Read Time:19 Minute

മറിയ പോപോവ (Maria Popova) ബൾഗേറിയയിൽ ജനിച്ച് അമേരിക്കയിൽ വസിക്കുന്ന എഴുത്തുകാരിയാണ്. അവരുടെ പുസ്തകങ്ങൾ വളരെ ശ്രദ്ധനേടിയിട്ടുണ്ട്. കല, സാഹിത്യം, ദർശനം എന്നിവകളെ സ്പർശിക്കുന്ന രചനകൾ ബ്ലോഗുകളായി പ്രസിദ്ധീകരിച്ചിരുന്നു. അവയിപ്പോൾ ഏറെ വായിക്കപ്പെടുന്ന മാർജിനേലിയൻ (The Marginalian) എന്ന ഓൺലൈൻ മാഗസിനായി അറിയപ്പെടുന്നു. പത്ത് ലക്ഷത്തിലധികം വായനക്കാരുള്ള മാഗസിൻ എന്ന നിലയിൽ അവ നമ്മെ ആകർഷിക്കുന്നു. മറ്റൊരു പ്രത്യേകതകൂടി അതിനുണ്ട്:

മറിയ പോപോവ

ജീവിതത്തിൻ്റെ അർത്ഥമെന്തെന്ന് കണ്ടെത്താൻ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന വ്യത്യസ്ത മേഖലകളിലൂടെയുള്ള ഒരു അന്വേഷണം കൂടിയാണ് പലപ്പോഴും ഈ മാഗസിനിൽ പ്രതിപാദിക്കുന്നത്. വായനയും മനനവും ഒത്തുചേർക്കുന്ന ഒരു അനുഭവമാണിത്. ശാസ്ത്രം, കല, കാവ്യം, ഫിലോസഫി എന്നിവയെല്ലാം ചേർന്ന ചിന്തയുടെയും അനുഭവത്തിൻറെയും ഒത്തുചേരൽ. മറിയ പോപോവയുടെ രചനകൾ അതേകാരണത്താൽ രസകരമാണ്.

അവരുടെ സമീപകാല രചനയാണ്, പ്രപഞ്ചം കാവ്യങ്ങളിൽ: സയൻസും കവിതയും ഒരുക്കുന്ന ആശ്ചര്യങ്ങളിലൂടെ കടക്കാൻ 15 കവാടങ്ങൾ (The Universe in Verse: 15 Portals to Wonder through Science & Poetry – Maria Popova, Ofra Amit; 2024). പുസ്തകം രൂപകൽപനചെയ്തിരിക്കുന്നതുതന്നെ ഏറെ ഹൃദ്യമായാണ്. ഓഫ്ര ആമിറ്റ് രചന നിർവഹിച്ച ചിത്രങ്ങൾ പോപോവയുടെ ടെക്സ്റ്റിനോടൊപ്പം നിൽക്കുന്നു.

സയൻസ് സ്വയം അത്ഭുതപ്പെടുന്ന നിമിഷങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ ഒപ്പം നിൽക്കുകയോ മുമ്പേ പോവുകയോ ചെയ്ത കാവ്യസങ്കല്പങ്ങൾ അവതരിപ്പിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. അതായത്, പരീക്ഷണങ്ങളും ഡാറ്റയും നയിക്കുന്ന സയൻസും ഭാവനയിലൂടെ വികസിക്കുന്ന കവിതയും പരസ്പരം സ്പർശിക്കുന്നതെങ്ങനെയെന്ന് പോപോവ വിവരിക്കുന്നു. നാമൊന്നറിയുന്നു; കവിതാനുഭവങ്ങൾ ശാസ്ത്രവിരുദ്ധമാവണമെന്നില്ല. 

