Read Time:31 Minute
TK Devarajan
ടി.കെ. ദേവരാജൻ

ശാസ്ത്രബോധം, മാനവികത, വിശ്വാസം ലേഖനപരമ്പര-മൂന്നാം ഭാഗം

ശാസ്ത്രബോധം നമ്മള്‍ മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന വാക്കാണെങ്കിലും ഒരേ അര്‍ത്ഥമല്ല എല്ലാവരും കല്‍പിക്കുന്നത്. ചിലര്‍ക്കത് വിവിധ ശാസ്ത്ര വിഷയങ്ങളിലെ ധാരണയാണത്. വേറെ ചിലര്‍ക്ക് അത് ഈശ്വരസങ്കല്പത്തെയും പരമ്പരാഗവിശ്വാസങ്ങളെയും നിരാകരിക്കലാണ്. ശാസ്ത്രമുന്നേറ്റത്തോടും സാങ്കേതിക വിദ്യകളോടുമുള്ള ആഭിമുഖ്യമാണ് ശാസ്ത്രബോധം എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. സാമൂഹ്യവിഷയങ്ങളെ യുക്തിപരമായും ശാസ്ത്രവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലും പരിശോധിക്കലാണ് വേറെചിലര്‍ക്ക് ശാസ്ത്രബോധം. നാളെയെകുറിച്ചുള്ള ശുഭപ്രതീക്ഷയും അത് സാധ്യമാക്കാനുള്ള പ്രതിബദ്ധതയുമാണ് ശാസ്ത്രബോധംകൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും മറ്റ് ചിലര്‍ പറയുന്നു.

ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെംപര്‍ എന്ന വാക്ക് ആദ്യം പ്രയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്രുവാണ്. അദ്ദേഹം അതിനെ നിര്‍വചിച്ചത് ഇപ്രകാരമാണ്. ”അസത്യത്തിനും പുത്തന്‍ അറിവുകള്‍ക്കുമായുള്ള നിരന്തര അന്വേഷണം, ആവര്‍ത്തിച്ചുള്ള പരീക്ഷണത്തിലൂടെ ശരിയെന്ന് ബോധ്യപ്പെട്ടവയല്ലാതെ ഒന്നിനെയും സ്വീകരിക്കില്ലെന്ന നിലപാട്,പുതിയ തെളിവുകളുടെ മുന്നില്‍ പഴയധാരണകളെ തിരുത്താനുള്ള സന്നദ്ധത, മനസ്സില്‍ മുന്നേയുറച്ച സിദ്ധാന്തങ്ങളെക്കാള്‍ നിരീക്ഷിക്കപ്പെട്ട വസ്തുതകളെ ആശ്രയിക്കാനുള്ള കഴിവ്, മാനസികമായ കടുത്ത അച്ചടക്കം ഇവയാണ് ശാസ്ത്രബോധമുള്ള ഒരാള്‍ക്ക് വേണ്ട അത്യാവശ്യ ഘടകങ്ങള്‍ ”

ഇപ്പറഞ്ഞ നിധം നോക്കിയാല്‍ ശാസ്ത്രബോധത്തിന് രണ്ട് തലങ്ങളാണ് മുഖ്യമായും ഉള്ളത്.

 1. വ്യക്തിയും സമൂഹവും നേരിടുന്ന ഏത് പ്രശ്നത്തെയും നേരിടാന്‍ ഏറ്റവും അനുയോജ്യം ശാസ്ത്രത്തിന്റെ രീതിയും ശാസ്ത്രീയമായ അറിവുകളും എന്ന തിരിച്ചറിവും അവ നേടാനുള്ള താല്പര്യവും
 2. പരമ്പരാഗതവിശ്വാസങ്ങളെയും മുന്‍ധാരണകളെയും തെളിവുകളുടെയും ശാസ്ത്രവിജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ വിലയിരുത്താനും ആവശ്യമെങ്കില്‍ തിരുത്തുവാനോ നിരാകരിക്കുവാനോ ഉള്ള സന്നദ്ധത

എന്നാല്‍ സമകാലീന സാഹചര്യത്തില്‍ മറ്റൊന്നു കൂടി പ്രസക്തമാണെന്ന് തോന്നുന്നു.

3. ജാതി മത ദേശാടിസ്ഥാനത്തിലുള്ള  സ്വത്വ ബോധങ്ങളെ കുടഞ്ഞു കളയാനുള്ള കഴിവ്. അതായത് അതായത് സമൂഹം തന്നില്‍ ആരോപിക്കുന്ന സ്വത്വത്താല്‍ വന്നേക്കാവുന്ന ആത്മനിഷ്ഠതയിലൂന്നിയാവരുത് സാമൂഹ്യകാര്യങ്ങളില്‍ നിലപാടെടുക്കുന്നതും ഇടപെടുന്നതും.

