Read Time:19 Minute
TK Devarajan
ടി.കെ. ദേവരാജൻ

ആധുനിക കേരളത്തിന്റെ സാമൂഹ്യനിര്‍മ്മിതിയില്‍ യുക്തിചിന്തക്കും ശാസ്ത്രബോധത്തിനും വലിയ പങ്കാണുള്ളത്. എന്നാല്‍ ശാസ്ത്രവിദ്യാഭ്യാസം സാര്‍വ്വത്രികമായി ലഭിച്ചിട്ടും കോരളത്തില്‍ ശാസ്ത്രബോധം അതിനനുസൃതമായി വളര്‍ന്നില്ല എന്ന ആക്ഷേപം ഉയരാറുണ്ട്. സമൂഹത്തില്‍ നിലനില്ക്കുന്ന മതാത്മകതയും അന്ധവിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം അതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമോചനത്തിനായി ശാസ്ത്രത്തെ ഉറ്റുനോക്കുന്ന ഒരു വിഭാഗം എന്നപോലെ തന്നെ ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മത്തെ നിരാകരിക്കുന്നവരും കേരളത്തില്‍ പ്രബലമാണെന്നത് യാഥാര്‍ത്ഥ്യമാണ്. ശാസ്ത്രത്തെ ഉയര്‍ത്തിപിടിക്കുന്നവരില്‍ തന്നെ സാമൂഹ്യശാസ്ത്രങ്ങളെ കൂടി പരിഗണിച്ചു കൊണ്ടേ സാമൂഹ്യ പുരോഗതി ശാസ്ത്രീയമാക്കാന്‍ കഴിയൂ എന്ന് വാദിക്കുന്നവരും, അതല്ല സാമൂഹ്യ രാഷ്ട്രീയ നിലപാടുകളില്‍ ശാസ്ത്രത്തിന് യാതൊരു പങ്കുമില്ല എന്ന് കരുതുന്നവരുമുണ്ട്. ശാസ്ത്രത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നവരില്‍ മതമൗലികവാദികളും കേവലപരിസ്ഥിതി വാദികളും മാത്രമല്ല ഉത്തരാധുനിക വാദത്തിന്റെ വക്താക്കളും  ഉള്‍പ്പെടും. ശാസ്ത്രം മാനവികതയെ നിഷേധിക്കുന്നു, വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം എന്നൊന്നില്ലാത്തതിനാല്‍ ശാസ്ത്രബോധം എന്നതിന് പ്രസക്തിയേ ഇല്ല എന്നെല്ലാമാണ് ഒടുവില്‍പറഞ്ഞവര്‍ വാദിക്കാറുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയേറുന്നത്.

മനുഷ്യ സമൂഹം മുന്നോട്ട് നയിക്കപ്പെടുമ്പോള്‍ അതിനെ സ്വാധീനിക്കുന്ന വിവിധങ്ങളായ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചിന്താ പദ്ധതികളുമുണ്ട്. ശാസ്ത്രം, സംസ്കാരം, മതം, രാഷ്ട്രീയം എന്നിവ അവയില്‍ പ്രധാനമാണ്. നാമോരോരുത്തരം ചുറ്റുപാടിനെ മനസ്സിലാക്കുന്നത് എങ്ങിനെയെന്നും സമൂഹത്തില്‍ ഇടപെടേണ്ടത് ഏതുവിധത്തിലെന്നും നിശ്ചയിക്കുന്നത് ഇവയെല്ലാം ചേര്‍ന്നാണ്. അതിന്റെ സംയോജിതഫലമാണ് സാമൂഹ്യപുരോഗതിയുടെ ദിശനിര്‍ണ്ണയിക്കുന്നതെന്ന് പറയാം.

