ആമുഖം
സ്കൂളുകളും കോളേജുകളും മറ്റും അടച്ചത് കുട്ടികള്‍ക്കും കുട്ടികളിലൂടെ മുതിര്‍ന്നവര്‍ക്കുമുള്ള വലിയ തോതിലുള്ള രോഗവ്യാപനം തടയാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് അനുഭവത്തിലൂടെ തന്നെ വ്യക്തമായിക്കഴിഞ്ഞു. അതിനാൽ വിദ്യാലയങ്ങള്‍ തുറക്കുന്നതുമൂലം കുട്ടികൾക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. മറിച്ച് വീട്ടിലുള്ള മുതിര്‍ന്നവരിലേക്ക് രോഗാണുവ്യാപനം നടന്ന് അത്യാഹിതങ്ങള്‍ ഉണ്ടാകുന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ഇതിനകം 18 വയസ്സിന് മുകലിലുള്ള 90 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിക്കഴിഞ്ഞു. രോഗബാധിതരുടെ എണ്ണവും ആശുപത്രി പ്രവേശനനിരക്കും കുറഞ്ഞു വരികയാണ്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദീർഘകാലം അടച്ചിട്ടതു മൂലം കുട്ടികളിലുണ്ടായ സാമൂഹിക-വികാസ – മാനസികാരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. അവ പരിഹരിക്കണമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കുക തന്നെ വേണം. ആ നിലക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവില്‍ സ്വാഗതം ചെയ്യുന്നു.
ചെറിയ കുട്ടികള്‍ക്കാണ് രോഗപ്രതിരോധശേഷി താരതമ്യേന കൂടുതല്‍. അതിനാല്‍ പ്രൈമറി ക്ലാസുകള്‍ തുറക്കാനുള്ള തീരുമാനത്തെ ഭയാങ്കയോടെ കാണേണ്ടതില്ല. എന്നാല്‍ കൊച്ചുകുട്ടികളുടെ കാര്യത്തിലാവുമ്പോള്‍ മാതാപിതാക്കള്‍ സ്വാഭാവികമായും ഉത്കണ്ഠപ്പെടും. അവര്‍ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുമോ എന്ന സംശയമാണ് അതിനു പിന്നില്‍. വേണ്ട രീതിയില്‍ മനസ്സിലാക്കി കൊടുത്താല്‍ കൊച്ചുകുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ നന്നായി കാര്യങ്ങള്‍ ഏറ്റെടുക്കും എന്നതാണ് വസ്തുത. കോളേജ് വിദ്യാര്‍ഥികളും സാഹചര്യം മനസ്സിലാക്കി പെരുമാറും എന്നുതന്നെ പ്രതീക്ഷിക്കണം. എന്നാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായും ഫലപ്രദമായും നടക്കണം. ഇക്കാര്യം രക്ഷാകര്‍ത്താക്കളെയും പൊതുസമൂഹത്തെയും ശരിയാംവിധം ബോധ്യപ്പെടുത്തുകയും വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച തീയതികള്‍ക്കുള്ളില്‍ ഇതൊക്കെ നടക്കണമെങ്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്കൂളുകളിലും കോളേജുകളിലും ഉള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളണം. ഇത്തരം കാര്യങ്ങളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുള്ള ഉത്കണ്ഠ രേഖപ്പെടുത്തുന്നതോടൊപ്പം ഏതാനും നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കുന്നു.
A. ആരോഗ്യസുരക്ഷാ നടപടികള്‍
പ്രോട്ടോക്കോള്‍
- സ്കൂളിലേക്കും കോളേജിലേക്കും വരുമ്പോഴും സ്ഥാപനത്തില്‍ വെച്ചും തിരിച്ച് പോകുമ്പോഴും വീട്ടിലെത്തിക്കഴിഞ്ഞാലും ഹോസ്റ്റലില്‍ കഴിയുമ്പോഴും കാന്റീനിലും കുട്ടികള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ രൂപീകരിക്കുകയും പരസ്യപ്പെടുത്തുകയും വേണം.
സാമഗ്രികള്‍ ഒരുക്കല്‍
- കുട്ടികള്‍ നിശ്ചിത സ്പെസിഫിക്കേഷനുള്ളതും പ്രായത്തിന് അനുയോജ്യമായതുമായ മാസ്കുകള്‍ യാത്രക്കിടയിലും വിദ്യാലയങ്ങളിലും ധരിക്കേണ്ടതുണ്ട്. ഓരോ കുട്ടിക്കും ഇരട്ട ലെയറുള്ള നാലഞ്ച് കോട്ടൺ മാസ്ക് വേണ്ടി വരും. ഒരു ദിവസം ഒരു മാസ്ക് എന്ന രീതി സ്വീകരിക്കാം. കഴുകി ഉപയോഗിക്കാവുന്നതായിരിക്കണം. കോളേജ്, ഉപജില്ല / ബി ആർ സി / പഞ്ചായത്ത് തലങ്ങളിൽ മാസ്ക് നിർമിച്ച് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസ്ക് എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കാനാകും.
