Read Time:18 Minute

സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും

വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സാലിം അലിയുടെ ഗവേഷണങ്ങൾ. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു.


സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി, ആനക്കട്ടി, കോയമ്പത്തൂരിലെ അഞ്ജിത ദേവരാജൻ, ഡോ. പി. വി. കരുണാകരൻ എന്നിവർ എഴുതിയ ലേഖനം


പ്രകൃതിയെ അറിയാനും പഠിക്കാനുമുള്ള മനുഷ്യരുടെ ശ്രമങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. അതിൽ തന്നെ മനുഷ്യരുടെ കൗതുകം പ്രത്യേകം പിടിച്ചു പറ്റിയവരാണ് പക്ഷികൾ. ഇന്ത്യൻ പക്ഷിശാസ്ത്ര ഗവേഷണ രംഗം പുതിയ തലങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇന്നുള്ളത്. നമ്മുടെ ചുറ്റും കാണുന്ന പക്ഷികളെ തിരിച്ചറിയുക എന്നത് ഇന്ന് വളരെ അനായാസകരമായ ഒരു പ്രക്രിയയാണ്. ഒരു ഫോട്ടോയുടെ സഹായത്തോടു കൂടി ഇതിനു നമ്മെ പ്രാപ്തമാക്കുന്ന നിരവധി വെബ്സൈറ്റുകളും ഫീൽഡ് ഗൈഡുകളും ഇന്ന് പൊതുസമൂഹത്തിൽ ലഭ്യമാണ്.

എന്നാൽ കുറച്ചു കാലം മുമ്പ് വരെ, ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കകാലത്ത്, സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. പ്രാദേശികമായ വിവരണങ്ങളിലും നിരീക്ഷകരായ വളരെ കുറച്ചു ആളുകളിലും മാത്രമായി ഒതുങ്ങി നിൽക്കുന്നതായിരുന്നു ഇന്ത്യൻ പക്ഷികളെ കുറിച്ചുള്ള അറിവ്.

ഈ കാലഘട്ടത്തിലാണ് 1896 ൽ ബോംബെ നഗരത്തിൽ ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്ന് പിന്നീട് പ്രശസ്തനായ സാലിം മൊയ്‌സുദ്ധീൻ അബ്ദുൾ അലി എന്ന സലിം അലി ജനിക്കുന്നത്. മൊയ്‌സുദ്ധീൻ അബ്ദുൾ അലിയുടെയും സീനത്ത്-ഉൻ-നിസ്സയുടെയും ഒമ്പതു മക്കളിൽ അവസാനത്തെയാളായി ജനിച്ച സലിം അലിക്ക് മൂന്നു വയസ്സ് തികയുന്നതിനു മുമ്പ് തന്നെ അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെട്ടു. അമീറുദ്ധീൻ ത്യാബ്ജി എന്ന മാതൃ സഹോദരനാണ് പിന്നീട് സാലിം അലിയുടെയും സഹോദരങ്ങളുടെയും രക്ഷാകർതൃത്വം ഏറ്റെടുക്കുന്നത്.

മികച്ച നായാട്ടുകാരൻ എന്ന പേരിൽ പ്രശസ്തനായിരുന്നു അമീറുദ്ധീൻ ത്യാബ്ജി. നായാട്ടിനെ ഒരു വിനോദമായും സാമൂഹിക പദവിയുടെ ഒരു ചിന്ഹമായും ഒക്കെയാണ് അന്ന് കണക്കാക്കിയിരുന്നത്. വേട്ടക്കാരനായിരുന്ന അമ്മാവന് ഒരു നായക പരിവേഷമായിരുന്നു സാലീമിനും സഹോദരങ്ങൾക്കുമിടയിൽ ഉണ്ടായിരുന്നത്.  പ്രകൃതി, ജൈവവൈവിധ്യ സംരക്ഷണം മുതലായ ആശയങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടക്കുകയോ അല്ലെങ്കിൽ ഈ ആശയങ്ങൾക്ക് വലിയ പ്രാധാന്യം കൈവരികയോ ചെയ്തിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. അതിനാൽ തന്നെ പക്ഷികളെ വേട്ടയാടുന്നതും അവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും അന്ന് സർവ്വസാധാരണമായിരുന്നു.

