Read Time:9 Minute

ഓണക്കാലത്ത് പഠിക്കാൻ ഏറ്റവും യോജിച്ച വാക്കാണ് ‘rosy retrospection’ (റോറി)! മനശാസ്ത്രത്തിലെ ഒരു ചിന്താപക്ഷപാതം (cognitive bias) ആണത്. ഓണമാവുമ്പോൾ എവിടെ നോക്കിയാലും കാണാം റോറിയുടെ അലമുറയിടൽ…

സെലിബ്രിറ്റികളുടേയും സോ-കോൾഡ് മുതിർന്നവരുടെയും ഓണമൊഴിമുത്തുകളിൽ പ്രത്യക്ഷപ്പെടുന്ന “ഇപ്പഴത്തെ ഓണമൊക്കെ എന്തോന്ന് ഓണം, പണ്ടത്തെ ഓണമല്ലായിരുന്നോ ഓണം” ഇല്ലേ? അത് തന്നെയാണ് സംഗതി. എല്ലാ രീതിയിലും സമാനമായിരുന്നാൽ പോലും ഭൂതകാലത്തെ വർത്തമാന കാലത്തേക്കാൾ നല്ലതായി വിലയിരുത്തുന്ന ചിന്താപക്ഷപാതമാണ് റോറി. നമ്മൾ പൊതുവിൽ നൊസ്റ്റാൾജിയ എന്ന് വിളിക്കുന്ന സംഗതിയുമായി വല്ലാതെ പിണഞ്ഞുകിടക്കുന്ന ഒന്നാണ് ഇത് എങ്കിലും നൊസ്റ്റാൾജിയയെ ഒരു ചിന്താപക്ഷപാതമായി കണക്കാക്കാറില്ല.

ദീർഘകാല ഓർമ്മകളെ നമ്മുടെ മസ്തിഷ്കം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് റോറിയുടെ രഹസ്യം കിടക്കുന്നത്. ഒരാൾ തന്റെ ജീവിതകാലം കൊണ്ട് ഒരുപാട് ഓർമ്മകൾ സ്വരുക്കൂട്ടുന്നുണ്ടാകും. എന്നാൽ മുതിർന്ന ഒരാൾ ഇങ്ങനെ സ്വരുക്കൂട്ടിയ ഓർമ്മകളുടെ എണ്ണം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ഓർമ്മകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 15 നും 25 നും ഇടയ്ക്ക് പ്രായമുള്ളപ്പോൾ ആണ് എന്ന് കാണാം. ഇതിനെ remiscence bump എന്നാണ് പൊതുവേ വിളിക്കാറ്. അതായത്, ഉദാഹരണത്തിന് 50 വയസ്സുള്ള ഒരാൾ തന്റെ ഭൂതകാലത്തിൽ നിന്നും ഓർമ്മകൾ എണ്ണിയെടുക്കുന്നു എന്നിരിക്കട്ടെ. അടുത്തയിടെ സംഭവിച്ചത് ആയതുകൊണ്ട് തന്നെ 45 വയസ്സിനു ശേഷമുള്ള ഓർമ്മകൾ അയാൾക്ക് ഒരുപാടെണ്ണം പറയാനുണ്ടാകും. ഏതാണ്ട് 25 നു 35 നും ഇടയ്ക്കുള്ള ഓർമ്മകളും 15 വയസ്സിൽ താഴെയുള്ള കാലത്തെ ഓർമ്മകളും താരതമ്യേന കുറവായിരിക്കും. അതിനിടയിലുള്ള കാലത്താണ് reminiscence bump കാണപ്പെടുന്നത്. ഇതിൻറെ കൃത്യമായ കാരണം ഇന്നും വ്യക്തമല്ല എങ്കിൽ പോലും ഇങ്ങനെയൊരു കാര്യം ഉള്ളതായി പല പഠനങ്ങളിലും സമാനമായി കണ്ടിട്ടുണ്ട്.

ഇത് റോറിയിലേയ്ക്ക് നയിക്കുന്നതിന്റെ ഒരു പ്രധാന കാരണമായി കരുതപ്പെടുന്നത്, ആ പ്രായത്തിലെ ഓർമ്മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വൈകാരികതകളാണ്. ഡോപ്പമൈൻ പോലുള്ള ഹോർമോണുകളും ന്യൂറോട്രാൻസ്മിറ്ററുകളും ഏറ്റവും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഈ പ്രായത്തിൽ അതുമായി ബന്ധപ്പെട്ട ഓർമ്മരൂപീകരണവും ശക്തമായിരിക്കും. നമ്മൾ ഭൂതകാലം ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, സംഭവങ്ങൾ എങ്ങനെ നടന്നു എന്നതിനേക്കാൾ കൂടുതൽ ആ സംഭവങ്ങളിൽ നമുക്ക് എന്താണ് അനുഭവപ്പെട്ടത് (what we felt, rather than what happened) എന്നതാണ് ഓർമ്മ വരുന്നത്. ഉദാഹരണത്തിന് പണ്ട് നമ്മളോട് ഒരാൾ പ്രണയാഭ്യർത്ഥന നടത്തിയത് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, അവർ പറഞ്ഞ വാചകത്തേക്കാൾ കൂടുതൽ ശക്തമായി ഓർമ്മയിൽ കിടക്കുന്നത് ആ സമയത്ത് നമുക്ക് തോന്നിയ സന്തോഷമോ ആത്മാഭിമാനമോ ഒക്കെയായിരിക്കും.

