Read Time:26 Minute

സി.കെ വിഷ്ണുദാസ്
ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി

ആമുഖം ആവശ്യമില്ലാത്ത ഇന്ത്യൻ ജീവശാസ്ത്രജ്ഞനാണ് ഡോ. സാലിം അലി. അമ്പതു വർഷത്തോളം നീണ്ടു നിന്ന തന്റെ പക്ഷിഗവേഷണ കാലഘട്ടത്തിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം ഇന്ത്യൻ ജീവശാസ്ത്ര ശാഖക്ക് നൽകിയത്.  ഇന്ത്യയിൽ കാണുന്ന 1200 ലധികം പക്ഷികളെക്കുറിച്ച് വിവരിക്കുന്ന ഹാൻഡ് ബുക്ക് ഓഫ് ദി ബേർഡ്സ് ഓഫ് ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ1 ആണ് സാലിം അലിയുടെ മാഗ്നം ഓപ്പസ്സ് . പത്തു വാള്യത്തിൽ പ്രസിദ്ധീകരിച്ച ഇൗ പുസ്തകം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെ സംബന്ധിച്ച സമഗ്രവും ആധികാരികവുമായ എന്നത്തേയും രേഖയാണ്.
ബ്രിട്ടീഷ് ഓർണിത്തോളജിസ്റ് യൂനിയൻ നൽകുന്ന ഗോൾഡ് മെഡൽ ബ്രിട്ടീഷ്കാരനല്ലാത്ത ഒരാൾക്ക് ആദ്യമായ് നൽകിയത് ഡോ.സാലിം അലിക്കായിരുന്നു2. ഇന്ത്യയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിലും, നിരവധി ചെറുപ്പക്കാരെ പക്ഷി നിരീക്ഷണത്തിലേക്കും അതുവഴി ജീവശാസ്ത്ര ഗവേഷണമേഖലയിലേക്കും കൊണ്ടുവരുന്നതിൽ ഡോ.സാലിം അലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ശാസ്ത്രജ്ഞനുണ്ടോ എന്ന് സംശയമാണ്.

സാലിം അലി – കുട്ടിക്കാല ചിത്രം കടപ്പാട് The Fall of a Sparrow സാലിം അലിയുടെ ആത്മകഥയിൽ നിന്നും

1896 നവംബർ 12 നാണ് സാലിം അലി ജനിച്ചത്. ഈ ദിവസം ഇന്ത്യയിൽ പക്ഷിനിരീക്ഷണദിവസമായി ആചരിക്കുന്നു. തന്റെ ഗവേഷണത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിലുടനീളം നിരവധി പക്ഷി സർവേകൾ നടത്തിയിരുന്നു. പക്ഷികളുടെ സ്പെസിമെൻ ശേഖരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇന്ത്യയിലെ പക്ഷികളെ കുറിച്ച് ആദ്യകാലത്തു ചുരുക്കം ചില ബ്രിട്ടീഷ് നാച്ചുറലിസ്റ്റുകൾ മാത്രമാണ് പഠനം നടത്തിയിരുന്നതു. പൊതുവെ “ശിക്കാറിൽ ” തല്പരരായിരുന്ന ബ്രിട്ടീഷുകാരിൽ ചിലർ (എ .ഓ .ഹ്യൂം , ജേർഡൻ , വിസ്ലർ) പക്ഷികളെ ശാസ്ത്രീയമായി പഠിക്കുന്നതിലും താല്പര്യം കാട്ടിയിരുന്നു.

സാലിം അലി അടക്കമുള്ള മുൻകാല ഗവേഷകരുടെ ഒരു പ്രത്യേകത ഓരോ ഫീൽഡ് ട്രിപ്പുകളിൽ നിന്നും പക്ഷികളുടെ സ്പെസിമെനോടൊപ്പം അവർ ശേഖരിക്കുന്ന നിരീക്ഷിക്കുന്ന, പരിസ്ഥിതിയെ സംബന്ധിച്ച വിവരങ്ങളാണ്.
പക്ഷികളുടെ സ്പെസിമെൻ ശേഖരിക്കുന്നതോടൊപ്പം അവയുടെ സ്വഭാവങ്ങളെ കുറിച്ചും, ഭക്ഷണരീതിയെ കുറിച്ചും അവ ജീവിക്കുന്ന പരിസരത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ അദ്ദഹം രേഖപ്പെടുത്തിയിരുന്നു. ഒാരോ ദിവസത്തെ ഫീൽഡ് ഡയറി കളും , അതിൽനിന്നും വിപുലീകരിക്കുന്ന ജേർണലുകളും വിശകലനങ്ങളും അദ്ദേഹം കൃത്യമായി സൂക്ഷിച്ചിരുന്നു2.

