Read Time:27 Minute


ഡോ.ഡാലി ഡേവിസ്

കോവിഡ് മഹാമാരി തകർത്ത രണ്ടാം വർഷവും അവസാനിച്ചു. 2021 ഇൽ മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും പ്രവർത്തനം പൂർണ്ണമായോ ഭാഗീകമായോ നിർത്തി വെയ്ക്കേണ്ടി വന്നു. ശാസ്ത്രഗവേഷണത്തേയും കോവിഡ്-19 മഹാമാരി സാരമായി ബാധിച്ചു. പല ശാസ്ത്രലാബുകളും മാസങ്ങളോളം അടച്ചിടേണ്ടി വന്നു. എന്നീട്ടും ശാസ്ത്ര ലോകത്തിനു അങ്ങനെ വെറുതെ ഇരിക്കാൻ പറ്റുമായിരുന്നില്ല. മഹാമാരിയെ നിയന്ത്രിക്കുന്ന മരുന്ന് കണ്ടെത്തണം എന്ന ഏറ്റവും പ്രധാന അജണ്ട മുതൽ പ്രപഞ്ച രഹസ്യങ്ങളും  ജീവരഹസ്യങ്ങളും തുറക്കുന്ന താക്കോലുകൾ  വരെ ശാസ്ത്രലോകം തേടി കൊണ്ടിരുന്നു. അവയിൽ പ്രധാനപ്പെട്ട ചിലതിനെ നമുക്ക് പരിചയപ്പെടാം.

1.കോവിഡ്-19 വാക്സിൻ

ഒരു മഹാമാരിയിൽ പെട്ട് സ്തംഭിച്ചു പോയ ലോകത്തെ വീണ്ടും ചലിപ്പിക്കാൻ സഹായിച്ച കോവിഡ് വാക്സിൻ തന്നെയാണ് ഈ വർഷത്തെ ഹീറോ.   2019 ഡിസംബറിൽ സാർസ് കോവിഡിന്റെ ആരംഭത്തോടെ തന്നെ ശാസ്ത്രലോകം ഈ മഹാമാരിയെ പിടിച്ചു കെട്ടാനുള്ള മരുന്നുകൾക്കും വാക്സിനുകൾക്കുമായി ധ്രുതഗതിയിൽ ഗവേഷണം തുടങ്ങി. ഏകദേശം  ഒരു  വർഷത്തിനുള്ളിൽ,  വാക്സിൻ കണ്ടുപിടുത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട്, കോവിഡ് -19 നുള്ള വാക്സിനുകൾ ഗവേഷകർ കണ്ടെത്തുകയും ലോകത്തിനെ കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിക്കുകയും ചെയ്തു.

ഒരു വർഷത്തേയ്ക്ക് ഏകദേശം പൂർണ്ണമായി നിലച്ചു പോയ മനുഷ്യജീവിതത്തെ വീണ്ടും ചലിപ്പിച്ചത്, മഹാമാരിയെ പിടിച്ചു കെട്ടിയത്, കോവിഡ് വാക്സിനാണ്. 2020 ന്റെ അവസാനത്തിൽ തുടങ്ങിയ വാക്സിനേഷൻ ഒരു വർഷമാകുമ്പോൾ 202 രാജ്യങ്ങളിലായി ലോകത്തിലെ 58% ജനങ്ങളും ഒരു ഡോസ്   വാക്സിൻ  എങ്കിലും സ്വീകരിച്ച് മഹാമാരിക്കെതിരെ പൊരുതുന്നു.

