2019 – പോയ വർഷത്തെ ശാസ്ത്രനേട്ടങ്ങൾ

ശ്രീജിത്ത് കെ.എസ്‌

2019 ശാസ്ത്രലോകത്തിന് വലിയ നേട്ടങ്ങളുടെ വർഷമാണ്. ആദ്യമായി തമോഗർത്തത്തിന്റെ ചിത്രം പകർത്തിയത് മുതൽ എയ്ഡ്സിന്റെയും എബോളയുടെയും ചികിത്സ ഫലത്തോടടുത്തതു വരെ നമ്മെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളാണ് കടന്നു പോയത്.

1. തമോഗർത്തത്തിന്റെ ചിത്രം

55 ദശലക്ഷം’ പ്രകാശവർഷം അകലെയുള്ള M87 ഗ്യാലക്സിയിലെ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയത് മനുഷ്യരാശിയുടെ പുരോഗതിയുടെ കൂടെ അടയാളമായി. Event horizon ടീമിന്റേയും അൽഗോരിതം തയ്യാറാക്കിയ Dr. കേറ്റി ബൗമന്റയും സംഭാവനകൾ ലോകമെങ്ങും ആദരങ്ങൾ ഏറ്റുവാങ്ങി. ലൂക്കയിൽ പ്രസിദ്ധീകരിച്ച തമോഗർത്തത്തിന്റെ ചിത്രത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം

2. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ

നാം ചന്ദ്രന്റ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളൂ (മറു ഭാഗം ഭൂമിയിൽ നിന്ന് ദൃശ്യമല്ല ). ചൈനയുടെ ചാങ്ങ് e4 മിഷൻ, നാം ഇതു വരെ കണ്ടിട്ടില്ലാത്ത ചന്ദന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. അവിടെ കൃത്രിമ സാഹചര്യത്തിൽ പരുത്തിയും ഉരുളക്കിഴങ്ങും മുളപ്പിക്കുകയും ചെയ്തു.ചുരുങ്ങിയ സമയം മാത്രമേ അവ ചന്ദ്രനിലെ അതിശൈത്യം അതിജീവിച്ചുള്ളൂ. ഇതോടൊപ്പം പരാജയത്തിന്റെ രണ്ടു പാഠങ്ങളും ശാസ്ത ലോകം പഠിച്ചു. ചന്ദന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ശ്രമിച്ച ചന്ദ്രയാൻ 2 സെപ്റ്റംബർ 6 ന് ചന്ദ്രോപരിതലത്തിൽ തകർന്നു വീണു. ഇസ്രയേലിന്റെ ബർഷീറ്റ് മിഷനും പരാജയപ്പെട്ടു.

3.എബോള വാക്സിൻ

2014ൽ പശ്ചിമാഫ്രിക്കയിൽ എബോള പടർന്ന് പിടിച്ച് മരിച്ചത് 11,000 ൽ അധികം പേരാണ്. അന്ന് ലോകം മുഴുവൻ ഭീതിയുടെ മുനമ്പിലായിരുന്നു. 2019ലെ പ്രധാന വൈദ്യശാസത്ര നേട്ടം എബോള വാക്സിന് ലൈസൻസ് ലഭിച്ചതാണ്. കോംഗോയിൽ നടക്കുന്ന ഗവേണത്തിലൂടെ കണ്ടെത്തിയ മരുന്നുകൾക്കും അധികം വൈകാതെ ലൈസൻസ് ലഭിക്കുമെന്നാണ് പ്രത്യാശിക്കന്നത്.

4. HIV +ve ൽ നിന്നും -ve ലേക്ക്

WHO കണക്കുകൾ പ്രകാരം 3.5 കോടി ആളുകൾ HIV ബാധ മൂലം മരണത്തിന് കീഴടങ്ങി. ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണ് HIV/ AIDS ന്റെ ഫലപ്രദമായ ചികിത്സ.12 വർഷങ്ങൾക്കു ശേഷം 2019 ൽ രണ്ടാമത്തെ HIV ബാധിതനെയും (ലണ്ടൻ പേഷ്യന്റ്)സുഖപ്പെടുത്തിയിരിക്കുകയാണ്.