1930 കൾ മുതലാണ് സലിം അലി ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങൾ കേന്ദ്രികരിച്ചു സിസ്റ്റമാറ്റിക് പക്ഷി സർവേകൾ ആരംഭിച്ചത്. 1933 ൽ അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ താല്പര്യപ്രകാരം അദ്ദേഹം തിരുവിതാകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിൽ ഒരുവർഷം നീണ്ടുനിന്ന പക്ഷി സർവേകൾ നടത്തി. കേരളത്തിൽ നടന്ന ആദ്യത്തെ ശാസ്ത്രീയമായ പക്ഷി ഗവേഷണമായിരുന്നു അത്.3 ഇൗ പഠന ഫലങ്ങൾ അദ്ദേഹം 1935 മുതൽ, 1937 വരെ “ദ ഓർണിത്തോളജി ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ ” എന്ന പേരിൽ എട്ടു ഭാഗങ്ങളായി ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി യുടെ ജേർണലിൽ പ്രസിദ്ധീകരിച്ചു4. ഈ പഠനത്തെയും, പിന്നീട് അദ്ദേഹം നടത്തിയ വിവിധ സന്ദർശങ്ങളുടെയും ഭാഗമായാണ് 1969 ൽ ബേർഡ്സ് ഓഫ് കേരള എന്ന, കേരളത്തിലെ പക്ഷികളെ കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം പുറത്തിറക്കിയത്.5 1930 കളിലെ തെക്കൻ കേരളത്തിലെ കാടുകളെ കുറിച്ചുള്ള ആദ്യത്തെ രേഖയാണ് സലിം അലി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ.

കടപ്പാട്:  The Fall of a Sparrow സാലിം അലിയുടെ ആത്മകഥയിൽ നിന്നും

സാലിം അലിയുടെ പാതയിൽ വീണ്ടും

സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേ യുടെ 75 വർഷത്തിൽ(2009 ), അദ്ദേഹം സർവ്വേ നടത്തിയ അതെ സ്ഥലങ്ങളിൽ അതെ ദിവസങ്ങളിൽ വീണ്ടും ഒരു പഠനം നടത്തുന്നതിന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നിർദേശത്തിൽ, അന്നത്തെ വനം വന്യ ജീവി വകുപ്പ് മന്ത്രിയായ ശ്രീ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ തീരുമാനിക്കുകയുണ്ടായി. മുഖ്യ വനപാലകനായ ശ്രീ. ടി .എൻ മനോഹരൻ ഐ.എഫ്.എസ് ആയിരുന്നു ഇതിന്റെ മുഖ്യ സംഘാടകൻ. പ്രമുഖ പക്ഷി ഗവേഷകനായ ശ്രീ. സി. ശശികുമാറിൻറെ നേതൃത്വത്തിൽ ഇൗ ലേഖകൻ ഉൾപ്പെടുന്ന അഞ്ചാംഗ പക്ഷി ഗവേഷകരെയായിരുന്നു സർക്കാർ ഈ ഉത്തരവാദിത്തം ഏല്പിച്ചത്. ഇന്ത്യയിൽആദ്യമായാണ് ഇത്തരത്തിൽ ഒരു സർവ്വേ വീണ്ടും നടത്തുന്നത്. തെക്കൻ കേരളത്തിന്റെ പരിസ്ഥിതിയിലും പക്ഷികളുടെ അവസഥയിലും കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൾക്കിടയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന് കണ്ടെത്താനും, നിർദേശങ്ങൾ സമർപ്പിക്കാനുമായിരുന്നു പ്രധാനമായും ഇൗ പുനസർവേ കൊണ്ട് ഉദ്ദേശിച്ചത്.