നാലുതരം വാക്സിനുകൾ ആണുള്ളത്.  മുഴുവൻ വൈറസ് (Whole virus ), വൈറസിന്റെ പ്രോട്ടീനിൽ നിന്നുള്ള ഒരു കഷ്ണം (Protein subunit), ന്യൂക്ലിക് ആസിഡ് (ഡി.എൻ. എ./ ആർ.എൻ.എ), വൈറൽ വെക്ടർ എന്നിവയണീ നാലിനങ്ങൾ. എല്ലാതരം വാക്സിനുകളും മനുഷ്യ ശരീരത്തിൽ വൈറൽ ആൻ്റ്ജനുകൾ എത്തിക്കുകയാണു ചെയ്യുന്നത്. ആൻ്റിജനോട് പൊരുതാനുള്ള പ്രതിരോധ ശക്തി  ശരീരം ഉണ്ടാക്കുമ്പോൾ കോവിഡ് വൈറസിനെതിരെ ശരീരം സജ്ജമാകുന്നു. ഇതിൽ തന്നെ എം.ആർ.എൻ.എ വാക്സിനുകൾ കോവിഡ് പ്രതിരോധത്തിൽ മാത്രമല്ല, വാക്സിനുകളുടെ ചരിത്രത്തിൽ തന്നെ ഒരു പുതുവഴി വെട്ടുകയാണു.   വീര്യം കുറഞ്ഞ വൈറസിനേയോ വൈറസിൻ്റെ ഭാഗങ്ങളേയോ ശരീരത്തിൽ കുത്തിവയ്ക്കുന്നതിനു പകരം എം.ആർ.എൻ.എ വാക്സിനുകൾ ശരീരത്തിനെ കൊണ്ട് തന്നെ വൈറസിൻ്റെ ഒരു ഭാഗത്തെ നിർമ്മിച്ചെടുക്കുകയും അങ്ങനെ ശരീരത്തിൽ വൈറസിനെതിരെ പ്രതിരോധം ഉണ്ടാക്കുകയുമാണു ചെയ്യുന്നത്.  എം.ആർ.എൻ എ വാക്സിനുകൾ കൂടുതൽ ശക്തവും എളുപ്പം മാറ്റങ്ങൾ വരുത്താവുന്നവയും സുരക്ഷിതവും അതേസമയം വിലകുറവിൽ നിർമ്മിക്കാവുന്നതുമാണു. കാൻസർ വാക്സിനുകളുടെ നിർമ്മാണത്തിൽ ഒരു പ്രതീക്ഷയാണു എം. ആർ.എൻ.എ വാക്സിനുകൾ

ലൂക്കയുടെ വാക്സിൻ വിജ്ഞാനശേഖരം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2.കുട്ടികൾക്കുള്ള ആദ്യത്തെ മലേറിയ വാക്സിൻ

ശാസ്ത്രീയ മുന്നേറ്റങ്ങളൊന്നും തന്നെ ഒറ്റയ്ക്കൊറ്റയ്ക്ക് ഉണ്ടാകുന്നവയല്ല. പടിപടിയായുള്ള നിരന്തര ഗവേഷണമാണു ഒരു വലിയ മുന്നേറ്റത്തിനു വഴി വയ്ക്കുന്നത്. 30 വർഷത്തെ നിരന്തര ഗവേഷണങ്ങളുടെ  ഫലമാണ് എം ആർ.എൻ. എ വാക്സിനുകൾ. ഒരു അത്യാപത്ത് വന്നപ്പോൾ ആ ഗവേഷണങ്ങളെല്ലാം അതിധ്രുതം ഉത്പന്നങ്ങളായി മാറുകയായിരുന്നു. അതുപോലെ ഒരു നൂറ്റാണ്ട് കാലത്തെ  നിരന്തര ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണു മലേറിയയ്ക്കുള്ള ആദ്യവാക്സിൻ.

ലോകത്ത് മൊത്തം ഒരു വർഷം നാലുലക്ഷത്തിൽ പരം ആളുകളെ കൊന്നൊടുക്കുന്ന രോഗമാണു മലേറിയ. അതിൽ 94 ശതമാനവും സംഭവിക്കുന്നത് ആഫ്രിക്കയിൽ ആണു. 2019 ഇൽ മാത്രം രണ്ടരലക്ഷത്തിൽ അധികം കുട്ടികളാണു ആഫ്രിക്കയിൽ മലേറിയ ബാധിച്ച് മരിച്ചത്.

RTS,S എന്ന വാക്സിൻ ട്രയൽ – ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പോസ്റ്റർ

നൂറിലധികം മലേറിയ പാരസൈറ്റുകൾ ഉള്ളതിൽ ഏറ്റവും അപകടകാരിയായ പ്ലാസ്‌മോഡിയം ഫാൾസിപാര ( Plasmodium falciparum. ) ത്തിനെതിരെ പ്രവർത്തിക്കുന്നതാണ് ഇപ്പോൾ ലോക ആരോഗ്യസംഘടന അംഗീകരിച്ച RTS,S എന്ന വാക്സിൻ. നൂറുവർഷത്തെ ഗവേഷണാനന്തരം 6 കൊല്ലം മുൻപ് ഈ വാക്സിൻ മലേറിയക്കെതിരെ ഫലപ്രദം എന്ന് കണ്ടെത്തിയിരുന്നു. അതിശേഷം കഴിഞ്ഞ 6 വർഷമായി ക്ലിനികൽ ട്രയലുകൾ നടത്തി ഫലപ്രദമാണോ എന്ന പഠനങ്ങൾ നടത്തി 2021 ഇൽ ആണു ആഫ്രിക്കയിലെ ഉപയോഗത്തിനായി ലോകാരോഗ്യസംഘടന   മലേറിയക്കുള്ള ആദ്യ വാക്സിൻ  ഔദ്യോഗികമായി പ്രഖ്യപിച്ചത്. കൊതുക്,  മനുഷ്യൻ എന്നീ രണ്ട് അതിഥികളിൽ ആയി ജീവചക്രം പൂർത്തിയാക്കുന്ന  മലേറിയം  പാരസൈറ്റുകളെ വരുതിയിലാക്കുക എന്നത്  തീർത്തും   സങ്കിർണ്ണമായ പ്രക്രിയയാണ്.