ചെറുപ്പകാലത്തെ തന്നെ പക്ഷികളെ നിരീക്ഷിക്കുന്നതിലും അത് രേഖപ്പെടുത്തി വക്കുന്നതിലും തല്പരനായിരുന്നു സാലിം. ഗാർഹിക ആവശ്യങ്ങൾക്കായി പിടിച്ചു കൊണ്ട് വരുന്ന കിളികളെ കൂട്ടിലിട്ടു വളർത്താൻ സാലിം ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഒരിക്കൽ ഒരു പെൺ കുരുവി അടയിരിക്കുന്നതും ആൺകുരുവി കൂടിന് കാവൽ നിൽക്കുന്നതും സാലീമിന്റെ ശ്രദ്ധയിൽപ്പെട്ടു. കാവൽ നിൽക്കുന്ന ആൺ കുരുവിയെ അവിടെ നിന്നും മാറ്റിയപ്പോൾ പെൺ കുരുവി മറ്റൊരു ആൺ കുരുവിയെ കാവലിനായി കൊണ്ട് വന്നു. പിന്നീട് ഒമ്പതു തവണ ശ്രമിച്ചപ്പോഴും ഇത് തന്നെ അവസ്ഥ. അന്ന് കൗതുകത്തിന്റെ പേരിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയ ഈ അറിവ് വർഷങ്ങൾക്കു ശേഷം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ന്യൂസ് ലെറ്ററിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

പത്തു വയസ്സുള്ളപ്പോഴാണ് സാലീമിന് സ്വന്തമായി ഒരു എയർ ഗൺ ലഭിക്കുന്നത്. പിന്നീട് ഇത് ഉപയോഗിച്ച് പക്ഷികളെ വേട്ടയാടുന്നതിലായി ശ്രദ്ധ. തോക്കിനിരയാകുന്നത് മിക്കപ്പോഴും നിരത്തിൽ യഥേഷ്ടം കണ്ടു വന്നിരുന്ന കുരുവികളായിരുന്നു. പഠനത്തിൽ മികവ് തെളിയിക്കാൻ കഷ്ടപ്പെട്ടിരുന്നെങ്കിലും വേട്ടയാടലിൽ സാലിം മിടുക്കനായിരുന്നു. ആയിടക്കാണ് സലീമിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച സംഭവം നടക്കുന്നത്. ഒരിക്കൽ താൻ വെടിവെച്ചിട്ട ഒരു കുരുവിക്ക് സാധാരണ കുരുവികളെക്കാളും കാഴ്ചയിൽ എന്തൊക്കെയോ പ്രത്യേകതകൾ തോന്നിയ സാലിം അമ്മാവനായ അമീറുദ്ധീൻ ത്യാബ്ജിയെ സമീപിച്ചു. അദ്ദേഹം തൻറെ സുഹൃത്തും ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) യുടെ സെക്രട്ടറിയുമായ W. S മില്ലാർഡിന്റെ അടുത്തേക്ക് സലീമിനെ പറഞ്ഞു വിടുന്നു. മില്ലാർഡുമായിട്ടുള്ള കൂടിക്കാഴ്ച സലീമിന്റെ മുന്നിൽ പക്ഷിശാസ്ത്രത്തിന്റെ പുതിയ വാതിലുകൾ തുറന്നിടുകയായിരുന്നു. അദ്ദേഹം BNHS ന്റെ ശേഖരത്തിലുള്ള പക്ഷികളെയും പക്ഷികളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളെയും സാലീമിന് പരിചയപ്പെടുത്തുന്നു. തന്റെ ജീവിതത്തിൽ വഴിത്തിരിവായ ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ടാണ് പിന്നീട് സാലിം അലി തന്റെ ആത്മകഥക്ക് “ഒരു കുരുവിയുടെ പതനം (The Fall of a Sparrow)” എന്ന പേര് നൽകുന്നത്.