വടക്കഞ്ചേരി മുതൽ കന്യാകുമാരി വരെയുള്ള 19 സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് സലിം അലി തിരുവിതാംകൂർ കൊച്ചി സർവ്വേ നടത്തിയത്. 1933 ജനുവരി 3 ന് മറയൂർ നിന്നാണ് അദ്ദേഹം സർവേ ആരംഭിച്ചത്.  2009 ൽ അതെ ദിവസം തന്നെ റീസർവ്വേ ആരംഭിച്ചു. മറയൂർ, മൂന്നാർ, ശാന്തൻപാറ, തട്ടേക്കാട് , കോട്ടയം, പീരുമേട്,കുമളി,ക്യാമ്പ് ഡെറാമല , രാജമ്പാറ , തെന്മല ,തിരുവനന്തപുരം,കേപ്പ് കോമാറിൻ , അറമ്പൊലി , ബാലമോർ , കുരിയാർകുട്ടി , വടക്കഞ്ചേരി , നെന്മാറ, പാദഗിരി, കരൂപ്പടന്ന എന്നിവിടങ്ങളിലാണ് സാലിം അലി ക്യാമ്പ് ചെയ്തിരുന്നത്. ഇതിൽ കുറെ സ്ഥലങ്ങൾ ഇന്ന് കന്യാകുമാരി ജില്ലയിൽ ആയിരുന്നതിനാൽ, തമിഴ്നാട് സർക്കാരിന്റെ വനം വകുപ്പും കൂടി സഹകരിച്ചാണ് സർവേ 2009 ൽ പൂർത്തീകരിച്ചത്. വേരിയബിൾ വിഡ്ത് ലൈൻ ട്രാൻസെക്ൾട് എന്ന മെത്തഡോളജി ആണ് 2009 ലെ സർവേയിൽ ഉപയോഗിച്ചത്.
ഒരു വർഷം നീണ്ടുനിന്ന ഇൗ പഠനത്തിൽ കേരളത്തിലെ കാടുകളിലൂടെ 300 കിലോമീറ്റര് ദൂരം കാൽനടയായും 1000 കിലോമീറ്ററിനടുത്തു വാഹനത്തിലും സഞ്ചരിക്കേണ്ടിവന്നു. 338 സ്പീഷീസുകളിലായി 77547 പക്ഷികളെ നേരിട്ടുകണ്ടു രേഖപ്പെടുത്തി. ഇന്ത്യയിൽ തന്നെ ആദ്യമായി, 49 ജീവജാതി പക്ഷികളുടെ, നമ്മുടെ കാടുകളിലെ സാന്ദ്രത കണ്ടെത്തി .തെക്കൻ കേരളത്തിൽ ഏറ്റവും കൂടിയ സാന്ദ്രതയിൽ കാണുന്ന പക്ഷി, കാട്ടുമൈന യാണ്. തൊട്ടുടുത്ത് സ്ഥാനത്തുള്ളവർ ഏവർകും പരിചിതമായ ഇരട്ടത്തലച്ചി ബുൾബുൾ, ചിന്ന കുട്ടുറുവൻ, പച്ച പൊടികുരുവി , മഞ്ഞ ബുൾബുൾ എന്നിവയാണ്.. ഇതിൽ പച്ച പൊടികുരുവി ഹിമാലയം ഭാഗത്തു നിന്നും ശൈത്യകാലത്തു കേരളത്തിലേക്ക് വരുന്ന ദേശാടകനാണ് . പച്ച പൊടി കുരുവിയുടെ ഏറ്റവും പ്രധാന ശൈത്യകാല ആവാസ കേന്ദ്രമാണ് കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യൻ പ്രദേശങ്ങൾ. സാന്ദ്രത കണ്ടെത്തിയ 49 ജാതി പക്ഷികളിൽ 69 ശതമാനവും ഏതു പ്രദേശങ്ങളിലും ജീവിക്കാൻ അനുകൂലനമുള്ള ജനറലിസ്റ് സ്പീഷീസുകൾ ആണ്. ആധുനിക ജി പിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ ട്രാൻസെക്ടുകൾ മാപ്പു ചെയ്താണ് 2009 ൽ സർവേ നടത്തിയത്. അതിനാൽ ഭാവിയിൽ ഇതേ സ്ഥലങ്ങൾ വീണ്ടും സർവേ ചെയ്യുന്നതിന് ഇത് ഉപകരിക്കും.