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം. ഇത് ഇടവേളകളിലും വേണ്ടിവരും. ഇതിനുള്ള സോപ്പും വെള്ളവും മതിയായ എണ്ണം ടാപ്പും ഒരുക്കണം.
ഭൗതികാന്തരീക്ഷം വമെച്ചപ്പെടുത്തല്‍
-
ദീർഘകാലം അടഞ്ഞു കിടന്നതിനാൽ സ്കൂളുകളിലും കോളേജുകളിലും സമ്പൂർണമായ ശുചീകരണം നടത്തണം.
-
കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയിലുള്ള ക്രമീകരണം ഉണ്ടെന്ന് ഉറപ്പാക്കണം.
-
സാധ്യമാണെങ്കിൽ മരച്ചുവടുകളും തുറസ്സായ തണലിടങ്ങളും ക്ലാസ് നടത്തിപ്പിനായി ക്രമീകരിക്കാം.
പ്രവേശന നിയന്ത്രണം
-
ഓരോ കുട്ടിയെയും സംബന്ധിച്ചുമുള്ള വിവരങ്ങൾ കഴിവതും മുന്‍കൂട്ടി ശേഖരിക്കണം.
-
കുട്ടിയുടെ ആരോഗ്യനില, നിലവിലുള്ള രോഗങ്ങൾ, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, രോഗാവസ്ഥ, വാക്സിനേഷന്‍ നില, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുണ്പ് വാക്സിനേഷന്‍ എടുത്തു എന്ന വിവരം, സ്കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന വാർഡ്, പ്രദേശം എന്നിവ ശേഖരിക്കുന്നത് തീരുമാനങ്ങൾ എടുക്കാൻ സഹായകമാകും.
-
ഗുരുതരമായ രോഗങ്ങൾ ഉള്ള കുട്ടികൾ തുടക്കത്തിൽ വരാതിരിക്കുകയാണ് നല്ലത്.
-
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമുള്ളതിനാൽ പിന്നീട് പരിഗണിച്ചാൽ മതിയാകും.
-
വീടുകളിൽ ഗുരുതരമായ രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവരുണ്ടെങ്കിലും ആ വീടുകളിലെ വിദ്യാർഥികൾ സ്ഥാപനത്തിലേക്ക് വരുന്നത് സർക്കാർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം.
-
കോവിഡ് ബാധിച്ച അവസ്ഥയിലുള്ള രക്ഷിതാക്കളുടെ മക്കൾ നിശ്ചിത സുരക്ഷാകാലം കഴിഞ്ഞതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയാൽ മതിയാകും.
-
സ്കൂൾ / കോളജ് വാഹനങ്ങളിൽ വരുന്ന കുട്ടികളുടെ കാര്യത്തിലും നിയന്ത്രണം വേണ്ടിവരും. നടന്നെത്താവുന്ന ദൂരത്തിലുള്ളവർക്കും സ്വന്തം നിലയിൽ രക്ഷിതാക്കൾക്ക് എത്തിക്കാൻ കഴിയുന്നവര്‍ക്കും ആദ്യ പരിഗണന നല്‍കാം.
-
എല്ലാ അധ്യാപക –അനധ്യാപക ജീവനക്കാരും വാഹനങ്ങളിലെ തൊഴിലാളികളും കാന്റിന്‍ ജീവനക്കാരും വാക്സിൻ എടുത്തവരാണെന്ന് ഉറപ്പു വരുത്തണം. ഗുരുതരമായ രോഗമുള്ളവരുടെ വിവരം ശേഖരിക്കുകയും ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം അവരുടെ പ്രവർത്തനം നിശ്ചയിക്കുകയും വേണം.
-
കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോളേജ് കേന്ദ്രീകരിച്ചുതന്നെ വാക്സിന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കാം.
-
എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളിലെ അധ്യാപകർ /അനധ്യാപകർ / വിദ്യാർഥികൾ എന്നിവർക്ക് ലഭിച്ച വാക്സിൻ കണക്കുകൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഗസ്റ്റ് ടീച്ചേഴ്സിനെ കൂടി വാക്സിൻ ഡ്രൈവിൽ ഉൾപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം
പ്രവേശനക്രമം
-
എല്ലാവരും എല്ലാ ദിവസവും വരാന്‍ പറ്റും വിധം കുട്ടികളുടെ എണ്ണം കുറവാണെങ്കില്‍ അതിനുള്ള അനുമതി നല്‍കാം.