ശാസ്ത്രം കവിതയ്ക്ക് തടസ്സം നിൽക്കുന്നുമില്ല. നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ പ്രയാസമാണ്. പ്രപഞ്ചം എന്ന സത്യത്തെ മനസ്സിലാക്കുകയും, എന്താണതിൽ നമ്മുടെ ജീവിതമെന്ന പരമാർത്ഥം കണ്ടെത്തുകയും ചെയ്യുക എന്നത് പ്രയാസംതന്നെ. സയൻസിന്റെ അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും പിന്നിൽ വലിയ കഥകളുണ്ട്. പലപ്പോഴും അവയിലെ കേന്ദ്രകഥാപാത്രങ്ങളായ ശാസ്ത്രജ്ഞരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, കഷ്ടപ്പാടിൻ്റെ  കേട്ടിട്ടില്ലാത്ത കഥകൾ പറയുമ്പോൾ സമാനമായ അന്വേഷണങ്ങൾനടത്തിയ കാവ്യജീവിതങ്ങളെക്കൂടി ഇവിടെ പരിചയപ്പെടുത്തുന്നു. സയൻസ് അനിവാര്യമാണ്. യാഥാർഥ്യത്തെക്കുറിച്ച് കൂടുതലായി പഠിക്കാൻ മറ്റു വഴിയില്ല. നമുക്ക് മറ്റുള്ളവരെ മനസ്സിലാക്കാനും സ്വയം കണ്ടെത്താനും കാവ്യഭാവനകളും അനിവാര്യമാണ്.

© Ofra Amit

സ്പെയ്സ് എന്ന പദത്തിന് ഇടം എന്ന അർത്ഥമുണ്ട്. എന്നാൽ പലപ്പോഴും അത് ബഹിരാകാശത്തെ സൂചിപ്പിക്കുന്നു. ബഹിരാകാശ പേടകങ്ങളും റോക്കറ്റുകളും വിക്ഷേപിച്ചു തുടങ്ങിയതിനുശേഷം അങ്ങനെയൊരർത്ഥമാണ് ശക്തിപ്രാപിച്ചത്. സ്‌പെയ്‌സ് എന്ന പദം ഉപയോഗിച്ചുതുടങ്ങിയത് ആരായിരിക്കുമെന്ന് നാംചിന്തിക്കുന്നതു പോലുമില്ല. മിൽട്ടൺ എന്ന വിശ്രുത കവി  ‘പറുദീസാനഷ്ടം’ (Paradise Lost, John Milton) എന്ന കൃതിയിൽ 650-ാം വരിയിൽ ഇതര ലോകങ്ങളുടെ സാധ്യത നൽകുന്ന സ്‌പെയ്‌സ് എന്ന ആശയത്തെക്കുറിച്ച്  പറയുന്നു. Space may  produce new Worlds. ഈ ലോകത്തിലാകട്ടെ, സ്‌പെയ്‌സ് പരമാണുക്കളെ നിർമിക്കുകയും പ്രജ്ഞ കൈവരിക്കുകയും ചെയ്തു. നമുക്കതിനാൽ പറുദീസയിൽ നരകത്തെയും, നരകത്തിൽ പറുദീസയെയും നിർമിക്കാനാകും.

© Ofra Amit

പതിനേഴാം നൂറ്റാണ്ടിനുശേഷം സ്പെയ്സിനെക്കുറിച്ചും പ്രപഞ്ചോത്പത്തിയെക്കുറിച്ചും അനവധി പഠനങ്ങളുണ്ടായി. സ്റ്റീഫൻ ഹോക്കിങ് 1960-ൽ സ്‌പെയ്‌സ്-കാലം വിചിത്രത (singularity) പ്രപഞ്ചോത്പത്തിയുമായി ചേർത്ത് തന്റെ സിദ്ധാന്തം അവതരിപ്പിച്ചു. അതനുസരിച്ച് മഹാവിസ്ഫോടനം എന്നതും വിചിത്രതയാകാം, തീർത്തും സാധ്യവും. പ്രപഞ്ചം എന്ന പ്രതിഭാസം അത്ഭുതാവഹമാണ്. സമകാലിക കവിയായ മാരീ ഹൊ (Marie Howe, Singularity) സിംഗുലാരിറ്റി (Singularity- after Stephen Hawking) എന്നകവിത ഹോക്കിങ്ങിനു ശേഷമെന്ന ഉപശീർഷകത്തോടെ പ്രസിദ്ധീകരിച്ചു.