സാലിം അലിയുടെ പാതയിൽ വീണ്ടും – Along the Trail of Sálim Ali – പുസ്തകത്തിന്റെ കവർ

എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം

എഴുപത്തഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അതെ സ്ഥലങ്ങളിൽ പഠനം നടത്തിയപ്പോൾ കണ്ട ഏറ്റവും പ്രധാന വസ്തുത ,തെക്കൻ കേരളത്തിൽ നിന്നും കഴുകന്മാർ എന്നന്നേക്കുമായി അപ്രത്യക്ഷമായി എന്നതാണ്. സലിം അലി 1933ൽ നാലു കേന്ദ്രങ്ങളിൽ നിന്ന് ചുട്ടി കഴുകൻ, തോട്ടി കഴുകൻ, കാതില കഴുകൻ , തവിട്ടു കഴുകൻ ഇനീ വ്യത്യസ്തജാതിയിൽ പെട്ട നിരവധി കഴുകന്മാരെ കണ്ടതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2009 ൽ നമ്മുടെ തെക്കൻ കേരളത്തിലെ കാടുകളിൽ ഒറ്റ കഴുകന്മാർ പോലും അവശേഷിച്ചിട്ടില്ല. 1970 കളോട് കൂടി തന്നെ നാമാവശേഷമായിരുന്നു. മറയൂർ ചിന്നാർ മേഖലയിലുള്ള കന്നുകാലി കർഷകർ അവരുടെ കന്നുകാലികളെ പിടിക്കാൻ വരുന്ന പുലികളിയും കടുവകളെയും കൊല്ലുന്നതിനായി ചത്ത കന്നുകാലികളുടെ മൃത ശരീരത്തിൽ വിഷം തളിക്കുക പതിവായിരുന്നു. എന്നാൽ പുലിക്കും കടുവക്കും മുന്നേ എത്തുന്ന കഴുകന്മാർ വിഷലിപ്തമായ ഭക്ഷണം കഴിച്ചു കൊല്ലപെട്ടുണ്ടാകയാണുണ്ടായത്. എഴുപത്തഞ്ചു വർഷങ്ങൾക്കിടയിൽ നാലു സ്പീഷീസ് പക്ഷികൾ എന്നന്നേക്കുമായി ഇല്ലതായിരിക്കുന്നു.

ചക്കി പരുന്തുകൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നു

തെക്കൻ കേരളത്തിലുണ്ടായ മറ്റൊരു പ്രധാന മാറ്റം, ചക്കിപ്പരുന്തുകളുടെ വിന്യാസത്തിലാണ്. 1933 ൽ 15 കേന്ദ്രങ്ങളിൽ ഇൗ പരുന്തിനെ കണ്ടിരുന്നെകിൽ, 2009 ൽ ഒൻപതു സ്ഥലത്തു മാത്രമാണ് കണ്ടത്. മാത്രമല്ലെ, തീര പ്രദേശം മുതൽ മലമുകൾ വരെ വ്യാപിച്ചിരുന്ന ഇവ ഇന്ന് ചില ടൗൺഷിപ്പുകളിൽ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നഗരങ്ങളിൽ നിറയെ മാംസാവശിഷ്ടങ്ങൾ ലഭ്യമായതിനാലാവണം അവ നഗരങ്ങളിൽ മാത്രമായി ചുരുങ്ങിയത്. തിരുവനന്ത്പുരം നഗരത്തിൽ മാത്രം 1500 പരുന്തുകൾ ഒന്നിച്ചു ചേക്കേറുന്ന ഒരു സ്ഥലം 2009 ലെ സർവേയിൽ കണ്ടിരുന്നു. ഏതെങ്കിലും ഒരു ജീവജാതിയുടെ അകെ പോപുലേഷൻ ഇതുപോലെ ഓരോ പ്രത്യേക ഭൂഭാഗത്തു കേന്ദ്രീകരിക്കുന്നത് അവയെ സംബന്ധിച്ച് അത്ര ഗുണകരമല്ല. ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളിൽ എന്തെങ്കിലും തരത്തിലുള്ള ഹാനികരമായ രാസഘടകങ്ങളോ, പരാദങ്ങളോ ഉണ്ടായാൽ അവ അതിന്റെ വംശത്തെ തന്നെ ഇല്ലാതാക്കും. ഡൈക്ലോഫെനാക് എന്ന വേദന സംഹാരി മരുന്ന് ഇന്ത്യയിലെ കഴുകന്മാരെ ഇല്ലാതാക്കിയത് ഇങ്ങനെയാണ്.(6)

