Read Time:36 Minute

നമ്മുടെ പൊതുവിദ്യഭ്യാസത്തെ സംബന്ധിച്ച് വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. സംസ്ഥാനത്തെ സ്കൂൾ അധ്യയനദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഉണ്ടായ ഒരു കേസ് കഴിഞ്ഞദിവസം തീർപ്പായെന്നറിയുന്നു. ഒരു അധ്യയനവർഷത്തിൽ 220 പ്രവൃത്തി ദിവസങ്ങൾ സംസ്ഥാനത്ത് ഉറപ്പുവരുത്തിയെന്ന് സർക്കാർ സത്യവാങ്ങ്മൂലം നൽകിക്കൊണ്ടാണ് ഈ കേസ് അവസാനിപ്പിച്ചതെന്നാണ് നാം അറിയുന്നത്.

നേരത്തെ പുതിയ അധ്യയന വർഷത്തിൽ 220 പ്രവൃത്തി ദിനങ്ങൾ എന്ന നിർദ്ദേശം വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ (QIP) വന്നിരുന്നു. എന്നാൽ വലിയ തോതിലുള്ള എതിർപ്പ് അവിടെ ഉണ്ടായി. ഈ വർഷം, മുൻ വർഷത്തിലേതുപോലെ 204 പ്രവൃത്തിദിവസം എന്ന നിലയിൽ വിദ്യാഭ്യാസ കലണ്ടർ ക്രമപ്പെടുത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയും അതിന് അനുകൂലമായ രീതിയിലായിരുന്നു വിഷയത്തെക്കുറിച്ച് അന്ന് പ്രതികരിച്ചിരുന്നത്. എന്നാൽ, ആ നിർദ്ദേശത്തിനു വിരുദ്ധമായാണ് 2024- ലെ വിദ്യാഭ്യാസ കലണ്ടർ ഇപ്പോൾ പ്രസിദ്ധീകരിച്ചതും അത് സർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തി കോടതിയിൽ നൽകുകയും ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പ് പ്രകടിപ്പിക്കാമെന്നും അത് അവരുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞുവെച്ചിട്ടുണ്ട്. അപ്പോൾ പുതിയ വിദ്യാഭ്യാസ കലണ്ടറിന്റെ പ്രസക്തി എന്താണെന്നുള്ള ചോദ്യം ഇവിടെ ബാക്കിയാകുന്നു. ഇപ്പോൾ ആരംഭിച്ചിട്ടുള്ള അധ്യയന വർഷത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ പോകുന്ന, വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ബഹിഷ്കരിക്കുന്നതടക്കമുള്ള തരത്തിലേക്ക് ഈ വിഷയം മാറാനും സാധ്യതയുണ്ട്.

വിദ്യാഭ്യാസചട്ടപ്രകാരം പ്രവൃത്തിദിനങ്ങൾ 220 വരെയാകാമെന്നും കഴിഞ്ഞവർഷം 204 പ്രവർത്തിദിനങ്ങൾ മാത്രമാണ് ലഭിച്ചിരുന്നതെന്നുമാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് പറയുന്നത്. മുൻ വർഷത്തേക്കാൾ പരമാവധി ദിവസം കുട്ടികൾക്കും അധ്യാപകർക്കും മുഖാമുഖം ലഭിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്നു. കുട്ടികൾക്ക് പഠിക്കാനുള്ള സമയം കിട്ടുന്നതിനപ്പുറം പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കുകൂടി സമയം ലഭിക്കണമെന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്‌.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും (RTE ), അതിന്റെ തുടർച്ചയായി 2012-ൽ ഉണ്ടായ കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ ഭേദഗതിയിലും സ്കൂൾ പ്രവൃത്തി ദിനങ്ങളെ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അതനുസരിച്ച് 220 പ്രവൃത്തി ദിവസം കേരളത്തിൽ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് മന്ത്രി പറയുന്നത്. അടുത്തിടെയുണ്ടായിട്ടുള്ള ഒരു സുപ്രീംകോടതി ഉത്തരവും നിലവിലുള്ള നിയമങ്ങളും സ്കൂളുകൾക്ക് ആഴ്ചയിൽ അഞ്ച് ദിവസത്തെ ഷെഡ്യൂൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിരവധി വൈരുധ്യങ്ങൾ ഉള്ളതാണ് ഇതുസംബന്ധമായ നിയമങ്ങൾ എന്നതൊരു വസ്തുതയാണ്.

എൽപി വിഭാഗത്തിൽ 800 മണിക്കൂര്‍, യുപി വിഭാഗത്തിൽ 1,000 മണിക്കൂർ, ഹൈസ്‌കൂളിൽ 1,200 മണിക്കൂർ, ഹയർസെക്കൻഡറിയിൽ 1,200 മണിക്കൂർ എന്നിങ്ങനെയാണ് ദേശീയതലത്തിൽ പഠന സമയമായി പൊതുവിൽ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇത് കൃത്യമായി ലഭിക്കാറില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

ഒരു ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ കണക്കാക്കിയാൽ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള അധ്യയന സമയമാണ് ഒരു സ്കൂൾ ദിനത്തിൽ ലഭിക്കുക. ഒരു മണിക്കൂർ ഉച്ചഭക്ഷണ വേളയാണ്. രാവിലെയും വൈകുന്നേരവും 10 മിനിറ്റുവീതം ഇന്റർവെല്ലുമുണ്ട്. അങ്ങനെയെങ്കിൽ 800 പ്രവർത്തന മണിക്കൂറുകൾ മാത്രം ആവശ്യമുള്ള എൽപി വിഭാഗത്തിന്റെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 160_165 ദിവസങ്ങളായി കുറയ്ക്കുകയല്ലേ ചെയ്യേണ്ടത്?! ഫിൻലാൻഡ് മാതൃകയിൽ, 40/ 45 മിനിറ്റ് ദൈർഘ്യമുള്ള പീരിയഡ് കഴിഞ്ഞാൽ 15 മിനിറ്റ് കൂളിങ്ങ് ടൈം നൽകേണ്ട രീതിയിലേക്ക് സ്കൂൾ ടൈംടേബിളിന് ക്രമപ്പെടുത്താൻ നമുക്ക് കഴിയേണ്ടതില്ലേ? എന്നാൽ, ഇന്ന് ഒന്നാം ക്ലാസിൽ പോലും, 7-8 പിരിയഡുകൾ ഉൾപ്പെടുത്തി ഒരുതരത്തിലും അയവില്ലാത്തവിധത്തിൽ കുട്ടികളെ ‘പീഡിപ്പിക്കുന്ന’ അവസ്ഥയാണ് നമ്മുടെ വിദ്യാലയങ്ങളിൽ നിലനിൽക്കുന്നത്. ഹൈസ്കൂൾ തലങ്ങളിൽ പരീക്ഷയെ മുൻനിർത്തിയുള്ള പഠനരീതി കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കത്തെ കുറിച്ച് ആരും പരിഗണിക്കുന്നേയില്ല.