RTS,S recombinant protein viruslike particle

വാക്സിൻ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗീബ്രെയെസസ്   (Tedros Adhanom Ghebreyesus)  പറഞ്ഞത് ഇതൊരു ചരിത്ര മുഹൂർത്തമാണെന്നാണു. അതെ ലോകപൊതുജനാരോഗ്യ നടത്തത്തിൽ 100 വർഷം കൊണ്ട് നടന്നു തീർത്ത് ചരിത്രത്തിലേക്ക് കയറിയ  അവസാനത്തെ   കാലടിയായിരുന്നു അത്.

3. മാർസ് പെർസീവറൻസ് (Perseverance)

സ്പേസ് ടൂറിസത്തിൻ്റെ മുന്നോടിയായി കണക്കാക്കാവുന്ന കോടീശ്വരന്മാരുടെ ശ്യൂന്യാകാശ സന്ദർശനം കഴിഞ്ഞ വർഷത്തെ സ്പേസ് വാർത്തയിടങ്ങൾ കീഴടക്കിയപ്പോൾ ശാസ്ത്രലോകം രോമാഞ്ചം കൊണ്ടത് പേഴ്സിയേയും ഇൻജെന്യുറ്റിയെയും ഓർത്താണ്.

പേഴ്സി എന്ന ചെല്ലപേരിൽ വിളിക്കപ്പെടുന്ന പെർസീവറൻസ് എന്ന വാഹനം ( rover)  ചൊവ്വയുടെ ഉപരിതലത്തിൽ ഓടി നടക്കുന്ന ഒരുതരം കാർ ആണു. 2020 ലെ നാസയുടെ ചൊവ്വ മിഷൻ്റെ ഭാഗമായി അയക്കപ്പെട്ടവളാണു പേഴ്സി. 2020 ജൂലയ് 30 നു ഭൂമിയിൽ നിന്നും യാത്ര തുടങ്ങിയ പേഴ്സി 2021 ഫെബ്രുവരി 18 നു ചൊവ്വയിൽ ഇറങ്ങി. ഇപ്പോൾ 304  ദിവസമായിട്ടും ചൊവ്വ പര്യവേഷണം തുടരുന്നു.രണ്ട് വർഷത്തെ ചൊവ്വ പര്യവേഷണത്തിനാണു പേഴ്സി അയക്കപ്പെട്ടിരിക്കുന്നത്.

പെഴ്സീവിയറൻസ് ചൊവ്വയിൽ എത്തിയശേഷം ഭൂമിയിലേക്ക് അയച്ച ആദ്യചിത്രം കടപ്പാട് : NASA/JPL-Caltech

19 ക്യാമറകളും 7 മറ്റ് ഗവേഷണ ഉപഗ്രഹങ്ങളും 2 മൈക്രോഫോണുകളുമായാണു പേഴ്സി ചൊവ്വയിൽ ഇറങ്ങിയത്. അവിടന്നങ്ങോട്ട് ചൊവ്വയുടെ ഫോട്ടൊയെടുപ്പും മറ്റു ഡാറ്റകൾ എടുക്കലും അവയെല്ലാം ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് അയച്ചു കൊടുക്കലുമാണു പേഴ്സിയുടെ പണി. പേഴ്സി പോയപ്പോൾ ഇൻജെന്യുറ്റി ( Ingenuity ) എന്ന് വിളിക്കപ്പെടുന്ന ഒരു കുഞ്ഞൻ ഹെലികോപ്റ്ററിനേയും കൊണ്ട് പോയിരുന്നു. ഡിസംബർ 15 വരെ ചെവ്വയ്ക്കുള്ളിൽ  18 പരീക്ഷണ പറക്കലുകൾ ആണു ഇൻജെന്യുറ്റി നടത്തിയത്.

