ഡോ. ആർ.വി.ജി. മേനോൻ
ശാസ്ത്രവും സാങ്കേതികവിദ്യയും (സയൻസും ടെക്നോളജിയും) രണ്ടാണെന്ന് എല്ലാവർക്കും അറിയാം. എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ അത് പഠിപ്പിക്കുന്നത് വ്യത്യസ്ത കോളേജുകളിലാണല്ലോ എന്നതായിരിക്കും സത്യസന്ധമായ ഉത്തരം. (ഇപ്പോഴാണെങ്കിൽ വേറെ വേറെ യൂണിവേഴ്‌സിറ്റികളിലുമാണ്.) പക്ഷെ അതല്ലല്ലോ കൃത്യമായ ഉത്തരം. ശാസ്ത്രത്തിന്റെ പ്രയോഗത്തോടെ, പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യ ഉപയോഗത്തിനായി പുതിയ പുതിയ വസ്തുക്കളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് സാങ്കേതികവിദ്യയുടെ ധർമം എന്ന് കുറച്ചുകൂടി വിശദമായി പറയാം. സ്വാഭാവികമായും ശാസ്ത്രത്തേക്കാൾ സാങ്കേതികവിദ്യയ്ക്കാണ് കൂടുതൽ ജനപ്രിയത. കൂടുതൽ ഡിമാൻഡ് സാങ്കേതിക ഉത്പന്നങ്ങൾക്കാണ്. അതിലേർപ്പെടുന്നവർക്കു കൂടുതൽ സാമൂഹിക അറിവും അംഗീകാരവും കിട്ടും. പക്ഷെ ബൗദ്ധികതലത്തിൽ ശാസ്ത്രജ്ഞർ എന്ന സംജ്ഞയ്ക്കായിരിക്കും കൂടുതൽ അംഗീകാരം. പല എൻജിനീയർമാരും ഡോക്ടർമാരും ശാസ്ത്രജ്ഞരാണ് എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നത് സ്വാഭാവികം. അപ്പോൾ ജനങ്ങളും അതുപോലെ ചിന്തിച്ചുതുടങ്ങും. ആധുനിക ഇൻഡ്യയിലെ ഏറ്റവും മഹത്വമേറിയ ശാസ്ത്രജ്ഞൻ ആരെന്നു ചോദിച്ചാൽ ഒരുപാടുപേർ സാക്ഷാൽ എ.പി.ജെ. അബ്ദുകലാമിന്റെ പേര് പറഞ്ഞെന്നിരിക്കും. അവരെ കുറ്റം പറയാൻ പറ്റില്ല. അങ്ങനെയാണല്ലോ നമ്മുടെ മാധ്യമങ്ങൾ ആ മഹാനെ അവതരിപ്പിക്കുന്നത്. അദ്ദേഹം നല്ലൊരു സാങ്കേതികവിദഗ്ധനും മാനേജുമെന്റ് നിപുണനും മേന്മയേറിയ രാഷ്ട്രപതിയും ആയിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ അദ്ദേഹം ശാസ്ത്രരംഗത്തു ചെയ്ത പ്രമുഖ സംഭാവന ഏതാണ് എന്ന് ചോദിച്ചാലോ? ഉത്തരം കിട്ടാൻ വിഷമമാണ്. അതേസമയം ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട് പ്രമുഖ സംഭാവന ചെയ്ത ലോകപ്രശസ്ത ശാസ്ത്രജ്ഞരായ സതീഷ് ധവാനെയോ റോദ്ദം നരസിംഹയെയോ എത്രപേർ അറിയും? ഇന്റർനെറ്റും വിവരസാങ്കേതികവിദ്യാ വിപ്ലവവും എല്ലാവർക്കും അറിയാം. സ്റ്റീവ് ജോബ്സും ബിൽ ഗേറ്റ്‌സും സ്‌കൂൾകുട്ടികൾക്കു പോലും കളിപ്പേരാണ്. പക്ഷെ ഇന്റർനെറ്റ് വിപ്ലവത്തിന് കാരണമായ മൗലിക സംഭാവന ചെയ്ത പോൾ ബെയ്‌റനെയോ ഡൊണാൾഡ് ഡേവീസിനെയോ എത്ര പേർ ഓർക്കുന്നുണ്ടാവും? ശാസ്ത്രജ്ഞർക്ക് പൊതുജനപ്രീതിയെക്കാൾ പ്രധാനം തരക്കാരുടെ അംഗീകാരവും ആദരവും (peer assessment) ആണ്. മാത്രവുമല്ല, ക്രെഡിറ്റ് കൊടുത്താലും ഇല്ലെങ്കിലും, തങ്ങളുടെ കണ്ടുപിടിത്തത്തിന്റെ സമയം ആകുമ്പോൾ അതിന്റെ ഉപഭോക്താക്കൾ വന്ന് അത് കണ്ടെടുത്തോളും എന്ന് അവർക്ക് അറിയാം.