-
അല്ലാത്ത സ്ഥലങ്ങളില്‍ കുട്ടികളെ ബാച്ചുകളാക്കി തിരിച്ച് ദിവസങ്ങള്‍ തീരുമാനിക്കണം. ഇടവിട്ട ദിവസങ്ങള്‍, ഷിഫ്റ്റ് രീതി എന്നിവയൊക്കെ ആവാം. കൊവിഡ് ബാധയുടെ സുരക്ഷാ കാലവുമായി ബന്ധപ്പെടുത്തിയും ക്രമം നിശ്ചയിക്കാവുന്നതാണ്.
-
14 ദിവസം തുടർച്ചയായി ഒരു സംഘം കുട്ടികൾ വരുന്ന രീതിയും പരിഗണിക്കാം. തുടർന്ന് അടുത്ത 14 ദിവസം അടുത്ത സംഘം. ഏതെങ്കിലും കാരണവശാൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിൽ വീട്ടിൽ കഴിയുന്ന 14 ദിവസം കൊണ്ട് അതിൽ നിന്ന് സുഖം പ്രാപിക്കാനും വ്യാപനം തടയാനും കഴിയുമെന്നതാണ് ഇതിന്റെ മെച്ചം.
-
പൊതുനിര്‍ദേശങ്ങള്‍ പാലിച്ച് ഉചിതമായ രീതി പരീക്ഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുവദിക്കാം.
-
കുട്ടി വീട്ടിലിരുന്നാണോ സ്ഥാപനത്തില്‍ വന്നാണോ പഠിക്കുന്നത് എന്ന കാര്യത്തില്‍ രക്ഷിതാവിന് തീരുമാനമെടുക്കാം.
-
ലാബ്, പ്രോജക്ട് എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാം.
സാമൂഹ്യ അകലം പാലിക്കല്‍
-
ഒരു ക്ലാസിൽ മുറിയുടെ വലുപ്പം പരിഗണിച്ച് നിശ്ചിത സാമൂഹിക അകലം (മുൻ, പിൻ, വശങ്ങളിലേക്ക് എത്ര മീറ്റർ അകലം) പാലിച്ച് എത്ര കുട്ടികൾ വരെയാകാം എന്ന് തീരുമാനിക്കണം. ഇങ്ങനെ ഓരോ ക്ലാസിലും എത്രയെന്ന് നിശ്ചയിച്ച് മൊത്തത്തില്‍ പ്രവേശിപ്പിക്കാവുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കണം.
-
സ്കൂള്‍, കോളേജ് വാഹനങ്ങളിലും സാമൂഹ്യ അകലം ഉറപ്പാക്കുകയും വായുപ്രവാഹം ഉറപ്പുവരുത്തുകയും വേണം.
-
കുട്ടികൾ കൂട്ടം കൂടുന്ന സന്ദർഭങ്ങൾ കഴിവതും ഒഴിവാക്കണം. അസംബ്ലി പോലുള്ള ചടങ്ങുകളും സമ്മേളനങ്ങളും ഈ ഘട്ടത്തില്‍ പാടില്ല. കോളേജുകളില്‍ കുട്ടികള്‍ കൂട്ടംകൂടുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
-
പോഷകാഹാരം ഉറപ്പു വരുത്തുന്നതിന് സഹായകമാണ് സ്കൂൾ ഉച്ചഭക്ഷണ പരിപാടി. സ്കൂളിൽ തന്നെ പല വിതരണസ്ഥാനങ്ങൾ നിശ്ചയിച്ച് വ്യത്യസ്ത സമയങ്ങളിലായി കുട്ടികൾ കൂട്ടം കൂടാത്ത വിധം വിതരണം ക്രമീകരിക്കണം.
-
കുടിവെള്ള വിതരണം, ശുചിമുറികൾ, മൂത്രപ്പുര എന്നിവയുടെ ഉപയോഗം എന്നിവയിൽ ആരോഗ്യ മനദണ്ഡങ്ങൾ പാലിക്കണം
-
ശീതീകരിച്ച മുറികളിലും ക്ലാസുകൾ നടത്തരുത്.
-
കുട്ടികളുമായി ഇടപഴകുന്നവരാണ് അധ്യാപകർ. സഹപ്രവർത്തകരുമായി ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ, ചർച്ച, മീറ്റിംഗ് എന്നിവയിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം
-
ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്. ഇവർ വീടുകളിലേക്ക് പോകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണം. രോഗബാധയുണ്ടായാൽ അവരെ വീടുകളിലേക്ക് വിടാതെ ഹോസ്റ്റലുകളിൽ തന്നെ പരിചരിക്കാനുള്ള സംവിധാനം ഒരുക്കുകയും വേണം.
-
ജലദോഷം, പനി, ഛർദി, വയറിളക്കം, വയറുവേദന, ചുണ്ടും വായും ചുവക്കൽ എന്നിവ കണ്ടാൽ ഭയപ്പെടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പ്രവർത്തിക്കണം.