മുമ്പ് വിവരിച്ച ശാസ്ത്രബോധത്തെകുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ എല്ലാം ശാസ്ത്രബോധം കൊണ്ട് കൈവരിക്കാവുന്ന അവസ്ഥകള്‍ മാത്രമാണെന്ന് പറയാം. ഇതിലേതെങ്കിലും എന്നല്ല, എല്ലാം കൈവരിക്കലാണ് ശാസ്ത്രബോധം കൊണ്ട് സാധ്യമാകേണ്ടത്.

ശാസ്ത്രബോധം വ്യക്തിയെയും സമൂഹത്തെയും ഏത് രീതിയിലാണ് മാറ്റിതീര്‍ക്കുക.?

 • വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെയാണ് ശാസ്ത്രബോധമുള്ളവര്‍ ആശ്രയിക്കുക. അവ ഏവര്‍ക്കും മനസ്സിലാക്കാവുന്നതും അതിനാല്‍ സംവേദസാധ്യവുമാണെന്നതാണ് അതിന്റെ സവിശേഷത. ശാസ്ത്രബോധമുള്ളവര്‍ക്ക് ആത്മനിഷ്ഠമായ കാര്യങ്ങളും വിലയിരുത്തലുമില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. ഓരോ വ്യക്തിയും വളര്‍ന്നു വന്ന സാഹചര്യത്തില്‍ സ്വാംശീകരിച്ച വിവരങ്ങളും അനുഭവങ്ങളും വ്യത്യസ്തമാകയാല്‍ ആത്മനിഷ്ഠവിലയിരുത്തല്‍ ഓരോ വ്യക്തിയുടേതും തീര്‍ത്തും സവിശേഷം തന്നെയായിരിക്കും.അതായത് ആത്മനിഷ്ഠബോധം വളര്‍ത്തിയത് വ്യത്യസ്ഥ വസ്തുനിഷ്ഠസാഹചര്യങ്ങളാണ്. ഈ വസ്തു നിഷ്ഠ സാഹചര്യങ്ങളെ പരസ്പരം മനസ്സിലാക്കാനാവുന്നിടത്തോളം അവര്‍ക്ക് പൊതു നിലപാടിലെത്താന്‍ കഴിയും. ചുരുങ്ങിയ പക്ഷം എന്തുകൊണ്ട് വ്യത്യസ്ഥ നിലപാടുകള്‍ എന്ന് പരസ്പരം മനസ്സിലാക്കാനെങ്കിലും സഹായിക്കും. ഈ പരസ്പരം മനസ്സിലാക്കല്‍ സമൂഹത്തില്‍ ആശയപരമായ വിഷയങ്ങളിലുള്ള ശത്രുതയും വൈകാരികമായ ഏറ്റുമുട്ടലും കുറയ്ക്കാന്‍ സഹായകമാകും.അഥവാ തര്‍ക്കങ്ങളേക്കാള്‍ സംവാദങ്ങള്‍ പ്രധാനമാവും.
 • ശാസ്ത്രത്തിന്റെ സവിശേഷമായ സ്വഭാവം അത് ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. ഏത് നിലപാടും തെറ്റാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച് വേണ്ട പരിശോധന നടത്താന്‍ ശാസ്ത്രബോധം നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശാസ്ത്രബോധമുള്ളയാള്‍ കൂടുതല്‍ ജനാധിപത്യവാദിയായിരിക്കും. .വിയോജിപ്പുകളെ സഹിഷ്ണുതയോടെ പരിശോധിക്കാന്‍ മാത്രമല്ല ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വസ്തുനിഷ്ഠമാകാനും ശാസ്ത്രബോധം സഹായിക്കും.
 • ശാസ്ത്രബോധമുള്ളവര്‍ പൊതുവെ പറഞ്ഞാല്‍ മാനവികതയും സഹാനുഭൂതിയും ഉയര്‍ത്തിപിടിക്കുന്നവരാണ്. മറ്റുള്ളവരും നമ്മെപോലുള്ള മനുഷ്യരാണെന്നും അവരുടെ  പ്രശ്നങ്ങളും വേദനകളും നമുക്കായിരുന്നെങ്കില്‍ എന്നചിന്തിക്കാനാവുന്നതാണ് കാരണം. വിധിയും ദൈവേച്ഛയുമല്ല, സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളും സംഭവങ്ങളുുടെ യാദൃശ്ശ്ഛികതയും അനിശ്ചിതത്വവും  ആണ് മറ്റൊരാള്‍ക്ക് ദുരിതവും സൗഭാഗ്യവും നല്കുന്നതെന്ന തിരിച്ചറിവും അതിന് സഹായകമാണ്.
 • ശാസ്ത്രം നമ്മെ ബോധ്യപ്പെടുത്തുന്നത് പ്രകൃതിയിലെ നിരവധിജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍ എന്നും അവയെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനില്ക്കുന്നതെന്നുമാണ്. അതിനാല്‍ ഈ പാരസ്പര്യം തകരാതെ മാത്രമേ പരിസ്ഥിതിയെ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാവൂ എന്ന തിരിച്ചറിവ് ശാസ്ത്രം നല്കുന്നു.
 • വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിതം സമൂഹവുമായി എങ്ങിനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നതിരിച്ചറിവ് നല്കുന്നു. സമൂഹത്തെ ഗുണപരമായി പരിവര്‍ത്തനം ചെയ്യാനുള്ള ആലോചനകള്‍ക്ക് പ്രേരിപ്പിക്കുന്നു. അതായത് സാമൂഹ്യബോധം ശാസ്ത്രബോധത്തില്‍ നിന്ന് വന്നുചേരാവുന്ന ഒന്നാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രകൃതിയെയും സമൂഹത്തെയും കൂടുതലായി മനസ്സിലാക്കാനും ഗുണപരമായി പരിവര്‍ത്തനം ചെയ്യാനുമുള്ള പ്രേരണയാണ് ശാസ്ത്രബോധം വ്യക്തിക്കും സമൂഹത്തിനും നല്കുക. അതായത് മെച്ചപ്പെട്ട സാമൂഹ്യജീവിതത്തിന് ഉതകുന്ന മൂല്യങ്ങള്‍ വ്യക്തിയില്‍വളര്‍ത്താന്‍ കൂടുതല്‍ കഴിയുക ശാസ്ത്രബോധത്തിലൂടെയാണ്.

