വിശ്വാസ സംരക്ഷണമല്ല, ശാസ്ത്രബോധമാണ് വേണ്ടത്.

[author title=”ടി.കെ. ദേവരാജൻ” image=”https://luca.co.in/wp-content/uploads/2019/06/TK-Devarajan.png”]എഡിറ്റർ, ലൂക്ക[/author]

സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശനവിധിയെ മറികടക്കാന്‍ ആചാരസംരക്ഷണത്തിനായുള്ള നിയമിര്‍മ്മാണത്തിന് ഒരു സ്വകാര്യബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുകയാണ്. വിശ്വാസിസമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും അതേപടി സംരക്ഷിക്കപ്പെടണം എന്നതാണ് ബില്ലിന്റെ സത്ത. ജനങ്ങളില്‍ ഏറെപ്പേര്‍ ഈവിധം ചിന്തിച്ചാലും അത് ശാസ്ത്രീയമായും ചരിത്രപരമായും ഭരണഘടനാപരമായും ശരിയോ എന്നതാണ് പ്രസക്തമായ ചോദ്യം.

 

Superstition
ചിത്രത്തിന് കടപ്പാട് | Laz777 [CC BY-SA 4.0], via Wikimedia Commons

[dropcap]തെ[/dropcap]രെഞ്ഞൊടുപ്പില്‍ മുഖ്യചര്‍ച്ചാ വിഷയമായിരുന്നില്ലെങ്കിലും കേരളത്തിലെ തെരെഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും വിലയിരുത്തിയത് ശബരിമല വിധിയോട് സര്‍ക്കാര്‍ സ്വീകരിച്ച അനുകൂല നിലപാടാണ് ജനങ്ങളെ കൂടുതല്‍ സ്വാധീനിച്ചത് എന്ന നിലയിലാണ്. ആ നിലയില്‍ ഈ ബില്‍ പാര്‍ലമെന്റിൽ അവതരിപ്പിച്ച് പാസ്സായാലും ഇല്ലെങ്കിലും കേരളസമൂഹത്തില്‍ ആ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അത് ഇടയാക്കിയേക്കും.

ആചാരങ്ങള്‍ എല്ലാം ഓരോ കാലത്തിലും ദേശത്തിലും രൂപപ്പെട്ടതാണ്. അന്നത്ത അറിവും അക്കാലത്തെ സാമൂഹ്യ ബന്ധങ്ങളുമാണ് അവയോരോന്നിന്റെയും പിന്നില്‍. അറിവ് വികസിക്കുമ്പോള്‍ പലതിലും സങ്കല്പിച്ച യുക്തി അപ്രസക്തമാകും. സാമൂഹ്യബന്ധങ്ങള്‍ മാറുമ്പോള്‍ അത്  ആ വിധം നടപ്പിലാക്കാന്‍ പ്രായോഗിക മായി അസാധ്യമാകും. അല്ലെങ്കില്‍ സാമൂഹ്യബന്ധങ്ങള്‍ മാറ്റേണ്ടി വരുമ്പോള്‍ ആചാര വിശ്വാസങ്ങള്‍ അതിന് തടസ്സമാകും. ഇന്നലത്തെ അചാരങ്ങള്‍ പലതും ഇന്ന് അനാചാരമായി നാം തിരിച്ചറിയുന്നത് അതിനാലാണ്. ഇത് തിരിച്ചറിഞ്ഞാല്‍ ഇന്നത്തെ ആചാരങ്ങള്‍ പലതും നാളെ അനാചാരമാകുമെന്ന് മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടാവില്ല.