സാലിംഅലി പക്ഷിനിരീക്ഷണത്തിന് തയ്യാറായി ഇറങ്ങുന്നു. ഭരത്പൂരില്‍ നിന്നും Photo Courtesy: Bombay Natural History Society (“BNHS”) Archives

ബോംബയിലെ സെൻറ് സേവ്യേഴ്സ് കോളേജിലെ പഠനത്തിന് ശേഷം കുടുംബ ബിസിനസ് നോക്കിനടത്താൻ ബർമയിലേക്ക് പോയെങ്കിലും, സംതൃപ്തനാകാതെ അവിടെ നിന്ന് മടങ്ങുന്നു. ഇന്ത്യയിൽ തിരിച്ചെത്തി ജന്തുശാസ്ത്രത്തിൽ (Zoology) ബിരുദം നേടുകയും പിന്നീട് ജർമനിയിൽ പോയി പഠനം പൂർത്തിയാക്കുകയും ചെയ്തു. ഈ കാലമത്രയും BNHS മായി അടുത്ത ബന്ധം പുലർത്തുകയും അവരുമായി ചേർന്ന് പക്ഷിനിരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയിട്ടും BNHS മായി ചേർന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിൽ അദ്ദേഹം പക്ഷിനിരീക്ഷണം നടത്തി. ബോംബയ്ക്ക് അടുത്ത് കിഹിം എന്ന ഗ്രാമത്തിൽ തൂക്കണാം കുരുവികളിലായിരുന്നു ആദ്യ പഠനം. അതിനു ശേഷം കോത്തഗിരിയിൽ താമസിക്കുന്ന സമയത്താണ് തെക്കേ ഇന്ത്യയിലെ പക്ഷികളുമായി പരിചയപ്പെടുന്നത്. തുടർന്ന് ഹൈദരാബാദ്, കൊച്ചി, തിരുവിതാംകൂർ, ഗ്വാളിയോർ, ഇൻഡോർ, ഭോപ്പാൽ എന്നീ നാട്ടുരാജ്യങ്ങളിൽ അവിടുത്തെ ഭരണാധികാരികളുടെ സഹകരണത്തോടെ വിശദമായ പക്ഷി സർവ്വേകൾ നടത്തുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.

1930 നും 1950 നും ഇടയിലുള്ള ഈ കാലഘട്ടത്തിലാണ് താൻ ഏറ്റവും ക്രിയാത്മകമായി പഠനം നടത്തിയത് എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ തനിക്ക് ഏറ്റവും സംതൃപ്തി നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് തിരുവിതാംകൂർ-കൊച്ചി നാട്ടുരാജ്യങ്ങളിൽ നടത്തിയ സർവേകളാണ്. ആ സമയത്താണ് പശ്ചിമഘട്ടത്തിലെയും ഹിമാലയം, ബർമ, ചൈന മുതലായ ഇടങ്ങളിലെയും പക്ഷികൾ തമ്മിലുള്ള സാദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പക്ഷികളുടെ വിതരണത്തിൽ ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെ സ്വാധീനത്തെപ്പറ്റി കൂടുതൽ ചിന്തിക്കുന്നതും ഇക്കാലയളവിലാണ്. BNHS ന്റെ ജേർണലിൽ ഒരു സീരീസ് ആയി പ്രസിദ്ധപ്പെടുത്തിയ കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ഈ ലേഖനങ്ങൾക്ക് നിരവധി ആളുകളിൽ നിന്നും പ്രശംസകൾ അദ്ദേഹത്തെ തേടിയെത്തുന്നു.

Photo Courtesy: Bombay Natural History Society (“BNHS”) Archives

1933 ൽ ആണ് സലിം അലിയും അദ്ദേഹത്തിന്റെ ഭാര്യ തെഹ്‌മിനയും തിരുവിതാംകൂറിൽ പക്ഷി നിരീക്ഷണത്തിനായി എത്തുന്നത്. ആദ്യം സർവ്വേ ആരംഭിക്കുന്നത് മൂന്നാറിൽ ആണ്. മുന്നാറിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വഴിക്കാണ് തട്ടേക്കാട് സന്ദർശിക്കുന്നത്. തട്ടേക്കാടിലെ പക്ഷി വൈവിധ്യത്തിൽ ആകൃഷ്ടനായ സലിം അലി രണ്ടാഴ്ചയോളം അവിടെ തങ്ങുകയും 165 ൽ അധികം പക്ഷികളെ രേഖപ്പെടുത്തുകയും ചെയ്തു. 1980 കളിൽ കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത് സലിം അലിയാണ്. അതിനു വേണ്ടി തട്ടേക്കാട് തിരഞ്ഞെടുക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ തന്നെ ശിഷ്യൻമാരും പ്രശസ്തരായ പക്ഷി നിരീക്ഷകരുമായ R.സുഗതനും V. S. വിജയനും ആയിരുന്നു.