മയിലുകളുടെ എണ്ണം കൂടി

1933 ൽ സാലിം അലി മയിലുകളെ തെക്കൻ കേരള സർവേയിൽ രേഖപ്പടുത്തിയിട്ടില്ല. എന്നാൽ 2009 പത്തൊൻപതു സ്ഥലത്തു നിന്നും മയലിനെ കണ്ടെത്തിയിട്ടുണ്ട്. പൊതുവെ വരണ്ട കാലാവസ്ഥയിൽ ജീവിക്കുന്ന മയിലുകൾ കേരളത്തിന്റെ ഇൗർപ്പം കൂടിയ, മഴ കൂടിയ പ്രദേശങ്ങളിലേക്ക് എത്തുന്നത്, നമ്മുടെ പ്രാദേശിക പരിസ്ഥിതിയിൽ വന്ന മാറ്റം കൊണ്ടായിരിക്കാം. മുൻകാലത്തു ഇല്ലാത്ത രീതീയിൽ നമ്മുടെ കാടുകളിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും വലിയതോതിൽ ഉണ്ടായിവന്ന തുറസ്സായ സ്ഥലങ്ങളും, കാലാവസ്ഥ മാറ്റങ്ങളുടെ ഭാഗമായുണ്ടായ പൊതുവെയുള്ള വരണ്ട അവസ്ഥയും മയിലുകൾക്കു ഗുണകരമായിട്ടുണ്ട്. 2020 ൽ പ്രസിദ്ധീകരിച്ച സ്റ്റാറ്റസ് ഓഫ് ഇന്ത്യൻ ബേർഡ്സ് 7എന്ന പുസ്തകത്തിൽ ഇൗ വസ്തുത കൂടുതൽ ശരിവച്ചിട്ടുണ്ട്.

പർവത പ്രദേശങ്ങളിലേക്കുള്ള പക്ഷികളുടെ കുടിയേറ്റങ്ങൾ

1933 ൽ സലിം അലി രേഖപ്പെടുത്തിയത്, നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ കാണുന്ന നാട്ടു ബുൾബുൾ , സമുദ്ര നിരപ്പിൽ നിന്നും 2000 അടിക്കു താഴെയുള്ള പ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളു എന്നാണ്. എന്നാൽ 2009 ആകുമ്പോഴേക്കും നാട്ടുബുൾബുൾ 6000 അടി ഉയരത്തിലുള്ള മലതലപ്പുകൾ വരെ എത്തിച്ചേർന്നിട്ടുണ്ട്. നാട്ടുബുൾബുൾ ഇല്ലാതിരുന്ന മൂന്നാർ, പദഗിരി എന്നിവിടങ്ങളിൽ, 2009 ൽ ഒരു മണിക്കൂർ സഞ്ചരിക്കുമ്പോൾ 60 പക്ഷികൾ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും, കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ മലമുകളിലെ കൂടുതൽ വരണ്ട സൂക്ഷ്മ കാലാവസ്ഥയും ഇത്തരത്തിൽ ചില പക്ഷികൾക്ക് മലമുകളിലേക്കുള്ള കുടിയേറ്റത്തിനു സഹായിക്കുന്നുണ്ട്. എന്നാൽ പുതിയ പക്ഷികളുടെ കടന്നു വരവ് മലമുകളിലുള്ള തദ്ദേശീയ പക്ഷികളെ വളരെ പ്രതികൂലമായി ബാധിക്കും. കാരണം ഭക്ഷണത്തിനും, കൂടുവക്കുന്നതിനും ആവശ്യമായ ഘടകങ്ങളിൽ കൂടുതൽ സംഘർഷങ്ങൾ നേരിടേണ്ടിവരും.8 ഇത് കാലക്രമേണ തദ്ദേശീയ പക്ഷികളുടെ നാശത്തിലേക്കോ, അല്ലെങ്കിൽ, കുടിയേറിവന്ന പക്ഷികളുടെ നാശത്തിലേക്കോ, അല്ലെങ്കിൽ രണ്ടു വിഭാഗങ്ങളുടെയും അതിജീവനത്തിലേക്കോ നയിക്കാം. തീരുമാനിക്കുന്നത് പ്രകൃതി നിർദ്ധാരണം എന്ന പ്രക്രിയയാണ്.