കുറഞ്ഞ ശരാശരി ആയുസ്സും കൂടിയ ബാലമരണങ്ങളും മൂലം എട്ടും പത്തും പ്രസവിച്ചാലേ വംശം നിലനില്ക്കൂ എന്ന സ്ഥിതിയില്‍, വീട്ടുജോലികളെല്ലാം വലിയ ഭാരമായിരുന്നകാലത്ത് സ്ത്രീകളെ വീട്ടിലൊതുക്കിയതിന് ന്യായീകരണമുണ്ടാവും. പക്ഷേ ഇന്ന് എട്ടും പത്തും പ്രസവിക്കുന്നതും വീട്ടില്‍ ഒതുങ്ങുന്നതുമാണ് ആചാരം എന്നു പറഞ്ഞാല്‍? നാപ്കിന്‍ പോലെ മതിയായ ശുചീകരണസംവിധാനം ഇല്ലാത്ത കാലത്ത് ആര്‍ത്തവസമയം അടുക്കളയില്‍ കയറാതെയും പണിക്ക് പോകാതെയും  മാറിയിരിക്കുന്നതിന് യുക്തിയുണ്ടാവും. എന്നാല്‍ ഇന്ന് ആചാരസംരക്ഷകരായി വരുന്ന സ്ത്രീകള്‍ പോലും അങ്ങിനെ ചെയ്യാറുണ്ടോ? ശുദ്ധിയെയും അശുദ്ധിയെയും പറ്റി ശാസ്ത്രീയ ധാരണ ഇല്ലാതിരുന്ന കാലത്ത് ചാണകവും പുണ്യാഹവും ഓതിതുപ്പിയ വെള്ളവുമെല്ലാം ശുദ്ധികര്‍മ്മത്തിന് ഉപയോഗിച്ചിരുന്നു. വീട് ശുചിയാക്കാനും അതാണ് വേണ്ടതെന്നാണ് പണ്ട് കരുതിയത്. ഇന്ന് ഏവരും ഉപയോഗിക്കുന്നത് അതാണോ?.

മാനസിക വിഭ്രാന്തി വന്നവരെ മന്ത്രവാദിയെ കൊണ്ട് ദേഹോപദ്രവം ചെയ്യിച്ച് ബാധയൊഴിപ്പിക്കുന്നത്  പണ്ട് ആചാരമായിരുന്നു. ഇന്നത് വലിയ കുറ്റമാണ്.

ജാതീയമായ വിവേചനങ്ങള്‍ക്കും തീണ്ടല്‍പോലുള്ള ആചാരങ്ങള്‍ക്കും ഒരുകാലത്ത് വിശ്വാസത്തിന്റെ അടിത്തറയുണ്ടായിരുന്നു. വിശ്വാസി സമൂഹത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ അത് അക്കാരണത്താല്‍ നിയമപരമായി പരിരക്ഷിക്കയല്ല, നീതിരഹിതമായി പ്രഖ്യാപിച്ച് നിയമം സൃഷ്ടിക്കയാണ് അന്നത്തെ ഭരണകൂടം ചെയ്തത്. അതിനുള്ള  സമ്മര്‍ദ്ദങ്ങളാണ് സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്. ഭര്‍ത്താവ് മരിച്ചാല്‍ തലമുണ്ഡനം ചെയ്ത് വെള്ള വസ്ത്രം മാത്രം ധരിച്ച് അകത്തളത്തില്‍ കഴിയാനായിരുന്നു പൗരോഹിത്യം കുടുംബങ്ങളിലെ സ്ത്രീകളോട് കല്പിച്ചത്. എന്നാല്‍ ആദ്യ വിധവാ വിവാഹവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ളവരവും കേരളചരിത്രത്തിലെ സുവര്‍ണ്ണഅധ്യായങ്ങളായാണ് നാമിന്ന് പരിഗണിക്കുന്നത്.

സതി,ബഹുഭാര്യാത്വം, ബാലവിവാഹം തുടങ്ങി എത്രയെത്ര ആചാരങ്ങളാണ് വിശ്വാസത്തിന്റെയും വിശ്വാസിസമൂഹത്തിന്റെയും എതിര്‍പ്പിനെ മറികടന്ന് ഈ വിധം നിയമവിരുദ്ധമായി തീര്‍ന്നത്?