ശാസ്ത്രബോധവും വിശ്വാസവും

ശാസ്ത്രത്തിന്റെ കുതിപ്പിന് ശാസ്ത്രബോധം എന്നപോലെ മതത്തിന്റെ നിലനില്പിന് ആധാരം വിശ്വാസമാണ്. ശാസ്ത്രബോധത്തിന് നേരെ വിപരീതമാണ് വിശ്വാസത്തിന്റെ സമീപനങ്ങള്‍ എന്നു പറയാം.

 • ശാസ്ത്രബോധം മനുഷ്യനെ സംസ്കരിക്കുന്നു.വ്യത്യസ്ത ദേശവും ഭാഷയും സംസ്കാരവും ചിന്തയുമുള്ളവരുമായി സംവദിക്കുന്നതിന് ശാസ്ത്രബോധം തടസ്സപ്പെടുത്തുന്നില്ല. മറ്റുള്ളവരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നു. അവരുടെ നിലപാടുകളെ സംയമനത്തോടെയും അവരുടെ വേദനകളെ അനുതാപത്തോടെയും വീക്ഷിക്കാന്‍ പ്രാപ്തമാക്കുന്നു. അതായത് മാനവികത വളര്‍ത്തുന്നു.
 • വിശ്വാസമാകട്ടെ മറ്റു് വിശാവാസികളുമായുള്ള  സംവാദം അസാധ്യമാക്കുന്നു. അവയോട് അസഹിഷ്ണുതയാണ്  വളര്‍ത്തുന്നത്. ജാതി , മതം, ദേശം, രാഷ്ട്രം തുടങ്ങി ഭൂതകാല അവശേഷിപ്പുകളെ വിശ്വാസികള്‍ ഒരിക്കലും കയ്യൊഴിയാന്‍ തയ്യാറല്ല. അവയെ അടിസ്ഥാനമാക്കിയ സ്വത്വബോധത്തിലൂന്നി വൈകാരികമായ അടുപ്പവും കൂട്ടായ്മയും സൃഷ്ടിക്കും. എന്നാല്‍ ആ വൃത്തത്തിനു പുറത്തുള്ളവരെ സംശയത്തോടെയും അന്യതാബോധത്തോടെയുമാണ് അത് വീക്ഷിക്കാന്‍ പ്രേരിപ്പിക്കുക. എതിര്‍ഭാഗത്തെ വിദ്വേഷത്തോടെ വീക്ഷിക്കുന്നു. സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളില്‍ അതിടപെട്ടേക്കാം. എന്നലത് മതശാസനകള്‍ പാലിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിതമായി ചെയ്യുന്നതാണ്.ദൈവഭീതിയും പരലോകജീവിതത്തെകുറിച്ചുള്ള ചിന്തയുമാണതിന്ന് പ്രേരിപ്പിക്കുന്നത്. ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ച പ്രകൃതി എന്ന് വിശ്വസിച്ച് പ്രകൃതിയുടെ മേലുള്ള അതിക്രമത്തെ സെമിറ്റിക് മതവിശ്വാസങ്ങള്‍ ന്യായീകരിക്കുന്നുണ്ട്. അതേസമയം പ്രകൃതിയെ ആരാധിക്കാനാണ് പ്രാചീന മതങ്ങള്‍ ഉദ്‍ബോധിപ്പിക്കുന്നത്.
 • മാനവികതയുടെ വിവിധ തലങ്ങളില്‍  ഇടപെടാന്‍ മതവിശ്വാസവും ശാസ്ത്രബോധവും കാരണമാകുന്നുണ്ട്. പക്ഷേ വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. അതില്‍ സ്ഥിരതയും സാര്‍വ്വത്രികതയും നല്കാന്‍ കെല്പുള്ളത് ശാസ്ത്രബോധത്തിനാണ്.
 • ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ശാസ്ത്രസാങ്കേതികവിദ്യകളെയും ശാസ്ത്രജ്ഞാനത്തെയുമാണെങ്കിലുംപൊതുസമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറെ സ്വാധീനിക്കുന്നത് വിശ്വാസമാണ് എന്നു പറഞ്ഞു.. എന്തുകൊണ്ടാണിത്?.