ഈ പ്രായത്തിന് മറ്റൊരു പ്രത്യേകതയുള്ളത്, കുട്ടിയായിരുന്നപ്പോൾ ഇല്ലാതിരുന്ന സ്വാതന്ത്ര്യം കിട്ടുകയും, അതേസമയം കാര്യമായ ഉത്തരവാദിത്വങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു കാലമാണ് എന്നതാണ്. ഒരുപാട് പുതിയ സാഹസങ്ങൾക്ക് ശ്രമിക്കുകയും അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന പ്രായം. മിക്കപ്പോഴും ശുഭാപ്തിവിശ്വാസത്തോടെയായിരിക്കും ലോകത്തെ കാണുന്നതും. അതായത് ഏറ്റവും കൂടുതൽ പോസിറ്റീവ് ഓർമ്മകൾ സൃഷ്ടിക്കപ്പെടുന്ന പ്രായവും, ഏറ്റവും കൂടുതൽ ഓർമ്മകൾ രേഖപ്പെടുത്തപ്പെടുന്ന പ്രായവും ഒന്നുതന്നെയാണ് എന്നർത്ഥം. ഇതിനുപുറമേ, ആത്മനിഷ്ഠമായ നെഗറ്റീവ് ഓർമ്മകൾ (negative autobiographical memories) താരതമ്യേന കൂടുതൽ സങ്കീർണമാണെന്നും അവ കൂടുതൽ എളുപ്പത്തിൽ മായ്ക്കപ്പെട്ടു പോകുമെന്നും പഠനങ്ങൾ ഉണ്ട്. ഇതെല്ലാം കൂടിച്ചേരുമ്പോൾ, നമ്മുടെ ഭൂതകാലത്തെ കുറിച്ചുള്ള അവലോകനം പോസിറ്റീവ് ഓർമ്മകളിൽ അനാനുപാതികമായി കുരുങ്ങിക്കിടക്കും എന്നർത്ഥം. കോളേജിൽ പഠിച്ചപ്പോൾ ടൂറ് പോയത് നന്നായി ഓർമ്മയുണ്ടാകും, പക്ഷേ പരീക്ഷയ്ക്ക് ടെൻഷനടിച്ച് പഠിച്ചതോ റിസൾട്ട് വരുന്നതിനുമുമ്പ് പേപ്പർ പോകുമോ എന്നോർത്ത് വേവലാതിപ്പെട്ടതോ ഓർമ്മയുണ്ടാവില്ല. സ്കൂൾ കാലത്തെ യുവജനോത്സവം നല്ല ഓർമ്മയുണ്ടാകും, പക്ഷേ പ്രോഗ്രസ് കാർഡിൽ ഒപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടെൻഷനടിച്ചത് ഓർമ്മയുണ്ടാവില്ല.

ഒറ്റനോട്ടത്തിൽ നിരുപദ്രവം എന്ന് തോന്നുമെങ്കിലും പലപ്പോഴും വലിയ സാമൂഹികസ്വാധീനം റോറിക്ക് ഉണ്ടാകും. ഡോണൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചരണ വാചകം “Make America great again” എന്നായിരുന്നു. അമേരിക്കയ്ക്ക് പണ്ടത്തെ പ്രതാപമൊക്കെ നഷ്ടപ്പെട്ടു എന്ന് കരുതുന്ന മധ്യവയസ്കരെ പെട്ടെന്ന് ചൂണ്ടയിൽ പിടിക്കാൻ പറ്റിയ വാചകം ആയിരുന്നു അത്. പണ്ടുണ്ടായിരുന്നതായി അമ്മാവന്മാർ പാടി നടക്കുന്ന പ്രതാപം വീണ്ടെടുക്കാൻ വേണ്ടി ഭൂതകാലത്തിലേക്ക് റിവേഴ്സ് ഗിയറിടുന്ന ചെറുപ്പക്കാർ റോറിയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.


കേൾക്കാം


മറ്റു ലേഖനങ്ങൾ

Happy
Happy
47 %
Sad
Sad
0 %
Excited
Excited
18 %
Sleepy
Sleepy
0 %
Angry
Angry
6 %
Surprise
Surprise
29 %

Leave a Reply

Previous post തിരുവോണത്തിന്റെ നക്ഷത്രവഴി 
Next post മീഞ്ചട്ടിയുടെ ഓർമ്മ
Close