മറ്റുള്ളവര്‍ക്കുള്ള നിയന്ത്രണം
-
കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം. വാക്സിനേഷൻ എടുത്തവരും ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരുമായ പി.ടി.എ. ഭാരവാഹികൾക്കു മാത്രമേ നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കാവൂ.
-
ക്ലാസ് പി.ടി.എ യോഗങ്ങളും മറ്റും ഓൺലൈനായിത്തന്നെ തുടരണം.
-
കുട്ടികളെ കൊണ്ടാക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ക്രമീകരണം ഉണ്ടാക്കണം.
ബോധവത്കരണം
-
ആരോഗ്യസുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ അധ്യാപകര്‍, ഇതരജീവനക്കാര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നല്‍കണം.
B. അക്കാദമിക പ്രവര്‍ത്തനങ്ങള്‍
സ്കുളുകള്‍
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. വിക്റ്റേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസും സായാഹ്നങ്ങളില്‍ അതത് അധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുമാണ് കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഉപകരണങ്ങളുടെ അഭാവം, റേഞ്ചിന്റെ കുറവ്, ഗാര്‍ഹിക പിന്തുണയിലെ ഏറ്റക്കുറച്ചില്‍, ഡിജിറ്റല്‍ രീതിയുടെ പരിമിതി തുടങ്ങിയവ മൂലം ഇതിന്റെ ഫലപ്രാപ്തിയില്‍ കുറവുകള്‍ ഉണ്ടായിട്ടുണ്ട്. സമൂഹത്തിലെ പിന്നാക്ക കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഏറെ നഷ്ടം സംഭവിച്ചിട്ടുള്ളത്. അതേസമയം, ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ഥിതി താരതമ്യേന മെച്ചമായിരുന്നു താനും. അക്കാദമികമായ മുന്നൊരുക്കങ്ങള്‍ കൃത്യമാവണമെങ്കില്‍ കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് കുട്ടികള്‍ക്ക് നഷ്ടപ്പെട്ടതെന്ത് എന്നത് സംബന്ധിച്ച വ്യക്തമായ തിരിച്ചറിവ് ഉണ്ടാവണം.
നഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍
- സ്കൂള്‍ എന്നത് അറിവ് നേടാനുള്ള ഇടം മാത്രമല്ല. സ്കൂളിലെ കൂട്ടായ്മയും പരസ്പരമുള്ള ആശയക്കൈമാറ്റങ്ങളും പഠനാന്തരീക്ഷവും വിവിധ പ്രവര്‍ത്തനങ്ങളും ഒക്കെ ചേര്‍ന്നാണ് കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്. ഈ അനുഭവം നഷ്ടമാവുകയും വീട്ടിനകത്ത് തന്നെ മാസങ്ങളോളം കഴിയേണ്ടി വരികയും ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് പല മേഖലകളിലും ഏറ്റക്കുറച്ചിലുകളോടെ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കേരളത്തിലും ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ ഇക്കാര്യം ശരിവെക്കുന്നു.
-
എല്ലാവര്‍ക്കും തന്നെ ശാരീരിക വ്യായാമത്തില്‍ കുറവുണ്ടായി. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വന്നു. ദിനചര്യയുടെ താളം തെറ്റി. ആശയവിനിമയത്തിനുള്ള അവസരം കുറഞ്ഞു. പലരിലും വൈകാരിക പ്രകടനത്തില്‍ വ്യതിയാനമുണ്ടായി. ചിലര്‍ക്ക് ഭയവും അനിശ്ചിതത്വവും അനുഭവപ്പെട്ടു. എല്ലാവര്‍ക്കും തന്നെ സാമൂഹിക ശേഷികളില്‍ കുറവുണ്ടായി. ഡിജിറ്റല്‍ ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗം ശാരീരികവും ശീലപരവുമായ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കി.
-
ഓണ്‍ലൈന്‍ രീതിയിലുള്ള പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ നടന്നെങ്കിലും ആശയരൂപീകരണത്തില്‍ വലിയ കുറവുണ്ടായി. പഠനത്തില്‍ പ്രധാനമായ മുന്നറിവില്‍ നല്ല തോതിലുള്ള ചോര്‍ച്ച സംഭവിച്ചു. പഠിക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കുന്നതില്‍ പലര്‍ക്കും പ്രയാസം നേരിട്ടു. പ്രായോഗികമായ പല അനുഭവങ്ങളും കിട്ടാത്ത നില ഉണ്ടായി.
