ഈ വർഷം ശാസ്ത്രരംഗത്ത് നാം കാത്തിരിക്കുന്ന ചില കാഴ്ചകൾ

1. വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്
വടക്കേ ഇന്ത്യയിൽ വലയരൂപത്തിലാകുന്ന ഒരു സൂര്യഗ്രഹണം 2020 ജൂൺ 21-നു നടക്കുന്നു. സൂര്യൻ ഉത്തര അയനാന്തത്തിൽ (Summer Solstice) എത്തുന്ന ദിവസം എന്ന പ്രത്യേകത കൂടി ജൂൺ 21-നുണ്ട്. സൂര്യൻ ഏറ്റവും വടക്കോട്ടു നീങ്ങി കാണപ്പെടുന്ന ദിവസമാണിത്. ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണ മോ ഭാഗിക ഗ്രഹണ മോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്കും. ഇവിടെ ഗ്രഹണം പരമാവധിയിൽ എത്തുമ്പോൾ സൂര്യന്റെ 22-38 ശതമാനം മറയും. ന്യൂ ഡെൽഹി, ജലന്ധർ, ഡെറാഡൂൺ തുടങ്ങിയ വടക്കേ ഇന്ത്യൻ നഗരങ്ങളിൽ സൂര്യഗ്രഹണം ഏതാനും സെക്കൻഡു നേരം വലയരൂപത്തിലാകും. ചിലയിടങ്ങളിൽ സൂര്യബിംബത്തിന്റെ 98.96 ശതമാനം ഭാഗം മറയും.

2. ചൊവയിലേക്ക്
2020-ൽ ചൊവ്വയിലേക്ക് സഞ്ചരിക്കാൻ നിരവധി വാഹനങ്ങൾ തയ്യാറെടുക്കുകയാണ്. ചൈന അവിടെ ഒരു റോവറിനെ ഇറക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഒരു റോവറിനെ റഷ്യ അവിടെ എത്തിക്കും. നാസയാണെങ്കിൽ റോവറിനു പുറമേ ഒരു ഹെലിക്കോപ്റ്റർ ഡോണിനേയും ചൊവ്വയിൽ എത്തിക്കും. ഇവയ്ക്കു പുറമേ യു.എ.ഇ. ഒരു ഓർബിറ്ററിനേയും അയക്കുന്നുണ്ട്. ആദ്യമായാണ് ഒരു അറബ് രാജ്യം ചൊവ്വാപര്യവേഷണത്തിനു് ഒരുങ്ങുന്നത്.
3. ആകാശഗംഗയിലെ തമോദ്വാരം
2019 ഏപ്രിലിൽ ഒരു പടുകൂറ്റൻ തമോദ്വാരത്തിന്റെ നിഴൽ ചിത്രം പുറത്തു വന്നിരുന്നു. ഏറെപ്പേരുടെ ദീർഘകാല പരിശ്രമത്തിനൊടുവിലാണ് അതു സാദ്ധ്യമായത്. ഇനി പ്രതീക്ഷയുള്ളത് നമ്മുടെ സ്വന്തം ഗാലക്സിയായ ആകാശഗംഗയുടെ നടുക്കു സ്ഥിതി ചെയ്യുന്ന വൻ തമോദ്വാരത്തിന്റെ കാര്യത്തിലാണ്. അതിന്റെ ചിത്രം 2020-ൽ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സൂര്യന്റെ 40 ലക്ഷം മടങ്ങ് മാസുള്ള ഒരു ഭീമൻ തമോദ്വാരം സൗരയൂഥത്തിൽ നിന്ന് 26000 പ്രകാശവർഷം അകലെ, ഗാലക്സി കേന്ദ്രത്തിൽ ഉണ്ടെന്നതിന് പരോക്ഷമായ തെളിവ് ശക്തമാണെങ്കിലും അക്കാര്യം നൂറു ശതമാനം ഉറപ്പിക്കാൻ വേണ്ട തെളിവ് ഇതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

4. ചന്ദ്രയാൻ – 3
ഭാഗിക വിജയവും ഭാഗിക പരാജയവുമായ ചന്ദ്രയാൻ 2-ന്റെ പിൻഗാമിയായ ചന്ദ്രയാൻ 3, 2020-ൽ വിക്ഷേപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

5. ഗഗൻയാൻ
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ സ്വന്തം പദ്ധതിയുടെ ആദ്യത്തെ പരീക്ഷണ പറക്കൽ 2020-ൽ നടക്കും. ഇതിൽ ആളെക്കയറ്റാതെ ബഹിരാകാശ വാഹനം വിക്ഷേപിക്കുകയും സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്യും. ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റാണ് ഇതിനുപയോഗിക്കുക. 2024-ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുകയാണു ലക്ഷ്യം.
തയ്യാറാക്കിയത് : ഡോ എൻ ഷാജി