© Ofra Amit

പ്രപഞ്ചത്തിലെ എല്ലാത്തിലേക്കുമുള്ള ഒരു പാർശ്വവീക്ഷണം എന്നനിലയിൽ ഈ കവിതയെ വായിച്ചെടുക്കാം. എല്ലാ പ്രപഞ്ച ഘടകങ്ങളും തമ്മിലുള്ള പരസ്പരബന്ധങ്ങളെയും ബന്ധമില്ലായ്മകളെയും കുറിച്ച് മനസ്സുകൊണ്ട് സ്പർശിക്കുകയാണ് ഈ കാവ്യം. സൂക്ഷ്മമായ നമ്മുടെ ഇടവും അനന്തമായ പ്രപഞ്ചവും നമ്മുടെ വീടാകുന്നു എന്ന സങ്കല്പമാണ് കവിതയുടെ ഹൃദയം. അവസാന വരികളുടെ സ്പന്ദനം ഇങ്ങനെപോകുന്നു:

No I, no We, no one. No was
No
verb no noun
only a tiny tiny dot brimming with
is is is is is
All everything home.

ഇരുപതുകോടി വർഷം  മുമ്പുള്ള ഒരു ദിനത്തെ സങ്കല്പിക്കാം. മനുഷ്യരില്ലാത്ത കാലം. ശരീരോഷ്മാവ് നിയന്ത്രിക്കാനാവാത്ത ജീവികൾ മാത്രമുള്ള കാലം. ചെടികൾ ഉണ്ടായിരുന്നു. പ്രജനനം കാറ്റിന്റെ ശക്തിയാൽ മാത്രം നടക്കുന്ന യാദൃച്‌ഛിക സംഭവമായിരുന്ന കാലം. അതിനുശേഷം ക്രെറ്റേഷ്യസ് യുഗമെത്തി. പുഷ്പങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിവേഗം ഭൂമിയാകെ പുഷ്പങ്ങൾ നിറഞ്ഞു. പുഷ്പങ്ങൾ ഫലങ്ങൾ ഉത്പാദിപ്പിച്ചു. അങ്ങനെ ഭൂമിയിൽ പ്രണയമുണ്ടായി. ചെറുജീവികൾക്ക് പുഷ്പഫലാദികളിൽനിന്ന് ലഭിക്കുന്ന ഊർജം മാജിക്കൽ അനുഭവമായി. പുതിയ ജീവിവർഗങ്ങൾക്കത് ഹേതുവായി. ഏകകോശ ജലജീവികൾ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഡാർവിൻ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ശാസ്ത്രജ്ഞനായ ഏണസ്റ്റ്  ഹിക്കൽ (Ernst Haeckel,1866) വരച്ച ഏകകോശജീവികളുടെ ചിത്രങ്ങളാണ് ഡാർവിൻ്റെ അത്ഭുതത്തിന് കാരണമായത്. അന്നത്തെ ഭൂമിയിൽ കാണപ്പെട്ട ജൈവപരമായ വൈവിധ്യം പരസ്പരം ഒത്തുചേർന്നത് ഏണസ്റ്റ്  ഹിക്കൽ കാണാതിരുന്നില്ല. അദ്ദേഹം അതിനെ എക്കോളജി എന്ന് വിളിച്ചു. അതിന്റെ ഒരു വർഷം മുമ്പ് എമിലി ഡിക്കിൻസൺ ആദ്യത്തെ എക്കോളജി കവിത എഴുതിയിരുന്നു. അവർ വംശനാശ ഭീഷണിയുള്ള 424 പുഷ്പങ്ങൾ ശേഖരിച്ച് വലിയൊരു ആൽബം തയ്യാറാക്കി. അവരുടെ ഈ ഹെർബേറിയം ഇന്നും നിലനിൽക്കുന്നു. ജൈവശാസ്ത്രജ്ഞയാകാനുള്ള വഴിയിലൂടെ സഞ്ചരിച്ച് കവിയായി മാറിയ എമിലി ഡിക്കിൻസൺ എന്ന വ്യക്തിയെ എങ്ങനെ മറക്കാനാവും? 