സംസ്കാരവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ സൃഷ്ടിക്കലും

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ നാം ഓരോരുത്തരും ഉള്‍കൊള്ളുന്നതും വ്യാഖ്യാനിക്കുന്നതും ഒരുപോലെയല്ല. ജനിച്ച കാലം മുതല്‍ ചുറ്റുപാടിനെ വീക്ഷിച്ചതും മനസ്സിലാക്കിയതുമാണ് ഒരാളുടെ ദൃഷ്ടിയിലുള്ള സാമൂഹ്യയാഥാര്‍ത്ഥ്യം. ആ സാമൂഹ്യ യാഥാര്‍ത്ഥ്യം രൂപപ്പെടുത്തുന്നതില്‍ നിരവധിഘടകങ്ങളുണ്ട്. മാതാപിതാക്കള്‍, കുടുംബസാഹചര്യം, കുടുംബക്കാര്‍ പങ്കാളിയായ ആചാരാനുഷ്ഠാനങ്ങള്‍, സമീപവാസികള്‍,പ്രാദേശിക സമൂഹം, വിദ്യാലയാന്തരീക്ഷം, പാഠ്യ വിഷയങ്ങള്‍,മാധ്യമങ്ങള്‍, സിനിമ പോലുള്ള സാംസ്കാരിക രൂപങ്ങള്‍….. ഇതിനിടയില്‍ ചിലരുമായി കൂടാനും മറ്റ് ചിലരുമായി അകലാനും പ്രേരിപ്പിക്കുന്ന ഒരു സ്വത്വബോധവും മനസ്സില്‍ വേരുറയ്ക്കും. ഈ സ്വത്വബോധത്തിന്റെയും വ്യക്തി-കുടുംബ താല്പര്യങ്ങളുടെയും മനസ്സിലുറച്ച സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ചുറ്റുപാടും കാണുന്നസംഭവങ്ങളെ നോക്കിക്കാണുന്നതും ഓര്‍മ്മയില്‍ വെക്കുന്നതും. വിശ്വാസത്തിലും സ്വത്വബോധത്തിലുമധിഷ്ഠിതമായ സമൂഹത്തില്‍ ഓരോരുത്തരുടെയും മുമ്പിലുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കുമെന്ന് മാത്രമല്ല സംഘര്‍ഷപൂരിതവുമായിരിക്കും. സംവാദങ്ങളിലൂടെ പരസ്പരം മനസ്സിലാക്കി പൊതുതാല്‍പര്യത്തിലേക്കും അഭിപ്രായ സമന്വയത്തിലേക്കും എത്തുന്നതിനുമപ്പുറം തര്‍ക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും  കലാപങ്ങള്‍ക്കുമാണ് അവിടെ സാധ്യത കൂടുതല്‍. ശാസ്ത്രബോധം സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ പരസ്പരമാനസ്സിലാക്കലിലൂടെ  കഴിയുന്നത്ര വസ്തുനിഷ്ഠമായി കാണാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ ശാസ്ത്രബോധം കൈവരിച്ച സമൂഹം സംവാദാത്മകവും സമാധാനപരവും പുരോഗതിയിലേക്ക് കുതിക്കുന്നതുമായിരിക്കും.

‍സാങ്കേതികവിദ്യകള്‍ക്കപ്പുറം ശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ രീതിയെയും പരിചയപ്പെടുന്നത് വിദ്യാഭ്യാസത്തിലെ ചെറിയൊരു ഭാഗത്ത് മാത്രമാണ്. അവിടെയും ശാസ്ത്രബോധം സൃഷ്ടിക്കുന്നതിന് ഏറ്റവും പ്രധാനമായ വിമര്‍ശനാന്മകസമീപനമോ ശാസ്ത്രത്തിന്റെ രീതി പ്രയോഗിക്കാന്‍ പരിശീലിപ്പിക്കലോ വിദ്യാഭ്യാസ പ്രക്രിയയില്‍ ഉണ്ടാകുന്നില്ല. അതിനാല്‍ അതുവരെ നേടിയ അറിവുകള്‍ക്ക് മീതെ മറ്റൊരറിവായി ശാസ്ത്രവിജ്ഞാനം ഓര്‍ത്തുവെക്കുകയാണ് ശാസ്ത്ര വിദ്യാഭ്യാസത്തിലൂടെയും സംഭവിക്കുന്നത്.