എന്തിനാണു പേഴ്സി ചൊവ്വാ പരിതലത്തിൽ ഉരുണ്ട് നടക്കുന്നത്? പ്രധാനമായും ചൊവ്വയുടെ ഉപരിതലം  മനുഷ്യ ജീവിതത്തിനു പറ്റിയതാണോ എന്ന് പഠിക്കുകയാണു പേഴ്സിയുടെ ലക്ഷ്യം. ചൊവ്വയിൽ  ജീവനെ നിലനിർത്താൻ പറ്റിയ അന്തരീക്ഷം പണ്ട് ഉണ്ടായിരുന്നോ? പണ്ടത്തെ അത്തരം  അന്തരീക്ഷത്തിൽ  ജീവിച്ചിരുന്ന ഏതെങ്കിലും തരത്തിലുള്ള ജീവാണുക്കളുടെ അവശിഷ്ടങ്ങൾ ചൊവ്വയിലെ  പാറകളിലോ മറ്റോ ഉണ്ടോ? ഭാവിയിൽ ഉള്ള ചൊവ്വ കുടിയേറ്റത്തിനു വേണ്ടി ചൊവാന്തരീക്ഷത്തിൽ തന്നെ  ഓക്സിജൻ ഉണ്ടാക്കാൻ പറ്റുമോ എന്നൊക്കെയുള്ള അന്വേഷണങ്ങൾ ആണു പേഴ്സി നടത്തികൊണ്ടിരിക്കുന്നത്. പിന്നെ ചൊവ്വോപരിതലത്തിൽ നിന്നും കല്ലുകളും മണ്ണും ശേഖരിക്കുക എന്നൊരു ദൗത്യം കൂടി ഇതിനുണ്ട്.ചൊവ്വയുടെ ലക്ഷകണക്കിനു ഫോട്ടോകളാണു പേഴ്സി വഴി ഗവേഷകർക്ക് കിട്ടികൊണ്ടിരിക്കുന്നത്. അവയിൽ നിന്നും മറ്റ് ഡാറ്റകളിൽ നിന്നും ചൊവ്വയെ കുറിച്ച് വളരെയധികം കാര്യങ്ങൾ ഗവേഷകർ പഠിച്ച് കൊണ്ടിരിക്കുന്നു.

ചൈനയുടെ സുറൊങ്ങ് റൊവർ (Zhurong rover)

പേഴ്സിക്കു പിന്നാലെ ചൈനയുടെ സുറൊങ്ങ് റൊവറും (Zhurong rover) ചൊവ്വോപരിതലത്തിൽ കഴിഞ്ഞ വർഷം മെയ് 14 നു ഇറങ്ങി അതിൻ്റെ പര്യവേഷണം ആരംഭിച്ചീട്ടുണ്ട്. ചൊവ്വയിൽ എവിടെയെങ്കിലും വെള്ളം ഉണ്ടോ എന്ന് കണ്ടെത്തുകയാണു സുറോങ്ങിൻ്റെ ലക്ഷ്യം.

മനുഷ്യൻ്റെ ചൊവ്വ കുടിയേറ്റം അടുത്ത് തന്നെ  യാഥാർത്ഥ്യമാകാനുള്ള സാധ്യതകൾക്കാണു ഈ ഗവേഷണങ്ങൾ തുറന്നിടുന്നത്.

4. എൻസിലാഡസിലെ മീഥേനിന്റെ സാന്നിധ്യം

ചൊവ്വയിൽ മാത്രമല്ല, പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം ഉണ്ടോ? ഉണ്ടായിരുന്നോ?  എന്ന അന്വേഷണം മൊത്തം മനുഷ്യരാശിയുടെ  തന്നെ പ്രധാന താല്പര്യമാണ്. എല്ലാതരത്തിലുള്ള സ്പേസ് മിഷനുകളും ഈ ചോദ്യത്തെ കൂടി സംബോധന ചെയ്യാറുണ്ട്. ശനിയേയും അതിന്റെ  ഉപഗ്രഹങ്ങളേയും പഠിക്കാനായി 1997 ഇൽ നാസയും യൂറോപ്യൻ സ്പേസ് ഏജെൻസിയും ഇറ്റാലിയൻ സ്പേസ് ഏജൻസിയും സംയുക്തമായി സ്പേസിൽ അയച്ച  ശ്യൂന്യാകാശപേടകം ( robotic spacecraft) ആണ് കാസിനി -ഹ്യൂജെൻസ്  Cassini–Huygens. 7 വർഷത്തെ യാത്രയ്ക്കും 13 വർഷത്തെ ശനി പര്യവേഷണത്തിനും ശേഷം 2017 ഇൽ കാസിനി മിഷൻ അവസാനിപ്പിച്ചു. പ്രതീക്ഷിച്ചതിലും ‘ വൻവിജയമായിരുന്നു കാസിനി. ശനിയേയും ഉപഗ്രഹങ്ങളേയും കുറിച്ചുള്ള അറിവിൻ്റെ ഡാറ്റകളുടെ ഒരു നിധിയാണു കാസിനി ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് അയച്ച് കൊടുത്തത്. മിഷൻ അവസാനിപ്പിച്ച് നാല് വർഷത്തിനു ശേഷവും ആ ഡാറ്റകൾ അത്ഭുതപ്പെടുത്തുന്ന അറിവുകൾ തന്നു കൊണ്ടിരിക്കുന്നു.