ഇവയോരോന്നിന്റെയും സ്വാധീനം എല്ലാവരിലും ഒരേ  തോതിലല്ല, ഒരേ രീതിയിലുമല്ല. ഇവയിലേതാണ് മൊത്തത്തില്‍ പ്രധാനം എന്ന തര്‍ക്കം പോലുമുണ്ട്. ഇവയില്‍  ഗണിതവും പ്രകൃതിശാസ്ത്രവുമൊഴിച്ചുള്ളതിനെ പൊതുവില്‍ മാനവിക വിഷയങ്ങള്‍ ആയാണ് പരിഗണിച്ചിരുന്നത്. മനുഷ്യരില്‍ മാനവികതയും മൂല്യബോധവും സൃഷ്ടിക്കുന്നതും നിര്‍ബന്ധമാക്കുന്നതും സംസ്കാരവും മതവും രാഷ്ട്രീയവും ചേര്‍ന്നാണ് എന്ന ധാരണയാവാം ഇതിന് കാരണം. എന്നാല്‍ മുമ്പ് മാനവിക വിഷയങ്ങളായി പരിഗണിച്ചിരുന്ന ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യപഠനം(Sociology) എന്നിവയെ , ശാസ്ത്രത്തിന്റെ വിശകലന രീതികള്‍ ഉപയോഗപ്പെടുത്തുന്നു എന്നതിനാല്‍ സാമൂഹ്യശാസ്ത്രങ്ങള്‍ എന്ന വിഭാഗത്തില്‍ ഇപ്പോള്‍ പൊതുവില്‍ പെടുത്തുന്നുണ്ട്. ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയരീതിയും വലിയതോതില്‍ പ്രയോജനപ്പെടുത്തേണ്ട ഭൗമശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും മാനവികവിഷയങ്ങളില്‍ പെടുത്തിയാണ് ചിലപ്പോള്‍ പഠിപ്പിക്കാറുള്ളത് എന്നതും കൗതുകകരമാണ്.ഒരു വിഷയം ശാസ്ത്രമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഈ വിധത്തിലുള്ള തരം തിരിവിന്റെയടിസ്ഥാനത്തിലല്ല, അതിലെ നിഗമനങ്ങളും കണ്ടെത്തലും ശാസ്ത്രത്തിന്റെ രീതിയിലൂടെ ആവിഷ്കരിച്ചതാണോ എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശാസ്ത്രത്തെയും മാനവികവിഷയങ്ങളെയും വിരുദ്ധധ്രുവങ്ങളില്‍ സ്ഥാപിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പുതുമയല്ല. ഒരേസമയം ശാസ്ത്രരംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ചിന്തകനായ സി പി സ്നോ 1959 ല്‍ നടത്തിയ ‘രണ്ടുസംസ്കാരങ്ങൾ’ എന്ന പ്രഭാഷണം വളരെ പ്രശസ്തമാണ്. ഇരുഭാഗത്തുമുള്ളവരുടെയും ചിന്താ മണ്ഡലം സംസാരഭാഷയെ പോലും പരസ്പരം മനസ്സിലാകാത്ത വിധമാണെന്ന് അതില്‍ അദ്ദേഹം പറയുന്നുണ്ട്.‍ മാനവിക വിഷയങ്ങളുടെ പക്ഷത്ത് നിന്ന് സയന്‍സിനെ വീക്ഷിക്കുന്നവരുടെ മുഖ്യ ആക്ഷേപം ശാസ്ത്രത്തിന് പ്രശ്നങ്ങളെ സവിശേഷമായി മാത്രമേ സമീപിക്കാനാവൂ, അതിനാല്‍ സമഗ്രതയോ ജൈവികതയോ ഇല്ലാത്ത യാന്ത്രിക വീക്ഷണമാണ് ശാസ്ത്രപഠനത്തിലൂടെ ലഭിക്കുന്നതെന്നാണ്. ഇന്ന് മാനവരാശി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആയ യുദ്ധം, പരിസ്ഥിതിനാശം , ഒറ്റപ്പെടല്‍ ഇവയെല്ലാം ശാസ്ത്രത്തിന്റെ സൃഷ്ടിയായി അവരില്‍ ചിലര്‍ കരുതുന്നു. അതേ സമയം ശാസ്ത്ര പക്ഷത്തുള്ളവര്‍ തങ്ങളുടെ വസ്തുനിഷ്ഠതയിലും യുക്തിപരതയിലും അഭിമാനം പുലര്‍ത്തികൊണ്ട്, മറ്റുള്ളവര്‍ മനുഷ്യരെ യാഥാര്‍ത്ഥ്യത്തില്‍ നിന്നകറ്റുന്നതായും വൈകാരികതയില്‍ കുടുക്കിയിടുന്നതായും ആക്ഷേപിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ കല്പിതശാസ്ത്രകഥകളിലൂടെ പ്രശസ്തനായ എഛ് ജി വെല്‍സും സാഹിത്യകാരനും ജേണലിസ്റ്റുമായ ജോര്‍ജ് ഓര്‍വെല്ലും തമ്മില്‍ നടത്തിയ സംവാദങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ശാസ്ത്ര വിജ്ഞാനവും ശാസ്ത്രീയ വിക്ഷണവും സാര്‍വ്വത്രികമാക്കുന്നതിലൂടെ ആരോഗ്യകരമായ സാമൂഹ്യജീവിതം സാധ്യമാണെന്നാണ് വെല്‍സ് വാദിക്കുന്നത്. അതേ സമയം ജോര്‍ജ് ഓര്‍വെല്‍ നിരീക്ഷിക്കുന്നത് സാഹിത്യത്തിനും ചരിത്രത്തിനും പകരം ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്നത് ജനങ്ങളെ കൂടുതല്‍ സങ്കുചിതരാക്കാനേ സഹായിക്കൂ എന്നാണ്.