വൈകാരികതയിലും കൂട്ടായ്മയിലും ഊന്നി സമൂഹത്തിന്റെ സാമാന്യബോധം സൃഷ്ടിക്കുന്നത് സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ്. പരമ്പരാഗത ധാരണകളെയും സ്വത്വബോധത്തെയും കുടഞ്ഞുകളഞ്ഞ് മാനവികതയിലേക്കടുപ്പിക്കാന്‍ സാംസ്കാരിക രൂപങ്ങള്‍ക്ക് കഴിയും. എന്നാല്‍ പരമ്പരാഗതവിശ്വാസങ്ങളെയും സ്വത്വബോധത്തെയും തീവ്രമാക്കാനും അവയ്ക്ക് കഴിവുണ്ട്. അത് നിശ്ചയിക്കപ്പെടുക ശാസ്ത്രബോധത്തിന്റെ തലമാണോ വിശ്വാസത്തിന്റെ തലമാണോ ഓരോ സാംസ്കാരിക രൂപവും സംപ്രേക്ഷണം ചെയ്യപ്പെടുന്നത് എന്നതിനെ അനുസരിച്ചാണ്.

പഴയകാല സാംസ്ക്കാരിക രൂപങ്ങള്‍ എല്ലാം തന്നെ മതവും അധികാരവുമായി ബന്ധപ്പെട്ടാണ് പ്രോത്സാഹിക്കപ്പെട്ടത്. കേരളത്തില്‍ അതിനൊരുമാറ്റമുണ്ടായത് നവോത്ഥാനകാലത്താണ്. യുക്തിചിന്തയിലും മാനവികതയിലുമൂന്നിയ സാഹിത്യ കലാരൂപങ്ങള്‍ എഴുപതുകള്‍വരെ കേരളത്തില്‍ സമൃദ്ധമായിരുന്നു. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ സ്ഥിതി മാറി. വിശ്വാസാധിഷ്ഠിതമായ സാംസ്കാരിക പ്രവര്‍ത്തനങ്ങല്‍ക്ക് പുതുജീവന്‍ നല്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ ഒരുഭാഗത്ത് തീവ്രമായി. വിവിധ മതവിഭാഗങ്ങള്‍ മത്സരബുദ്ധിയോടെ ഇതിനായ് പ്രവര്‍ത്തിച്ചു.സാങ്കേതികവിദ്യയെയും വിദ്യാസമ്പന്നരെയും ഇതിനായ് പ്രയോജനപ്പെടുത്തി. ഈ സംഘടിത ശ്രമങ്ങളെ വ്യക്തമായ പരിപാടിയോടെ പ്രതിരോധിക്കുന്നതിനു പകരം വിശ്വാസങ്ങളെ പ്രതിരോധിക്കുന്നതിനേക്കാള്‍ രാഷ്ട്രീയമായി നല്ലത് അവയുമായി സമരസപ്പെടുകയാണ് നല്ലതെന്ന ചിന്ത അതുവരെ യുക്തിചിന്തയുടെയും മാനവികതയുടെയും പക്ഷത്ത് നിലയുറപ്പിച്ച പലരിലും ‍ ഉണ്ടായി.

90 കളില്‍ രാജ്യത്ത് രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റം വിശ്വാസികളുടെ ഭൂമികയിലേക്ക് രാഷ്ട്രീയ സംവാദങ്ങളെ വഴിതിരിച്ചുവിട്ടു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെക്കാള്‍ വിശ്വാസപരമായ തര്‍ക്കങ്ങളും അതിക്രമങ്ങളും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമായി. ശാസ്ത്രബോധമുള്ളവരും വിശ്വാസികളും തമ്മിലുള്ള തര്‍ക്കത്തേക്കാള്‍ മതപരമായ തര്‍ക്കത്തില്‍ ‘ഇരയോടോ വേട്ടക്കാരനൊപ്പമോ നിങ്ങള്‍?’ എന്ന ചോദ്യം സാര്‍വ്വത്രികമായി.

ഇതേകാലത്ത് തന്നെയാണ് സാഹിത്യ സാംസ്കാരിക വ്യവഹാരങ്ങളില്‍ ഉത്തരാധുനികത ശക്തി പ്രാപിക്കുന്നതും. കാര്യകാരണബന്ധത്തെയും കേവലസത്യത്തെയും അത് നിരാകരിച്ചു. ആത്മനിഷ്ഠതക്കും സ്വത്വബോധത്തിനും ഊന്നല്‍ നല്കിയപ്പോള്‍ ലക്ഷ്യമിട്ടത് ശാസ്ത്രബോധത്തെ തന്നെയായിരുന്നു. പാരിസ്ഥിതികവും സാമൂഹ്യമായും ഉയര്‍വരുന്ന പ്രശ്നങ്ങള്‍ ശാസ്ത്രത്തിന്റെ രീതിയുടെയും പ്രയോഗത്തിന്റെയും പരിമിതിയായി ചൂണ്ടികാണിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ മേല്‍പറഞ്ഞ പരിമിതികള്‍ സ്വകാര്യഉടമസ്ഥതയിലും കമ്പോളതാല്പര്യത്തിലുമൂന്നിയ ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ വന്നു ചേര്‍ന്നതാണ്. അത് തീരുമാനിക്കുന്നതാകട്ടെ രാഷ്ട്രീയ തീരുമാനങ്ങളിലൂടെയും. എന്നാല്‍ രാഷ്ട്രീയത്തെയും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍നിന്നു മാറ്റിയാണ്  ഇന്ന്  സ്വാംശീകരിക്കുന്നത്.