എൻസിലാഡസിന്റെ ( Enceladus) ചുറ്റും ഉള്ള തൊങ്ങലുകളിൽ (plume) ഐസും ഹൈഡ്രജനും മീഥേനും കലർന്ന മിശ്രിതമാണ്

ഈ വർഷത്തെ അത്തരം ഒരു ഡാറ്റ വിശകലനത്തിൽ ആണ് എൻസിലാഡസിൽ ( Enceladus)  മീഥേനിന്റെ സാന്നിധ്യം കണ്ടെത്തിയത്.  ഐസിനാൽ മൂടപ്പെട്ട  ശനിയുടെ ഒരു ഉപഗ്രഹം ആണു  എൻസിലാഡസ്. സൂര്യനിൽ നിന്ന് വളരെയേറെ അകന്ന് കിടക്കുന്ന ഈ കൊച്ചു ഉപഗ്രഹം കാസിനി പര്യവേഷണത്തിനു ശേഷം ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു അസ്ട്രോബയോളജി ലക്ഷ്യസ്ഥലമാണു. ഈ കൊച്ചു ഗ്രഹത്തിൻ്റെ ഒരു പ്രത്യേകത  ഇതിനുചുറ്റും ഉള്ള തൊങ്ങലുകൾ (plume) ആണ്. എൻസിലാഡസിലെ ഉള്ളിൽ ഉള്ള സമുദ്രങ്ങളിൽ  വെള്ളവും ചൂടു നീരുറവകളും ഉണ്ട്. ഈ ചൂടു നീരുറവകൾ എൻസിലാഡസിൻ്റെ പുറത്തേക്ക് തുപ്പുന്ന ഐസും ഹൈഡ്രജനും മീഥേനും കലർന്ന മിശ്രിതമാണ് ഈ ഉപഗ്രഹത്തിൻ്റെ  തൊങ്ങലുകൾ ആയി കാണപ്പെടുന്നത് എന്ന് മുൻപ് നടത്തിയ ഡാറ്റ വിശകലനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇതെല്ലാം ഭൂമിയിൽ  മൈക്രോ ജീവികളുടെ നിലനിൽപ്പിനാവശ്യമായവയാണു. ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോ എന്ന അന്വേഷണങ്ങളുടെ തുടക്കമാണു ഇത്തരം ഗവേഷണങ്ങൾ. ശ്യൂന്യാകാശത്ത് ഓർഗാനിക തന്മാത്രകൾ കണ്ടെത്തുന്നത് ജീവനിലേക്കുള്ള സൂചിക ആയാണു കരുതപ്പെടുക. അതിൽ ഒരു പടി കൂടി കടന്ന് ഒരു ഗ്രഹത്തിൻ്റെ ഉപഗ്രഹത്തിൽ മീഥേൻ കണ്ടെത്തി എന്നത് അവിടങ്ങളിൽ ജീവാണുക്കൾ ഉണ്ടായിരുന്നോ? ഇപ്പോഴും ഉണ്ടോ എന്നീ തരം ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്ക് ഗവേഷകരെ കൂടുതൽ അടുപ്പിക്കും.

2021 ലെ  ഡാറ്റ വിശകലനം കാണിക്കുന്നത്, ഭൂമിയിലെ പോലെ ചൂടുനീരുറവകളിലെ ഊർജ്ജം ഉപയോഗിച്ച്   മൈക്രോ ജീവികളാവാം  ഹൈഡ്രജനും കാർബണ് ഡൈഓക്സൈഡും തമ്മിൽ മെഥനോജെനസിസ് ( methanogenesis)   എന്ന രാസപ്രവർത്തനം നടത്തി മീഥേൻ ഉണ്ടാക്കുന്നത് എന്നതാണു.   ഇനി വരുന്ന ശനി പര്യവേഷണങ്ങൾ ജീവൻ എങ്ങനെ, എവിടെ ഉണ്ടായി എന്ന സമസ്യകൾക്ക് ഉളള അർത്ഥപൂർണ്ണമായ പൂരണങ്ങൾ  ആയിരിക്കും.