 

സയന്‍സും മതമൂല്യങ്ങളും തമ്മിലുള്ള താരതമ്യവും ഈ ചര്‍ച്ചകളില്‍ ഉയരാറുണ്ട്. സയന്‍സ് എന്നത് മനുഷ്യനെ യന്ത്രസമാനമാക്കുന്നതും പാശ്ചാത്യ നിര്‍മ്മിതവുമാണെന്ന് വാദിക്കുന്ന ഭാരതീയ ദാര്‍ശനികരുണ്ട്. ഭാരതം സമാധാനത്തിനും സഹകരണത്തിനും വേണ്ടി ലോകവേദികളില്‍ നിലകൊണ്ടത് ഇന്ത്യയുടെ ആത്മീയതയിലൂന്നിയ സാംസ്ക്കാരിക മൂല്യങ്ങള്‍ കൊണ്ടെന്നാണ് അവരുടെ പക്ഷം. ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ അഭിപ്രായത്തില്‍ പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ അതിരുകള്‍ മാത്രമേ കാണുന്നുള്ളു. അതിന്റെ കേന്ദ്രബിന്ദു ദര്‍ശിക്കാനാകുന്നത് ആത്മീയതയിലൂന്നിയ സ്വന്തം അന്വേഷണത്തിലൂടെ മാത്രമാണ്.അതേസമയം പ്രസിദ്ധ തത്വചിന്തകനും ഗണിതജ്ഞനും സാഹിത്യകാരനുമെല്ലാമായിരുന്ന ബർട്രാന്‍ഡ് റസ്സലിന്റെ അഭിപ്രായത്തില്‍ മതത്തിന്റെ അടിസ്ഥാനം ഭീതിയും സയന്‍സിന്റെ കര്‍മം ഈ ഭയത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കലുമാണ്.