രാജ്യംമണിക്കൂർ (പ്രതിവർഷം)
 Class 2-3Class 6-7
ചൈന531793
ഫിൻലാന്റ്608777
കൊറിയ612867
ജപ്പാൻ709868
ഇന്ത്യ8001,000
ഓസ്ട്രേലിയ972983
ഫ്രാൻസ്847971
ഇറ്റലി8911,001
ഇംഗ്ലണ്ട്893925

പ്രതിദിനം കൂടുതൽ അധ്യയന സമയം ഉൾപ്പെടുത്തികൊണ്ടാണ് ഹയർ സെക്കൻഡറിയിൽ 200 പ്രവൃത്തിദിവസങ്ങളിലായി 1,200 മണിക്കൂറുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നത്. ഇത്തരം വിദ്യാലയങ്ങളിൽ ശനിയാഴ്ച അവധിയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള മത്സരപ്പരീക്ഷകൾക്ക് വേണ്ടിയുള്ള കോച്ചിംഗ് സെൻററുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് നേരത്തെ ആഴ്ചയിൽ 6 പ്രവൃത്തിദിനങ്ങൾ ഉണ്ടായിരുന്ന ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ അഞ്ചു ദിവസമായി ക്ലാസ്സുകളെ ക്രമപ്പെടുത്തിയതെന്ന വിമർശനം ശക്തമാണ്. ഇപ്പോൾ വിദ്യാലയത്തിനകത്ത്, അവരുടെ ഒരു ദിവസത്തിന്റെ മൂന്നിലൊന്ന് സമയം അധ്യയനത്തിന് നമ്മുടെ ഹയർസെക്കൻഡറി കുട്ടികൾ വിധേയരാക്കി വരുന്നു. രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ എട്ടര മണിക്കൂർ ദൈർഘ്യമുള്ള അധ്യയന സമയം.

രാവിലെയും വൈകുന്നേരവും 10 മിനിറ്റുവീതം ഉള്ള ഇന്റർവെൽ, ഉച്ചഭക്ഷണം കഴിക്കാൻ 40 മിനിറ്റുള്ള ഒഴിവ് സമയം, 3 ഘട്ടങ്ങളിലായി ആകെ ഒരു മണിക്കൂർമാത്രം ദൈർഘ്യമുള്ള ഇടവേളകൾ. ഒരു ദിവസം ഏഴര മണിക്കൂറാണ് അവരുടെ പഠനസമയം. വിഷയത്തിനനുസരിച്ച് അധ്യാപകർ മാറും, കുട്ടികൾക്ക് മാറ്റമില്ല. ക്ലാസ് മുറിക്കകത്ത് തളച്ചിടപ്പെടുന്ന കുട്ടികൾ. തീർത്തും പരിമിതമായ സമയമാണ് കുട്ടികൾക്ക് ഇടവേളയായി ലഭിക്കുന്നത്. ബാത്റൂമിൽ പോകുന്നതിനുപോലും സമയമില്ലാത്ത അവസ്ഥ.

നല്ലൊരു വിഭാഗം കുട്ടികളും സ്കൂൾ പഠനത്തിനുപുറമേ ട്യൂഷൻ, എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്കിടയിൽ കിടന്ന് വീർപ്പുമുട്ടുകയാണ്. നമ്മുടെ കുട്ടികൾക്ക് തീർത്തും അനിവാര്യമായ കലാ-കായിക-പ്രവൃത്തിപരിചയ പഠനങ്ങൾക്ക് എപ്പോഴാണ് സമയം കണ്ടെത്തുക! ഈ പശ്ചാത്തലത്തിൽ വേണം പ്രവൃത്തി ദിനങ്ങൾ വർധിപ്പിക്കുന്നതിനെ നോക്കിക്കാണേണ്ടത്.

കഴിഞ്ഞ അധ്യയനവർഷം, നാല് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസങ്ങളായി നിശ്ചയിച്ചിരുന്നു. ഇതുവഴി മൊത്തം അധ്യയനദിനങ്ങളുടെ എണ്ണം 204 ആയി ഉയർന്നു. നേരത്തെ അധ്യാപക സംഘടനകളുടെ യോഗത്തിൽ, അധിക പ്രവൃത്തി ദിവസങ്ങളുടെ എണ്ണം മുൻവർഷങ്ങളിലേതിന് സമാനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും, ഇപ്പോൾ അത് ഏകപക്ഷീയമായി മാറ്റിയിരിക്കയാണ്.

കൂടുതൽ അധ്യയനദിനങ്ങൾ ഉൾക്കൊള്ളുന്നതിനായി മുൻവർഷത്തിൽ, വേനൽ അവധി ചുരുക്കാനും പരീക്ഷകളും മേളകളും ഏപ്രിൽ മാസത്തിലേക്ക് നീട്ടാനുമുള്ള കേരള വിദ്യാഭ്യാസവകുപ്പിൻ്റെ തീരുമാനം വലിയ എതിർപ്പിന് വഴിവെച്ചിരുന്നു. പ്രശസ്ത എഴുത്തുകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എൻ എസ് മാധവൻ അന്ന് അതേപ്പറ്റി അഭിപ്രായപ്പെട്ടത് ‘കുട്ടിക്കാലത്ത് വിദ്യാഭ്യാസം നൽകുന്നത് സ്‌കൂളുകൾ മാത്രമാണെന്നത് തെറ്റായ ധാരണയാണ്, കുട്ടികൾക്ക് അവരുടെ അവധിക്കാലം നഷ്ടപ്പെടുത്താൻ അനുവദിച്ചു കൂടാ’ എന്നായിരുന്നു.

ഇപ്പോൾ, 220 പ്രവര്‍ത്തി ദിനമാക്കികൊണ്ട് വിദ്യാഭ്യാസ കലണ്ടർ ക്രമീകരിക്കുമ്പോൾ – ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ ആറു മാസത്തിലും മൂന്നുവീതം ശനിയാഴ്ചകൾ ഈ വർഷം പ്രവൃത്തിദിനങ്ങൾ ആയിരിക്കും. ഓഗസ്‌റ്റ്, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ രണ്ട് ശനിയാഴ്‌ചകളും, ജൂലൈയിൽ മുഴുവൻ ശനിയാഴ്‌ചകളും പ്രവൃത്തിദിനമായിരിക്കും. ഇത്തരത്തിൽ 28 ശനിയാഴ്‌ചകളിൽ ക്ലാസ് നടത്തി 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ പല ശനിയാഴ്ച്ചകളും അധ്യാപകപരിശീലനങ്ങൾക്കായാണ് മാറ്റി വെച്ചിരിക്കുന്നത്.