സാലിം അലിയുടെ കേരള സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. 1933 നവംബർ മാസത്തിലാണ് സാലിം അലി പറമ്പികുളത്ത് എത്തുന്നത്. കുരിയാർക്കുട്ടിയിൽ താമസിച്ചു കൊണ്ടാണ് കാടർ വിഭാഗത്തിൽപെട്ട ആദിവാസികളുടെ സഹായത്തോടു കൂടി അദ്ദേഹം പക്ഷി നിരീക്ഷണം നടത്തിയിരുന്നത്. അവിടെ ഒരു വലിയ വാക മരം ഉണ്ടായിരുന്നു. നിരവധി പക്ഷികൾ ആ മരത്തിൽ വന്നിരിക്കുമായിരുന്നു. സലിം അലിയുടെ പ്രിയപ്പെട്ട കാട്ടുപനങ്കാക്ക ഈ മരത്തിലെ ഒരു നിത്യ സന്ദർശകനായിരുന്നു. സലിം അലി ഈ വാകമരവുമായി വൈകാരിക ബന്ധം പുലർത്തിയിരുന്നതായും പറമ്പിക്കുളം സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹം ഈ മരം കാണാൻ വരുമായിരുന്നെന്നും അദ്ദേഹത്തിന്റെ ശിഷ്യൻ ആർ. സുഗതൻ പിന്നീട് അനുസ്മരിക്കുകയുണ്ടായി.

സാലിം അലിയും വിദ്യാർത്ഥികളും അസ്വാഭാവികമായി നീണ്ട ആറ്റക്കുരുവിക്കൂടിന്റെ നീളം അളക്കുന്നു. പൂന 1958 Photo Courtesy: Bombay Natural History Society (“BNHS”) Archives

പക്ഷി സമ്പത്തിന്റെയും വൈവിധ്യത്തിന്റെയും കാര്യത്തിൽ ഒന്നാം സ്ഥാനക്കാരനായാണ് അദ്ദേഹം തന്റെ ആത്മകഥയിൽ കേരളത്തെ വർണിച്ചിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പക്ഷിവൈവിധ്യത്താൽ ഏറ്റവും സമ്പന്നമായ പ്രദേശമായി കാണിച്ചിരിക്കുന്നതാകട്ടെ കേരളത്തിലെ തട്ടേക്കാടും പെരിയാറും. പഠനങ്ങൾ അവസാനിച്ചതിന് ശേഷവും നിരവധി തവണ അദ്ദേഹം കേരളം സന്ദർശിക്കുകയുണ്ടായി. ഓരോ തവണ വരുമ്പോഴും വനനശീകരണവും ഏകവിള തോട്ടങ്ങളും ഡാമുകളും എല്ലാം ചേർന്ന് പക്ഷികളുടെ ആവാസവ്യവസ്ഥ നശിക്കുന്നതിൽ അദ്ദേഹം നിരാശനായിരുന്നു. ഇതെല്ലാം തന്നെയാവണം പിൽക്കാലത്തു സൈലൻറ് വാലി വനസംരക്ഷണ പ്രക്ഷോഭങ്ങളെ പിന്തുണച്ചു കൊണ്ട് ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതും.

സാലിം അലി കേരളത്തിൽ പക്ഷി സർവ്വേ നടത്തിയതിന്റെ എഴുപത്തഞ്ചാം വർഷം, 2009 ൽ, കേരള വനം വകുപ്പിന്റെ സഹായത്തോടു കൂടി അഞ്ചു ഗവേഷകർ സലിം അലി സഞ്ചരിച്ച പാതയിലൂടെ പക്ഷി സർവ്വേ നടത്തുകയുണ്ടതായി. സലിം അലിയോടുള്ള ആദരസൂചകമായി നടത്തിയ ഈ സർവ്വേയിലൂടെ 75 വർഷം കൊണ്ട് പക്ഷിവൈവിധ്യത്തിൽ ഉണ്ടായ മാറ്റങ്ങൾ രേഖപ്പെടുത്താനായി സാധിച്ചു.