ഇപ്പറഞ്ഞ സംവാദങ്ങളില്‍നിന്നു് മാറി ജീവിതാനുഭവങ്ങളിലേക്ക് വന്നാലോ? ചില പ്രധാന ലോകവ്യക്തിത്വങ്ങളെ ശ്രദ്ധിക്കുക. രണ്ടു വ്യത്യസ്ഥ ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ സമ്മാനിതയായ മാഡം ക്യൂറി ജീവിതം തന്നെ ശാസ്ത്രത്തിനു വേണ്ടി നീക്കിവെച്ച വ്യക്തിയാണ്. അതേ സമയം തന്നെ അവര്‍ ജീവിതത്തിലുടനീളം മാനവികത ഉയര്‍ത്തിപിടിക്കയും ലളിത ജീവിതം നയിക്കയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ മഹാശാസ്ത്രജ്ഞനായ ഐന്‍സ്റ്റൈനും ശാസ്ത്രവും മാനവികതയും ഒരേ സമയം ജീവിത വീക്ഷണമായി സ്വീകരിച്ചയാളായിരുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളില്‍ നൊബേൽ സമ്മാനിതനായി ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ ലിനസ് പോളിംഗിന് അവ കിട്ടിയത് രസതന്ത്രത്തിലും സമാധാനത്തിനും ആയിരുന്നു! അതേ സമയം ലോകത്തിന് ഭീകര ഓര്‍മകള്‍ നല്കിയ പ്രമുഖഭരണാധികാരികളില്‍ എല്ലാവരിലും ശാസ്ത്ര വിദ്യാഭ്യാസം ആരോപിക്കാനാവില്ല. എന്നു മാത്രമല്ല ചിലരെങ്കിലും  കലയോടും സാഹിത്യത്തോടും വലിയ തോതില്‍ താല്പര്യം കാട്ടിയവരുമായിരുന്നു.

ജവഹർലാൽ നെഹ്റു സി.വി.രാമനുമൊത്ത്

ഇനി നമ്മുടെ രാജ്യത്തെ സ്ഥിതി നോക്കാം. രാഷ്ട്രത്തിന്റെ ഉന്നതിക്ക് ആധുനികശാസ്ത്രവും സാങ്കേതികവിദ്യയുമാണ് വഴികാട്ടിയാവേണ്ടതെന്നും ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തല്‍ അതില്‍ സുപ്രധാനമാണെന്നും വാദിച്ചത് ഏതെങ്കിലും ശാസ്ത്രജ്ഞനല്ല. ഡിഗ്രിക്ക് മാത്രം സയന്‍സ് പഠിക്കയും പിന്നീട് ചരിത്രം,നിയമം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ വ്യാപരിക്കയും ചെയ്ത ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിത്തീര്‍ന്ന ജവഹര്‍ലാല്‍ നെഹ്രുവാണ്. ലോകസമാധാനത്തിന് പ്രധാനമന്ത്രി എന്ന നിലയില്‍ നല്കിയ ഇടപെടലുകളും നിലപാടുകളും അദ്ദേഹം ഉയര്‍ത്തിയ ശാസ്ത്രീയ വീക്ഷണത്തിന്റെ കൂടി ഭാഗമായിരുന്നു. അതേ സമയം ജ്യോതിഷം സര്‍വ്വകലാശാലകളില്‍ ശാസ്ത്രവിഷയമായി പഠിപ്പിക്കണം എന്ന് നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രി , മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതിന് മുന്പ് കോളേജ് തലത്തില്‍ ഫിസിക്സ് പഠിപ്പിച്ച അധ്യാപകനായിരുന്നു. ശാസ്ത്രത്തോട് ഏറെ ആഭിമുഖ്യം പുലര്‍ത്താതിരുന്ന, മതമൂല്യങ്ങളെ ജീവിത ദര്‍ശനമായി കൊണ്ടുനടന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാകട്ടെ മാനവികത അങ്ങേയറ്റം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയുമായിരുന്നു. ആത്മീയഗുരുവായി വിശേഷിപ്പിക്കപ്പെടാറുള്ള ശ്രീനാരായണഗുരുവാണ് ജീവിതത്തിലെ മനുഷ്യതുല്യതക്കായി വാദിച്ചതും അതിനായി യുക്തിയുടെ മാര്‍ഗ്ഗം അവലംബിച്ചതും. കേരളത്തില്‍ പുരോഗമനാശയങ്ങള്‍ വളര്‍ന്നു വന്നത്‍ അദ്ദേഹം ഉഴുതുമറിച്ച സാമൂഹ്യബോധത്തിലാണ്. ഇനി ഇന്നത്തെ ആത്മീയ ഗുരുക്കന്‍മാരുടെ സ്ഥിതിയോ? അവരില്‍ ബഹുഭൂരിപക്ഷവും തന്നെ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പൊക്കി അത്യാഢംബര ജീവിതം നയിക്കുന്നവരും യാഥാസ്ഥിതിക ചിന്തയോട് ഒട്ടി നില്ക്കുന്നവരുമാണ്.