പുതിയ കരിക്കുലത്തിലോ സിലബസിലോ പാഠപുസ്തകങ്ങളിലോ കൂടുതൽ പാഠങ്ങളോ പഠനങ്ങളോ നിർദ്ദേശം ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, ഇപ്പോഴുള്ളത് പഠിപ്പിച്ചു തീർക്കാൻ മതിയായ സമയം നിലവിൽ ഉണ്ടായിരിക്കെ ആഴ്ചയിലെ പ്രവൃത്തിദിനം ശരാശരി ആറായി നിശ്ചയിക്കുന്നത് നമ്മുടെ കുട്ടികൾക്കുമേൽ അധികഭാരം വരുത്തുമെന്നാണ് വിദ്യാഭ്യാസമേഖലയിൽ ഇടപെടുന്ന വിദഗ്ധർ പൊതുവിൽ അഭിപ്രായപ്പെടുന്നത്.

അധ്യാപകർക്ക് തൊഴിൽഭാരം വർദ്ധിക്കുമെന്നതിന്റെ പേരിൽ അവരും ഈ തീരുമാനത്തെ വലിയ തോതിൽ എതിർക്കുകയാണ്. സമഗ്ര, സ്‌കൂൾ ഓൺലൈൻ വർക്കുകൾ – തുടങ്ങി സർക്കാർ നൽകിയ മറ്റ് സ്‌കൂൾചുമതലകൾ എന്നിവയ്ക്കിടയിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരുന്നത് അധ്യാപകർക്കും പ്രയാസമാണെന്നാണ് അവരുടെ സംഘടനകളുടെ നിലപാട്..

ഇക്കാര്യങ്ങളെല്ലാം വിപുലമായ സാമൂഹ്യചർച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്.
ഇക്കാര്യത്തിൽ നമ്മുടെ കുട്ടികളുടെ അഭിപ്രായം എന്തായിരിക്കും എന്നും അന്വേഷിക്കേണ്ടതുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ വിദ്യാലയ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതുകൊണ്ടുമാത്രം വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയരുമെന്ന ധാരണ അസ്ഥാനത്താണ്. നമ്മുടെ കുട്ടികളിലും അധ്യാപകരിലും വലിയ എതിർപ്പാണ് ഈ തീരുമാനം ഉണ്ടാക്കിവെച്ചിട്ടുള്ളത്. കുട്ടികളെ സംബന്ധിച്ചിടത്തോളം തീർത്തും മടുപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതിയിൽ കൂടുതൽ ദിവസം ക്ലാസ് മുറികളിൽ ഇരിക്കുകയെന്നുള്ളത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം, കൂടുതൽ അധ്യയനദിനങ്ങൾ അവരുടെ തൊഴിൽഭാരത്തെ ബാധിക്കുന്നു എന്നതിനപ്പുറത്ത് സർഗാത്മകമല്ലാത്ത ബോധനരീതികൾ, ചെയ്തുതീർക്കാൻ കഴിയുന്നതിനപ്പുറമുള്ള വിദ്യാലയ പ്രവർത്തനങ്ങൾ ഇവയെല്ലാം വലിയ മാനസിക പിരിമുറുക്കങ്ങൾക്കാണ് വഴിവെക്കുന്നത്. അധ്യയനവർഷത്തിന്റെ തുടക്കത്തിൽ ഒന്നാംടേമിൽ – വലിയ ആവേശത്തോടെ വിദ്യാലയപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന അധ്യാപകസമൂഹം, വിദ്യാലയവർഷത്തിന്റെ പകുതിയാകുമ്പോഴേക്കും പലവിധത്തിലുള്ള ജോലിഭാരത്താൽ ക്ഷീണിതരാകുന്നു. വിദ്യാലയപ്രവർത്തനങ്ങളെ മൊത്തത്തിൽ പിടിച്ചടക്കുന്ന മേളകളാണ് രണ്ടാംടേമിൽ നടക്കുന്നത്. അവസാനത്തെ ടേം ആകുമ്പോഴേക്കും പരീക്ഷയെ മുൻനിർത്തിയുള്ള കുതിച്ചുപായലും.

അപ്പോഴേക്കും കുട്ടികളും അധ്യാപകരും ഒരുപോലെ എങ്ങിനെയെങ്കിലും ഈ അധ്യയനവർഷം അവസാനിച്ചുകിട്ടണമേ എന്ന പ്രാർത്ഥനയിലായിരിക്കും. ഏറെ ഗൗരവത്തോടെ പരിശോധിക്കേണ്ട കാര്യങ്ങളാണിതെല്ലാം.

സ്കൂൾ അധ്യയനദിനവർദ്ധനവുമായി ബന്ധപ്പെട്ടുകൊണ്ട് കുറേക്കൂടി അവധാനതയോടെയുള്ള തീരുമാനങ്ങളാണ് കൈക്കൊള്ളേണ്ടത്. ഇതു സംബന്ധിച്ച് കൂടുതൽ ആലോചനകൾ ഉണ്ടാകേണ്ടതുണ്ട്. സ്കൂൾ പ്രവർത്തനസമയം ഏറ്റവും ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നുള്ള ചർച്ചകളാണ് നടക്കേണ്ടത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവൃത്തിദിനങ്ങളുണ്ട് എന്നത് നേരാണ്. ഝാർഖണ്ഡ്‌, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിൽ ഒരു അധ്യയന വർഷത്തിൽ സ്കൂൾ ദിനങ്ങൾ 240-ലധികമാണെന്ന് സർക്കാർ കണക്കുകൾതന്നെ പറയുന്നു. കേരളത്തിൽ അത് 196 -200 ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ സംസ്ഥാനങ്ങളിൽ ഇത്രയും പ്രവൃത്തിദിനങ്ങൾ സ്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് (243), ബീഹാർ (241), ഹരിയാന (236), ഉത്തരാഖണ്ഡ് (234) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവൃത്തിദിനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയ (192) നാഗാലാൻഡ് (199), മിസോറാം (200), ജമ്മു & കശ്മീർ (204) എന്നിവയ്‌ക്കൊപ്പം ഏറ്റവും പിന്നിലാണ് കേരളം എന്നാണ് ജില്ലാ ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ (DISE) 2014-15 ലെ കണക്കുകൾ പറയുന്നത്.