ഒരു പക്ഷിയുടെ പതനം– സാലിം ആലിയുടെ ആത്മകഥയുടെ കവർ

ഹിമാലയം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും പാകിസ്താനിലും അഫ്ഘാനിസ്ഥാനിലുമെല്ലാം നിരവധി പക്ഷി നിരീക്ഷണങ്ങൾ നടത്തുകയും ഗവേഷണ രംഗത്തു കാര്യമായ സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിയാണ് സലിം അലി. കൂടാതെ ഭരത്പുർ പക്ഷിസങ്കേതം (കിയോലാഡിയോ ദേശീയോദ്യാനം), രംഗനതിട്ടു പക്ഷി സങ്കേതം, തട്ടേക്കാട് പക്ഷിസങ്കേതം എന്നീ സംരക്ഷിത പ്രദേശങ്ങളുടെ രൂപീകരണത്തിൽ കാര്യമായ പങ്കും വഹിച്ചിട്ടുണ്ട്.

1941ൽ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഇന്ത്യയിലെ പക്ഷികൾ (The Book of Indian Birds) പ്രസിദ്ധപ്പെടുത്തുന്നത്. ഡിലോൺ റിപ്ലിയുമായി ചേർന്ന് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ് ഹാൻഡ്‌ബുക് ഓഫ് ദി ബേർഡ്‌സ് ഓഫ് ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ (Handbook of the Birds of India and Pakistan). ഇതിനു പുറമെ ബേർഡ്‌സ് ഓഫ് കേരള (Birds of Kerala) ഉൾപ്പെടെ നിരവധി പ്രാദേശിക ഫീൽഡ് ഗൈഡുകളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

1985 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയാണ് ഒരു കുരുവിയുടെ പതനം (The Fall of a Sparrow). ഇന്ത്യൻ ശാസ്ത്രരംഗത്തേക്കുള്ള സംഭാവനകൾ കണക്കിലെടുത്തു കൊണ്ട് ഇന്ത്യ ഗവണ്മെന്റ് പത്മഭൂഷണും പത്മവിഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. കൂടാതെ 1948 ൽ കണ്ടു പിടിക്കപ്പെട്ട സാലിംഅലി വവ്വാലുകൾക്കും (Salim Ali’s fruit bat) ഗോവയിലെ സലിം അലി പക്ഷി സങ്കേതത്തിനും അദ്ദേഹത്തിന്റെ പേര് നൽകി ആദരിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട തന്റെ ഗവേഷണങ്ങൾക്കൊടുവിൽ, അദ്ദേഹം എഴുതി വച്ച പുസ്തകങ്ങൾക്കപ്പുറത്തേക്ക് പക്ഷി ശാസ്ത്ര ഗവേഷണ രംഗത്തേക്ക് വരുന്ന പിൻതലമുറകൾക്കെല്ലാം ഊർജവും പ്രചോദനവുമാണ് സലിം അലി. വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സലിം അലിയുടെ ഗവേഷണങ്ങൾ. അത് കൊണ്ട് തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു.

സാലിം അലിയുടെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്‌ -1996 | കടപ്പാട്‌ : Wikimedia commons

പുസ്തകം വാങ്ങാം

കിളിമൊഴി 

പക്ഷികൾക്ക് വേണ്ടി 35 ഭാഷണങ്ങൾ

സാലിം അലി  

എഡിറ്റർ: താരാ ഗാന്ധി , പരിഭാഷ: എസ് ശാന്തി

അദിതി / വീ സീ തോമസ് എഡിഷൻസ് 

അനുബന്ധവായനയ്ക്ക്

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കിളികളെക്കുറിച്ച് ചില മധുര ഭാഷണങ്ങൾ 
Nehruvian India - Punarvayanayude Rashtreeyam Next post വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും
Close