ഷോല – പുൽമേട് സമുച്ചയങ്ങൾ ഫോട്ടോ സി.കെ.വിഷ്ണുദാസ്

ഷോല പുൽമേട് സമുച്ചയങ്ങൾ

പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ, പൊതുവെ 4000 അടിക്കു മുകളിൽ കാണുന്ന, ഉയരം കുറഞ്ഞ മരങ്ങൾ നിറഞ്ഞ ഷോലകളും വിശാലമായ പുൽമേടുകളും നിരവധി തദ്ദേശീയ പക്ഷികളുടെ ആവാസ കേന്ദ്രങ്ങളാണ്. എന്നാൽ 2009 ൽ ഇത്തരം പ്രദേശങ്ങളിലെ വലിയൊരു ഭാഗം, ചായ, യൂക്കാലി തോട്ടങ്ങളായി മാറിയിരിക്കുകയാണ്. 1933 ന് ശേഷം നിരവധി ഡാമുകൾ ഇ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത് വലിയതോതിൽ വനനശീകരണത്തിനും, തദ്ദേശീയ പക്ഷികളുടെ ആവാസ കേന്ദ്രങ്ങളുടെ ശോഷണത്തിനും കാരണമായിട്ടുണ്ട്. ഇത് കൂടാതെ വലിയതോതിലുള്ള ടൂറിസം പ്രവർത്തനങ്ങളും ആവാസ വ്യവസ്ഥ ശോഷണത്തിനു കാരണമായിട്ടുണ്ട്. ലോകത്തിൽ,പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടു വരുന്ന വടക്കൻ ചിലുചിലപ്പൻ എന്ന പക്ഷിയുടെ എണ്ണം യാതൊരു നാശവും ഉണ്ടാകാത്ത ഷോല കാടുകളിൽ കാണുന്നതിനേക്കാൾ കുറവാണ് ഭാഗികമായി മാറ്റം സംഭവിച്ച കാടുകളിൽ കാണുന്നത്. മുന്നാറിലെ കണ്ണൻ ദേവൻ ചായത്തോട്ടങ്ങൾക്ക മാത്രം ഏകദേശം 240 ചതുരശ്ര കിലോമീറ്റര് വിസ്തൃതി ഉണ്ട്. ഇത് ഇരവികുളം ദേശീയോദ്യാനത്തിൻറെ രണ്ടിരട്ടിയിലധികമാണ്. ഇതുകൂടത്തെ നിരവധി ഡാമുകൾ, കെട്ടിട നിർമാണങ്ങൾ, റോഡുകൾ, എന്നിവ കഴിഞ്ഞ 75 വർഷത്തിനിടയിൽ ഉണ്ടായി. കഴിഞ്ഞ ഏഴു ദശകങ്ങൾക്കിടയിൽ നമ്മുടെ തദ്ദേശീയ പക്ഷികളുടെ ആവാസ കേന്ദ്രങ്ങളിൽ വൻ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് കാണാം. ഉയർന്ന പർവത പ്രദേശങ്ങളിൽ നമ്മൾ നടത്തുന്ന ഇടപെടലുകൾ അപൂർവമായ സസ്യ, ജന്തു ജാലങ്ങളുടെ വംശനാശത്തിലേക്കാണ് നയിക്കുന്നത്.