ഈ സംസ്ഥാനങ്ങളിലെല്ലാം വിദ്യാഭ്യാസമേഖലയിൽ സവിശേഷമായ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാന ധനസഹായത്തോടെയുള്ള പ്രൈമറിസ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ, ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വ്യത്യാസമുണ്ട്.

മഹാഷ്‌ട്രയിൽ 225 ബോധനദിനങ്ങളും ഗുജറാത്തിൽ 227 ദിവസങ്ങളുമുണ്ട്. രസകരമെന്നു പറയട്ടെ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ശരാശരി സ്കൂൾ ദിനങ്ങൾ 222 ൽനിന്ന് 226 ആയി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം 2009 നടപ്പിലാക്കിയതിനെത്തുടർന്ന് 2010-11, 2014-15 വർഷങ്ങളിലെ താരതമ്യ വിശകലനം കാണിക്കുന്നത് ജാർഖണ്ഡ്, പഞ്ചാബ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ ഈ കാലയളവിൽ 8 മുതൽ 15 വരെ സ്കൂൾ ദിനങ്ങൾ കൂടുതലായി ലഭിച്ചിട്ടുണ്ട് എന്നാണ്.

രാജ്യത്തെ സ്കൂൾ അവധി ദിവസങ്ങളിൽ ഏകീകൃതമല്ല എന്നത് പല സന്ദർഭത്തിലും ചർച്ചയായിട്ടുണ്ട്. സ്കൂളുകളെ അനാവശ്യമായി അവധിയിലേക്ക് നയിക്കുന്ന പല ഘടകങ്ങളുണ്ട്; ഉദാഹരണത്തിന് ഗണേശോത്സവത്തിനുള്ള അവധി മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രശ്നമാണ്, അസമിലെയും ഉത്തരാഖണ്ഡിലെയും വർഷം തോറുമുള്ള വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ, കശ്മീരിലെയും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കാലാവസ്ഥയും ക്രമസമാധാനനിലയും, മധ്യപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഭീഷണി തുടങ്ങിയ കാര്യങ്ങൾ – ഇവയെല്ലാം വിദ്യാലയ അവധിയെ ബാധിക്കുന്നവയാണ്.

ഇന്ത്യയിലെ സർക്കാർ അധ്യാപകരുടെ ജോലിഭാരത്തിലെ വലിയ വ്യത്യാസമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെയും പഠനഫലങ്ങളുടെയും ഫലപ്രാപ്തിയിലെ അസമത്വവും ഇത് സൂചിപ്പിക്കുന്നു. ചില സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിൽ അധ്യാപകർ കൃത്യമായി ഹാജരാകാത്തതുകൊണ്ട് കൂടുതൽ അധ്യയനദിനങ്ങൾ സർക്കാരിന് കൊണ്ടുവരേണ്ടിവരുന്നു എന്നതാണ് അവിടത്തെ രീതി.

ഫരീദ ലാംബെ

പ്രൈമറിസ്കൂൾ തലത്തിൽ ഇന്ത്യയിലെ ശരാശരി പ്രവൃത്തിദിനങ്ങളുടെ എണ്ണം ഇപ്പോൾ 226 ആണ്. എല്ലാ അധ്യയന വർഷവും 220-230 ബോധനദിനങ്ങൾ രാജ്യത്തിനായി ശുപാർശ ചെയ്യുന്ന ‘ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടി’ലെ മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിലാണ് ഇതെല്ലാം കൊണ്ടുവരാൻ ശ്രമിക്കുന്നത്.

‘ആ ദിവസങ്ങളിൽപോലും സ്കൂളിൽ എത്രത്തോളം അധ്യാപനം നടക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ യഥാർത്ഥ ബോധനദിവസങ്ങൾ സർക്കാർ കണക്കുകളേക്കാൾ കുറവായിരിക്കും.’ വിദ്യാഭ്യാസമേഖലയിൽ നിരവധി പഠനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള സന്നദ്ധ സംഘടനയായ ‘പ്രഥമിന്റെ’ സഹസ്ഥാപകയായ ഫരീദ ലാംബെ പറയുന്നു.

സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ പരീക്ഷാദിനങ്ങൾ, പ്രാദേശികമായുണ്ടാകുന്ന അർദ്ധ – പൂർണ്ണദിന ഉത്സവാഘോഷങ്ങൾ, അദ്ധ്യാപകരുടെ ചെറുതും, നീണ്ടതുമായ അവധിദിവസങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

കൂടുതൽ പഠനദിനങ്ങൾ വിദ്യാർത്ഥികളെ കൂടുതൽ പഠിക്കാൻ സഹായിക്കുമെന്ന് വിദ്യാഭ്യാസ വിചക്ഷണർ പറയുന്നതിൽ വാസ്തവം എത്രത്തോളമുണ്ട്?

കൂടുതൽ ബോധനദിവസങ്ങൾ ഉണ്ടായാൽ, ദരിദ്രപശ്ചാത്തലത്തിൽനിന്നുള്ള കുട്ടികളുടെ കാര്യത്തിൽ കൂടുതൽ പഠനസമയം ലഭിക്കുമെന്നത് ശരിയാണ്. ഈ കുട്ടികൾക്ക് വീട്ടിൽനിന്ന് ലഭിക്കുന്ന ഉത്തേജനം സ്കൂളിൽനിന്ന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്. കൂടുതൽ അധ്യയന ദിവസങ്ങളുണ്ടാകുമ്പോൾ, സ്കൂളിലെ ഉച്ചഭക്ഷണ സംവിധാനം കുട്ടികൾക്ക് കൂടുതലായി പ്രയോജനപ്പെടുത്താൻ കഴിയുന്നു. നീണ്ട അവധിക്കുശേഷം കുട്ടികളിൽ നിലവാരം കുറയുന്നതായുള്ള പഠനങ്ങളും ഉണ്ടായിട്ടുണ്ട്.

മുംബൈ അല്ലെങ്കിൽ ഡൽഹിപോലുള്ള മെട്രോ നഗരങ്ങളിൽ, മിക്ക കുട്ടികളും ടിവിയും കമ്പ്യൂട്ടർ ഗെയിമുകളും കാണുന്നതിന് അവധിക്കാലം ചെലവഴിക്കുന്നു. ഇത് കുട്ടികളെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നീണ്ട അവധിക്കുശേഷം സ്‌കൂളുകൾ തുറക്കുമ്പോൾ അത് അധ്യാപകർക്ക് അധികഭാരം നൽകുന്നതായി കോവിഡാനന്തര വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചില പഠനങ്ങളിൽ എടുത്തുപറയുന്നുണ്ട്.