സതീഷിന്റെ ശാസ്ത്രഗതിയിൽ വരച്ച കാർട്ടൂണുകളിൽ നിന്ന്
ചുറ്റുപാടും കണ്ണോടിച്ചാല്‍ കാണുന്ന ചിത്രവും കൗതുകകരമാണ്. ശാസ്ത്രം പഠിച്ചവർ, എന്തിന് ശാസ്ത്രജ്ഞര്‍ പോലും തങ്ങളുടെ ജീവിതത്തിലും നിലപാടുകളിലും ശാസ്ത്രയുക്തി പ്രയോഗിക്കാത്തവരായുണ്ട്. അതുപോലെ മാനവിക വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കയും ചെയ്യുന്നവരില്‍ പലരും സാമൂഹ്യ പ്രശ്നങ്ങളിൽ ഒന്നും തന്നെ താല്പര്യം പ്രകടിപ്പിക്കാത്തവരുമാണ്. അതുപോലെ ശാസ്ത്രീയതയും മാനവികതയും ഒത്തൊരുമിച്ച ഏറെപ്പേരെയും നമുക്ക് പരിചയമുണ്ട്. അയുക്തികതയും മനുഷ്യത്വരാഹിത്യവും സമ്മേളിച്ച ചിലരും ഉണ്ടാകും.
അതായത് പുസ്തകത്താളിലെ തര്‍ക്കങ്ങളില്‍ പറയുന്നതുപോലെ ശാസ്ത്രം പഠിച്ചാല്‍ ശാസ്ത്രീയതയും നിര്‍വികാരതയും വരും, മാനവിക വിഷയം പഠിച്ചാല്‍ വൈകാരികതയും അയുക്തികതയുമാണുണ്ടാവുക, ആത്മീയരംഗത്തു പ്രവര്‍ത്തിച്ചാല്‍ ലാളിത്യവും ധാര്‍മ്മികതയും വളരും എന്നെല്ലാം പറയുന്നതല്ല നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യം. അഥവാ പഠിച്ച വിഷയമോ അവരെ എന്തായി സമൂഹം വിശേഷിപ്പിക്കുന്നോ എന്നതിനെ മാത്രം അടിസ്ഥാനമാക്കി അവരുടെ നിലപാടുകളെയും മനോഭാവത്തെയും മനസ്സിലാക്കാനാവില്ല.പിന്നെ അത്തരം കാര്യങ്ങള്‍ വ്യക്തികളില്‍ രൂപപ്പെടുന്നതിന്റെ പ്രക്രിയ ഏതാണ് ?