ജീവശാസ്ത്രം മാത്രമല്ല പ്രപഞ്ചഭംഗി ആവിഷ്കരിക്കുന്നത്. ഗണിതവും ഫിസിക്‌സും ഒപ്പമുണ്ട്. ഹെൻറിയെറ്റ ലീവിറ്റ് എന്ന അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞ നടത്തിയ നക്ഷത്ര പഠനങ്ങൾ ഏതു കാവ്യാനുഭവങ്ങളെയും വെല്ലുന്നതാണ്. ഐൻസ്റ്റൈൻ ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചുകൊണ്ടിരുന്നപ്പോൾ നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. മനസ്സിലാക്കാൻ പറ്റാത്ത അനുഭവങ്ങൾ പൊരുത്തപ്പെടുത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത് എമ്മി നോയ്തർ (Emmy Noether) എന്ന ജർമൻ ഗണിതശാസ്ത്രജ്ഞയുടെ സംഭാവനകളാണ്. ഫിസിക്സിലെ സംരക്ഷണ നിയമങ്ങൾ ആനുരൂപ്യവുമായി ബന്ധപ്പെട്ടതായി അവർ കണ്ടെത്തി. ഐൻസ്റ്റൈൻ വിജയത്തിൻ്റെ പടവുകൾ കയറുമ്പോൾ എമ്മി വേതനമില്ലാത്ത ജോലിയിൽ വ്യാപൃതയായിരുന്നു. സ്ത്രീകളെ അംഗീകരിക്കാത്ത യൂണിവേഴ്സിറ്റി മേഖലകളിൽ അവർക്ക് പിടിച്ചുനിൽക്കാൻ തടസ്സങ്ങൾ  ഏറെയായിരുന്നു. ലോകം നിലകൊണ്ട വ്യവസ്ഥകളിൽ സ്ത്രീസാന്നിധ്യം എന്ന സിമട്രി അദൃശ്യമായി തുടർന്നു. പ്രപഞ്ചം, ഫിസിക്സ് എന്നിവയുടെ ധാരണകളിൽ എമ്മി നോയ്തർ സിദ്ധാന്തങ്ങൾ അടിസ്ഥാന ഘടകമായിക്കഴിഞ്ഞു. പൊപോവയുടെ അഭിപ്രായത്തിൽ: 

Emmy Noether became the poet laureate of reality—a reality underpinned by hidden laws figured into its every littlest manifestation, mortised with the meaning we give them and give our lives.
© Ofra Amit

ചുറ്റളവുകളിലാണ് എനിക്ക് താല്പര്യമെന്ന് എമിലി ഡിക്കിൻസൺ ഒരു കത്തിൽ പറഞ്ഞു. വൃത്താകൃതിയുള്ള വസ്‌തുക്കളുടെ വ്യാസം മനുഷ്യരെ എക്കാലത്തും വശീകരിച്ചിരുന്നു. വൃത്തപരിധിയും വ്യാസവും  തമ്മിൽ ഒരിക്കലും മാറാനാവാത്ത ബന്ധം സ്ഥാപിച്ചിരുന്നതായി അവർ കാണുകയും ചെയ്തു. അതാണ് ഗ്രീക്ക് അക്ഷരമായ പൈ എന്ന് സങ്കല്പിച്ചിരിക്കുന്നത്. എത്രകാലമായി പൈ കണ്ടെത്തിയിട്ടെന്ന് പറയാനാവില്ല. പുരാതന ഗ്രീക്ക് ഗണിതജ്ഞർക്ക് ഇതറിയാമായിരുന്നു. അർക്കമെഡീസ് ദശാംശത്തിന് ശേഷം ഏതാനും അക്കങ്ങൾ കണ്ടെത്തി. ചൈനയിലെയും ഇന്ത്യയിലെയും ഗണിതജ്ഞർ ഏഴ് അക്കങ്ങളുടെ കൃത്യതയുണ്ടാക്കി. ന്യൂട്ടൺ പതിനഞ്ചക്കങ്ങളുടെ കൃത്യതയിലെത്തിച്ചു. ആധുനിക കംപ്യൂട്ടറാകട്ടെ അനേകമനേകം കോടി സ്ഥാനങ്ങളിലേക്ക് പൈയുടെ കൃത്യത സാധ്യമാക്കി. ഇന്ന്, ഒരു പ്രോട്ടോൺ വീതിയുടെ പിഴവിനുള്ളിലെ കൃത്യത എത്തിക്കാനാകും. അനുസ്യൂതമായ മാറ്റങ്ങളുടെ ഇടമായ പ്രപഞ്ചത്തിൽ അല്പായുസ്സ് മാത്രമുള്ള മനുഷ്യവർഗം പൈ പോലുള്ള ഒരിക്കലും അസ്ഥിരപ്പെടാത്ത ശാശ്വത ബന്ധത്തിൻ്റെ മെറ്റഫറെ എങ്ങനെ മനസ്സിലാക്കും? ഒരേ സമയം നമുക്കുചുറ്റും കാണപ്പെടുന്ന വൃത്തങ്ങളിൽ ഒളിഞ്ഞ രഹസ്യമായും അനന്തതയുടെ വ്യാഖ്യാനമായും പൈ നമ്മെ ചിന്തിപ്പിക്കുന്നു. ഇതിൽ അടങ്ങിയ കവിതയെ കണ്ടെടുക്കുകയാണ് വിസ്ലാവാ സിംബോർസ്‌ക (Wisława Szymborska) എന്ന നോബൽ പുരസ്‌കാരം ലഭിച്ച കവി. അവരുടെ പൈ എന്ന കവിത ഭാവനയുടെ മനോഹര കവാടമായി പൊപോവ കരുതുന്നു. 