5. ലാംഡ (LaMDA)

ഇനി വരുന്നത്  ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ കാലമാണു. സെർച്ച് എഞ്ചിനുകളുടെ ഓട്ടോമറ്റിക് സജഷൻ തുടങ്ങി, മനുഷ്യരുടെ സംസാരം മനസ്സിലാക്കി ടൈപ്പു ചെയ്യുകയോ, പ്രതികരിക്കുകയോ ചെയ്യുന്ന സിസ്റ്റങ്ങളും, ഡ്രൈവറില്ലാത്ത കാറുകളും, ചെസ്സു കളിക്കുന്ന കമ്പ്യൂട്ടറുമെല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് ആണു ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും റൊബോട്ടിക്സും ചേർന്നായിരിക്കുമോ ഇനി ലോകം നിയന്ത്രിക്കാൻ പോകുന്നത്  എന്നതാണു ശാസ്ത്രലോകം കഴിഞ്ഞ വർഷം ചിന്തിച്ചതും ഗവേഷണങ്ങളിൽ ഏർപ്പെട്ടതും.

2020 ഇൽ റോബോട്ടുകൾ പൂർണ്ണമായ ലേഖനങ്ങൾ എഴുതിയപ്പോൾ ഈ വിഷയത്തിൽ 2021 ഇൻ്റെ സംഭാവന യാന്ത്രിക ഇൻ്റലിജെൻസോടെ സംസാരം നടത്താൻ കഴിയുന്ന പുതിയ ഭാഷാ മോഡലുകൾ ആണു.

ഗൂഗിൾ സേർച്ച് ചെയ്യുമ്പോൾ വരുന്ന ഓട്ടോമാറ്റിക് സജഷനുകളിലൂടെ തന്നെ ഗൂഗിൾ ഈ രംഗത്തെ ആദ്യകാൽവെപ്പുകൾ നടത്തിയിരുന്നു. ഇപ്പോൾ ഗൂഗിളിൻ്റെ വലിയൊരു വിഭാഗം ഗവേഷണങ്ങൾ നടക്കുന്നത് ആർട്ടിഫിഷ്യൽ ഇൻ്റെലിജെൻസിൽ ആണു.  ബുദ്ധിപരമായ യന്ത്ര  സംസാരം എന്ന മേഖലയിൽ ഗൂഗിളിൻ്റെ 2021 ലെ വലിയൊരു കാൽവെപ്പണു ലാംഡ  (LaMDA). ഒരു മനുഷ്യനോട് സംസാരിക്കുന്നത് പോലെ നമുക്ക് ഈ സിസ്റ്റത്തിനോട് സംസാരിച്ച് കൊണ്ടിരിക്കാം. സംസാരം കൊണ്ട് ഉപയോഗിക്കാവുന്ന എല്ലാ സോഫ്റ്റ്വെയർ ഹാർഡ്വെയർ സിസ്റ്റങ്ങളിലും ഇത് വലിയ ചലനങ്ങൾ ഉണ്ടാക്കും എന്ന് പ്രവചിക്കപ്പെടുന്നു. ഒന്നും എഴുതേണ്ടാത്ത , സാംസാരം കൊണ്ട് മാത്രം എല്ലാം നിയന്ത്രിക്കാനാവുന്ന  കാലമാണോ ഇനി വരാനിരിക്കുന്നത്?

6. ക്വാണ്ടം കപ്യൂട്ടർ

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ നട്ടെല്ലാണു സൂപ്പർ ഫാസ്റ്റ് കപ്യൂട്ടറുകൾ. ക്വാണ്ടം കംപ്യൂട്ടറുകൾ ആണു സൂപ്പർ ഫാസ്റ്റ് കംപ്യൂടിങ്ങിനുള്ള ശാസ്ത്രലോകത്തിൻ്റെ ഇപ്പോഴത്തെ ഉത്തരം.

ഇന്നത്തെ സൂപ്പർ കപ്യൂട്ടറുകൾ ആഴ്ചകളോളം എടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ ക്വാണ്ടം കപ്യൂട്ടറുകൾ സെക്കൻ്റുകൾക്കുള്ളിൽ ചെയ്ത് തീർക്കും. ക്വാണ്ടം കപ്യൂട്ടറുകൾ നിർമ്മാണം, കാലാവസ്ഥാ ശാസ്ത്രം, സൈബർ സെക്യൂരിറ്റി എന്നിവയില്ലെല്ലാം വിപ്ലവകരമായ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക.

ക്വാണ്ടം കംപ്യൂട്ടിങ്ങ് രംഗത്തും  2021 ഇൽശാസ്ത്രലോകം വെന്നിക്കൊടി പാറിപ്പിച്ചിരിക്കുന്നു. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വാണിജ്യടിസ്ഥാനത്തിലുള്ള വളർച്ചയാണു 2021ഇൽ പ്രധാനമായും കണ്ടത്. ജർമ്മൻ വാഹന ഭീമന്മാരായ ബി.എം ഡബ്ല്യുവും ഫോക്സ് വാഗനും ചേർന്ന് വാഹനരംഗത്തെ ക്വാണ്ടം കപ്യൂട്ടിങ്ങിനായി ഒരു കൺസോർഷ്യം രൂപീകരിച്ചു. 2021ഇൽ തന്നെ ക്വന്നെറ്റ് വാണിജാടിസ്ഥാനത്തിലുള്ള  ആദ്യത്തെ ക്വാണ്ടം മെമ്മറി ഉണ്ടാക്കി. അത്യധികമായ ശീതീകരണമോ വാക്വമോ ഈ മെമ്മറിയ്ക്ക് ആവശ്യമില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത.

