോൾ CO2 മാറ്റപ്പെടുന്നതായി പരീക്ഷണങ്ങളിൽ വ്യക്തമായി.
കാർബോണിക് അൻഹൈഡ്രേസ് എന്ന എൻസൈം ഉപയോഗിച്ചും CO2 നെ കാൽസിയം, മഗ്നീഷ്യം കാർബണേറ്റുകളാക്കാം. പക്ഷേ ഈ എൻസൈം ആസിഡ് മാധ്യമങ്ങളിൽ പ്രവർത്തിക്കില്ല. കൂടാതെ ചെലവേറിയ ഈ പ്രക്രിയ അപ്രായോഗികവുമാണ്. അതേസമയം നിക്കൽ ഉപയോഗിക്കുമ്പോൾ pH ഒരു പ്രശ്നമല്ല. കാന്തികത ഉള്ളതുകൊണ്ട് വീണ്ടെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കാം. നിക്കലിന് വിലകുറവാണെന്നതും കാൽസിയം കാർബണേറ്റിന് വില ലഭിക്കുമെന്നതും ഈ രീതിയുടെ സ്വീകാര്യത കൂട്ടുന്നു.
ന്യൂകാസിൽ ടീം വ്യാവസായിക ആവശ്യത്തിനുള്ള മോഡലിന്റെ മാതൃകയും തയ്യാറാക്കിയിട്ടുണ്ട്. ചിമ്മിനികളുടെ മുകൾഭാഗത്തിനിന്നുള്ള വാതകം നിക്കൽ നാനോ പാർട്ടിക്കിളുകളും കാൽസിയവും അടങ്ങിയ ജലത്തിലൂടെ കടത്തിവിട്ടാൽ അടിയിൽ കാൽസിയം കാർബണേറ്റ് തരികൾ അടിയും. മാലിന്യകാരികളായ വ്യവസായങ്ങൾക്ക് ഇതൊരു ചെലവ് കുറഞ്ഞ പരിഹാരമാർഗമായി വികസിപ്പിച്ചെടുക്കാം .