വടക്കൻ ചിലുചിലപ്പൻ (Montecincla fairbanki) ഫോട്ടോ സി.കെ.വിഷ്ണുദാസ്

നീർപക്ഷികൾ

ഇന്ന് കേരളത്തിൽ എവിടെ പോയാലും കാണാവുന്ന കാലിമുണ്ടി എന്ന വെള്ളരികൊക്കിനെ തിരുവിതാംകൂർ ഭാഗത്തു സാലം അലി കണ്ടിരുന്നില്ല. കൊച്ചിയിൽ മാത്രം ഏതാനും പക്ഷികളെ കണ്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2009 ആകുമ്പോഴേക്കും കാലിമുണ്ടി, നീർകാക്ക, പുള്ളിചുണ്ടൻ താറാവ് തുടങ്ങിയ നീർപക്ഷികളുടെ എണ്ണത്തിൽ നല്ല വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 1972 ലെ വനം വന്യ ജീവി സംരക്ഷണ നിയമം പാസാക്കുന്നതിന് മുൻപ്, വലിയ പക്ഷികളെ, പ്രത്യേകിച്ചും നീർപക്ഷികളെ വേട്ടയാടുന്നത് വളരെ സാധാരണമായിരുന്നു. അതിനാൽ തന്നെ തെക്കൻ കേരളത്തിന്റെ പല പ്രദേശങ്ങളിലും ഇന്നുകാണുന്ന പോലെ നീർപക്ഷികൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. സാലിം അലി തന്നെ ഇക്കാര്യം തൻറെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. വനം വന്യ ജീവി സംരക്ഷണ നിയമം വന്നതിനു ശേഷം ഇത്തരം പക്ഷികളുടെ വേട്ടയാടൽ വളരെ യധികം കുറഞ്ഞതാവാം ഈ വർദ്ധനവിന് പ്രധാന കാരണം.

കാലിമുണ്ടി കടപ്പാട് വിക്കിപീഡിയ Shagil Kannur

നഗരവൽക്കരണവും പക്ഷികളും

നഗരവൽകരണം എങ്ങനെ പക്ഷികളെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ, സലിം അലി 1933 ൽ തിരുവനന്തപുരത്തുനിന്നും രേഖപ്പെടുത്തിയ പക്ഷികളുടെ ലിസ്റ്റും 2009 ൽ രേഖപ്പെടുത്തിയ അതെ സ്ഥലത്തെ പക്ഷികളുടെ ലിസ്റ്റും താരതമ്യപ്പെടുത്തിയാൽ മതി. സലിം അലി 1933 ൽ തിരുവനന്തപുരം നഗരത്തിൻറെ പരിസരത്തു മാത്രം 70 ജാതി പക്ഷികളെ കണ്ടെത്തിയെങ്കിലും, മുൻപ് കണ്ടെത്തിയ ലിസ്റ്റിലെ 27 ഇനങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്.

പശ്ചിമഘട്ട മലനിരകൾ ലോകത്തിലെ തന്നെ അത്യപൂർവമായ ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. ലോകത്തെവിടെയും ഇല്ലാതെ 21 ഇനം പക്ഷികൾ ലക്ഷകണക്കിന് വർഷങ്ങളായി അവയുടെ ആവാസ കേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നതായിരുന്നു പശ്ചിമഘട്ടവും അതിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ഇടനാടൻ കുന്നുകളും, തീരപ്രദേശങ്ങളും. എന്നാൽ ഇന്ന് മനുഷ്യരുടെ വലിയ തോതിലുള്ള ഇടപെടൽ , മനുഷ്യർക്ക് മുൻപേ ഭൂമിയിൽ ഉടലെടുത്ത ഈ അപൂർവ പക്ഷികളെ എന്നന്നേക്കുമായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