5. ജീൻ എഡിറ്റിംഗ് മനുഷ്യനിൽ

2019 ൽ ലോകം ഞെട്ടലോടെ കേട്ട വാർത്തയാണ് മനുഷ്യരിൽ നടത്തിയ ജീൻ എഡിറ്റിംഗ്‌ .ചൈനീസ് ശാസ്ത്രജ്ഞനായ ഹി ജിനാക്യു ആണ് ഈ പരീക്ഷണം നടത്തിയത്.CRISPR Cas9 ഉപയോഗിച്ച് CCR5 ജീനിലാണ് മാറ്റങ്ങൾ വരുത്തിയത്.HIV പ്രതിരോധത്തിനായാണ് ഹി ഇത് ചെയ്തത്. മനുഷ്യരിലെ ജീൻ എഡിറ്റിംഗ്ധാർമിക പ്രശ്നങ്ങൾ ഉള്ളതിനാൽ അനുവദനീയമല്ല. നിയമ ലംഘനത്തിന്  ചൈന ഹിയെ 3 വർഷത്തേക്ക് ജയിലിലടച്ചിരിക്കുകയാണ്. നേട്ടം എന്നു പറയാനാകില്ലയെങ്കിലും ഇത് 2019ലെ ശാസ്ത്രരംഗത്തെ ഒരു നാഴികക്കല്ലാണ്.

6. ദിനോസറുകൾക്ക് വംശനാശം സംഭവിച്ച ദിനം

66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് chicxulub എന്ന ഭീമൻ ഉൽക്കാപതനമാണ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായത്. മെക്സിക്കൻ ഉൾക്കടലിനു സമീപമുള്ള chicxulub ഗർത്തത്തിൽ നിന്നു ലഭിച്ച ഫോസിലുകൾ ഉപയോഗിച്ച് ആ ദിവസം എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ശസ്ത്രജ്ഞൻ ഒരു ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. അതിനു ശേഷം ഭൂമിയുടെ കാലാവസ്ഥയിലും വലിയ മാറ്റം സംഭവിച്ചു.

7. ഡെനിസോവൻസ്: മനുഷ്യന്റെ മുതുമുത്തച്ഛൻ /ശ്ശി ?

ടിബറ്റിൽ നിന്നും ഈ വർഷം ലഭിച്ച ഡെനിസോവനസിന്റെ ഫോസിൽ, മനുഷ്യന്റെ പരിണാമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്.ഒരു ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ച ഇവർക്ക് നിയാണ്ടർതാൽ മനുഷ്യരോടാണ് കൂടുതൽ സാമ്യം എന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ  ഫോസിലിന്റെ പഠനം കാണിക്കുന്നത് കൂടുതൽ സാദൃശ്യം ഹോമോ സാപ്പിയൻസായ നമ്മളോടാണ് എന്നാണ്.

8. ക്വാണ്ടം സുപ്രീമസി

സൂപ്പർ കമ്പ്യൂട്ടറുകൾ 10,000 വർഷങ്ങൾ കൊണ്ട് തീർക്കുന്ന കണക്കു കൂട്ടലുകൾ കേവലം 3 മിനുട്ടുകൾ കൊണ്ട് ചെയ്തിരിക്കുന്നു  sycamore എന്ന ഗൂഗിളിന്റെ quantum computer. Quantum bits ൽ അധിഷ്ഠിതമായ ഈ കമ്പ്യൂട്ടർ സാങ്കേതിക രംഗത്തെ ഏറ്റവും വലിയ കുതിച്ചു ചാട്ടമാണ്. ഈ 2019 ക്വാണ്ടം കമ്പ്യൂട്ടിംഗ് സാധ്യമാകുന്നതിനും സാക്ഷിയായി.

ന്യൂട്ടൺ ഒരിക്കൽ പറയുകയുണ്ടായി “നാം കൂടുതൽ അകലേക്ക് കാണുന്നത് ഭീമൻമാരുടെ തോളത്തിരുന്നാണ് ”. ആയിരക്കണക്കിനു വർഷങ്ങളുടെ ഗവേഷണങ്ങളുടേയും അനേകം ശാസ്ത്രജ്ഞരുടേയും പ്രയത്നത്തിന്റെ ചുമലിൽ കയറിയാണ് നാം 2019 ൽ ഈ നേട്ടങ്ങൾ സാധ്യമാക്കിയിരിക്കുന്നത്. ലൂക്കയിൽ പ്രസിദ്ധീകരിച്ച ക്വാണ്ടം മേധാവിത്വത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം

Leave a Reply