2021 ലെ ഏറ്റവും പ്രധാന കാൽവെപ്പ് നടത്തിയത് ഐ.ബി.എം ആണ്.  അവർ 127 ക്യുബിറ്റ് ( qubit) ഉള്ള ക്വാണ്ടം പ്രൊസ്സസ്സർ, ഈഗിൾ,  പുറത്തിറക്കി. 100  ക്യുബിറ്റിനു മുകളിലുള്ള ക്വാണ്ടം പ്രോസ്സസ്സർ നിർമ്മിക്കുക എന്ന കടമ്പയാണ് ഐ.ബി.എം ഈഗിളിലൂടെ മറികടന്നത്. ഈഗിളാണു ഇപ്പോൾ ഉള്ളതിൽ ഏറ്റവും ശക്തമായ കപ്യൂട്ടർ പ്രോസ്സസ്സർ. നമ്മുടെയെല്ലാം ലാപിൽ ഒരു ക്വാണ്ടം കപ്യൂട്ടർ ഇരിക്കുന്ന നാളെ അതിവിദൂരമല്ല.

7. ഡ്രാഗൺ മാൻ

പുരാതന ജീവികളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണു പാലിയെൻ്റോളജി. ദിനസോറുകളും ചരിത്രാതീതകാലത്തെ ചെടികളും തുടങ്ങി പ്രാണികളും മൈക്രോബുകളും വരെ ഈ പഠനത്തിൽ ഉൾപ്പെടുന്നു.   ഫോസിലുകളും  അവ തമ്മിലുള്ള പരസ്പരബന്ധവും അവയുടെ പരിസരവുമെല്ലാം ഈ ശാഖയുടെ ഭാഗങ്ങളാണു. ലഭിക്കുന്ന ഒരോ ഫോസിലും അറിയപ്പെടുന്ന മറ്റുള്ളവയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസ്സിലാക്കുന്നതാണു ഈ പഠനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം.  പരിണാമത്തിൽ വിട്ട് പോയ കണ്ണികളെ പുതിയ ഗവേഷണങ്ങൾ കൂട്ടി ചേർത്ത് കൊണ്ടിരിക്കും.

പാലിയെൻ്റോളജിയിൽ 2021 ൻ്റെ സംഭാവനയാണു ഡ്രാഗന്മാൻ എന്ന മനുഷ്യന്റെ പൂർവ്വികൻ. ഇത്രയും കാലത്തെ ഫോസിൽ തെളിവുകളിൽ നിന്ന് നിയാണ്ടർതാൽ മനുഷ്യരാണു ആധുനിക മനുഷ്യൻ്റെ ഏറ്റവും അടുത്ത ബന്ധു എന്ന് കരുതപ്പെട്ടിരുന്നത്. എന്നാൽ ഡ്രാഗണ്മാൻ എന്ന് വിളിപ്പേരുള്ള ഹോമോ ലോംഗിയാണ് (Homo longi, ലോംഗ് എന്നാൽ ചൈനീസ് ഭാഷയിൽ ഡ്രാഗൺ എന്നർത്ഥം.)  ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യൻ്റെ ഏറ്റവും അടുത്ത ബന്ധു എന്ന് കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രം.

146,000 വർഷം മുൻപ് നോർത്ത് ഈസ്റ്റ് ചൈനയിലെ ഹാർബിൻ (Harbin) എന്ന സ്ഥലത്ത് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മനുഷ്യകൂട്ടത്തിൽ പെട്ട ഒരാളുടെ തലയോട്ടി 1933 ഇലാണു കണ്ടെടുക്കുന്നത്. ജപ്പാൻ സൈന്യത്തെ പേടിച്ച്  ഒരു കിണറ്റിൽ ഒളിപ്പിച്ച് വച്ചിരുന്ന ഈ തലയോട്ടി ഫോസിൽ 2018 ലാണു ശാസ്ത്രഗവേഷണങ്ങൾക്കായി വിട്ട് കിട്ടിയത്.

