കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ – അറിയേണ്ട കാര്യങ്ങൾ

എന്താണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (CFLTC)?

കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായാല്‍ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളേയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (CFLTC) എന്നു പറയുന്നത്.

ആരെയൊക്കെയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു (CFLTC) കളില്‍ പ്രവേശിപ്പിക്കുന്നത്?

കോവിഡ് ടെസ്റ്റ്‌ റിസള്‍ട്ട്‌ പോസിറ്റീവ് ആയ കേസുകളില്‍ കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു‍ (CFLTC) കളില്‍ കിടത്തി ചികിത്സിക്കുന്നത്.

ഒരു ഹാളില്‍/ ഒരു വാര്‍ഡില്‍ പോസിറ്റീവ് ആയ എല്ലാവരേയും ഒന്നിച്ചു കിടത്തുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ?

ഒരേതരം രോഗലക്ഷണങ്ങള്‍ ഉള്ള ടെസ്റ്റ്‌ റിസള്‍ട്ട്‌ പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളില്‍/ ഒരു വാര്‍ഡില്‍ ഒന്നിച്ചു കിടത്തുന്നതില്‍ പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഇല്ല. പക്ഷെ കിടക്കകള്‍‍ തമ്മില്‍ കൃത്യമായ അകലം അതായത് കുറഞ്ഞത്‌ 1.2 മീറ്റര്‍ (4 മുതല്‍ 6 അടിവരെ) ഉണ്ടായിരിക്കേണ്ടതാണ്.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു (CFLTC) കളില്‍ കിടക്കുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്?

മാസ്ക്ക് കൃത്യമായി ധരിക്കുക. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കുക.
മാലിന്യങ്ങള്‍ ഒരുകാരണവശാലും വലിച്ചെറിയരുത്. മാലിന്യം നിര്‍ദ്ദേശിച്ചിട്ടുള്ള ബക്കറ്റുകള്‍/ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക.
ടോയിലറ്റ് ഉപയോഗശേഷം ആവശ്യാനുസരണം വെള്ളം ഒഴിച്ചു വൃത്തിയാക്കുക.
എന്തെങ്കിലും വിധത്തിലുള്ള ശാരീരീക ബുദ്ധിമുട്ടുകളോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാല്‍ ഉടനെ CFLTC ജീവനക്കാരെ അറിയിക്കുക.
CFLTC ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു‍ (CFLTC) കളിലേയ്ക്ക് പോകുന്നതിനു മുമ്പായി എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കണോ?

സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ മറക്കാതെ എടുക്കുക. ചികിത്സാ രേഖകള്‍/തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതുക.
മൊബൈല്‍ ഫോണ്‍, ചാര്‍ജ്ജര്‍, ആവശ്യമെങ്കില്‍ വായിക്കുന്നതിനായി പുസ്തകമോ മാഗസിനോ കൈയില്‍ കരുതാം. രണ്ടോ മൂന്നോ ജോഡി വസ്ത്രം, ബെഡ്ഷീറ്റ്, സോപ്പ്, പേസ്റ്റ്, ബ്രെഷ് എന്നിവയും കൂടാതെ സ്വന്തമായി ഉപയോഗിക്കാന്‍ സാനിറ്റൈസറും എടുക്കുന്നത് ഉചിതമാണ്.

രോഗ ലക്ഷണങ്ങളില്ല. കോവിഡ് ആന്റിജന്‍ ടെസ്റ്റ്‌ പോസിറ്റിവ് ആയാല്‍ എന്തു ചെയ്യണം?

ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നോ ടെസ്റ്റ്‌ റിസള്‍ട്ട് ലഭിച്ചാല്‍ തുടര്‍ന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു‍ (CFLTC) കളിലേയ്ക്ക് പോകുന്നതിനു തയ്യാറാകേണ്ടതാണ്. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ CFLTC കളിലേയ്ക്കു മാറ്റുന്നതായിരിക്കും.

രോഗ ലക്ഷണങ്ങളില്ലാത്ത ആന്റിജന്‍ ടെസ്റ്റ്‌ പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു‍ (CFLTC) കളിലേയ്ക്കു കൊണ്ടുപോകേണ്ടതുണ്ടോ?

ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും ഉണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതു സമൂഹ വ്യാപനത്തിന് കാരണമാവാം. അതുകൊണ്ട്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പര്‍പ്പിക്കുന്നതാണ് ഉചിതം. ആയതിനാല്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു‍ (CFLTC) കളിലേക്ക് പോകേണ്ടതാണ്.

എപ്പോഴാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു (CFLTC) കളില്‍ നിന്നും തിരികെ വീട്ടിലേക്ക് വിടുന്നത്?

ടെസ്റ്റ്‌ റിസള്‍ട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു‍ (CFLTC) കളില്‍ നിന്നും തിരികെ വീട്ടില്‍ കൊണ്ടുവന്നാക്കും.

Leave a Reply