ഡോ. കാവുമ്പായി ബാലകൃഷ്ണൻ
ശാസ്ത്രവും കവിതയ്ക്ക് വിഷയമാക്കാമെന്ന് മലയാളത്തിൽ ആദ്യമായി കാണിച്ചുതന്നത് സഹോദരൻ അയ്യപ്പൻ ആണെന്ന് എം. എൻ. വിജയൻ മാസ്റ്റർ എഴുതിയിട്ടുണ്ട്. കേരളത്തിലെ യുക്തിവാദപ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ പ്രമുഖനാണല്ലോ അദ്ദേഹം. സഹോദരൻ അയ്യപ്പനിൽ നിന്നാണ് യുക്തിവാദത്തെയും നിരീശ്വരവാദത്തെയും കുറിച്ച് താനാദ്യം കേൾക്കുന്നത് എന്ന് ഇ. എം. എസ്. രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ യുക്തിവാദമാസികയായ “യുക്തിവാദി “സഹോദരന്റെ പത്രാധിപത്യത്തിൽ ആണ് പ്രസിദ്ധീകരണം ആരംഭിച്ചത്. “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ /ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയിൽ “ എന്ന പ്രമാണപദ്യത്തോടെയാണ് ആദ്യലക്കം മുതൽ യുക്തിവാദി ഇറങ്ങിയത്. യുക്തികാലം ഓണപ്പാട്ട്, വെളിപാടുകൾ, പുരോഹിതജാലം, സയൻസ് ദശകം, ആൾദൈവം, ഭാവി, പരിണാമം എന്നിവയാണ് സഹോദരന്റെ പ്രധാന ശാസ്ത്രകവിതകൾ.
മതവും പൗരോഹിത്യവും ചേർന്നു നടത്തുന്ന വഞ്ചനയും ചൂഷണവും, അവയ്ക്ക് എതിരെ യുക്തിചിന്തയോടെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത, മനുഷ്യപുരോഗതിയിൽ സയൻസിനുള്ള പങ്ക് തുടങ്ങിയ കാര്യങ്ങൾ ആണ് ഈ കവിതകളുടെ മുഖ്യപ്രമേയം. സഹോദരകവിതകളിൽ സയൻസ് ദശകത്തിന് സവിശേഷസ്ഥാനമുണ്ട്.
1917ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. ശാസ്ത്രനിർവചനത്തിലുള്ള എല്ലാവിധ സങ്കീർണതകളും ഒഴിവാക്കിക്കൊണ്ട് പത്തു പദ്യങ്ങളിൽ ശാസ്ത്രത്തെയും ശാസ്ത്രീയസമീപനത്തെയും ആവിഷ്കരിക്കുകയാണ് ഈ കവിതയിൽ സഹോദരൻ ചെയ്തിട്ടുള്ളത്. നമ്മുടെ മറ്റുകവികൾ ദേവീദേവന്മാർക്ക് ദശകങ്ങളും ശതകങ്ങളും ചമച്ചുകൊണ്ടിരുന്ന കാലത്താണ് ഈ കവിത രചിക്കപ്പെട്ടത് എന്നത് പ്രത്യേകം ഓർക്കണം.
സയൻസിന് മലയാളത്തിൽ പ്രയോഗിച്ചുവരുന്ന
ശാസ്ത്രം എന്ന പദം അല്ല,
സയൻസ് എന്ന്തന്നെയാണ് കവി ഉപയോഗിക്കുന്നത്.
ശാസ്ത്രത്തിനു ശാസിക്കുന്നത് എന്നാണ് അർത്ഥം. നിയന്ത്രിതമായ ജ്ഞാനമാണത്. സയൻസ് ഇതിന്റെ മറ്റേ അറ്റത്താണ് നിലകൊള്ളൂന്നത്.
(സയൻസ് എന്ന ഇംഗ്ലീഷ് പദത്തെ ശാസ്ത്രം എന്ന് വിവർത്തനം ചെയ്തത് ഫാദർ ഗുണ്ടർട്ട് ആകാനാണ് സാധ്യത. അദ്ദേഹം 1847ൽ ആരംഭിച്ച പശ്ചിമോദയം മാസികയിലാണ് ആധുനിക ശാസ്ത്രസംബന്ധിയായ ലേഖനങ്ങൾ ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ) “കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുൾ /തുരന്ന് സത്യം കാണിക്കും സയൻസിന്ന് തൊഴുന്നു ഞാൻ “എന്ന് അജ്ഞതാന്ധകാരത്തെ അകറ്റുന്ന സയൻസിനെ പ്രകീർത്തിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്.