കൂടുതൽ അധ്യയനദിനങ്ങൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്കുമാത്രമല്ല, അധ്യാപകരുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും നല്ലതാണെന്ന് കരുതുന്നവരുമുണ്ട്. രക്ഷിതാക്കളാണ് ഈ അഭിപ്രായമുള്ളവരിൽ ഏറെയും. പാഠഭാഗങ്ങൾ പൂർത്തിയാക്കാനും കുട്ടികൾക്ക് സംശയനിവൃത്തി വരുത്താനും മതിയായ സമയം ലഭിക്കുമെന്നുള്ളതാണ് ഇതിനുള്ള കാരണമായി പറയുന്നത്. സ്‌കൂളുകൾ പഠനത്തിനായി കുറഞ്ഞ സമയമാണ് ലഭിക്കുന്നതെങ്കിൽ, കുട്ടികളിൽ അത് സമ്മർദ്ദം ഉണ്ടാക്കുകയും സ്കൂളിൽ ഹാജരാകാതിരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. അദ്ധ്യാപകരുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. അധ്യയനദിവസങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ ചില സാധ്യതകളാണ് മുകളിൽ സൂചിപ്പിച്ചത്.

എന്നിരുന്നാലും, കൂടുതൽ ബോധനദിനങ്ങൾ മികച്ച പഠനഫലങ്ങൾ തരുമെന്ന് അർത്ഥമാക്കേണ്ടതില്ല. സ്കൂൾസമയം എത്രമാത്രം ‘സർഗാത്മകമായി’ പഠനത്തിനായി അധ്യാപകർ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. സർക്കാർഅധ്യാപകർ അനധ്യാപകജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നതും, ക്ലാസ്സെടുക്കേണ്ട സമയത്ത് മറ്റു ജോലികൾ ചെയ്യേണ്ടിവരുന്നതും തിരുത്തപ്പെടേണ്ട കാര്യങ്ങളാണ്.

ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, ഇന്റർനാഷണൽ ബോർഡുകൾ എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യസ്കൂളുകൾക്ക് സർക്കാർ സ്കൂളുകളേക്കാൾ മികച്ച ഫലം ഇക്കാര്യത്തിൽ ലഭിക്കുന്നത്, ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ അവർ നല്കുന്നതുകൊണ്ടാണ്. സർക്കാർസ്കൂളുകളെ അപേക്ഷിച്ച് അവർക്ക് സ്കൂൾദിനങ്ങൾ പൊതുവിൽ കുറവാണ്. അവയിൽ ഭൂരിഭാഗവും ആഴ്ചയിൽ അഞ്ച് ദിവസംമാത്രം പ്രവർത്തിക്കുന്നവയാണ്. അതിനാൽ അവിടത്തെ അധ്യാപകർക്ക് പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ അപേക്ഷിച്ച് പഠനദിനങ്ങൾക്കായി സ്കൂളിൽ എത്തിച്ചേരേണ്ട ദിനങ്ങളുടെ എണ്ണം കുറവാണ്. ഇത്തരം വിദ്യാലയങ്ങളിലെ അധ്യാപകർ ബോധനത്തിനുള്ള ഒരുക്കങ്ങൾ കൂടുതലായി നടത്താറുണ്ട് എന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

അദ്ധ്യാപകരുടെ ഹാജരില്ലായ്മ, ദേശീയ തലത്തിൽ വിദ്യാഭ്യാസം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്. ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിടുന്ന പ്രതിസന്ധി അധ്യാപകരുടെ ഹാജരില്ലായ്മയാണ്. ഇത്തരം ക്രമക്കേടുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ പഠനഫലത്തെ സാരമായി ബാധിക്കുന്നുമുണ്ട്.

ഇന്ത്യയിലെ ഗ്രാമീണ സ്‌കൂളുകളിൽ അധ്യാപകരുടെ ഹാജരില്ലായ്മവഴി സർക്കാരിന് നഷ്ടപ്പെടുന്നത് പ്രതിവർഷം 1.5 ബില്യൺ ഡോളറാണെന്നാണ് അടുത്തിടെ ലോകബാങ്ക് നടത്തിയ ഒരു പഠനം പറയുന്നത്. ഇത് ‘സർവശിക്ഷാ അഭിയാന്’ ഫണ്ട് ചെയ്യാൻ ഉപയോഗിക്കുന്ന, രാജ്യത്തെ വിദ്യാഭ്യാസ സെസിൽനിന്ന് ശേഖരിക്കുന്ന വരുമാനത്തിൻ്റെ – അറുപത് ശതമാനത്തോളം വരുമത്രേ!

1,200 ഗ്രാമീണ സർക്കാർസ്‌കൂളുകളിൽ ലോക ബാങ്കിൻ്റെ പഠനസംഘം നടത്തിയ അപ്രഖ്യാപിത സന്ദർശനത്തിൽ, അവിടെയുള്ള 25% അധ്യാപകരും സ്‌കൂളിൽ സ്ഥിരമായി ഹാജരാകാത്തവരാണെന്നും പകുതിയോളം പേർ മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തി. ഹാജരാകാത്തവരുടെ നിരക്ക് മഹാരാഷ്ട്രയിൽ 15% മുതൽ ജാർഖണ്ഡിൽ 42% വരെ നീളുന്നു. (2004)

പ്രാദേശിക ഇടപെടലുകളില്ലാതെ സ്കൂൾ പ്രവർത്തനങ്ങൾ, ഏകീകൃതമല്ലാത്ത അവധിക്കാലം, പ്രാദേശിക അവധികളുടെ പ്രഖ്യാപനം ഇതെല്ലാം പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ഒരു ഏകീകൃത നയത്തിനായി കേന്ദ്രസർക്കാരിന് താല്പര്യങ്ങൾ ഉണ്ടെങ്കിലും, ‘ഇന്ത്യയുടെ വൈവിധ്യം കാരണം അതിന് പ്രായോഗികമായ പ്രയാസങ്ങളുണ്ട് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കൂടുതൽ സ്കൂൾ ദിനങ്ങൾ വിദ്യാർത്ഥികളെ കൂടുതൽ പഠിക്കാൻ സഹായിക്കുമെന്ന് പറയുന്നതിൽ യുക്തിയുണ്ടോ? ഏറെ പ്രസക്തമായ ഈ ചോദ്യം നിലനിൽക്കുമ്പോഴാണ് വലിയ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് കൂടുതൽ പ്രവർത്തി ദിനങ്ങൾ ഇപ്പോൾ സ്കൂൾ കലണ്ടറിൽ ഉൾപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങൾക്കകത്ത് കുട്ടികളും അധ്യാപകരും മുഖാമുഖം കാണുന്ന സമയത്തിൽ വർദ്ധനവ് ഉണ്ടാകേണ്ടതുണ്ടെന്നുള്ള കാര്യത്തിൽ ഒരു തർക്കവുമില്ല.