സമൂഹത്തില്‍ മാറ്റം നിരന്തരമായി നടക്കുന്ന ഒന്നാണ്. സാവധാനമുള്ള മാറ്റങ്ങളും ദ്രുതഗതിയിലും സമൂലവുമായി സംഭവിക്കുന്ന മാറ്റങ്ങളും അവയിലുണ്ട്. പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍, നിലവിലുള്ള അറിവ് നവീകരിക്കപ്പെടുമ്പോള്‍, താല്പര്യങ്ങളുടെ സംഘര്‍ഷത്തിന്റെ ഫലമായി ആധിപത്യസ്വഭാവം മാറുമ്പോള്‍ എല്ലാം മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും. ചിലപ്പോള്‍ ഉത്പാദനബന്ധവും സാമൂഹ്യഘടനയും തന്നെ മാറുന്ന സ്ഥിതിയിലേക്ക്  അത് നയിക്കപ്പെടും.സമൂഹത്തില്‍ നടക്കുന്ന ഈ അനുസ്യൂതമായ മാറ്റത്തെ മാനവികതയിലൂന്നി സമൂലമായ പരിവര്‍ത്തനം ലക്ഷ്യമാക്കി ഗുണപരമായ ദിശയില്‍ മുന്നോട്ട് നയിക്കുന്നവരുണ്ട്. അതേ സമയം മാറ്റങ്ങളെ പ്രതിരോധിക്കുകയും സാധ്യമെങ്കില്‍ പഴയമൂല്യങ്ങളും കാലവും വീണ്ടെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ആദ്യ വിഭാഗത്തെയാണ് നാം ഉല്പതിഷ്ണുക്കള്‍ അഥവാ പുരോഗമനവാദികള്‍ എന്ന് പൊതുവില്‍ പറയുന്നത്. രണ്ടാമത്തെ വിഭാഗത്തെ യാഥാസ്ഥിതികരെന്നും.(ഈ വിശേഷണത്തോട് വിയോജിക്കുന്നവരുണ്ടാകാം. ഉദാഹരണമായി നിയോ ലിബറല്‍ പരിഷ്കാരങ്ങള്‍ പലതും മാനവികതക്കെതിരും അയുക്തികവുമായിട്ടും അതിനെ പുരോഗമനപരമെന്നും പ്രതിരോധിച്ചവരെ യാഥാസ്ഥിതികര്‍ എന്നും ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു!)

ചരിത്രം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും . ഉത്പതിഷ്ണുക്കളുടെ മൂല്യബോധം മാനവികതയാണ്. അവരുടെ കയ്യിലുള്ള ഏറ്റവും ശക്തമായ ഉപകരണം ശാസ്ത്രവും . മാറ്റം ആവശ്യമാക്കുന്നതും മാറ്റത്തിനു സഹായകമാകുന്നതും ഇവ രണ്ടും ചേര്‍ന്നാണ്. യാഥാസ്ഥിതികര്‍ ഉപയോഗപ്പെടുത്തുന്നത് ആകട്ടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളെയും ആത്മീയതയുടെ പേരിലുള്ള മതവിശ്വാസത്തെയുമാണ്.നിലവിലുള്ള അവസ്ഥയില്‍ സംതൃപ്തികൊള്ളാനും മാറ്റത്തെ പ്രതിരോധിക്കാനും മാത്രമല്ല, ചിലപ്പോള്‍ സമൂഹത്തെ പിറകോട്ട് നയിക്കാനും അവ ഉപയോഗപ്പെടുത്തുന്നു. അതായത് സാമൂഹ്യബോധ നിര്‍മ്മിതിയിലും സമൂഹ്യമാറ്റത്തിലും ശാസ്ത്രബോധവും വ്യവസ്ഥാപിതമായി തീര്‍ന്ന മതവിശ്വാസങ്ങളും  പ്രവര്‍ത്തിക്കുന്നതും അതിലൂടെ സാമൂഹ്യമാറ്റത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതും വിപരീത ദിശകളില്‍ ആണ് .

മതങ്ങള്‍ക്കുള്ളിലെ നവീകരണപ്രസ്ഥാനങ്ങള്‍, അല്ലെങ്കില്‍ പുതിയ മതം ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സമൂഹത്തെ മുന്നോട്ട് നയിച്ചിട്ടുണ്ട് എന്നകാര്യം മറക്കുന്നില്ല. ആത്മീയചിന്തയില്‍ വ്യാപരിക്കുമ്പോള്‍ തന്നെ സ്വയം മാറ്റത്തിന് ശാസ്ത്രം വിതച്ച പുത്തന്‍ അറിവുകളെയും മാനവിക സമീപനത്തെയും ഉപയോഗപ്പെടുത്തിയതിന്റെ ഉദാഹരണങ്ങളായാണ് അവയെ കാണേണ്ടത്.


ശാസ്ത്രബോധം, മാനവികത ,വിശ്വാസം ലേഖനത്തിന്റെ രണ്ടാം ഭാഗം ശാസ്ത്രവും മതവും

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നീലാകാശവും റെയ്‌ലെ വിസരണവും
Next post അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം – തത്സമയം കാണാം
Close