ദശാംശത്തിനുശേഷം കുറേശ്ശേ വികസിച്ചുവരുന്ന അക്കങ്ങൾ  ലോകത്തെ എല്ലാ വസ്തുക്കളേക്കാളും ദീർഘമുള്ളതാണ്. ഏറ്റവും നീളമുള്ള പാമ്പിനേക്കാൾ ദീർഘം. മിത്തുകളേക്കാൾ, ഐതിഹ്യങ്ങളേക്കാൾ ദീർഘം. 

The pageant of digits comprising the number pi
doesn’t stop at the page’s edge.
It goes on across the table, through the air,
over a wall, a leaf, a bird’s nest, clouds, straight into the sky,
through all the bottomless, bloated heavens.
Oh how brief—a mouse tail, a pigtail—is the tail of a comet! 

അങ്ങനെയാണ് പൈ ഒരുക്കുന്ന അക്കങ്ങളുടെ നൃത്തം.

© Ofra Amit

ജീവജാലങ്ങളിൽ ഏറ്റവും ശക്തരാരാണ്? കൂണുകൾ ആയിരിക്കണം എന്ന പൊപോവ കരുതുന്നു. മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായാലും കൂണുകൾ ഇവിടെയുണ്ടാകും. ഭൂമിയിൽ  ജീവൻ അവസാനിക്കുന്നത് കൂണുകൾ അവസാനിക്കുമ്പോഴായിരിക്കും. സിൽവിയ പ്ലാത്ത് (Mushrooms – Sylvia Plath) കൂണുകൾ എന്ന കവിത രചിക്കുകയുണ്ടായി. വിഷാദരോഗം ബാധിച്ചിരുന്ന അവർക്ക് കൂണുകൾ ആത്മവിശ്വാസം നൽകിയിരിക്കണം. അതിന്റെ ജീവിതരീതി തന്റെ ജീവിതവുമായി സാമ്യമുണ്ടെന്നും അവർ കരുതിയിരിക്കണം. എന്നാൽ പിൽക്കാലത്ത് കൂണുകളിൽനിന്ന് വിഷാദരോഗത്തിന് പറ്റിയ ഔഷധം നിർമിക്കാനാവുമെന്ന് അറിയുംമുമ്പ് അവർ ജീവിതത്തിൽനിന്ന് പടിയിറങ്ങി. കവിതയും സയൻസും അങ്ങനെ നമുക്കുചുറ്റുമുണ്ട്. ഒന്നിന് മറ്റൊന്നില്ലാതെ അതിജീവനം സാധ്യമല്ല.



Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വീണ്ടും വരുന്നൂ… മീസിൽസ് – റുബെല്ല നിവാരണ ക്യാമ്പയിൻ
Close