ഏത് മതത്തിലും ആചാരത്തിലും വിശ്വാസിക്കാനും അതനുസരിച്ച്  ജീവിക്കാനുമുള്ള അവകാശം ഭരണഘടന നമുക്ക് നല്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍  അത് മത വിശ്വാസങ്ങള്‍ എല്ലാം ശരിയായതുകൊണ്ടല്ല . ആചാരങ്ങള്‍ അതേപടി സംരക്ഷിക്കാനുമല്ല. ഒരുവശത്ത് അത് ഇന്ത്യയുടെ ആചാര വിശ്വാസങ്ങളിലുള്ള വൈവിധ്യത്തെ അഭിസംബോധന ചെയ്യുന്നു.  മറുഭാഗത്ത് സ്വന്തം വിശ്വാസം വസ്തുതാപരമായി തെറ്റെന്ന് ബോധ്യപ്പെടാന്‍ പ്രയാസമാണെന്ന വിശ്വാസിയുടെ ദൗര്‍ബല്യത്തെപരിഗണിച്ചും വേറൊരാളെ ബാധിക്കില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ആണ് അത് നിലനില്ക്കുന്നത്. അതിനാലാണ് ഈ അവകാശം രാജ്യത്തെ പൊതു നിയമവ്യവസ്ഥക്കും പൊതുതാല്പര്യത്തിനും വിരുദ്ധമാകാത്തിടത്തോളം എന്ന് ഭരണഘടന എടുത്ത് പറയുന്നത്.   ഒരു കൂട്ടം ആള്‍ക്കാരുടെ വിശ്വാസം സംരക്ഷിക്കുന്നു എന്ന് പറയാതെ വ്യക്തിയുടെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമായി പരിമിതപ്പെടുത്തിയതും അത് കൊണ്ടുതന്നെ.. അതായത് ഏത് വിശ്വസിക്കണം ഏത് ആചാരം പിന്തുടരണം എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തിയുമാണ്, ആൾക്കൂട്ടമല്ല . ഭരണകൂടം പ്രധാനമായും നോക്കേണ്ടത് വ്യക്തിയുടെയോ വിഭാഗത്തിന്റെയോ വിശ്വാസങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പിക്കാതെയും പൊതുതാല്പര്യത്തെ ഹനിക്കാതെയും നോക്കുക എന്നതാണ്.

ഈ തിരിച്ചറിവുകള്‍ കേരളസമൂഹത്തില്‍ സൃഷ്ടിക്കാനും  അതിനാവശ്യമായ ശാസ്ത്രബോധം വളര്‍ത്താനുമാണ് പുരോഗമനശക്തികള്‍ ശ്രമിക്കേണ്ടത്. അത്  ശ്രമകരമാണ്. എന്നാല്‍ അത്യന്താപേക്ഷിതവുമാണ് . പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ബില്ലിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നാം ചെയ്യേണ്ടത് അതാണ്.

2 thoughts on “വിശ്വാസ സംരക്ഷണമല്ല, ശാസ്ത്രബോധമാണ് വേണ്ടത്.

  1. മറ്റ് മതവിഭാഗങ്ങളിൽ തുടരുന്ന അഥവാ മാറ്റം വരുത്തേണ്ട ആചാരങ്ങൾ കൂടി രേഖപ്പെടുത്തി ചച്ച ചെയ്താൽ കൊള്ളാം.

  2. തിരക്കുള്ള റോഡ് മുറിച്ചുകടക്കാൻ എത്ര വലിയ ഭക്തനാണെങ്കിൽ പോലും ഉപയോഗിക്കുന്ന മാർഗം ശാസ്ത്രത്തിൻറെ മാർഗമാണ്.അല്ലാതെ ദൈവമേ കാത്തോളണേ എന്ന് പറഞ്ഞ് ഒരുത്തനും റോഡിലേക്കിറങ്ങില്ല.വിശക്കുമ്പോഴും രോഗം വരുമ്പോഴും നമ്മൾ ശാസ്ത്രത്തെയാണ് അഭയം പ്രാപിക്കാറ്.ഈ ചിന്താഗതി ജീവിതത്തിൻറെ എല്ലാരംഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചാൽ മതി.പക്ഷെ അങ്ങനെയൊരു ചിന്താഗതി വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസം പര്യാപ്തമല്ല.അതുകൊണ്ടുതന്നെ സ്ഥാപിത താൽപര്യക്കാർക്ക് പിടിമുറുക്കാൻ എളുപ്പമാണു താനും.

Leave a Reply to SS Nair Cancel reply