“സയൻസാൽ ദീപ്‌തമീ ലോകം സയൻസാൽ അഭിവൃദ്ധികൾ /സയൻസെന്യോ തമസ്സെല്ലാം സയൻസിന്ന് തൊഴുന്നു ഞാൻ “എന്ന സായൻസിക മഹത്വോദ്ഘോഷണത്തോടെ കവിത അവസാനിക്കുന്നു.
നാരായണഗുരുവിന്റെ ദൈവദശകം കേരളീയർ ഏറെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കവിതയാണ്. അതേ അഭിമാനത്തോടും ആവേശത്തോടും കൂടി കൊണ്ടാടേണ്ട കവിതയാണ് സയൻസ് ദശകം. നമ്മുടെ വീടുകളിലും സ്കൂളുകളിലും ഓഫിസുകളിലും ഇത് പാരായണം ചെയ്യപ്പെടണം. കോവിഡ് 19ന്റെ മുൻപിൽ പകച്ചുനിൽക്കുന്ന ലോകത്തിന്റെ പ്രതീക്ഷ മുഴുവൻ സയൻസിലാണല്ലോ. ഒരു അതിമാനുഷശക്തിയും ഒരു ആൾദൈവവും തങ്ങളുടെ രക്ഷയ്ക്കെത്തില്ലെന്ന് മനുഷ്യർ തിരിച്ചറിയുകയാണ്. സയൻസ് ദശകം പോലുള്ള കവിതകളുടെ പഠനവും പ്രചാരണവും നമ്മുടെ രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനം കൂടിയാണ്.
സയൻസ് ദശകം – സഹോദരൻ അയ്യപ്പൻ
കോടിസൂര്യനുദിച്ചാലു-
മൊഴിയാത്തോരു കൂരിരുള്‍
തുരന്നു സത്യം കാണിന്നും
സയന്‍സിന്നു തൊഴുന്നു ഞാന്‍.
വെളിച്ചം,മിന്നല്‍,ചൂടൊ,ച്ച-
യിവക്കുള്ളില്‍ മറഞ്ഞീടും
അത്ഭുതങ്ങള്‍ വെളിക്കാക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍.
ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതന്‍
കെടുത്തീട്ടും കെടാതാളും
സയന്‍സിന്നു തൊഴുന്നു ഞാന്‍.
കീഴടക്കി പ്രകൃതിയെ
മനുഷ്യന്നുപകര്‍ത്രിയായ്
കൊടുപ്പാന്‍ വൈഭവം പോന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.
കൃഷി,കൈത്തൊഴില്‍,കച്ചോട,
രാജ്യഭാരമതാദിയെ
പിഴക്കാതെ നയിക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.
ബുക്കുകള്‍ക്കും പൂര്‍വികര്‍ക്കും
മര്‍ത്ത്യരെദ്ദാസരാക്കീടും
സമ്പ്രദായം തകര്‍ക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.
അപൗരുഷേയവാദത്താല്‍
അജ്ഞവഞ്ചന ചെയ്‌തീടും
മതങ്ങളെത്തുരത്തുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.
സ്വബുദ്ധിവൈഭവത്തെത്താന്‍
ഉണര്‍ത്തി നരജാതിയെ
സ്വാതന്ത്രേ്യാല്‍കൃ്‌ടരാക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.
എത്രയെന്നറിഞ്ഞാലു-
മനന്തമറിവാകയാല്‍
എന്നുമാരായുവാന്‍ ചോല്ലും
സയന്‍സിന്നു തൊഴുന്നു ഞാന്‍.
സയന്‍സാല്‍ ദീപ്‌തമീലോകം
സയന്‍സാലഭിവൃദ്ധികള്‍
സയന്‍സന്യേ തമസ്സെല്ലാം
സയന്‍സിന്നു തൊഴുന്നു ഞാന്‍.
(സഹോദരന്റെ പദ്യകൃതികള്‍ )
Science In Action ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച #JoinScienceChain – ശാസ്ത്രമെഴുത്ത് ലേഖനങ്ങളിൽ നിന്നും
Happy
0
0 %
Sad
0
0 %
Excited
0
0 %
Sleepy
0
0 %
Angry
0
0 %
Surprise
0
0 %
Related