കേരളത്തിലെ സ്‌കൂളുകളിൽ, ഒരു അധ്യയന വർഷത്തിൽ ശരാശരി 195-197 ബോധന ദിനങ്ങളാണ് ലഭിക്കുന്നതെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്. ജാർഖണ്ഡിലെ സ്‌കൂളുകളിൽ 249 ദിവസങ്ങളുണ്ടെന്ന് അവിടത്തെ സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.

സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിന്റെ മുൻകൈയിൽ തൊണ്ണൂറുകളുടെ അവസാനം നടത്തിയിട്ടുള്ള ഒരു പഠനത്തിൽ, കേരളത്തിലെ ക്ലാസുമുറിക്കകത്ത് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ മുഖാമുഖം കാണുന്നത്, ഒരു വർഷം ശരാശരി 675-700 മണിക്കൂറുകൾ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. 1,000 മണിക്കൂറുകളെന്നതാണ് നമ്മുടെ ടാർജറ്റ്‌. വിദ്യാർത്ഥി സമരങ്ങൾകൊണ്ടും മറ്റും സ്കൂൾ പഠനാന്തരീക്ഷം കലുഷിതമായിരുന്ന ഒരു കാലത്താണ് ഈ അന്വേഷണം നടന്നത്. ആ കാലം കഴിഞ്ഞിരിക്കുന്നു. സമരങ്ങളുടെ പേരിൽ ഇന്ന് കേരളത്തിലെ സ്കൂളുകളിൽ കാര്യമായ പഠനനഷ്ടം ഉണ്ടാകുന്നില്ല. എന്നാൽ വിവിധ മേളകളുടെ സംഘാടനം, കരിക്കുലം-സിലബസ്സ്-പാഠപുസ്തക നിർമ്മാണം, ചോദ്യ പേപ്പറുകൾ തയ്യാറാക്കൽ,, പരീക്ഷാനടത്തിപ്പ്, പരീക്ഷാ മൂല്യനിർണയന പ്രവർത്തനങ്ങൾ, അധ്യാപക പരിശീലനങ്ങൾ, സംഘടനാ പ്രവർത്തനം – എന്നിവയ്ക്കു വേണ്ടിയെല്ലാം ക്ലാസുമുറികളിലെ സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ദിവസങ്ങളോളം മാറിനിൽക്കുന്ന അധ്യാപകരുടെ ഒരു കണക്കെടുപ്പുകൂടി ഇവിടെ ആവശ്യമുണ്ട്.

ഏതാനും വർഷങ്ങളായി പൊതു വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് – മൂന്ന് വർഷക്കാലമായി വലിയ കുറവ് സംഭവിച്ചിട്ടുള്ളതായി കാണാം.. സ്വകാര്യ അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് കടന്നുവന്ന രക്ഷിതാക്കളെ പ്രീതിപ്പെടുത്താൻ കഴിയുന്ന തരത്തിലേക്ക് പൊതു വിദ്യാലയങ്ങളുടെ ഘടനയിലും നടത്തിപ്പിലും എങ്ങനെ മാറ്റങ്ങൾ വരുത്താം എന്നതുസംബന്ധിച്ച് പ്രാദേശികതലംമുതൽ സംസ്ഥാനതലംവരെ വിവിധതരം ആലോചനകൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ ആലോചനകളുടെ ഭാഗമായുള്ള ഒരു കുറുക്കു വഴിയാണ്, അധ്യയനദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനം എന്ന് പറയേണ്ടിവരുന്നു.

നിലവിലുള്ള സാഹചര്യത്തിൽ, പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടിയാൽ അക്കാദമിക നിലവാരം ഉയരും എന്നുള്ള ധാരണ തീർത്തും പിശകാണ്. രക്ഷിതാക്കളുടെ കണ്ണിൽ പൊടിയിടാം എന്നുമാത്രം! വൈകുന്നേരം സ്‌കൂൾ വിടാൻ മണിയടിക്കുമ്പോൾ കുട്ടിക്കും അധ്യാപകനും തോന്നണം; ‘ഇന്ന് എന്തേ നേരത്തെ സ്കൂൾ വിട്ടോ, കുറച്ചുകൂടി സമയം ക്ലാസ് ഉണ്ടായിരുന്നെങ്കിൽ’ എന്നൊക്കെ. അങ്ങിനെ ചിന്തിക്കുന്നവർ ഉണ്ടാകുമ്പോഴേ അതിനെ ഒരു ‘സ്കൂൾ’ എന്ന് വിളിക്കാൻ കഴിയൂ, അല്ലാത്തതെല്ലാം വെറും മഞ്ഞക്കെട്ടിടം മാത്രം!

കുട്ടികൾക്കും അധ്യാപകർക്കും സന്തോഷം പകർന്നു നൽകുന്ന ഒരിടമായി എന്ന് നമ്മുടെ വിദ്യാലയങ്ങൾ മാറുന്നുവോ അന്നേ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കൂട്ടിയിട്ട് കാര്യമുള്ളു.

ജനായത്തവിദ്യാലയവും സർഗ്ഗാത്മകമായ ക്ലാസുമുറികളും സൃഷ്ടിച്ചുകൊണ്ടുമാത്രമേ അധ്യയനസമയവും ദിനങ്ങളും വർദ്ധിപ്പിക്കാനാവൂ എന്ന തിരിച്ചറിവ് ഏറെ പ്രധാനപ്പെട്ടതാണ്. സ്കൂൾ പ്രവൃത്തിദിവസങ്ങൾ വർദ്ധിപ്പിക്കുന്നത് രണ്ടുവട്ടം ആലോചിച്ചുകൊണ്ട് വേണമെന്ന് ഈ സന്ദർഭത്തിൽ അധികാരികളെയും വിദ്യാഭ്യാസ പ്രവർത്തകരെയുമെല്ലാം ഒരു വട്ടംകൂടി ഓർമ്മിപ്പിക്കുന്നു.

അധ്യയന ദിവസങ്ങൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഈ ലേഖനത്തോടുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ..

