ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 127-ാം ജന്മദിനം (1896 നവംബർ 12).
1935-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി. എൻ. എച്ച്. എസിനെ (ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയെ) അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ് മറയൂർ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം,കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു ‘പക്ഷിസങ്കേതം’ ആയി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. (ഇന്നത് ഡോ. സാലിം അലി പക്ഷിസങ്കേതം) പിന്നീട് മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം ‘തിരുവിതാംകൂർ – കൊച്ചിയിലെ പക്ഷികൾ’ എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. പിന്നീട് അത് പരിഷ്കരിച്ച് ‘Birds of Kerala’ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി.
1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. സാലിം ജനിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ് മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത്. അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന് അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച് തത്സ്ഥാനത്ത് ഇരുത്തി, അങ്ങനെ എട്ട് ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ് സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.