പ്രകൃതിയിൽ നാം ഉണ്ടാക്കി കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സ്വയം തിരിച്ചറിയാൻ ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. ഇന്നത്തെ യാതൊരു ഭൗതിക സാഹചര്യങ്ങളും ഇല്ലാതിരുന്ന കാലത്തു, ലഭ്യമായ സൗകര്യങ്ങൾ ഏറെ ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യൻ ജീവശാസ്ത്ര മേഖലയിൽ കൃത്യതയുള്ള പഠനങ്ങൾ നടത്തുകയും തന്റെ പഠനങ്ങൾ, നിരവധി പുസ്തകങ്ങളിലൂടെയും ഗവേഷണ പ്രബന്ധങ്ങളിലൂടെയും ഇന്ത്യയിലെ എല്ലാ ഭാഗത്തുമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാകാവുന്ന രീതിയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. ലബോറട്ടറിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജനിതക ഘടനയിലെ വ്യത്യാസങ്ങൾ എന്ത് കാരണങ്ങളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ തന്മാത്ര ജീവശാസ്ത്രം പോലെ തന്നെ ജീവജാതികളുടെ നാച്ചുറൽ ഹിസ്റ്ററിയും പഠിക്കേണ്ടതുണ്ട്. ജീവജാതികളെ കുറിച്ചുള്ള പഠനം അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചു കൂടിയുള്ള പഠനം ആയിരിക്കണമെന്ന് ഡോ . സലിം അലി എപ്പോഴും നിഷ്കർഷിക്കുമായിരുന്നു. ഗവേഷണങ്ങൾ സ്പീഷീസുകളുടെ സംരക്ഷണത്തിലേക്കു കൂടി നയിക്കണമെന്നു അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ലാബിൽ മാത്രം ഇരിക്കുന്ന ആധുനികകാലത്തെ ഗവേഷകരിൽ നിന്നും സലിം അലിയെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെ.

പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് വലിയതോതിലുള്ള പ്രകൃതി ചൂഷണം തുടരുകയാണ് ഫോട്ടോ സി.കെ.വിഷ്ണുദാസ്

പ്രകൃതി സംരക്ഷണ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ വലുതാണ്. സൈലൻറ് വാലി സംരക്ഷണ സമരം നടക്കുന്ന സമയത്തു, അത് സംരക്ഷിക്കാൻ വേണ്ട തീരുമാനം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരഗാന്ധിയെ കൊണ്ട് എടുപ്പിക്കുന്നതിൽ ഡോക്ടർ സലിം അലിക്ക് നിർണായകമായ പങ്കുണ്ടായിരുന്നു.9പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് വലിയതോതിലുള്ള പ്രകൃതി ചൂഷണം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഭരണകൂടത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്ന ഡോ. സാലിം അലിയെ പോലുള്ള ശാസ്ത്രജ്ഞാന്മാരുടെ അഭാവം ഇന്നത്തെ ഇന്ത്യയെ പരിസ്ഥിതി സംരക്ഷണ മേഖലയിൽ പുറകോട്ടടിപ്പിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.


അധികവായനയ്ക്ക്

  1. Ali, Salim and S. Dillon Ripley(1983). Hand book of the Birds of India and Pakisthan . Compact Edition. Oxford University Press, Bombay
  2. Tara Gandhi(2007). A birds eye view. The collected Essays and Shorter writings of Salim Ali. Vol.1 and II.Permanant Black, New Delhi
  3. C.Sasikumar, Vishnudas, C. K, S. Raju, S.Kannan , P.A. Vinayan.( 2011) Along the trail of Salim Ali : Travancore –Cochin Ornithological Survey, Kerala Forest Department
  4. Ali, Salim and Whistler, Hugh(1936-1937)Part-I-VIII. Journal of the Bombay Natural History Society. Vol.37(4), 38(1), 38(2),38(3), 38(4), 39(1), 39(2), 39(3)
  5. Ali, Salim(1984). Birds of Kerala, Oxford University Press, New Delhi.
  6. Sashikumar, C., Vishnudas, C. K..2018. Status of Vultures in Kerala.Securing Vulture Population in Southern India (2018). Edited by Ramakrishnan, B.Proceedings of the workshop conducted from 8th to 10th, January, 2018 at Udhagamandalam, Nilgiris
  7. SoIB 2020. State of India’s Birds, 2020. Range, trends and conservation status. The SoIB Partnership. Pp 50.
  8. Sashikumar, C., Vishnudas, C. K., Raju, S., &Vinayan, P. A., 2014. On Sálim Ali’s trail: A comparative assessment of southern Kerala’s avifauna after 75 years. Indian BIRDS 9 (2): 29–40.1.
  9. Manoharan T,M. Biju S.D, Nayar T.S, Easa, P.S (eds) 1999. Silent Valley. Whispers of Reason,1999. Kerala Forest department

 

 

Happy
Happy
67 %
Sad
Sad
17 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 127-ാം ജന്മദിനം
Next post കിളികളെക്കുറിച്ച് ചില മധുര ഭാഷണങ്ങൾ 
Close