സ്കൂൾ അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമായി ലൂക്കയുടെ പുതിയ പ്ലാറ്റ് ഫോം LUCA @ School

Happy
Happy
83 %
Sad
Sad
17 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

12 thoughts on “അധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും

 1. ഈ ലേഖനത്തോട് ഞാൻ യോജിക്കുന്നു. ഞാനൊരു പ്രൈമറി സ്കൂൾ അധ്യാപികയും പൊതുവിദ്യാലയത്തിൽ ഒന്നിലും ഒമ്പതിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയും ആണ്. ശനി കൂടി പ്രവർത്തി ദിവസം ആകുന്നതോടെ ഒമ്പതിൽ പഠിക്കുന്ന ആൾ ആകെ കഷ്ടപ്പെടുന്ന അവസ്ഥയാണ്. മറ്റേത് ഞായർ പൂർണ്ണമായും അവധി ആയിരുന്നു. ശനി ക്ലാസ്സ് വന്നതോട് കൂടി ട്യൂഷൻ ഞായർ കൂടി വന്നു. രണ്ട് ദിവസമായി പനിയും ക്ഷീണവും കാരണം സ്കൂളിൽ പോകാൻ കഴിയുന്നില്ല. ദിവസം എണ്ണി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസ്സുകാരൻ ശനിയാഴ്ച ക്ലാസ്സിൽ സ്വയം അവധി എടുത്ത് നിക്കാണ്. സ്കൂളിൽ ശനിയാഴ്ച വരുന്ന കുട്ടികളുടെ എണ്ണം 25% മാത്രമാണ്. അധ്യാപിക എന്ന നിലയിൽ പ്ലാനിങ്ങിൻ്റെ സമയം കുറഞ്ഞു. പേരൻ്റ് എന്ന നിലയിൽ എൻ്റെ കുട്ടികൾക്ക് ആവശ്യമായ സപ്പോർട്ട് കൊടുക്കാനും കഴിയുന്നില്ല. എൻ്റെ സ്കൂളിൽ 17 അധ്യാപകരിൽ ഒരു പുരുഷനും ബാക്കി എല്ലാവരും സ്ത്രീകളും ആണ്. 16 പേരിൽ 5 പേരാണ് BP വേരിയേഷനായി ഹോസ്പിറ്റലിൽ പോയത്. LP സ്കൂളിലെ കുട്ടികൾ പഴയ കുട്ടികൾ അല്ല. അടക്കി ഒന്നിരുത്താൻ കുറേപണിപ്പെടണം. എന്നിട്ട് വേണം വ്യക്തിഗത ശ്രദ്ധ നൽകി എല്ലാവരേയും പങ്കാളികളാക്കി ക്ലാസ്റൂം പ്രവർത്തനം കൊണ്ടുപോകാൻ. വൈകുന്നേരം ശബ്ദം എടുക്കാൻ പോലും കഴിയാത്തവിധം തളർന്നിരിക്കയാണ് പതിവ്. വീട്ടിൽ ചെന്നാലും പേരൻ്റസിൻ്റെ കോളുകളും വീട്ട് ജോലിയും അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പും എല്ലാ കൂടി വിശ്രമമേ ഇല്ലാത്ത അവസ്ഥയാണ് സാധാരണ തന്നെ. ഇത്തിരി വിശ്രമം കിട്ടിയിരുന്നത് വീക്ക് എൻഡിലെ അവധി ദിവസങ്ങളിലായിരുന്നു. ഇപ്പോ അതും പോയി കിട്ടി.

 2. അധ്യാപകരുടെ ജോലി ഭാരവും അവകാശങ്ങളെയും പറ്റി ബോധ്യമുള്ളവർ എന്ത് കൊണ്ട് പ്രധാമധ്യാപകരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നില്ല. കുട്ടികൾ കുറവുള്ള സ്കൂളിലെ പ്രധാമധ്യാപകരുടെ പ്രശ്നങ്ങളും പഠിക്കേണ്ടതല്ലേ. Office work ഉം class charge ഉം ഒരുമിച്ചു കൊണ്ട് പോകുന്ന അത്തരം അധ്യാപകർ ശനിയാഴ്ചകളിലാണ് office work ചെയ്യുന്നത്. അങ്ങനെയുള്ളവരുടെ അമിതഭാരം അധികാരികൾ കാണേണ്ടതല്ലേ. 1 division മാത്രമുള്ള സ്കൂളിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അത്തരം പ്രശ്നങ്ങൾ ആരും കേൾക്കില്ല കാണില്ല.

 3. അധ്യയന ദിവസങ്ങൾ കൂട്ടുന്നതിൽ യോജിപ്പില്ല….. ഒരു ദിവസം വിശ്രമത്തിനും ഒരു ദിവസം തയ്യാറെടുപ്പിനും 5 ദിവസം പഠിപ്പിക്കുന്നതിനും അവസരം കിട്ടുന്നുവെന്ന് ഉറപ്പാക്കണം….. മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപകരുടെ അധ്യയന ദിവസങ്ങൾ നഷ്ടപെടാതിരിക്കാനുള്ള ഏർപ്പാട് ഉണ്ടാകണം…. BRC കോർഡിനേറ്റർ മാരുടെ സമയം ഫലപ്രദമായി ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണം… കായികമേള ഉപജില്ല കൺവീനർ 8 മാസവും സ്കൂളിൽ എത്താത്ത അവസ്ഥ ഉണ്ട്….. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതം ചെറുതല്ല

 4. അധ്യയന ദിവസങ്ങൾ വർധിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല, കുട്ടികൾക്ക് ആകെ കിട്ടുന്ന ഒരു ശനിയാഴ്ച്ചയാണ്. അതുംകൂടി ക്ലാസ് വെച്ചാൽ കുട്ടികൾക്ക് പഠനത്തോട് തന്നെ വെറുപ്പാകും. അവർക്ക് കളിക്കാനും രസിക്കാനും എപ്പോൾ സമയംകിട്ടും. കുട്ടികൾ ഇഷ്ടത്തോടു കൂടിയാണ് സ്കൂളിൽ പോകുന്നത്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിക്കുട്ടികൾ സ്കൂളുൽ പോകുന്ന അവസ്ഥ വരും

 5. കുട്ടികളുടെ മാനസിക വളർച്ച ആണ് ഏറ്റവും പ്രധാനം.aa പ്രായത്തിൽ മാത്രമേ ഒരു മനുഷ്യൻ ഫ്രീ ആയി ജീവിക്കുന്നുള്ളൂ.കളികളും കലകളും ഒക്കെ ഈ പ്രായത്തിൽ വളരെ പ്രധാനം ആണ്. അവർക്കതിനുള്ള സമയം കൊടുത്തെ പറ്റൂ.ആഴ്ചയുടെ അവസാനം ഹോം വർക്കുകളുടെ ഭാരം കൂടുതൽ ആണു.ഒരു ദിവസം മാത്രം കിട്ടുമ്പോൾ പാവം കുട്ടികൾക്ക് അവരുടെ കുട്ടിക്കാലമാണ് നഷ്ടപ്പെടുന്നത്.ജീവിതത്തിൽ നമ്മൾ മുതിർന്നവർ എല്ലാവരും നൊസ്റ്റാൾജിയ അടിക്കുന്ന ഒരു കാലം . നമ്മുടെ മക്കൾക്കും ആ നൊസ്റ്റാൾജിയ കാലം നൽകേണ്ടത് നമ്മുടെ കടമ ആണ്. പഠിപ്പ് മാത്രമല്ല ജീവിതം.

  1. യോജിക്കുന്നു.
   “കല എന്തിനു വേണ്ടി ”
   എന്ന ഒരു കാലത്തെ ചൂടു ചർച്ച
   ഓർത്തു പോവുന്നു.
   പുസ്തകങ്ങളും പ0നവും മാത്രമായി
   ഒരു തലമുറ വളർന്നാൽ….?

 6. തീർച്ചയായും ലേഖകൻ്റെ വിലയിരുത്തകളോട് യോജിക്കുന്നു. പക്ഷേ 20 ലധികം വർഷങ്ങളായി അധ്യാപന മേഖലയിലുള്ള അനുഭവത്തിൽ നിന്നും ഇവിടെ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട് .
  അധ്യാപകർക്ക് കുട്ടികളുടെ അടുത്തേക്ക് പോകാൻ മാനസികവും ബുദ്ധിപരവുമായആസൂത്രണം നടത്താനും updations നും സമയം
  ആവശ്യമാണ്. അതിന് സ്വാസ്ഥ്യം നിറഞ്ഞ
  ഒരു ദിനമായാണ് ശനിയാഴ്ചയെ കണ്ടിരുന്നത്.
  കുടുംബത്തോടൊപ്പം ഒരു ഞായറും.
  കുട്ടികളുടെ കളി,കലാവാസനകൾക്കു മാത്രമല്ല
  ഞായറിൻ്റെ കൂട്ടത്തിൽ കിട്ടുന്ന ശനിയെ സ്വതന്ത്രമായി ഉപയോഗപ്പെടുത്താനാവുന്നത്. അവരുടെ സാഹിത്യ താൽപര്യങ്ങൾക്കു കൂടിയാണ്.
  അവർക്ക് അധിക വായനയ്ക്കു കൂടി
  ഒരു സമയം ഇത് നൽകുന്നു എന്നതാണ് അനുഭവം.

 7. അധ്യയന ദിവസങ്ങളുടെ എണ്ണത്തേക്കാൾ ലഭിക്കുന്ന മണിക്കൂറുകൾ സർഗാത്മകമായി വിനിയോഗിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്

  1. തീർച്ചയായും അത് തന്നെയാണ് പരിശോധിക്കപ്പെടേണ്ടത്. വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഏതൊരു പരിഷ്കാരവും നല്ലൊരു പഠനം ആവശ്യപ്പെടുന്നതാണ് .അതിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ എന്തെന്ന് കണ്ടെത്തി വിദ്യാഭ്യാസ മനശാസ്ത്രത്തിനും ശാസ്ത്രീയ ചിന്തയ്ക്കും അനുസരിച്ച് പരിഹാരമാർഗങ്ങൾ രൂപപ്പെടുത്തുകയാ ണ് വേണ്ടത്.

 8. കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ടാണ് ‘ അധ്യാപകർക്ക് ഒരോ ആഴ്ചയിലും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾക്കായി നന്നായി ഒരുങ്ങാൻ കഴിയില്ല .കുട്ടികളുടെ ഹാജർ കുറവ്

 9. അധ്യയന ദിവസങ്ങൾ വർദ്ധിപ്പിച്ചിട്ട് പ്രയോജനമൊന്നുമില്ല. നിലവിലുള്ള സമയമെങ്കിലും കുട്ടികളോടൊപ്പം മനസമാധാനത്തോടെ ചിലവഴിക്കാൻ അധ്യാപകരെ അനുവദിക്കുക. ഞങ്ങൾ ശരിക്കും അധ്യാപകരാണോ അതോ clerk work ചെയ്യുന്നവരാണോ എന്നാണ് സംശയം . മുകളിലുള്ളവർ ദിവസേനെ ഓരോ സർക്കുലർ ഇടും വൈകുന്നേരത്തിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കണം Photos upload ചെയ്യണം video എടുക്കണം. ആവശ്യത്തിന് പ്രവർത്തനങ്ങൾ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പാഠ പുസ്തകത്തിലുണ്ട്. പിന്നെ എന്തിനാണ് എന്ത് വന്നാലും സ്കൂളുകളിൽ extra works ഓരോ department കൊണ്ടുവരുന്നത്. ഒരു ദിവസം അധ്യാപകർ ഉറക്കമുളച്ച് Plan ചെയ്ത് വരുന്നവ നടപ്പിലാക്കാൻ വേണ്ട സമാധാനം പോലും ഇന്ന് ക്ലാസ് മുറികളിൽ ലഭിക്കുന്നില്ല. ഒട്ടും സാവാകാശമില്ലാതെ നെട്ടോട്ടം ഓടുകയാണ് അധ്യാപകർ. ഒരു ദിവസത്തെ പരാക്രമങ്ങൾക്കു ശേഷം ക്ഷീണിതനായി ഇരിക്കുമ്പോൾ ഒട്ടും ആത്മ സംതൃപ്തി തോന്നുന്നില്ല. എൻ്റെ ജോലി തന്നെയാണോ ഞാൻ ഇന്ന് ചെയ്തത് എൻ്റെ മുന്നിൽ ഇരിക്കുന്ന കുട്ടിക്ക് അറിവുകൾ ശരിയായ രീതിയിൽ നൽകാൻ കഴിഞ്ഞോ? അവശതയും ക്ഷീണവും മടിപ്പുംമാത്രമാണ് മിച്ചം. വളരെ മികച്ച ലേഖന മായിരുന്നു. വായിച്ചപ്പോൾ അധ്യാപകർ വെറുതെയിരുന്ന് ശമ്പളം വാങ്ങിക്കുന്നു എന്ന് ചിന്തിക്കാത്തവരും ഉണ്ടല്ലോ എന്ന് തോന്നി.

 10. പ്രവൃത്തി സമയത്തിലാണ് മാറ്റം ആവശ്യമുള്ളത്. കാലത്ത് 8 മണിക്ക് ആരംഭിച്ച് 2 മണിക്ക് അവസാനിക്കുന്ന രീതിയിലെങ്കിൽ സായാഹ്നങ്ങൾ സന്തോഷ പ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് സാധിക്കും.
  ഫോണിൽ ഈ ലേഖനം വായിക്കാൻ വളരെ ബുദ്ധിമുട്ടി. ഇനി വരുന്നവയിൽ ഫോണ്ട് പരിഷ്ക്കരിക്കണമെന്നഭ്യർത്ഥിക്കുന്നു.

Leave a Reply

Previous post വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ
Next post തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം
Close