രാഷ്ട്രീയമെന്നാല്‍

രാഷ്ട്രത്തിന്റെ അധികാരവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയം. നാടിന്റെ പുരോഗതി ഏത് ദിശയിലാവണമെന്ന കാഴ്ചപ്പാടും അതിന് അധികാരവും ജനശക്തിയും ഏതുവിധമാണ് പ്രയോഗിക്കേണ്ടതെന്ന നിലപാടുമാണ് രാഷ്ട്രീയ ഭേദത്തിന്റെ അടിസ്ഥാനം.സാമ്പത്തിക വികസനം, ശാസ്ത്ര സാങ്കേതികവിദ്യകളുടെ പ്രയോഗം, സാമൂഹ്യ ഘടന, സംസ്കാരം തുടങ്ങി എല്ലാ മേഖലകളിലും രാഷ്ട്രീയമായ ഭിന്നതകള്‍ പ്രകടമാകേണ്ടതാണ്.ശാസ്ത്രബോധത്തിലും മാനവികതയിലുമൂന്നിയ രാഷ്ട്രീയമാണ് സര്‍ഗ്ഗാത്മകവും ജനാധിത്യപരവും സാമൂഹ്യനീതിയിലധിഷ്ടിതവുമാവുക, അഥവാ സാമൂഹ്യ പുരോഗതി സാധ്യമാക്കുന്നത്. വിശ്വാസത്തിന്റെയും സ്വത്വബോധത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം നാടിനെ പിന്നോട്ടടിക്കുക മാത്രമല്ല അഭ്യന്തര കലാപങ്ങളിലേക്കും അയല്‍ശത്രുതയിലേക്കുമെല്ലാം നയിക്കും.സമൂഹത്തിലെ രാഷ്ടീയ പക്ഷം ചേരലും സംവാദങ്ങളും ഈ സമീപനങ്ങളീലൂന്നിയാവുമ്പോഴാണ് രാഷ്ട്രീയം ക്രീയാത്മകമാകൂ, സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തൂ.

സമകാലീന പ്രശ്നങ്ങള്‍

മാനവരാശിയാകെ പൊതുവിലും രാജ്യവും നമ്മുടെ കേരളവും സവിശേഷമായും നിരവധി പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.മാനവരാശിയുടെ മുമ്പിലുള്ളവലിയവെല്ലുവിളിയായ് ചൂണ്ടികാണിക്കപ്പെട്ടിരുന്നത് ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആയിരുന്നു. എന്നാല്‍ അതിനിടയിലാണ് കോവിഡ് 19 എന്ന വൈറസ് രോഗം ലോകത്തെ പിടിച്ചു കുലുക്കിയത്. കഴിഞ്ഞ 30 വര്‍ക്കാലം തീവ്രമായി സംഭവിച്ച ആഗോളവല്‍കരണം അതോടെ വലിയ തിരിച്ചടിയേറ്റിരിക്കുന്നു. രാജ്യങ്ങളുംഅതിനുള്ളിലെ പ്രവശ്യകളും അതിനുമുള്ളിലെ നഗരങ്ങളും ചെറു പ്രദേശങ്ങളുമെല്ലാം ഭാഗികമായെങ്കിലും കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.

വംശീയതയും വര്‍ഗീയതയും വിദ്വേഷത്തിന്റെ പാരമ്യത്തിലേക്കെത്തിച്ച നമ്മുടെ രാജ്യത്ത് മുമ്പ് കാണാതിരുന്ന പലകാര്യങ്ങളെയും കാഴ്ചക്ക് മുമ്പില്‍ കൊണ്ടു വരുന്നുണ്ട് കോവിഡ്.അതില്‍ ഏറ്റവും മുഖ്യം രാജ്യത്തെ മുഖ്യ തൊഴില്‍ മേഖലയായ കുടിയേറ്റതൊഴിലാളികളുടെ ദൈന്യൈാവസ്ഥയാണ്. ഒപ്പം രാജ്യത്തെ പൊതുജനാരോഗ്യസംവിധാനത്തിന്റെ ദൈന്യതയും.

കേരളത്തിലാണെങ്കില്‍ആവര്‍ത്തിച്ചുവന്ന പ്രകൃതിദുരന്തങ്ങളും അതിന്റെ സമയത്തണ്ടായ കൂട്ടായ്മയും വികസനവിവേകവും തൊട്ടടുത്ത മാസങ്ങളില്‍ അതിവേഗം ഇറങ്ങിപോകുന്നതും നാം കണ്ടു.‍ കോവിഡിന്റെ ആദ്യഘട്ടങ്ങളില്‍‍ കണ്ട വിവേകവും ഒരുമയുംസങ്കുചിത രാഷ്ട്രീയതാല്പര്യത്തില്‍പെട്ട് കുത്തിയൊലിച്ചുപോകുന്നതും നാം കണ്ടു.

