1967 മെയ് 13. സ്ഥലം തൃശൂരിലെ റീജിയണല്‍ തിയ്യറ്റര്‍. ചെറിയ മഴയുണ്ടായിരുന്നെങ്കിലും ഏതാണ്ട് നാല്‍പ്പതിനടുത്ത് ആളുകള്‍ ഹാളിലുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാലാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ നടക്കുകയാണവിടെ. വാര്‍ഷിക സമ്മേളനം ഉച്ചയ്ക്ക് ശേഷമാണ്. വൈകാരികത നിറഞ്ഞ ചര്‍ച്ചയാണ് അരങ്ങേറുന്നത്. നിശിതമായ വിമര്‍ശനങ്ങള്‍. വിഷയാവതാരകന്‍ അവതരണത്തിനു വേണ്ടി എടുത്ത സമയത്തേക്കാളേറെ നേരം ഉപയോഗിച്ചിട്ടും ഒരു പ്രതിനിധിയുടെ വിക്ഷോഭം അടങ്ങുന്നില്ല. അധ്യക്ഷനായ സി കെ മൂസ്സതും ജനറല്‍ സെക്രട്ടറി പി ടി ഭാസ്കരപ്പണിക്കരും യോഗം നിയന്ത്രിക്കാന്‍ പാടുപെടുന്നു.
മലയാളത്തിലെ ശാസ്ത്ര- സാങ്കേതിക പദങ്ങളെക്കുറിച്ചുള്ള ഡോ എം പി പരമേശ്വരന്റെ ഒരു നിര്‍ദേശമാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. പാശ്ചാത്യഭാഷകളില്‍ കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടുകളിലുണ്ടായ പുരോഗതി ഭാരതീയഭാഷകളില്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കേണ്ടി വന്നിരിക്കുന്നു; ശാസ്ത്രസാഹിത്യത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട് എം പി അവതരിപ്പിച്ച പ്രധാന നിര്‍ദേശങ്ങള്‍ ഇവയായിരുന്നു.
സാങ്കേതിക പദപ്രശ്നത്തെ രണ്ടു പ്രധാന ഭാഗങ്ങളായി വേർതിരിക്കാം :-
- നിലവിലുള്ള ആശയങ്ങൾക്ക് പററിയ പദങ്ങള്‍ മറ്റു ഭാഷകളില്‍ നിന്നും അതേപടി സ്വീകരിച്ചോ തര്‍ജുമ ചെയ്തോ അടിസ്ഥാന പദത്തിന്നു മുതൽക്കൂട്ടുക.
- ഇങ്ങിനെ മററു ഭാഷകളിൽനിന്ന് സ്വീകരിക്കപ്പെട്ടവയും മലയാളത്തിൽ സ്വതവേ ഉള്ളവയുമായ ധാതുക്കളിൽനിന്ന് നാനാവിധത്തിലുള്ള മറ്റുരൂപങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ സാമാന്യ നിയമങ്ങള്‍ ആവിഷ്കരിക്കുക.
ഇത് വിശദീകരിച്ചുകൊണ്ട് പ്രബന്ധം ഇങ്ങനെ തുടര്‍ന്നു: “മലയാളത്തിലുള്ള സാങ്കേതിക പദസമ്പത്ത് വര്‍ധിപ്പിക്കുവാൻ ഏറ്റവും യുക്തിയുക്തമെന്ന് തോന്നുന്ന ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കാം ;
- രാസദ്രവ്യങ്ങളുടെയും വസ്തുക്കളുടെയും പേരുകൾ, അളവുമാനങ്ങള്‍, ഉപകരണങ്ങളുടെ പേരുകൾ, മുതലായവയ്ക്കെല്ലാം പ്രായേണ ലോകത്തിലെ എല്ലാ ഭാഷകളിലും ഒരേ രൂപം തന്നെയാണ്. ഇംഗ്ലീഷിലെ രൂപം തത്സമമായി മലയാളത്തിലെടുക്കാം. ഉദാ :- ഹൈഡ്രജൻ, പൊട്ടാസിയം പെർമാംഗനേററ്, അമ്മീറ്റർ, ആമ്പിയർ, വോൾട്ട്, കിലോഗ്രാം മുതലായവ.
- സ്വര്‍ണം, വെളളി, ഇരുമ്പ് എന്നിങ്ങനെ മലയാളത്തിൽ പണ്ടേയുള്ള വാക്കുകൾ അതാതു ‘എലിമെന്റു’കളെ സൂചിപ്പിക്കുമ്പോൾ ഉപയോഗിക്കാമെങ്കിലും, ആ എലിമെന്റുകളുടെ കോമ്പൗണ്ടുകളെ സൂചിപ്പിക്കുമ്പോൾ അവയുടെ സാര്‍വദേശീയ നാമങ്ങൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. ഉദാ :- ഫെറസ് ഓക്സൈഡ്, ഫെറിക് ഓക്സൈഡ്, മുതലായവ.