ഇത് വെറും പബ്ലിസിറ്റിയുടെ പ്രശ്‌നമല്ല. അത് പോട്ടെ. പ്രമുഖ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമല്ലല്ലോ. അവർക്കു കൂടുതൽ കാമ്യം തരക്കാരുടെ അംഗീകാരമാണ്. അതായത് ജലലൃ മലൈാൈലി Peer assessment എന്ന് പറയാറുള്ള സംഗതി. ‘വിജ്ഞൻമാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ’ എന്ന് പറയുന്നതു വെറുതെയല്ല. ശാസ്ത്രസത്യങ്ങൾ ജനാധിപത്യപരമായല്ല തീരുമാനിക്കുന്നത്. അങ്ങനെയാണെങ്കിൽ ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും സൂര്യ ചന്ദ്ര നക്ഷത്രാദികൾ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നാം ഇപ്പോഴും ‘ജനാധിപത്യപരമായി’ വിശ്വസിച്ചേനെ. ജനങ്ങൾ വിശ്വസിക്കുന്നതിനെതിരായി തെളിവിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി ചിന്തിക്കാനും അത് പരീക്ഷണപരമായി തെളിയിക്കാനും ഉറക്കെ പറയാനും ധൈര്യമുള്ളവർക്കേ ശാസ്ത്രം വഴങ്ങൂ. പലപ്പോഴും അപകടകരമായ ഒരു രീതിയാണത്. ബ്രൂണോയും ഗലീലിയോയും അസംഖ്യം മറ്റുള്ളവരും ആ കയ്പ്പ് രുചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭരണകൂടങ്ങൾക്കും അതുപോലുള്ള ശാസ്ത്രജ്ഞരെ അത്ര പിടിക്കാറില്ല. അവരെ സമദാനഭേദങ്ങളിലൂടെയോ മറ്റു നിവൃത്തിയില്ലെങ്കിൽ ദണ്ഡം കൊണ്ടുതന്നെയോ നിലയ്ക്കുനിർത്താൻ ഭരണകൂടങ്ങൾ മടിക്കാറില്ല. എന്തിനേറെ, ശാസ്ത്രത്തെത്തന്നെ സംശയത്തോടുകൂടി വീക്ഷിച്ചിട്ടുള്ള ഭരണകൂടങ്ങളും കുറവല്ല. ശാസ്ത്രസത്യങ്ങൾക്കുപരിയാണ് മതം, രാജ്യരക്ഷ, സാമൂഹിക സുരക്ഷ എന്നൊക്കെ ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കാനും എളുപ്പമാണല്ലോ. മാത്രവുമല്ല, ശാസ്ത്രപുരോഗതിക്കു അനുപേക്ഷണീയമായ ഒരു മുന്നുപാധി സ്വതന്ത്രചിന്തയും ചോദ്യം ചെയ്യാനുള്ള ഉത്‌സുകതയുമാണ്. ഇത് രണ്ടും പൊതുവേ അധികാരസ്ഥാനങ്ങൾക്ക് അപ്രിയമാണല്ലോ. അതിനൊക്കെ പകരം പാരമ്പര്യമഹത്വം, അനുസരണ, മുതിർന്നവരെ ബഹുമാനിക്കൽ, ഗുരുമാഹാത്മ്യം എന്നിങ്ങനെയുള്ള മൂല്യങ്ങളാണ് മിക്ക സമൂഹങ്ങളും കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്. ഇതൊക്കെ നമ്മുടെ സംസ്‌കാരം ആണെന്നാണ് ഭാവം. ഇപ്പോഴും ചടങ്ങുകളോടും ആചാരങ്ങളോടും എത്ര വിധേയത്വമാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്! ജനാധിപത്യവും പുരോഗമനവും പിടിച്ച് ആണയിടുന്ന രാഷ്ട്രീയപ്പാർട്ടികൾപോലും അതിനെയൊക്കെ ചോദ്യം ചെയ്യാൻ മടിക്കും; പ്രത്യേകിച്ചും ഇലക്ഷൻ അടുത്തിരിക്കുന്ന സമയമാണെങ്കിൽ. (അതൊഴിഞ്ഞിട്ട് നമുക്കെപ്പോഴാണ് സമയം!) ചുരുക്കത്തിൽ ശാസ്ത്രമഹത്വം പാടിപ്പുകഴ്ത്താനും ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കാനും നമുക്ക് മടിയില്ല. കുഞ്ഞുങ്ങൾ ശാസ്ത്രം പഠിച്ചാൽ നല്ല ജോലി കിട്ടുമെങ്കിൽ അവരതു പഠിച്ചോട്ടെ എന്ന് രക്ഷാകർത്താക്കളും കരുതും. പക്ഷെ ശാസ്ത്രം എന്നാൽ ചോദ്യംചെയ്യലാണെന്നും പൊതുവിശ്വാസങ്ങളെ വേണ്ടിവന്നാൽ വെല്ലുവിളിക്കലാണെന്നും തിരിച്ചറിഞ്ഞാൽ ആ മനോഭാവവും മാറും. ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം പാഠപുസ്തകത്തിൽ വന്നപ്പോൾ എന്തായിരുന്നു പുകില്!
പക്ഷെ, ടെക്നോളജി നേരെമറിച്ചാണ്. അതിന് ഇങ്ങനത്തെ കുഴപ്പങ്ങളൊന്നുമില്ല. പുതിയ പുതിയ ഉത്പന്നങ്ങളും സേവനങ്ങളൂം കണ്ടെത്തുന്നു. പുതിയ വ്യവസായങ്ങൾ സാധ്യമാക്കുന്നു. സമ്പത്തു വർദ്ധിപ്പിക്കുന്നു. അതൊക്കെ സുഖകരമായ കാര്യങ്ങളാണ്. ജനപ്രിയവുമാണ്. ജിഡിപി വർധന വേഗത്തിലാക്കണമെങ്കിൽ ടെക്നോളജി വളരണം എന്നത് ഭരണകൂടങ്ങൾക്കും അറിയാം. രാജ്യരക്ഷയ്ക്കും ടെക്നോളജിയുടെ മുന്നേറ്റം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അതിനായി ബജറ്റിന്റെ സിംഹഭാഗവും മാറ്റിവയ്ക്കാൻ എല്ലാ സർക്കാരുകളും തയ്യാറാകും. അപ്പോൾ ശാസ്ത്രത്തിനോ? ശാസ്ത്രത്തിനും കിട്ടും ഒരു പങ്ക്. പക്ഷെ അതോടൊപ്പം ചില ഉപദേശങ്ങൾ കൂടി വരും: ശാസ്ത്രം പ്രായോഗികം ആയിരിക്കണം. അത് കൂടുതൽ സാങ്കേതികവിദ്യകൾക്കു വഴിതുറക്കണം. അതൊക്കെ ശരിയാണ്. മിക്ക, ശാസ്ത്രകണ്ടെത്തലുകളും അതിനെല്ലാം സഹായിച്ചേക്കാം. പക്ഷെ എല്ലാ ശാസ്ത്രവും അങ്ങനെയായിരിക്കണം എന്നുണ്ടോ?