ഈ പ്രശ്നങ്ങളെയാകെ വീക്ഷിക്കുമ്പോള്‍ വീണ്ടും വീണ്ടും ബോധ്യമാവുന്നത് കേരള സമൂഹത്തില്‍ ശാസ്ത്രബോധത്തെ തിരിച്ചുപിടിക്കേണ്ട ആവശ്യകതയാണ്. വികസനത്തില്‍, രാഷ്ട്രീയത്തില്‍, സംസ്കാരത്തില്‍. ജീവിതത്തില്‍ എല്ലാം ശാസ്ത്രബോധത്തെ തിരിച്ചുപിടിക്കണം.ഇക്കാര്യത്തില്‍ ഏറ്റവും ഇടപെടാനാകുക ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിനാണ്.

ശാസ്ത്രബോധത്തിനായ്

ശാസ്ത്രബോധം എങ്ങിനെ വളരും എന്ന അന്വേഷണം മൂന്ന് അടിസ്ഥാന വസ്തുതകളെ‍ പരിഗണിക്കണം.

 1. ചുറ്റുമുള്ളവരുമായ് കണ്ടും കേട്ടും സംവദിച്ചുമാണ് നമ്മുടെ അറിവിന്റെ സിംഹഭാഗവും ആര്‍ജിക്കുന്നത്.
 2. അതുവരെ ആര്‍ജിച്ച അറിവില്‍ നിന്നു കൊണ്ടാണ് പുതിയ അറിവിനെ സമീപിക്കുന്നത്.
 3. ശാസ്ത്രബോധം ഉണ്ടെങ്കിലേപഴയധാരണകളെ വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കാനും തിരുത്തുവാനും തയ്യാറാവൂ.

അങ്ങിനെയെങ്കില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ പറ്റിയ കാലഘട്ടം ചെറുപ്പകാലമാണ്. വിദ്യാഭ്യാസവും സാംസ്കാരികമാധ്യമങ്ങളുമാണ് അതിന് ഏറ്റവും അനുയോജ്യം. പക്ഷേ എങ്ങിനെ? ശാസ്ത്രബോധം വളര്‍ത്തുന്നതിന് സഹായകമാകും എന്നു തോന്നുന്ന ചില ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കയാണ്. സംവാദത്തിനായി.

ജിജ്ഞാസയും വിസ്മയവും ഭാവനയും ശൈശവകാലം മുതല്‍ സ്വാഭാവികമായിയുള്ള ഒന്നാണ്. എന്നാല്‍ പരമ്പരാഗതചിട്ടകളും മൂപ്പിളമയുമെല്ലം ചേര്‍ന്ന് അതിനെ ഗാര്‍ഹികാന്തരീക്ഷത്തില്‍ തന്നെ തല്ലിക്കെടുത്താറാണ് പതിവ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പകരം വെക്കുന്നു. ഭാവന വികസിപ്പിക്കുന്നതില്‍ മാന്ത്രിക കഥകള്‍ക്ക് വലിയ പങ്കുണ്ടാവും. പക്ഷേ ജിജ്ഞാസയെ അയഥാര്‍ത്ഥമായ സങ്കല്പങ്ങള്‍ കൊണ്ട് പകരം വെക്കാന്‍ അതിലൂടെ പരിശീലിക്കപ്പെടുകയാണ് പലപ്പോഴും ചെയ്യുന്നത്. വിസ്മയത്തെയും ജിജ്ഞാസയെയും അന്വേഷണ ബുദ്ധി വളര്‍ത്തിക്കൊണ്ട് പ്രോത്സാഹിപ്പിക്കയാണ് ശാസ്ത്രബോധം വളര്‍ത്താന്‍ ആവശ്യം. ശാസ്ത്രകൗതുകം വളര്‍ത്തുന്ന പരീക്ഷണങ്ങള്‍, ചിത്രങ്ങള്‍, നിരീക്ഷണങ്ങള്‍ , വീഡിയോകള്‍.. ഇവയെല്ലാം ചെറു പ്രായം മുതലേ പരിചയപ്പെടാനാകണം.

വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയമായ അറിവുകള്‍ നേടുന്നതോടൊപ്പം അത് വളര്‍ന്നുവന്ന വഴിയും തിരിച്ചറിയണം.ശാസ്ത്രത്തിന്റെ രീതി ബോധ്യപ്പെടാന്‍ അത് സഹായിക്കും. എന്നാല്‍ അത് കൊണ്ട് മാത്രമായില്ല.ശാസ്ത്രത്തിന്റെ രീതി മനസ്സിലാക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം അത് പ്രയോഗിച്ചു നോക്കലാണ്. പ്രവര്‍ത്തനാധിഷ്ഠിത രീതികള്‍ പഠന ക്രമത്തില്‍ പരമാവധി പ്രയോജനപ്പെടുത്തണം.ഏത് വിവരത്തെയും വിമര്‍ശനാന്മകമായി എങ്ങിനെ സമീപിക്കാം എന്ന് മനസ്സിലാക്കലും പ്രധാനമാണ്. പഴയ ധാരണകളെ പുതിയ വിവരങ്ങളുമായി തട്ടിച്ചുനോക്കി വൈരുധ്യം അനുഭവപ്പെട്ടാല്‍ തിരുത്താനുള്ള പ്രേരണയുണ്ടാകണം. ഒപ്പം മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും സമൂഹവും തമ്മിലുള്ള പാരസ്പര്യബന്ധവും തിരിച്ചറിയപ്പെടണം. പഴയകാല സാംസ്കാരിക രൂപങ്ങളെയും കൃതികളെയും പരിചയപ്പെടുമ്പോള്‍ അത് രൂപപ്പെട്ട സാമൂഹ്യസാഹചര്യങ്ങളും അക്കാലത്തെ അറിവിന്റെ പരിമിതിയും ബോധ്യപ്പെടണം.

പഠനാന്തരീക്ഷം പൊതു ഇടമാകണം. വീട്ടിലും ചുറ്റുവട്ടത്തും ആശയവിനിമയം നടത്തിശീലിച്ച ഭാഷ തന്നെയാവണം അധ്യനമാധ്യമം. അറിവ് സമഗ്രതയില്‍ ബോധ്യപ്പെട്ടോ എന്നതാവണം മൂല്യനിര്‍ണ്ണയത്തില്‍ പരിശോധിക്കേണ്ടത്. അറിവ് നല്കുന്നതിനേക്കാള്‍ അറിവ് സമ്പാദിക്കുന്നതിലും സൃഷ്ടിക്കുന്നതിലും സംവദിക്കുന്നതിലുമാവണം ഉന്നതവിദ്യാഭ്യാസം ഊന്നേണ്ടത്.

ശാസ്ത്രബോധത്തിലും മാനവികതയിലുമൂന്നിയ കലാ സാഹിത്യസൃഷ്ടികള്‍, പൊതുസാംസ്കാരിക ഇടങ്ങള്‍,വസ്തുത-യുക്തി-മാനവികത എന്നിവക്ക് പ്രാധാന്യം നല്കി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങള്‍, ജനകീയ സംവാദവേദികള്‍ ഇവയാണ് സാംസ്കാരിക രംഗത്ത് ഉണ്ടാകേണ്ടത്.എല്ലാ വിഭാഗവും പങ്കെടുക്കുന്ന പൊതു ആഘോഷങ്ങള്‍ കൊണ്ട് വിഭാഗീയഉത്സവങ്ങളെ മറികടക്കാനാകണം. വിവാഹം, മരണം പോലുള്ള അവസരങ്ങള്‍ ജാതി മത സംസ്കാരങ്ങള്‍ക്ക് കീഴ്പ്പെടാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടകണം.അതിന് തയ്യാറാകുന്നവരെ പ്രോത്സാഹിപ്പിക്കണം.അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രദൃഷ്ട്യാ വിലയിരുത്തുന്ന പരിപാടികള്‍ പൊതുസമൂഹത്തിലുണ്ടാവണം.

സാമൂഹ്യമായി നേരിടുന്ന പ്രശ്നങ്ങളെ കൂട്ടായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ എങ്ങിനെ മനസ്സിലാക്കാമെന്നും അതിന്റെയടിസ്ഥാനത്തില്‍ പരിഹാരം എങ്ങിനെ രൂപപ്പെടത്താമെന്നുമുള്ള അനുഭവങ്ങള്‍ സൃഷ്ടിക്കണം.

കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹം , അതായത് നീതിപൂര്‍വ്വവും സുസ്ഥിരവും സമാധാനപൂര്‍ണ്ണവുമായ ഒരു സമൂഹം ,നാളെ പുലരണമെങ്കില്‍ ശാസ്ത്രബോധം സമൂഹത്തിന്റെ സാമാന്യബോധമായി മാറണം. അതിനുള്ള ചര്‍ച്ചകള്‍ക്ക് ഒരു പ്രേരണ എന്ന നിലയിലാണ് ഈ ലേഖനം എഴുതിയത്. ചില നിലപാടിുകളില്‍, വിശദാംശങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടാകും ,ഉണ്ടാകണം.അവ സംവാദത്തിനായി ഉന്നയിക്കണം.


അധികവായനയ്ക്ക്

 1. P. Snow, The Two Cultures and the Scientific Revolution (Cambridge Univ. Press, 1959).
 2. Religion and Culture-Dr S Radhakrishnan
 3. H.G. Wells vs. George Orwell: Their debate whether science is humanity’s best hope continues today
 4. Religion and Science-Bertrand Russel
 5. Philosophy of Science Ideas-Gareth Southwell
 6. Methodology of Humanities and academic Writing-Kannur University
 7. The Discovery of India- Jawahar Lal Nehru

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
Next post റഷ്യയിലെ ടോൾബാചിക് അഗ്നിപർവ്വതവും പെട്രോവൈറ്റ് എന്ന പുതിയ ധാതുവും
Close