- മലയാള ഭാഷയിലേയ്ക്കിഴുകിച്ചേര്‍ന്ന ബൾബ്, സ്വിച്ച്, മോട്ടോർ കാർ, ജനറേറ്റർ, ആർമേച്ചർ, എന്നീ പദങ്ങളെ പരിഭാഷപ്പെടുത്തിക്കൂടാ.
- സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ശരീരശാസ്ത്രം മുതലായ വിഭാഗങ്ങളിൽ സാങ്കേതികമായ വര്‍ഗനാമധേയങ്ങളെല്ലാം ലാററിൻ-ഗ്രീക്ക് ഭാഷകളിലാണു്. സാർവദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള അവയെ നാം അതേപടി സ്വീകരിക്കേണ്ടതാണ്; അതോടൊപ്പം മലയാളത്തിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന തുല്യപദങ്ങളും അറിഞ്ഞിരിക്കണം.
- മനുഷ്യശരീരശാസ്ത്രത്തിൽ, ആയുര്‍വേദത്തിലുപയോഗിച്ചിട്ടുള്ള സാങ്കേതികപദങ്ങൾ പരീക്ഷണാര്‍ഥം ഉപയോഗിച്ചുനോക്കേണ്ടതാണ്.
- പദങ്ങൾ തര്‍ജുമ ചെയ്യുമ്പോൾ ധാത്വര്‍ത്ഥത്തേക്കാളേറെ ഇന്ന് അവയ്ക്കുള്ള സാങ്കേതികാർത്ഥത്തിന്നാണ് പ്രാധാന്യം നല്‍കേണ്ടതു്.
- തര്‍ജുമകൾ ഹ്രസ്വങ്ങളായിരിക്കണം; നീണ്ടു പോകുന്ന നിർവചനങ്ങളോ വിവരണങ്ങളോ ആയിരിക്കരുതു്.”
to fit എന്ന ക്രിയയ്ക്ക് ഫിറ്റുക എന്നും shall fit എന്നതിന് ഫിറ്റാം എന്നും to develop എന്നതിന് ഡെവലപ്പുക എന്നും ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. തന്റെ പ്രബന്ധത്തിന്റെ അവസാനത്തിൽ 85 സാങ്കേതിക പദങ്ങളുടെ തര്‍ജുമകൾ മൂന്ന് പട്ടികകളിലായി അദ്ദേഹം നൽകുകയും ചെയ്തിരുന്നു.
ഈ നിര്‍ദേശമാണ് ഭൂരിഭാഗം പേരേയും ചൊടിപ്പിച്ചത്. അന്യഭാഷകളില്‍ നിന്ന് സ്വീകരിച്ചിരുന്ന ക്രിയാപദങ്ങളുടെ ധാതു നിലനിര്‍ത്തി പ്രത്യയങ്ങള്‍ സ്വന്തം ഭാഷയില്‍ നിന്നെടുക്കുക എന്നത് ലോകഭാഷകളെല്ലാം സ്വീകരിച്ചുപോരുന്ന ഒരു രീതിയാണ്. ഇതായിരുന്നു എം.പിയുടെ സമീപനത്തിന്റെ പിന്‍ബലം. സെമിനാറില്‍ അധ്യക്ഷനാവേണ്ടിയിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ എത്താന്‍ വൈകിയതിനാലാണ് സി കെ മൂസ്സത് അധ്യക്ഷനായത്. എന്‍.വി. പിന്നീട് എത്തിച്ചേരുകയും അധ്യക്ഷപ്രസംഗം നിര്‍വഹിക്കുകയും ചെയ്തു. സി.കെ. മൂസ്സത് തന്റെ ആമുഖപ്രസംഗം ക്രോഡീകരിച്ചത് ഇങ്ങിനെയായിരുന്നു. “ഇത് വെറും സാങ്കേതിക പദങ്ങളുടെ പ്രശ്നം മാത്രമല്ല. മലയാളഭാഷയില്‍ പുതിയ ചിന്താഗതികളെ പ്രകാശിപ്പിക്കുവാന്‍ പുതിയ ശൈലികളും പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷിലുള്ള ശാസ്ത്രീയ- സാങ്കേതിക പദങ്ങളെ കഴിയുന്നിടത്തോളം അതേപടി നമുക്ക് എടുത്തുപയോഗിക്കാം.”
ആ ചര്‍ച്ച നടന്നിട്ട് അമ്പതിലേറെ വര്‍ഷങ്ങളായി. ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവരേണ്ടതിനെക്കുറിച്ച് ഇന്നും നമുക്കൊരു യോജിപ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പുതിയ തലമുറയുടെ വിരലുകളുടെ ദ്രുതചലനങ്ങളിലൂടെ ഞാന്‍ പോസ്റ്റി, നീ ഷെയറൂ, ചിത്രം അറിയാതെ ഡിലീറ്റി തുടങ്ങിയ പ്രയോഗങ്ങള്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു!!
ശാസ്ത്രഗതി നം. 4 (1968 ഫെബ്രുവരി) അവലംബമാക്കി
അനുബന്ധ ലേഖനങ്ങൾ
- ശാസ്ത്രപഠനവും മലയാളവും
- 1962 ല്‍ നാം തുടങ്ങിയ ഭാഷാസമരം
- ക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?