നമ്മുടെ ഏറ്റവും മികച്ച യുവതീയുവാക്കൾ ശാസ്ത്രരംഗം വിട്ട് പ്രൊഫഷണൽ രംഗത്തേക്ക് ചുവടുമാറ്റുമ്പോഴും ഈ അപകടം നമ്മെ തുറിച്ചുനോക്കുന്നുണ്ട്. ഗണിതമോ ഫിസിക്‌സോ കെമിസ്ട്രിയോ ജീവശാസ്ത്രമോ പഠിച്ചു വളരെ ഉന്നതങ്ങളിലേക്കു പോകേണ്ടവർ എഞ്ചിനീയറിങ്ങും മെഡിസിനും പഠിച്ചു ‘സാദാ’ എൻജിനീയർമാരും ഡോക്ടർമാരും ആയി ‘സാമൂഹികവിജയം’ നേടി കുടുംബത്തിന് സുഖം നൽകുമ്പോൾ നഷ്ടപ്പെടുന്നത് നാടിനും അവരുടെ വിദഗ്ധസംഭാവനകൾ കിട്ടേണ്ട സമൂഹത്തിനും ആണ്. നമുക്ക് എൻജിനീയർമാരും ഡോക്ടർമാരും വേണ്ടാ എന്നല്ല. തീർച്ചയായും വേണം. പക്ഷെ, അവരെ മാത്രമല്ല വേണ്ടത്. അറിവിന്റെ വ്യത്യസ്തമേഖലകളിൽ പുതിയ പുതിയ കണ്ടെത്തലുകൾ നടത്തുന്ന ശാസ്ത്രജ്ഞരെയും പണ്ഡിതരെയുംകൂടി നമുക്ക് വേണ്ടേ? അവർക്കു മാത്രം നൽകാനാവുന്ന സേവനങ്ങളും സമൂഹത്തിന് ആവശ്യമുണ്ടല്ലോ. പക്ഷെ അതിന്റെ മറുഭാഗം, പ്രൊഫഷണലുകൾക്കു മാത്രമല്ല, അറിവിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന, സമൂഹത്തിന് കാണപ്പെട്ട സംഭാവന നൽകുന്ന എല്ലാ സമർത്ഥരെയും വേണ്ടവിധത്തിൽ മാനിക്കാനും അംഗീകരിക്കാനും സമൂഹം തയാറാകുകയും കൂടി വേണം. അവർക്കും പഠിക്കാൻ സ്‌കോളർഷിപ്പുകളും പഠിച്ചുകഴിഞ്ഞാൽ അർഹതയ്ക്കനുസരിച്ച ജോലികളും കൊടുക്കാൻ സമൂഹവും സർക്കാരും തയാറാകണം. എങ്കിൽ മാത്രമേ എല്ലാ യുവാക്കളും അവരവർക്ക് ഇഷ്ടപ്പെട്ട, കഴിവും വാസനയും ഉള്ള, മേഖലകളിലേക്ക് തിരിയൂ. ഉന്നതവിദ്യാഭ്യാസത്തിന്റെ മേൽഗതിക്ക് അതു വളരെ പ്രധാനമാണ്. ഈ ഉൾക്കാഴ്ച വിദ്യാഭ്യാസ വികസനത്തിന്റെ ഭാഗമാകണം.