മറ്റ് മനുഷ്യസമൂഹങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഡ്രാഗൺ മാന്റെ തലയോട്ടി വളരെ വലുതാണ്. തലച്ചോറിന്റെ വലിപ്പം ആധുനിക മനുഷ്യന്റേതിനു സമാനമാണ്. ഏതാണ്ട് ചതുരത്തിലുള്ള കൺകുഴികളും കട്ടിയുള്ള പുരികകൊടികളും വലിയ വായയും അമിത വലിപ്പമുള്ള പല്ലുകളും ഉണ്ടായിരുന്നിരിക്കാം എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പത്ത് ലക്ഷം വർഷത്തിൽ ഉണ്ടായ ഫോസിലുകളിൽ ഇതുവരെ കണ്ട് പിടിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായിരുന്നു ഡ്രാഗണ് മനുഷ്യന്റെ തലയോട്ടി. ഈ കണ്ടുപിടുത്തത്തോടെ ഈസ്റ്റ് ഏഷ്യയും പാലിയൻ്റോളജി ഗവേഷത്തിന്റെ ഒരു പ്രധാന കേന്ദ്രമായി.

8. കൃത്രിമ അന്നജം

മനുഷ്യന്റെ ജീവൻ നിലനിർത്താൻ ഭക്ഷണം വേണം. എല്ലാ മനുഷ്യരുടെയും പ്രധാന ആഹാരം അന്നജമാണു. ഈ അന്നജം ഉണ്ടാക്കുന്നതാകട്ടെ സസ്യങ്ങളും. അന്നജത്തിനായി നാം സസ്യങ്ങൾ കൃഷി ചെയ്യുന്നു. എന്നാൽ കൃഷി ഇന്നത്തെ  കാലാവസ്ഥാ മാറ്റത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നു എന്നാണു കെണ്ടെത്തി കൊണ്ടിരിക്കുന്നത്. വൻ തോതിലുള്ള കൃഷിയ്ക്ക് പകരം മാംസവും മാംസ്യവും അന്നജങ്ങളും കൃത്രിമമായി ഉണ്ടാക്കാമോ എന്നാണു ഇന്ന്  ഗവേഷകലോകം നോക്കി കൊണ്ടിരിക്കുന്നത്.

ഇതിലേക്കുള്ള പ്രധാന കാൽവെയ്പ്പാണു കൃതിമ അന്നജ നിർമ്മാണം.  നിരവധി ഗ്ലൂകോസ് തന്മാത്രകൾ ചേർന്നുണ്ടാകുന്ന പോളിമെർ കാർബോഹൈഡ്രേറ്റ്  (പോളി സാകറൈഡ്) ആണു അന്നജം . ഇതിനു മുൻപും ലാബുകളിൽ അന്നജം ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം സസ്യനിർമ്മിതമായ സെല്ലുലോസിൽ നിന്നോ സുക്രോസിൽ നിന്നോ എൻസൈം ഉപയോഗിച്ചായിരുന്നു. എന്നാൽ ഇതാദ്യമായാണു സസ്യങ്ങളെ പോലെ കാർബൺഡൈ ഓക്സൈഡിൽ നിന്നും നേരിട്ട് അന്നജം ലബോറട്ടറിയിൽ ഉണ്ടാക്കുന്നത്.

സസ്യങ്ങൾ അന്നജം നിർമ്മിക്കുന്നത് കാർബൺഡൈഓക്സൈഡും ജലവും ചേർത്ത് സൂര്യോർജ്ജം ഉപയോഗിച്ച് മാസങ്ങൾ നീണ്ട പ്രവർത്തനം കൊണ്ടാണു. അവിടെയാണു ഈ ഗവേഷകർ കാർബൺണ്ഡൈഓക്സൈഡിൽ നിന്നും 8 മണിക്കൂർ കൊണ്ട് അന്നജം ഉണ്ടാക്കുന്നത്. 11 പ്രധാന രാസപ്രവർത്തനങ്ങൾ വഴിയാണു ലബോറട്ടറിയിൽ ഈ അന്നജം നിർമ്മിക്കപ്പെടുന്നത്. സസ്യങ്ങൾ സൂര്യപ്രകാശം  ഉപയോഗിക്കുമ്പോലെ ലാബിലും സൂര്യപ്രകാശത്തിൽ നിന്നും ഊർജ്ജം ഉപയോഗിച്ച് സസ്യങ്ങളേക്കാൾ 3.5 ഇരട്ടി കാര്യക്ഷമതയിൽ അന്നജം ഉണ്ടാക്കാൻ കഴിയുന്നു.

ഈ നിർമ്മാണം വ്യവസായിക തലത്തിൽ  വികസിപ്പിക്കാൻ പറ്റിയാൽ അത് കൃഷിയിലും  കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ വന്മാറ്റങ്ങളാവും ഉണ്ടാക്കുക. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈറസുകളുടെ സ്വാഭാവിക ചരിത്രം
Next post കാലുകളുടെ എണ്ണത്തിൽ ഒന്നാമൻ