-
വായന, സര്‍ഗാത്മകമായ ആവിഷ്കാരം, സംഘപ്രവര്‍ത്തനം എന്നിവയിലും പുതിയ സാഹചര്യം ഇടിവുണ്ടാക്കി. സ്കൂളില്‍ നിന്നും കിട്ടിയിരുന്ന കൂട്ടായ്മ, സ്നേഹം, അംഗീകാരം, പ്രോത്സാഹനം എന്നിവയും ഇല്ലാതായി.
-
സ്കൂള്‍ അനുഭവം ഒരിക്കലും കിട്ടാത്തവരും അധ്യാപകരെ നേരില്‍ കാണാത്തവരും കൂട്ടത്തില്‍ ഉണ്ട്.
സ്കൂള്‍ തുറന്നാലും വളരെപ്പെട്ടെന്ന് പൂര്‍വസ്ഥിതിയിലേക്ക് എത്താനാവില്ല എന്ന് തീര്‍ച്ചയാണ്. ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടതായി വരും. ഇതുകൂടാതെ സ്കൂള്‍, ഓണ്‍ലൈന്‍ അനുഭവങ്ങളുടെ സങ്കരണം എന്നതും കുട്ടികളെയും അധ്യാപകരെയും സംബന്ധിച്ച് പുതിയ ഒന്നാണ്. ‘നോര്‍മല്‍’ ആയ ഒരു കാലത്തേക്കു വേണ്ടി തയ്യാറാക്കിയ കരിക്കുലത്തില്‍ പല മാറ്റങ്ങളും വരുത്തണം. പഠനം, പരീക്ഷ, ഗൃഹപാഠം, രക്ഷാകര്‍ത്തൃപിന്തുണ തുടങ്ങിയവയിലും ഒട്ടേറെ പുതുക്കലുകള്‍ ആവശ്യമായി വരും. ഓണ്‍ലൈന്‍ രീതികള്‍ ഉപയോഗിക്കുന്നതിന് ഉണ്ടായി വന്നിട്ടുള്ള പുതിയ സൗകര്യങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ അടച്ചിടല്‍ കാലത്ത് അക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള പരിചയവും ഒരു നേട്ടമായി കണ്ടുകൊണ്ടുള്ള പുനരാലോചനകളാണ് നടക്കേണ്ടത്.
പൊതുസമീപനം
വ്യക്തിത്വവികാസത്തില്‍ ഉണ്ടായിട്ടുള്ള നഷ്ടങ്ങളും അക്കാദമിക കാര്യങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകളും പരിഗണിച്ചു കൊണ്ടുള്ള ഒരു പൊതുസമീപനം രൂപപ്പെടുത്തി വേണം മുന്നോട്ടു പോകാന്‍.
-
ആദ്യ ദിവസങ്ങള്‍ – മഞ്ഞുരുക്കല്‍
ഒന്നര വർഷത്തെ ഇടവേളക്കു ശേഷം സ്കൂൾ തുറക്കുകയാണ്. സാമൂഹികാകലം പാലിച്ചുള്ള വിപുലമായ പ്രവേശനോത്സവം സമൂഹം ഏറ്റെടുക്കണം. കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതിന് പ്രാധാന്യം നൽകണം. പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യസമൂഹം കൈവരിച്ച നേട്ടത്തെ ഉൾക്കൊള്ളാനുള്ള അവസരം കൂടിയായി ഇത് മാറണം.
പാട്ടുപാടിയും കഥകള്‍ പറഞ്ഞും ചിത്രങ്ങള്‍ വരച്ചും ഒന്നാം ദിവസം ആഹ്ലാദകരമാക്കണം. ഇതിനിടയില്‍ സ്കൂളില്‍ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും എന്തുകൊണ്ട് നാം അവ പാലിക്കണമെന്ന് ബോധ്യപ്പെടുത്തുകയും വേണം. കുട്ടികളുടെ ഭയാശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വേണം. താനൊറ്റക്കല്ല സമൂഹം ഒപ്പമുണ്ട് എന്ന ധാരണ ഓരോ കുട്ടിയാലും രൂപപ്പെടുത്തണം.
കുട്ടികൾക്ക് നഷ്ടപ്പെട്ടത് ചങ്ങാത്തമാണ്. നാലഞ്ചു കുട്ടികളെ ഉൾപ്പെടുത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ചങ്ങാത്തക്കുട്ടങ്ങൾ രൂപീകരിക്കണം. അവര്‍ തമ്മിലുള്ള ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കണം.
-
തുടര്‍ന്നുള്ള ഒരാഴ്ചക്കാലം – വികാസനഷ്ടങ്ങള്‍ നികത്തല്‍
ശാരീരിക വ്യായാമം, വൈകാരിക സംതുലനം, സാമൂഹ്യ ഇടപെടല്‍, ആശയവിനിമയം, സര്‍ഗാത്മക പ്രകടനം, ആത്മവിശ്വാസം എന്നിവ ലക്ഷ്യമാക്കിയുള്ള സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വേണം ആദ്യത്തെ ഒരാഴ്ച പിന്നിടാന്‍. വായന പ്രോത്സാഹിപ്പിക്കാന്‍ വായനാ സാമഗ്രികള്‍ ലഭ്യമാക്കല്‍, പത്രവായന തിരിച്ചുപിടിക്കല്‍, കോവിഡ് സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ രൂപപ്പെടുത്തല്‍ എന്നിവയ്ക്ക് ഈ ഘട്ടത്തില്‍ തുടക്കമിടാം. രക്ഷിതാക്കളുടെ സഹായത്തോടെ നടത്താവുന്ന ലഘുവായ നിരീക്ഷണങ്ങള്‍, നിര്‍മാണങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ വഴി പഠനത്തോട് താത്പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇക്കാലത്ത് പോരായ്മകള്‍ എടുത്തു പറയാതെ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനായിരിക്കണം അധ്യാപകശ്രദ്ധ. ശീലങ്ങളിലും ജീവിതശൈലിയിലും വന്നിട്ടുള്ള ശൈഥില്യങ്ങള്‍ പരിഹരിക്കാനും ഇക്കാലത്ത് രക്ഷിതാക്കളുടെ പിന്തുണയോടെ ശ്രമിക്കാം.
-
തുടര്‍ന്നുള്ള ദിവസങ്ങള്‍
സിലബസിലെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കാനുള്ള സമയം ഇനിയില്ല എന്നതിനാല്‍ ചില ഫോക്കസ് ഏരിയകള്‍ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയാവും ഉചിതം. തുടര്‍പഠനത്തെ കാര്യമായി ബാധിക്കുന്ന ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കാം. ഒപ്പം മുന്നറിവുകളില്‍ വന്നിട്ടുള്ള ശോഷണം പരിഹരിക്കാനും ശ്രമിക്കാം. ഭാഷാവിഷയങ്ങളില്‍ പാഠപുസ്തകത്തെ അധികമായി ആശ്രയിക്കാതെ, ശേഷികളില്‍ ഊന്നിയുള്ള പഠനത്തിന് അവസരമൊരുക്കാം. പ്രായോഗിക പ്രവര്‍ത്തനങ്ങളും അകലം പാലിച്ചുള്ള സംഘപ്രവര്‍ത്തനങ്ങളും സ്കൂളിലും മറ്റുള്ളവ, ഓണ്‍ലൈന്‍ രീതിയില്‍ വീട്ടില്‍ വെച്ചും പഠിക്കുക എന്ന തരംതിരിവ് ഉണ്ടാക്കാം. വീട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താവിന്റെ ഗുണാത്മക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമിക്കാം.
-
വിലയിരുത്തല്‍
ഇത്തരത്തില്‍ അയവുള്ള ഒരു സമീപനവുമായി മുന്നോട്ടു പോകുന്നതില്‍ വിലയിരുത്തല്‍ പ്രക്രിയ ഒരുതരത്തിലും തടസ്സം സൃഷ്ടിക്കരുത്. വാര്‍ഷിക പരീക്ഷ, ടേം പരീക്ഷ എന്നിവ ഒഴിവാക്കുകയും തുടര്‍വിലയിരുത്തല്‍ ഫലപ്രദമാക്കുകയും ചെയ്യുന്നത് നന്നായിരിക്കും. തുടര്‍വിലയിരുത്തലിലൂടെ പഠനപിന്തുണ ആവശ്യമുള്ള മേഖല തിരിച്ചറിയാനും സഹായം ലഭ്യമാക്കാനും കഴിഞ്ഞാല്‍ അത് കുട്ടിയുടെ മുന്നോട്ടുപോക്കിനും ആത്മവിശ്വാസ വികസനത്തിനും സഹായകമാവും.
-
ഓണ്‍ലൈന്‍ പഠനം
സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ സ്കൂള്‍ തലത്തില്‍ കുട്ടികളുടെ എണ്ണം ക്രമീകരിക്കേണ്ടി വരും. ഒരു ക്ലാസില്‍ കുട്ടികള്‍ നന്നെ കുറവാണെങ്കില്‍ അത്തരം വിദ്യാലയങ്ങളില്‍ മുഴുവന്‍ കുട്ടികളും വരുന്നതില്‍ പ്രശ്നമില്ല. ക്വാറന്റയിന്‍ സാഹചര്യവും കുട്ടികളുടെ ഹാജരിനെ നിര്‍ണയിക്കും. ചിലപ്പോള്‍ ചില ക്ലാസുകള്‍ കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കേണ്ടതായും വരും. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കാണാമെന്നതിനാല്‍ വിക്റ്റേഴ്സ് ചാനല്‍ വഴി ദിവസേനയുള്ള സംപ്രേക്ഷണം തുടരാവുന്നതാണ്. സ്കൂളില്‍ അതത് ദിവസങ്ങളില്‍ വരാത്തവര്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ പിന്തുണയും കുറച്ചു കാലത്തേക്ക് അധ്യാപകര്‍ക്ക് തുടരേണ്ടിവരും.
മുന്നൊരുക്കങ്ങള്‍
ഒട്ടേറെ മുന്നൊരുക്കം വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നാലേ ഇത്തരമൊരു പദ്ധതി സമയബന്ധിതമായും വിജയകരമായും നടപ്പിലാക്കാനാവൂ. അവ എന്തൊക്കെയെന്നു നോക്കാം.
-
പഠനം, വിലയിരുത്തല്‍, അധ്യാപക പിന്തുണ, വിദ്യാര്‍ഥി പിന്തുണ, ഉദ്യോഗസ്ഥ പിന്തുണ തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു സമീപനരേഖ തയ്യാറാക്കേണ്ടി വരും. ഇതില്‍ സിലബസിന്റെ അനുരൂപീകരണം, വികേന്ദ്രീകൃതമായി പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍, പരിശീലനം, ഓഫ്‍ലൈന്‍ – ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായ ആക്ഷന്‍പ്ലാനും തയ്യാറാക്കണം.
-
വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ സംഘടിപ്പിക്കണം.
-
അധ്യാപകരുടെ ചെറുകൂട്ടായ്മകള്‍ ക്ലാസ് – വിഷയ തലത്തില്‍ മുഖാമുഖമായി ചേര്‍ന്ന് ആദ്യത്തെ രണ്ട് ആഴ്ചത്തേക്കുള്ള പ്രവര്‍ത്തന പാക്കേജുകള്‍ തയ്യാറാക്കണം.
-
സ്കൂള്‍ പി. ടി. എ, സപ്പോര്‍ട്ട് ഗ്രൂപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളും പരിസരവും ശുചിയാക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും വേണം. ആദ്യദിവസത്തേക്ക് ക്ലാസും പരിസരവും അലങ്കരിക്കണം.
-
സ്കൂളിലേക്ക് വരാന്‍ മടിയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വീടുകളിലേക്ക് പൊതുപ്രവര്‍ത്തകര്‍ ചെന്ന് സ്കൂളില്‍ വരാന്‍ പ്രേരിപ്പിക്കണം. പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗൃഹസന്ദര്‍ശനം നടത്തുന്നത് ഗുണം ചെയ്യും.
-
ആദ്യദിവസങ്ങളില്‍ സ്കൂള്‍ പി.ടി.എ.യുടെ പ്രതിനിധികളായി ഏതാനും രക്ഷിതാക്കള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉണ്ടാവുന്നത് നല്ലതാണ്.
-
ആദിവാസി – ഇതര പിന്നോക്ക മേഖലകളില്‍ നടന്നു വരുന്ന പഠനകേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണം. ഇവിടെയും പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
-
വളരെ ദൂരം യാത്രചെയ്ത് സ്കൂളില്‍ പോകുന്ന കുട്ടികളുടെ കാര്യത്തിലും പ്രാദേശിക പഠനകേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കണം.
-
ട്രൈബല്‍ ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
-
അക്കാദമിക കാര്യത്തില്‍ സന്ദര്‍ഭാനുസരണം പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്കൂള്‍ എസ്.ആര്‍.ജി.ക്ക് നല്‍കുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും.
-
വിദ്യാഭ്യാസ ഓഫീസര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നതും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതും നല്ലതാണ്.
-
പുതിയ സാഹചര്യത്തില്‍ സ്കൂളിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന – ജില്ലാ – ഉപജില്ലാ തലങ്ങളില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നത് കാര്യങ്ങള്‍ സുഗമമാക്കും.
-
അതുപോലെ തദ്ദേശ – ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വിവിധ തലങ്ങളില്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
-
പഞ്ചായത്ത് തലത്തില്‍ പ്രഥമാധ്യാപകരുടെയും പി.ടി.എ. പ്രസിഡണ്ടുമാരുടെയും അധ്യാപക പ്രതിനിധികളുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടെയും ആസൂത്രണ – വിലയിരുത്തല്‍ യോഗങ്ങള്‍ ചേരുന്നതിനും ക്രമീകരണമുണ്ടാകണം. സ്ഥാപനതലത്തിലും ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം.
കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കോളേജുകൾ ഒക്റ്റോബര്‍ നാലാം തീയതി മുതൽ തുറക്കുകയാണ്. ഇവിടെ ഒരുക്കത്തിന് രണ്ടാഴ്ച മാത്രമാണ് ഇനിയുള്ളത്. സ്കൂളുകള്‍ക്ക് നിര്‍ദേശിച്ച പല കാര്യങ്ങളും ഇവിടെ പ്രസക്തമാണെന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. യൂണിവേഴ്സിറ്റികളുമായും വിവിധ മാനേജ്മെന്റുകളുമായും അധ്യാപക – വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ച ചെയ്ത് പൊതുധാരണകള്‍ ഉടന്‍ രൂപപ്പെടുത്തണം. അക്കാദമിക് ബോഡികളും കൂടിച്ചേര്‍ന്ന് പ്രായോഗികത പരിഗണിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും പരിശീലനം ആവശ്യമെങ്കില്‍ പൂര്‍ത്തീകരിക്കുകയും വേണം.
-
കോവിഡ് കാലത്ത് നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ബ്രിഡ്ജ് കോഴ്സുകൾ ആലോചിക്കണം.
-
സമയലഭ്യത പരിഗണിച്ച് ഇവിടെ സിലബസ് പൂര്‍ത്തിയാക്കുന്നതിന് ഓണ്‍ലൈന്‍, ബ്ലെന്റഡ് സാധ്യതകള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്തണം.
-
സ്വയം പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ലൈബ്രറി, ഡിജിറ്റല്‍ പഠനസാമഗ്രികള്‍ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുകയും വേണം.
-
ടൈംടേബിളിൽ അയവ് അനുവദിക്കണം. ഹാജര്‍ ഈ ഘട്ടത്തിൽ നിർബന്ധമാക്കരുത്.
-
ലാബ് വര്‍ക്ക്, പ്രോജക്ടുകൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുകയും കോളേജ് ദിവസങ്ങളില്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുകയും വേണം.
-
വിലയിരുത്തല്‍ കുട്ടികളുടെ പ്രയാസങ്ങള്‍ പരിഗണിച്ചുകൊണ്ട് ഉദാരമാക്കുകയും വഴക്കം അനുവദിക്കുകയും ചെയ്യണം. ഇന്റേണല്‍ അസസ്മെന്റ് സാഹചര്യം പരിഗണിച്ചുള്ള വഴക്കത്തോടെ നിര്‍വഹിക്കാന്‍ അനുമതി നല്‍കണം.
-
അധ്യാപകർക്ക് നൽകിയിട്ടുള്ള കോവിഡ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കണം
-
കോളജുകളിലെ പഠനക്രമീകരണത്തിനായി പ്രിൻസിപ്പാളിനും ഡിപ്പാര്‍ട്ട്‍മെന്റ് മേധാവികള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കണം.
-
കോവിഡ് സെന്ററുകൾ കോളേജിൽ നിന്ന് പൂർണമായും ഒഴിവാക്കണം.
-
കോവിഡ് സാഹചര്യം കാരണം പലേടത്തും ഗതാഗത സൗകര്യത്തിന് ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിക്കാൻ ഗതാഗത വകുപ്പ് ബസ് കൃത്യമായി ഓടിക്കാൻ നിർദേശം നല്‍കണം. കെ.എസ്.ആര്‍.ടി.സി. ബസ് സൗകര്യം ആവശ്യമുള്ള ഇടങ്ങളില്‍ അതും പരിഗണിക്കണം.
-
നിലവിൽ നിരവധി കണ്ടെയിന്‍മെന്റ് സോണുകളിലൂടെ പല വാഹനങ്ങളില്‍ കയറിയാണ് ഒട്ടേറെ വിദ്യാർഥികൾ വരുന്നത്. അവർ കൂട്ടം കൂടാനുള്ള സാധ്യതയും അവരിലൂടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം കുട്ടികള്‍ കുറച്ചു ദിവസം ഓണ്‍ലൈന്‍ രീതിയില്‍ പഠനം തുടരുന്നത് പരിഗണിക്കാം.
-
എല്ലാ ദിവസവും കോളേജിൽ വന്നു പോകുന്നവരെ കഴിവതും ഹോസ്റ്റലിൽ താമസിക്കാൻ പ്രോത്സാഹിപ്പിക്കണം. ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കാനുള്ള സാധ്യത പ്രാദേശികമായി പരിശോധിക്കണം.
-
25 പേരുള്ള ബാച്ചുകൾ ആയി നിലവിലെ ക്ലാസിലെ കുട്ടികളെ തരംതിരിക്കാവുന്നതാണ്. പ്രാദേശിക സാഹചര്യവും മറ്റു പരിഗണിച്ച് മാറ്റങ്ങള്‍ വരുത്താന്‍ കഴിയണം.
-
ഹോസ്റ്റൽ സംവിധാനത്തിൽ ബയോ ബബിൾ ഏർപ്പെടുത്താവുന്ന സാധ്യത പരിഗണിക്കാം.
മറ്റു ലേഖനങ്ങൾ
അനുബന്ധ വീഡിയോകൾ