അമേരിക്കയുടെ ശാസ്ത്രസാങ്കേതിക പുരോഗതിക്കു വലിയ സംഭാവന ചെയ്ത വന്നവർ ബുഷ്, പ്രസിഡന്റ് റൂസ്വെൽറ്റിന്റെയും പ്രസിഡന്റ് ട്രൂമാന്റെയും ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. അതുകൂടാതെ എംഐടി യിൽ പ്രഫസ്സർ ആയിരിക്കുമ്പോഴാണ് അദ്ദേഹം ഡിഫെറെൻഷ്യൽ അനലൈസർ എന്ന ആദ്യകാല കംപ്യുട്ടർ നിർമ്മിച്ചത്. രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ അദ്ദേഹം പ്രസിഡന്റിന് ഒരു നിർദേശം സമർപ്പിച്ചു. സർവകലാശാലകളും വ്യവസായങ്ങളായി ആയി യോജിച്ചു സർക്കാർ മൗലികശാസ്ത്രഗവേഷണത്തിനു അളവറ്റ സഹായം നൽകണം. ‘മൗലിക ഗവേഷണം അടിസ്ഥാന അറിവ് ഉത്പാദിപ്പിക്കുന്നു. അതാണ് അറിവിന്റെ മൂലധനം. പ്രായോഗിക അറിവുകളും പ്രയോഗങ്ങളും അതിൽ നിന്നാണ് ഉരുത്തിരിയുന്നത്. അതിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന രാഷ്ട്രങ്ങൾ ക്രമേണ വ്യാവസായികമായി പിന്നോട്ടുപോകും.
സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ ഇൻഡ്യ മുന്നേറുകയാണ് എന്ന് പലപ്പോഴും നമ്മുടെ നേതാക്കൾ പറയുന്നത് കേൾക്കാറുണ്ട്. പക്ഷെ ഈ സൗരോർജ പാനലുകൾക്കു ആവശ്യമായ സൗരോർജ സെല്ലുകൾ ഏതാണ്ടു മുഴുവനും ഇറക്കുമതി ചെയ്യുകയാണ് എന്ന് എത്രപേർ ഓർക്കുന്നുണ്ട്? (അതും മിക്കവാറും, ചൈനയിൽ നിന്ന്!) സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതും സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും നല്ലതു തന്നെ. അത് വേണ്ടതാണുതാനും. പക്ഷേ അടിസ്ഥാനമേഖലയായ സോളാർ സെൽ ഉത്പാദനത്തിലും ആത്മനിർഭർ ഭാരത് എന്ന സങ്കൽപം പ്രസക്തമല്ലേ? എന്തേ അതിനു നാം വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല? എൺപതുകളിൽ സൗരോർജ സെല്ലുകളും വലിയ കാറ്റാടികളും ഇൻഡ്യയിൽ തന്നെ നിർമിക്കണം എന്നൊരു വാശി നമ്മുടെ സർക്കാരിന് ഉണ്ടായിരുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായാണോ എന്തോ പിന്നീട് ആ വാശി ഇല്ലാതായി. ഇറക്കുമതി ചെയ്യുന്നതാണ് ലാഭം എന്ന ലഘുചിന്തയിലേക്കു രാജ്യം മാറിയോ എന്ന് സംശയം. വളരെ വളരെ അപകടമായൊരു പോക്കാണ് ഇത് എന്ന് പറയാതെ തരമില്ല. ഊർജരംഗത്തെ സ്വയംപര്യാപ്തത രാജ്യരക്ഷാരംഗത്ത് എത്ര പ്രധാനമാണ് എന്ന് പ്രത്യേകം ഓർമിപ്പിക്കേണ്ടല്ലോ. അതുപോലെതന്നെ ആരോഗ്യരംഗത്തും വികസനരംഗത്തും അടിസ്ഥാന അറിവുകൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയോ അല്ലെങ്കിൽ ആഗോളതലത്തിൽ ആ രംഗങ്ങളിൽ നടക്കുന്ന അടിസ്ഥാന ഗവേഷണങ്ങളിൽ പങ്കാളികളാകുകയോ ചെയ്യാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
2021 ഫെബ്രുവരി ലക്കം ശാസ്ത്രഗതി മാസികയിൽ വന്നത്. ശാസ്ത്രഗതി തപാലിൽ വരുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക