Read Time:62 Minute

പി.ചന്ദ്രശേഖരൻ

ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന രീതിയാണ്  സാമ്പ്രദായികമായി ചരിത്രപഠനത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കാണുന്നവയിൽ ഏതൊക്കെ, ഏത് കാലത്താണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല.

നൊബേൽ സമ്മാനജേതാക്കൾ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവും നേടിയവരാണെന്ന് ആരും കരുതരുതെന്നും അവരവരുടെ പ്രവർത്തനമണ്ഡലത്തിലെ മികവിനുള്ള അംഗീകാരം കിട്ടിയവർ മാത്രമാണെന്നും 2009-ൽ നൊബേൽ സമ്മാനം നേടിയ ശ്രീ. വി.രാമകൃഷ്ണൻ ആയിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു സംവാദത്തിനിടെ, സൂചിപ്പിക്കുകയുണ്ടായി. അറിവ് സ്വയം അറിഞ്ഞറിയുമ്പോൾ ഏതൊരു മനുഷ്യനും വിനയാന്വിതനാകുന്നതിന്റെ ഒന്നാംതരം ഉദാഹരണമായിരുന്നു ആ ഭാഷണം. സ്വന്തം കർമമണ്ഡലത്തെക്കുറിച്ചുതന്നെ താൻ വളരെ കുറച്ചേ മനസ്സിലാക്കിയിട്ടുള്ളൂവെന്നും ഇനിയും കടക്കാനുള്ള അറിവിന്റെ പാരാവാരം അത്യഗാധവും ഏറെ പരപ്പാർന്നതുമാണെന്നും മനസ്സിലാകുമ്പോൾ മാത്രം നേടാനാകുന്ന എളിമയുടെ പ്രകാശനമായിരുന്നു അത്. എന്നാൽ മലയാളക്കരയിലെ സാമ്പ്രദായികമായ ചരിത്രപഠനരീതികളും അവയിൽ നിന്ന് സാധാരണ മനുഷ്യർക്ക് കിട്ടിപ്പോരുന്ന അറിവുകളും കണക്കിലെടുക്കുമ്പോൾ നമ്മുടെ ഒട്ടുമിക്ക ചരിത്രകാരന്മാർക്കും ഈ എളിമയും വിനയവും ആർജിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകുന്നുണ്ട്. മനുഷ്യചരിത്രത്തിന്റെ യഥാർത്ഥചിത്രം ശാസ്ത്രം വെളിവാക്കിത്തരുന്ന വസ്തുതകളുടെ വെളിച്ചത്തിൽ സാധാരണക്കാർക്ക് മനസ്സിലാകുംവിധം അനാവൃതമാക്കിക്കൊണ്ട് ഭൂതകാലം ഇന്നിനേക്കാൾ മികവാർന്നതായിരുന്നെന്ന അവരുടെ അബദ്ധധാരണ മാറ്റിയെടുക്കുന്നതിനും, തങ്ങളുടെ ഭാവികാലത്തെ ശ്രേയസ്‌കരമാക്കിത്തീർക്കാൻ അതുവഴി അവരെ കൂടുതൽ പ്രാപ്തരാക്കു ന്നതിനും നമ്മുടെ ചരിത്രകാരന്മാർ പൊതുവേ മടിക്കുന്നതായും കാണാം. 

ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന രീതിയാണ് ഇവർക്കിടയിൽ സാമ്പ്രദായിക മായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കാണുന്നവയിൽ ഏതൊക്കെ, ഏത് കാലത്താണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല. വിവരിക്കുന്നത് നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളായതിനാൽ അവതാരകന്റെ അത്യുക്തികളും അതിശയോക്തികളും അതിൽ ധാരാളമുണ്ടാകും. വർത്തമാനകാലത്തെ സന്നിഗ്ദ്ധാവസ്ഥകൾ ഭാവിയെക്കുറിച്ച് സൃഷ്ടിക്കുന്ന  ഉൽക്കണ്ഠകൾ, ഈ അത്യുക്തികളേയും അതിശയോക്തികളേയും അപ്പാടെ സ്വീകരിക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുകയും ചെയ്യും.

കാലത്തിൽ മുന്നോട്ട് സഞ്ചരിച്ചുകൊണ്ട്, ചരിത്രത്തെ -മനുഷ്യസംസ്‌കൃതിയുടേതായാലും ഭൂമിയുടേതാ യാലും-പരമ്പരാഗതമായ രീതിയിൽ നിരീക്ഷിക്കുമ്പോൾ, എന്തൊക്കെയാണ് പുതുതായി ഉണ്ടായിവരുന്നത് എന്നാണ് നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ഫുട്ബാൾ കളിയുടെ തുടർവിവരണം പോലെയാണ് അത് പുരോഗമിക്കുന്നത്. അപ്പോൾ അതാത് കാലത്ത് നടക്കുന്ന സംഭവങ്ങളിലാണ് നാം ശ്രദ്ധയത്രയും ഊന്നുന്നത്. അതങ്ങിനെ കേട്ടിരിക്കുമ്പോൾ നാം നിലവിലുള്ളവയേയും അന്നന്ന് പുതുതായി കണ്ടുമുട്ടുന്നവയേയും മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നു; ഇനി വരാനിരിക്കുന്നതിനെപ്പറ്റിയുള്ള ഉദ്വേഗഭരിതമായ ചിന്തകളും കൂടി കൂട്ടത്തിൽ വരുന്നു. മുൻപുണ്ടായിരുന്നവയെ മനസ്സ് അപ്പോൾ താൽക്കാലികമായി തിരസ്‌കരിക്കുന്നുണ്ട്. ഭൂതകാലം മാറ്റി നിർത്തപ്പെടുന്നു; വർത്തമാനത്തിനേയും വരുംകാലത്തിനേയും കുറിച്ച് മാത്രം ചിന്തിക്കുന്ന ശീലം ഇതോടെ വരികയും ചെയ്യുന്നു; ഭൂതകാലം താൽകാലികമായ മറവിയിലേക്ക് ഒതുങ്ങുന്നു. അത് നമുക്ക് ചുറ്റും നടക്കുന്ന നിരന്തരമായ പരിണാമപ്രക്രിയയുടെ ഭാഗമായി ചർച്ചചെയ്യപ്പെടേണ്ടതല്ലെന്ന് തോന്നിത്തുടങ്ങുന്നു; ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നവയ്ക്കും ഇനി കാണാനിരിക്കുന്നവയ്ക്കും മാത്രമേ പ്രസക്തിയുള്ളൂ എന്നിടത്തോളം കാര്യങ്ങൾ എത്തുന്നു. അപ്പപ്പോൾ കാണുന്നവ ഒരു നിമിഷനേരത്തേക്കാണെങ്കിലും സ്ഥിരതയും സാന്നിദ്ധ്യവും തോന്നിപ്പിക്കുന്നതുകൊണ്ടും, അവയ്ക്ക് തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള കാഴ്ചകളിൽ എടുത്തുപറയത്തക്ക വ്യത്യാസങ്ങൾ സാധാരണ ഗതിയിൽ കണ്ണിൽപ്പെടാത്തതുകൊണ്ടും, ഒന്നും മാറ്റങ്ങൾക്ക് വിധേയമാകുന്നില്ലെന്നും എല്ലാം ഇന്നത്തേതു പോലെ തുടർന്നുപോകുകയാണെന്നുമുള്ള ഒരബദ്ധ ധാരണയും കൂടി ഗതാനുഗതികമായി അവിടെ വന്നു ചേരുന്നുണ്ട്. കൂട്ടത്തിൽ, ഇന്നും നാളേയും നൂറായിരം വെല്ലുവിളികൾ നിറഞ്ഞതായിരിക്കുകയും എന്നാൽ അവയെ നേരിടാനുള്ള ആത്മവിശ്വാസം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, പോയ കാലത്ത് ആരും ഇത്രയൊന്നും കഷ്ടപ്പെട്ടിരുന്നില്ലെന്ന തോന്നലും കടന്നുവരുന്നു. അതോടെ കഴിഞ്ഞകാലങ്ങൾ ഇന്നിനേക്കാളും സുഖസമ്പന്നമായിരുന്നുവെന്ന് ധരിച്ചുവശാവുന്നു. ആ സമീപനമാകട്ടെ, ചരിത്രം കടന്നുപോന്നിട്ടുള്ള വഴികളിലെ ശീതോഷ്ണാവസ്ഥകളേയും ആകസ്മികതകളെപ്പോലും അതീവശ്രദ്ധയോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏത് പരിണാമപ്രക്രിയയേയും പ്രകൃതി എങ്ങിനെ പുരോഗമനപരമായി നിലനിർത്തുന്നു എന്നും, എപ്പോഴും കൂടുതൽ മെച്ചപ്പെട്ട, നിലനിൽക്കാൻ കൂടുതൽ പ്രാപ്തമായ മറ്റൊന്നിലേക്കാണ് എല്ലാ മാറ്റങ്ങളും നടക്കുന്നതെന്നുമുള്ള വസ്തുത നമുക്ക് വെളിവാക്കിത്തരുന്നുമില്ല. 

ഭൂതകാലത്തെക്കുറിച്ചുള്ള സങ്കല്പം

ഈ പ്രശ്‌നം മനുഷ്യസംസ്‌കൃതികളുടെ ചരിത്രം മനസ്സിലാക്കുന്ന കാര്യത്തിലാണ് നമ്മെ കാര്യമായി വഴിതെറ്റിച്ച് വിടുന്നത്. അവിടെ ഭൂതകാലത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ സങ്കല്പം, അത് ഇന്നിനേക്കാൾ എത്രയോ മഹത്തരവും സൗഭാഗ്യസമ്പൂർണ്ണവുമായിരുന്നു എന്നായി മാറിയിട്ടുണ്ട്. അതങ്ങനെ നിലനിൽക്കുന്നതുകൊണ്ട് നമ്മുടെ ബുദ്ധി  ‘എന്നും എല്ലാം ഇങ്ങിനെയുണ്ടായിരുന്നു ‘എന്ന മട്ടിലുള്ള ഒരു സങ്കൽപത്തിൽ ചരിക്കാൻ തുടങ്ങുകയും ശാസ്ത്രം കാണിച്ചു തരുന്ന വഴികളിലൂടെയുള്ള യാത്ര അത്ര എളുപ്പമല്ലാത്തതാകുകയും ചെയ്യുന്നു. എന്നും എക്കാലത്തും എല്ലാം ഒരു പോലെയാണെന്നാണ് സൃഷ്ടിവാദം പറഞ്ഞുതരുന്നത്. കാര്യങ്ങൾ ആ രീതിയിൽ മനസ്സിലാക്കുന്നത് സാമാന്യ മനസിന് എളുപ്പവുമാണ്. പക്ഷേ കാര്യങ്ങൾ അങ്ങിനെയല്ലെന്ന വസ്തുത ബോദ്ധ്യപ്പെടേണ്ടതുണ്ടെങ്കിൽ നാം ഒരു പുതിയ വഴി തന്നെ കണ്ടെത്തണം.

ഭൂതകാലത്തിലേക്ക് ഇറങ്ങിനടന്നുകൊണ്ടും ഇന്ന് കാണുന്നതിനെയും ഇന്നലെ കണ്ടതിനേയും മിനിയാന്ന് കണ്ടതുമായി താരതമ്യപ്പെടുത്തിക്കൊണ്ടും, കടന്നുപോയ നാളുകളിലേക്ക് കടന്നിരുന്ന് ചിക്കിച്ചിനക്കി നടത്തു ന്ന അന്വേഷണങ്ങളിലൂടെ മാത്രമേ അവിടെ ഇന്നത്തേ ക്കാൾ ഇല്ലായ്മകളും വല്ലായ്മകളുമാണ് നിറഞ്ഞുനിന്നി രുന്നത് എന്ന് തിരിച്ചറിയാനാവുകയുള്ളൂ. പടിപടിയായി അനാവരണം ചെയ്യപ്പെടുന്ന ആ ഇല്ലായ്മകളുടെ പുറകോട്ടുള്ള തുടർച്ച കണ്ടെത്തുമ്പോഴാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന പുരോഗമനപരമായ മാറ്റങ്ങളുടെ സാന്നിദ്ധ്യം നമുക്ക് പൂർണ്ണമായും ബോദ്ധ്യപ്പെടുക. അതു കൊണ്ടാണ് ചരിത്രത്തിൽ നമ്മുടെ അന്വേഷണങ്ങൾ ഇത്തരം പശ്ചാദ്ഗമനങ്ങളിലൂടെയും നടത്തേണ്ടതുണ്ടെന്ന് വരുന്നത്.

അങ്ങിനെ പ്രപഞ്ചത്തിന്റേയോ മനുഷ്യസംസ്‌കൃതികളുടേയോ ഭൂതകാലം തേടി വർഷങ്ങൾക്കപ്പുറത്തേക്ക് ഒരു അന്വേഷണം നടത്തുന്ന പക്ഷം നമുക്ക് സഹായത്തിനെത്തുക ശാസ്ത്രം മാത്രമാണ്.
അതൊന്ന് മാത്രമാണ് ഭൂമിയോ അതിലെ ജീവജാലങ്ങളോ ആദിയിൽ പ്രത്യക്ഷപ്പെട്ട നിലയ്ക്കല്ല ഇന്ന് കാണപ്പെടുന്നതെന്നും നമുക്ക് മുൻപ് ഈ ഭൂമിയിൽ അനേകതരം ജന്തുജാലങ്ങൾ ജീവിച്ചുപോന്നിട്ടുണ്ടെന്നും എല്ലാം നിരന്തരമായ മാറ്റത്തിന് വിധേയമാകുന്നുണ്ടെന്നും നമ്മോട് തെളിവുകൾസഹിതം പറയുന്നത്. അതിനും മുൻപ് എന്താണ് ഉണ്ടായിരുന്നത് എന്നത് ഇനിയും അന്വേ ഷിച്ചറിയേണ്ടതുണ്ടെന്നും അത് സമ്മതിക്കുന്നുണ്ട്. സൃ ഷ്ടിസിദ്ധാന്തമാകട്ടെ സൃഷ്ടിക്ക് മുൻപ് ഈ ലോക ത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. അതുകൊണ്ട് അന്നുള്ള കാര്യങ്ങൾ മുതലേ അതിനറി യൂ. ഇന്ന് കാണുന്നതൊക്കെയേ എന്നും ഉണ്ടായിരുന്നുള്ളു എന്നും അത് പറയുന്നു. അത് കാലത്തിൽ പുറകോട്ട് അല്പമെന്തോ സഞ്ചരിച്ച് എവിടെയോ ഒരിടത്ത് നിന്നുപോകുന്നു. സൃഷ്ടികാലത്തിനപ്പുറം അതിന് സമയമില്ല.  

പോയ കാലങ്ങളിലെ ഇല്ലായ്മകൾ

മനുഷ്യനെന്ന ജീവിവർഗത്തിന്റെ ചരിത്രം ഇങ്ങനെ പുറകോട്ടിറങ്ങിച്ചെന്ന് പരിശോധിക്കുമ്പോൾ എന്തൊ ക്കെയാണ് നമുക്ക് കണ്ടെത്താനാകുന്നത്? ഈ ലേഖന മെഴുതാനുപയോഗിച്ച മട്ടിലുള്ള ഒരു എഴുത്തുവിദ്യയും നാലായിരം വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്നിട്ടില്ല. ഏതാണ്ട് പതിനെണ്ണായിരം വർഷങ്ങൾക്കപ്പുറത്തെത്തു മ്പോൾ കൃഷിയും കാലിവളർത്തലുമൊന്നും മനുഷ്യർ ഒരിടത്തും ആരംഭിച്ചിട്ടില്ല. വേട്ടയാടിക്കിട്ടുന്ന മാംസവും അപ്പപ്പോൾ കിട്ടുന്ന കായ്കളും പഴങ്ങളും തിന്നുകൊ ണ്ടാണ് അവർ ജീവിച്ചിരുന്നത്. സ്ഥിരമായ പാർപ്പിടങ്ങളും നിർമിക്കപ്പെട്ട് തുടങ്ങിയിട്ടില്ല. രണ്ട് ലക്ഷം വർഷ ങ്ങൾക്ക് മുൻപേതന്നെ ആഫ്രിക്കയിൽ പ്രത്യക്ഷ പ്പെടുന്ന ആധുനിക മനുഷ്യർ കരവഴി ആരംഭിച്ച പ്രയാ ണം എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിപ്പെട്ടിട്ടുമില്ല. 10,000 വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച ഒരു ഹിമാനിവൽ ക്കരണകാലത്ത് കടൽ പിൻവാങ്ങി കൂടുതൽ കരഭാഗം പ്രകാശിതമായതോടെ മാത്രമാണ് ബെറിങ്ങ് ഭാഗത്തു കൂടി അലാസ്‌കയിലേക്ക് കടന്ന മനുഷ്യർ അമേരിക്കൻ വൻകരയിലെത്തുന്നുള്ളൂ.

രണ്ടര ലക്ഷം വർഷങ്ങൾക്ക് പുറകിൽ ആധുനിക മനുഷ്യരെ കാണുന്നില്ല. അവർ ഉണ്ടായിവരുന്നതേ ഉ ണ്ടായിരുന്നുള്ളു. നരവർഗത്തിന്റെ പ്രപൂർവികരായിരു ന്ന, 14 ലക്ഷം കൊല്ലങ്ങൾക്ക് മുൻപേ തീയുണ്ടാക്കി ശീലിച്ചിരുന്ന, ഹോമോ എറെക്ടസുകളെ 19 ലക്ഷം വർ ഷങ്ങൾക്കപ്പുറത്ത് കാണാനില്ല. ഇരുപത്തഞ്ച് ലക്ഷം വർഷങ്ങൾക്കപ്പുറത്ത് ഹോമോ ഇറെക്ടസ്സുകളുടെയും പൂർവികരായ ഹോമോ ഹാബിലിസ്സുകളേയും കാണാ നില്ല. 4030 ലക്ഷം വർഷങ്ങൾക്ക് പിന്നിലേക്കെത്തു മ്പോൾ ചിംപാൻസികൾ പോലുള്ള കുരങ്ങുകൾക്കും ആദിമ മനുഷ്യ രൂപികളായ ഹോമോ ഹാബിലിസ്സുകൾ ക്കുമിടയിലെ കണ്ണികളിലൊന്നായ ആസ്‌ത്രേലോപി ത്തെക്കസ്സുകളെ കണ്ടുമുട്ടുന്നു. 50 ലക്ഷം വർഷങ്ങൾക്ക് മുൻപാണെങ്കിൽ ഗോറില്ലകളുടേയും ചിമ്പാൻസികളു ടേയും പൂർവികരൊഴികെ മനുഷ്യരോട് ഏതെങ്കിലും തരത്തിൽ സാദൃശ്യമുള്ള യാതൊരു ഇരുകാലി ജീവി കളേയും കണ്ടുകിട്ടുകയുമില്ല. വീണ്ടും ഒരു പതിനഞ്ചോ പതിനാറോ ലക്ഷം വർഷങ്ങൾക്കപ്പുറത്ത് ഇപ്പറഞ്ഞ ഇരുകാലി ജീവികളുമില്ല. 

വീണ്ടും പിന്നാക്കം പോകുമ്പോൾ കരയിലും വെള്ളത്തിലുമുള്ള നിരവധി ജീവജാലങ്ങളും അപ്രത്യക്ഷരാകു ന്നു. അതേ പാതയിൽത്തന്നെ നാം ഇന്ന് കാണാത്ത നിരവധി ജീവജാലങ്ങളേയും കണ്ടുമുട്ടുന്നു. കൂടൂതൽ പുറകോട്ട് പോകുംതോറും കണ്ടുമുട്ടുകയും കാണാതാ കുകയും ചെയ്യുന്ന ജന്തുജാലങ്ങളുടെ സംഖ്യ പെരുകുകയായി. മാർജാരവംശങ്ങൾ, സഞ്ചിമൃഗങ്ങൾ, പക്ഷികൾ, ശ്വാനവംശങ്ങൾ, കുളമ്പും കൊമ്പുമുള്ള ജീവികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, ജല സസ്തനികൾ, ശംഖുകൾ, ചിപ്പികൾ, കൊഞ്ചുകൾ, അ തിപാദ ജീവികൾ, ചെടികൾ, വന്മരങ്ങൾ, പുല്ലുകൾ, ആൽഗേകൾ, അങ്ങിനെ പുറകോട്ട് പോകുന്തോറും ആ നിരകൾ അതാതിന്റെ മുൻഗാമികളിലേക്കൊതുങ്ങുന്നു. ഈ പശ്ചാദ്ഗമനത്തിൽ, കടലിൽ ഇന്ന് കാണുന്ന, ഭൂമി യിൽ എക്കാലവും ജീവിച്ചിരുന്നിട്ടുള്ളവയിൽ ഏറ്റവും വലുതും ഭാരം കൂടിയതുമായ നീലത്തിമിംഗലമടക്ക മുള്ള അസംഖ്യം ജലസസ്തനികളുടെ മുൻഗാമികളെ നാം കാണുക,  നാലരക്കോടി വർഷങ്ങൾ താണ്ടുമ്പോഴാണ്. അതാകട്ടെ, കരയിൽ അക്കാലത്തുണ്ടായിരുന്ന, ഇന്നത്തെ പശുക്കളേയും ഒട്ടകങ്ങളേയും ആടുകളേയും പോലുള്ള ചില കുളമ്പുള്ള മൃഗങ്ങളിലും. ചിലപ്പോൾ ദിനോസറുകളെപ്പോലെ പുതിയ ചില നിരകൾ പെട്ടെന്ന് പ്രത്യക്ഷമാകുന്നു. വീണ്ടും വളരെയേറെ പുറകോട്ട് പോകുമ്പോൾ അതാത് കാലത്ത് ഭൂമിയിൽ നിലനിൽക്കുന്ന ജന്തുജാലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. അവ മത്സ്യങ്ങളടക്കമുള്ള ഏതാനും ജലജീവികളി ലേയ്‌ക്കൊതുങ്ങുന്നു. അൻപത്തി മൂന്ന് കോടി കൊല്ലങ്ങൾക്ക് മുൻപേ ഭൂമിയിൽ മത്സ്യങ്ങളും ഉണ്ടായി വന്നിട്ടില്ല. നൂറ്റിമുപ്പത് കോടി കൊല്ലങ്ങൾക്ക് മുൻപ് ഭൂമിയിൽ ചെടികളില്ല. 160 കോടി കൊല്ലങ്ങൾക്ക് മുൻ പാണ് ആദ്യത്തെ ആൽഗേകൾ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ജീവൻ കുറേ മൈക്രോബുകളിലേക്കൊതുങ്ങു ന്നു. പിന്നീട് അവയൊക്കെ ജീവന്റെ ആദി തന്മാത്ര കളിലേക്കും മടങ്ങുന്നു. അതിന്നുമപ്പുറത്ത് ജീവൻ എ ന്ന പ്രതിഭാസമേ നിലവിലില്ലാത്ത ഊഷരമായ ഭൂമിയും നമുക്ക് കാണാനാകുന്നു.

ഭൂമിയുടെ ചരിത്രം

കോസ്മിക് കലണ്ടർ – പ്രപഞ്ചത്തിന്റെ പ്രായം കേവലം ഒരു വർഷം മാത്രമായി കരുതുകയും, അതായത് ഡിസംബർ 31 രാത്രി 12 മണിക്ക് സൃഷ്ടിക്കപ്പെടുകയും അടുത്ത വർഷം ഡിസംബർ 31 രാത്രി 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു എന്ന് കരുതുകയും ചെയ്യുന്നു. കോസ്മിക് കലണ്ടർ പ്രകാരം പ്രപഞ്ച ഉൽപത്തി മുതലുള്ള 365 ദിവസത്തിലെ ഒരു സെക്കന്റ് ഏകദേശം 438 വർഷങ്ങൾക്ക് സമമാണ്. “The Dragos of Eden” എന്ന പുസ്തത്തിലൂടെ ഈ കാലയളവിനെ പെട്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി കാൾ സാഗൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്.

ഭൂമിയുടെ ചരിത്രത്തിലേക്ക് സഞ്ചരിക്കുമ്പോഴും ഇത്തരം ഇല്ലായ്മകളിലൂടെ നമുക്ക് കടന്നുപോകേണ്ടിവ രുന്നുണ്ട്. ഏറെക്കാലമായി പരസ്പരം അടുത്തുകൊണ്ടിരുന്ന രണ്ട് അമേരിക്കൻ വൻകരകളും പനാമ കരയിടുക്കിലൂടെ ബന്ധിക്കപ്പെടാൻ തുടങ്ങുന്നത് ഇന്നേയ്ക്ക് ഒന്നരക്കോടി വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. ദക്ഷിണ ധ്രുവ പ്രദേശത്ത് അന്റാർട്ടിക്കയോട് ചേർന്നുകിടക്കുക യായിരുന്ന ഇന്ത്യൻ ചെറുഖണ്ഡം കോടിക്കണക്കിന് വർഷങ്ങളുടെ യാത്രയ്ക്ക് ശേഷം യുറേഷ്യൻ ഭൂഖണ്ഡ ത്തിലേക്ക് ഇടിച്ചുകയറാൻ തുടങ്ങുന്നതും ഹിമാലയ പർവതം ഉയർന്നുപൊങ്ങാൻ തുടങ്ങുന്നതുമാണ് അഞ്ച് കോടി വർഷങ്ങൾക്ക് മുൻപ് നമുക്ക് കാണാനാകുക. ഇന്ന് കാണുന്ന മട്ടിലുള്ള ഒരു ഇന്ത്യൻ ഉപഭൂഖണ്ഡം അതിന് മുൻപ് നിലവിലില്ലായിരുന്നു. ഇത്തരത്തിൽ ചെറു ഭൂഖണ്ഡങ്ങൾ ചേർന്ന് വൻകരകളുണ്ടാകുകയും അവ വീണ്ടും പിളർന്ന് ചെറു ഭൂഖണ്ഡങ്ങളാകുകയും ചെയ്തതിന്റെ അനവധി ആവൃത്തികൾ ശാസ്ത്രം ഭൂമി യുടെ ചരിത്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. 22 കോടി വർഷങ്ങൾക്കപ്പുറത്തെ പാൻജിയ, 55 കോടി കൊല്ല ങ്ങൾക്കപ്പുറത്തെ ഗോണ്ട്വാനലാൻഡ്, 65 കോടി കൊല്ലങ്ങൾക്ക് മുൻപുണ്ടായിരുന്ന പന്നോട്ടിയ, 80 കോ ടി കൊല്ലങ്ങൾക്ക് മുൻപുണ്ടായിരുന്ന റൊഡീനിയ എന്നിങ്ങനെ അവയുടെ നിര നീണ്ടുനീണ്ടുപോകുന്നു.

240 കോടി കൊല്ലങ്ങൾക്ക് മുൻപുള്ള ഭൂമിയുടെ അന്തരീക്ഷത്തിൽ നാം പ്രാണവായു കാണുന്നില്ല. അക്കാലം മുതലാണ് ബാക്ടീരിയകൾ പ്രാണവായു ഉത്പാദിപ്പിക്കാൻ തുടങ്ങുന്നതും ഭൗമാന്തരീക്ഷം ഇന്നത്തേപ്പോലെ സജ്ജമാകാൻ തുടങ്ങുന്നതും. ഏതാണ്ട് 400 കോടി കൊല്ലങ്ങൾക്ക് മുൻപാണ് നമ്മുടെ ഗ്രഹത്തിൽ ജീവൻ ഉദയം കൊള്ളുന്നത്. ഏതാണ്ട് 450 കോടി വർഷങ്ങൾക്ക് പിൻപാണ് ഥിയ്യ(Theia) എന്ന ഛിന്നഗ്രഹം അതിവേഗതയിൽ ആദി ഭൂമിയിൽ വന്നിടിച്ച് കടന്നുപോകുന്നതും അതിൻ ഫലമായി ഭൂമിയുടെ ഒരു ഭാഗം തെറിച്ച് ശൂന്യതയിലേക്ക് എടുത്തെറിയപ്പെടുന്ന തും. ആ ഖണ്ഡത്തിൽ നിന്നാണ് ചന്ദ്രൻ ഉണ്ടാകുന്നത്. അതിനും പുറകിലേക്ക് പോയാൽ ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് ഹൈഡ്ര ജനും ഹീലിയവുമായിരുന്നു എന്ന് കാണാം. സൗരപഥ പ്രാന്തങ്ങളിൽ അലഞ്ഞുനടന്നിരുന്ന ചെറുഗ്രഹങ്ങളുടേയും മറ്റ് ആകാശവസ്തുക്കളുടേയും അടിഞ്ഞുകൂടൽവ ഴി ഭൂമി രൂപം കൊള്ളുന്ന സമയത്ത് സൗരമേഘത്തിൽ നിന്ന് ഗുരുത്വാകർഷണം മുഖേന സമ്പാദിച്ചതായിരുന്നു ആ അന്തരീക്ഷം. ചന്ദ്രൻ വേർപെട്ടുപോയ കാലമാകുമ്പോൾത്തന്നെ, സൗരവാതങ്ങളുടെയും ഭൂമി പുറപ്പെടുവിച്ച താപത്തിന്റേയും ഫലമായി അവ തിരിയെ താരാപ ഥങ്ങൾക്കിടയിലേക്ക് തൂത്തെറിയപ്പെട്ട് കഴിഞ്ഞിരുന്നു. കാലത്തിൽ അതിനുമപ്പുറത്തേക്ക് പോകുമ്പോൾ സൗരപഥപ്രാന്തങ്ങളിൽ നാം കാണുക, സൂര്യന് ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്ന അസംഖ്യം ഖണ്ഡഗ്രഹങ്ങളും അതിനിടയിൽ നിറഞ്ഞുനിൽക്കുന്ന പ്രപഞ്ചധൂളികളും ഹൈഡ്രജൻ/ഹീലിയം വാതകങ്ങളും മാത്രവുമായിരിക്കും.

ഇപ്പറഞ്ഞതത്രയും നമ്മുടെ ആവാസഗ്രഹമായ ഭൂമിയുടെ പൂർവ്വകാലത്തെപ്പറ്റിയാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്: സാധാരണ ചരിത്രവിവരണത്തിന് വിപരീതമായി നാം വർത്തമാനത്തിൽ നിന്ന് പുറകോട്ടാണ് പോയത്. ഇങ്ങിനെ പുറകോട്ട് പോകുന്നതുകൊണ്ട് നമ്മുടെ ഭൂതകാലത്തിലെ അതാത് സന്ദർഭങ്ങളിലെ ഇല്ലായ്മകൾ എന്തൊക്കെയായിരുന്നു എന്ന് സങ്കൽപിക്കാൻ നമുക്കാകുന്നുണ്ട്. അങ്ങിനെ സങ്കൽപിക്കുമ്പോൾ ഒരു ശരാശരി മനുഷ്യന്റെ ആയുസ്സിനും ബുദ്ധി ശക്തിക്കും ഉൾക്കൊള്ളാനാകുന്ന കാര്യങ്ങളുടെ പരിമിതി നമുക്ക് ബോദ്ധ്യപ്പെടുന്നുണ്ട്.  ഭൂതകാലത്തിൽ ഉണ്ടാ യിരുന്നു എന്ന് നാം ധരിച്ചുവച്ചിരുന്ന പലതും വാസ്തവത്തിൽ ഇല്ലായിരുന്നു എന്ന യാഥാർത്ഥ്യം നമുക്ക് ബോദ്ധ്യപ്പെടുന്നത് അപ്പോഴാണ്. ഉദാഹരണത്തിന്ന് ഇന്നത്തേപ്പോലെ ഉറച്ച ഭൂവൽക്കമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും ജീവന്റെ ആദ്യതന്മാത്രകൾ അക്കാലത്ത് തന്നെ ഇവിടെ രൂപം കൊണ്ടുകഴിഞ്ഞിരുന്നെന്നും പ്രാണവായു നിറഞ്ഞ ഒരന്തരീക്ഷം അന്നിവിടെ ഇല്ലായിരുന്നെന്നും അതുകൊണ്ടുതന്നെ ജീവന്റെ നിലനിൽപ്പിന് പ്രാണവായു അത്യാവശ്യമാകുന്നില്ലെന്നും സാധാ രണ ഗതിയിൽ നമുക്ക് ചിന്തിക്കാൻ പ്രയാസമാണ്. 

കേരളം: ഇല്ലായ്മകളുടെ ഇന്നലെകൾ

ശാസ്ത്രം കാണിച്ചുതരുന്ന വസ്തുതകൾ അടിസ്ഥാനമാക്കി മനുഷ്യന്റെ ഭൗതികവും സാംസ്‌കാരികവുമായ ചരിത്രം പരിശോധിച്ചാൽ നമുക്ക് എന്തൊക്കെ ഇല്ലായ്മ കൾ കണ്ടെത്താനാകും? ഒരു ഉദാഹരണമെന്ന നിലയ്ക്ക് നമുക്ക് കേരളക്കരയുടെ കാര്യം തന്നെ എടുക്കാം.

ആദ്യമായി ഇവിടത്തെ ജനസംഖ്യാചരിത്രം തന്നെ പരിശോധിക്കുക. ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്ന 1950-കളിൽ കേരളത്തിൽ രണ്ട് കോടിയിൽ താഴെ ജനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇത് നമുക്ക് നേരിട്ടറിവുള്ള കാര്യമാണ്. സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണെങ്കിൽ ലോകത്തൊട്ടാകെയും ഏതാണ്ട് അഞ്ചാറ് കോടി മനുഷ്യരേ ഉണ്ടായിരുന്നുള്ളു. രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെയാണ് ലോക ജനസംഖ്യയുടെ വളർച്ചാനിരക്ക് കുത്തനെ കൂടുന്നത്.

ലോകജനസംഖ്യയുടെ 20 ശതമാനം എന്ന ഇന്നത്തെ ഏകദേശ അനുപാതം വച്ച് നോക്കിയാൽപ്പോലും പൊതുയുഗാരംഭത്തിന്റെ(സി.ഇ) തുടക്കത്തിൽ ഇന്ത്യ യിൽ മുപ്പത് ലക്ഷം മനുഷ്യരേ ഉണ്ടാവൂ. അതിൽ കേരളത്തിന്റെ പങ്ക് ഇന്നത്തെ അനുപാതമായ 2.5% എന്ന തോതിൽ പോലും 75000 എന്നേ വരൂ. ജനസാന്ദ്രതയാകട്ടെ ഇന്നത്തേതിന്റെ നൂറിലൊന്നിലും താഴെയായിരുന്നു. ഇത് അതിലളിതമായ ഒരു ഗണിത നിരീക്ഷ ണം മാത്രമാണ്. വാസ്തവം ഇതിലുമെത്രയോ കുറവായിരിക്കും. അക്കാലത്ത്, രണ്ടായിരം വർഷങ്ങൾക്ക് മുൻപ്, കേരളത്തിന്റെ സമുദ്രതീരത്തോട് ചേർന്നുള്ള പ്രദേശങ്ങൾ മാത്രമേ ജനവാസയോഗ്യമായിരുന്നുള്ളൂ എന്ന വസ്തുത നാം മറക്കരുത്.
ഏതാണ്ട് തൊണ്ണൂറ് ശതമാനം പ്രദേശവും കാട് നിറഞ്ഞ് കിടക്കുകയായിരുന്നു. ഈ 75000-ത്തിന്റെ പകുതിയെങ്കിലും മത്സ്യം പിടിച്ച് ജീവിച്ചിരുന്നവരും വനവാസികളുമായിരിക്കും. ബാക്കി പകുതിയിൽ കുറേപ്പേർ കച്ചവടക്കാരെന്ന നിലയിൽ കിഴ ക്കും പടിഞ്ഞാറുമായി സഞ്ചരിച്ചിരുന്നവരുമാകും. അപ്പോൾ വാസ്തവത്തിൽ വളരെ കുറച്ച് ആളുകളേ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കാൻ സാദ്ധ്യതയുമുള്ളൂ. ഇവർ തന്നെ കൂട്ടങ്ങളായി പല സ്ഥലത്തുമായിട്ടാകാം താമസിച്ചിരുന്നത്. അവരുടെ ജീവസന്ധാരണത്തിന് വ്യാപകമായ തോതിലുള്ള കൃഷിതന്നെയും ആവശ്യമായി വന്നിട്ടുമുണ്ടാവില്ല. കാലാകാലങ്ങളിൽ സ്വാഭാവി കമായി ലഭ്യമാകുന്ന പഴങ്ങളും കിഴങ്ങുകളും തന്നെ ഭക്ഷണാവശ്യങ്ങളിൽ നല്ലൊരു പങ്ക് നിറവേറ്റിയിരിക്കും. ഏതായാലും ഇന്ന് നാം കാണുന്ന അറുപത്തിനാല് വിഭവങ്ങളുള്ള സദ്യകളൊന്നും ഇവിടെ അക്കാലത്ത് നിലവിലില്ല. ഇന്ന് കാണുന്ന മട്ടിലുള്ള പാചകവൈവിദ്ധ്യം കുറഞ്ഞത് ഒരു എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് പോലും കേരളത്തിലില്ല. പ്രാതൽ മിക്കപ്പോഴും കഞ്ഞിയോ തലേന്നത്തെ ചോറ് വെള്ളത്തിലിട്ടുവച്ചതോ ആ യിരുന്നു. സാമ്പാർ രൂപം കൊള്ളുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത രാജഭരണക്കാലത്തെ തഞ്ചാവൂരിലാണ്. അവിടെ നിന്ന് ഏറെക്കാലം കഴിഞ്ഞായിരിക്കണം അത് കേരളത്തിലെത്തിയത്. ഇഡ്ഡലിയുടേയും ദോശയുടേയും കഥകളും അതുപോലെ തന്നെ.

രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് ഇവിടെ ആളുകളുടെ വസ്ത്രധാരണം എങ്ങിനെയായിരുന്നിരിക്കാ മെന്ന് നമുക്ക് എങ്ങനെ വേണമെങ്കിലും സങ്കൽപിക്കാവുന്നതേയുള്ളൂ. പരുത്തിക്കൃഷിക്ക് അനുയോജ്യമായ നാടല്ലാത്തതിനാൽ നെയ്ത്ത് ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽത്തന്നെ എത്രമാത്രം എന്നിവയും ഊഹിക്കാവുന്നതേയുള്ളു. പരുത്തിത്തുണികളോ നൂലുകളോ ഇവിടേക്ക് എത്തിക്കപ്പെട്ടിരുന്നത് എവിടെനി ന്നായിരിക്കുമെന്നും നമുക്ക് നിർണ്ണയിക്കാനാകില്ല. ഒരു കാര്യം വ്യക്തമാണ്: ആളുകൾ അല്പവസ്ത്ര ധാരികളായിരുന്നിരിക്കണം. വസ്ത്രാവശ്യങ്ങൾക്കായി പതിനൊന്നാം നൂറ്റാണ്ട് മുതൽക്കേ കോഴിക്കോട്ട് നെയ്തെടുത്തിരുന്ന പരുക്കൻ തുണിയാണ് പിൽക്കാലത്ത് ബ്രിട്ടീഷുകാർ കാലിക്കോ എന്ന് പേരിട്ട് യൂറോപ്പിലേക്ക് കൊണ്ടുപോയിരുന്നത്. അവരും അത് തിളക്കം കൂട്ടി വസ്ത്രങ്ങൾക്ക് ഉപയോഗിച്ചിരുന്നു. പരുത്തിയെപ്പറ്റി സി.ഇ. പതിനാലാം നൂറ്റാണ്ടിൽ പോലും യൂറോപ്പിലു ണ്ടായിരുന്ന ധാരണകൾ രസകരങ്ങളാണ്. ഇന്ത്യയിൽ വളരുന്ന ഒരു മരത്തിന്റെ ചില്ലകളുടെ അറ്റത്ത് ഉണ്ടാകു ന്ന കുഞ്ഞാടുകളുടെ രോമങ്ങളാണ് പരുത്തിയെന്നും ആ ആടുകൾക്ക് വിശക്കുമ്പോൾ ചില്ലകൾ താനേ താഴോട്ട് വന്ന് ആടുകൾക്ക് നിലത്തെ പുല്ല് തിന്ന് ജീവിക്കാൻ അവസരമൊരുക്കുന്നു എന്നുമാണ്  ജോൺ മാൻ ഡെവിൽ(Sir John Mandeville) എന്ന യൂറോപ്യൻ യാത്രികൻ അക്കാലത്ത് കുറിച്ചുവച്ചത്.

ജോൺ മാൻ ഡെവി(Sir John Mandeville)ന്റെ പുസ്തകത്തിലെ പരുത്തിച്ചെടി ചിത്രീകരണം  കടപ്പാട് വിക്കിപീഡിയ

കേരളത്തിന്റെ സാംസ്‌കാരിക തിലകക്കുറിയെന്ന് പറയാവുന്ന തൃശ്ശൂർ പൂരത്തിന്ന് ഏതാണ്ട് 250 കൊല്ല ത്തെ പഴക്കമേയുള്ളൂ. ശക്തൻ തമ്പുരാൻ കൊച്ചി രാജാവായിരുന്നപ്പോഴാണ് അത് തുടങ്ങിയത്. ഇത്തരം വസ്തുതകളുടെയൊക്കെ പശ്ചാത്തലത്തിൽ വേണം പുരാതന റോമാ സാമ്രാജ്യവുമായി സി. ഇ. ആദ്യശതകത്തിൽത്തന്നെ കേരളക്കരക്ക് വമ്പൻ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു എന്ന നമ്മുടെ ധാര ണകളെ ആഴത്തിൽ മനസ്സിലാക്കാൻ. അക്കാലത്ത് കുരുമുളകോ മറ്റ് സുഗന്ധവ്യഞ്ജനങ്ങളോ കാടുകളിൽ നിന്ന് ശേഖരിക്കുകയല്ലാതെ കൃഷി ചെയ്ത് ഉൽപാദിപ്പിച്ചിരുന്നില്ല. കേരളത്തിൽ ഒരു തവണ പോയി തിരിച്ചെത്താൻ മൂന്ന് വർഷം വരെ വേണ്ടിയിരുന്നു എന്ന് ഒരിടത്ത് പ്രസ്താവിച്ചിട്ടുള്ള റോമൻ കച്ചവടക്കാരുടെ കപ്പലുകൾ എത്രമാത്രം വലുതായിരുന്നു എന്നും നമുക്കറിയില്ല. അതായത് അവർ കൊണ്ടുപോയിരുന്ന വ്യഞ്ജനങ്ങളുടെ അളവിനെക്കുറിച്ച് അത്ര കൃത്യമായ വിവരമൊന്നുമില്ല. അവ വനവാസികൾ ശേഖരിച്ചുനൽകുകയായിരുന്നോ അതോ നാട്ടുകാർ വനങ്ങളിൽ ചെന്ന് സംഭരി ക്കുകയായിരുന്നോ എന്നും തിട്ടമില്ല. രണ്ടായാലും സംഭരണത്തിന്റെ അളവും അത്ര വലുതൊന്നുമായിരിക്കില്ല. അതിനാവശ്യമായ മനുഷ്യവിഭവത്തിന്റെ ലഭ്യതക്കുറവും ഉറവിടങ്ങളും കച്ചവടകേന്ദ്രവും തമ്മിലുള്ള അകലവും അവികസിതമായ ഗതാഗത സംവിധാനങ്ങളുമൊക്കെത്തന്നെയാണ് കാരണം. കേരളത്തിൽ നിന്ന് അവർ കൊണ്ടുപോയിരുന്ന വസ്തുക്കളിൽ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം പ്രാമുഖ്യമുണ്ടായിരുന്ന ഒന്ന്, ആഭരണങ്ങൾക്ക് ഉപയുക്തമായ കല്ലുകളായിരുന്നു. അതാകട്ടെ കൊടുമണൽ പോലെ പശ്ചിമഘട്ടത്തിനപ്പുറത്തുള്ള സ്ഥലങ്ങളിൽ നിന്നുമാണ് കൊണ്ടുവന്നിരുന്നതും.

സാമൂതിരിയെപ്പോലുള്ള രാജാക്കന്മാരും നാട്ടുരാജ്യവ്യവസ്ഥകളും റോമൻ വണിക്കുകളുടെ കാലത്തും ഇവിടെ ഉണ്ടായിരുന്നെങ്കിൽ കച്ചവടാവകാശങ്ങളുറപ്പിക്കാനും കോളനികൾ കെട്ടാനും വേണ്ടിയുള്ള യുദ്ധങ്ങൾ അപ്പോഴും നടക്കണമായിരുന്നു. കച്ചവടം എക്കാലത്തും ലാഭോന്മുഖമായതുകൊണ്ട് അത് ഏറ്റവും കൂടിയ ലാഭത്തോടെ നടത്താനുള്ള അവസരങ്ങൾക്ക് വേണ്ടിയുള്ള ചേരിതിരിവുകളും വടംവലികളും വണിക്കുകളുടെ ഭാഗത്ത് നിന്ന് സാധാരണവുമായിരിക്കും. പക്ഷെ അത്തരം സംഘർഷങ്ങളുടെ ഒരു വാർത്തയും സി.ഇ ആദ്യശതകങ്ങളിലെ കേരളതീരങ്ങളിൽ നിന്ന് നമുക്ക് കിട്ടുന്നില്ല. സംഘർഷാത്മകമായ വാണിജ്യതന്ത്രങ്ങൾ വികസിപ്പിക്കേണ്ട ആവശ്യം റോമൻ കച്ചവടക്കാർക്ക് ഇവിടെ ഉണ്ടായിരുന്നില്ല എന്നാണത് കാണിക്കുന്നത്. അതേസമയം ഈജിപ്ത്, പടിഞ്ഞാറൻ ഏഷ്യ തുടങ്ങി യ സ്ഥലങ്ങളിൽ അവർ യുദ്ധതന്ത്രങ്ങൾ സുസംഘടിത മായിത്തന്നെ പ്രയോഗിക്കുന്നുമുണ്ടായിരുന്നു. അതിന്നർ ത്ഥം, അവർക്കിവിടെ ആരോടും എതിരിടേണ്ടതുണ്ടായിരുന്നില്ല എന്നാണ്. ഇത് അക്കാലത്തെ കേരളിയരുടെ സന്മനസ്സായി വ്യാഖ്യാനിക്കപ്പെടുകയാണ് പതിവ്. ഇവിടെ കച്ചവടരൂപങ്ങൾ demand–supply-price സമവാക്യങ്ങൾക്ക് അന്നും വശപ്പെട്ടുതുടങ്ങിയിരുന്നില്ല എന്നതാകാം പക്ഷേ, വാസ്തവം. കടൽത്തീരത്തിനോട് ചേർന്ന  പ്രദേശങ്ങളിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളും മറ്റും റോമാക്കാർക്ക് നിർബാധം കിട്ടുന്നത് അക്കാലത്ത് പതിവായിരുന്നിരിക്കും. ഇവിടെ നമുക്ക് എത്തിപ്പെടാവുന്നത്, അക്കാല കേരളത്തിൽ സുസംഘടിതവും ആവശ്യാനുസരണം യുദ്ധസജ്ജമാക്കാൻ കഴിയുന്നതുമായ ഭരണസംവിധാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ്. ലോകത്തിലെ ഇതരപ്രദേശങ്ങളിലെന്ന പോലെ ഇവിടേയും എല്ലാം പണ്ടേതന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു എന്ന് പൊങ്ങച്ചം പറയാനും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള വാസനയും ശ്രമങ്ങളും, ഗതകാലസ്മൃതികളിൽ അഭിരമിച്ചുനിൽക്കാനുള്ള ദുരഭിമാനവും ഇവിടെ നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ഇടവരരുത്.

കേരളത്തിന് വെളിയിലും

പുരാതന ഭാരതത്തിലെ സാമൂഹ്യജീവിതത്തെപ്പറ്റി നമ്മുടെ പല സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാ ക്കളും നടത്തുന്ന പ്രസംഗങ്ങളുടെയും എഴുത്തിന്റെയും കഥയും ഇതുതന്നെ. ജാതിയും ജാതിപരമായ ചൂഷണ ങ്ങളും അയ്യായിരം കൊല്ലം മുൻപ് മുതൽക്കേ ഇവിടെയുണ്ടെന്ന – സാധാരണ കേൾക്കാറുള്ള- പ്രസ്താവത്തിന്റെ കാര്യമെടുക്കുക. അയ്യായിരം കൊല്ലം മുൻപ് എന്നത് മൊഹൻ ജൊ ദാരൊ-ഹാരപ്പ സംസ്‌കൃതികളുടെ കാലമാണ്. അന്ന് ഒറ്റപ്പെട്ട തുരുത്തുകളായിരുന്ന ആ ജനവാസകേന്ദ്രങ്ങൾ തമ്മിൽ വളരെയേറെ അകലമുണ്ടായിരുന്നു. അതിവിശാലമായ ഒരു ജാതിശ്രേണി വികസിച്ചുവരാൻവേണ്ട സമ്പർക്കമൊന്നും അവ തമ്മിൽ ഉണ്ടായിരുന്നില്ല. ലോകമൊട്ടാകെയും ഏതാണ്ട് ഒന്നരക്കോടി മനുഷ്യർ മാത്രമാണ് അക്കാലത്തുള്ളത്. കേരളത്തിലാണെങ്കിൽ മീൻപിടിത്തവുമായി കടൽക്കരകളിൽ കഴിഞ്ഞിരുന്നവരുടെയോ കാടുകളിൽ കഴിഞ്ഞിരുന്ന ആദിജനങ്ങളുടെയോ ചെറുകൂട്ടങ്ങളേ അന്നുണ്ടാവൂ. ചാതുർവർണ്യത്തിന്റെ പ്രണേതാക്കളെന്ന് പറയപ്പെടുന്ന വേദബ്രാഹ്മണരുടെ ആദിപിതാമഹന്മാർ പോലും ആര്യന്മാർ എന്ന പേരിൽ സിന്ധുനദിക്കരയിൽ പ്രത്യക്ഷപ്പെടുന്നത് പിന്നീടേതാണ്ട് ആയിരത്തഞ്ഞൂറ് വർഷങ്ങൾക്ക് ശേഷമാണ്. ഒറ്റപ്പെട്ട നഗരസംസ്‌കൃതികളുടെ കാലം കഴിഞ്ഞ് ആളുകൾ കൂടുതൽ വിശാലമായ ഭൂഭാഗങ്ങളിൽ കൃഷിയുമായി താമസമാരംഭിക്കുന്ന ഘട്ടത്തിൽ രൂപംകൊള്ളുന്ന ജനപദങ്ങളുടെ കാലത്ത് മാത്രമായിരിക്കും, ഗംഗാസമതലത്തിൽ ജാതി രൂപംകൊ ള്ളുന്നത്; അതായത് ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിനിപ്പുറം. അതാകട്ടെ, മുഖ്യധാരയിലുള്ള പട്ടാളക്കാരുടെ യും പുരോഹിതരുടെയും കൃഷിക്കാരുടേയും കൈത്തൊഴിൽക്കാരുടേയും കൂട്ടായ്മകൾ എന്ന നിലയിലുമാകും. ഗിരിവർഗക്കാരെയും ആദിവാസികളെയും മറ്റും അതിലേക്ക് വിന്യസിക്കുന്നത്, അശോകന്റേയോ ഗുപ്തരാജാക്കന്മാരുടേയോ പോലുള്ള വലിയ പിൽ ക്കാല സാമ്രാജ്യങ്ങളുടെ കാലത്തുമായിരിക്കും. അക്കാലത്തായിരിക്കാം അത് അജാതശതുവിന്റേയും ബുദ്ധന്റേയും കാലത്തേതിനേക്കാൾ കൂടുതൽ സങ്കീർണ്ണവും ചൂഷണാത്മകവുമാകുന്നത്. കോളനിവാഴ്ചക്കാലത്ത് പോലും, അന്നോളം ദേശാടകരും തികഞ്ഞ വനവാസികളുമായിരുന്ന വിവിധ ജനവിഭാഗങ്ങളെയും പുതിയ തൊഴിലുകളിൽ ഏർപ്പെടുന്നവരേയും ജാതിശ്രേണിയിൽ പെടുത്തി ദളിതശൃംഖല വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ദളിതർ എന്ന വാക്ക് തന്നെയും ‘പ്രത്യേക ദളത്തിൽപ്പെട്ടവർ’ എന്ന അർത്ഥത്തിൽ പിൽക്കാലത്ത് വന്നതാണ്. അതിനെല്ലാം പുറകിൽ വർത്തിച്ചിരുന്നത് വ്യത്യസ്തങ്ങളായ, കാലികബന്ധമുള്ള, വിവിധ സാമ്പത്തിക-സാമൂഹ്യമാറ്റങ്ങളുമായിരുന്നു. പക്ഷേ ചരിത്രവ്യാഖ്യാനമെന്ന മട്ടിൽ പലരും എഴുതിവച്ചിട്ടുള്ളത് വായിക്കുമ്പോഴോ പ്രസംഗിക്കുന്നത് കേൾക്കുമ്പോഴോ ഏ തൊരാൾക്കും തോന്നുക, അയ്യായിരം വർഷങ്ങൾക്ക് മുൻപും ഇവിടെ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാർ ഉണ്ടായിരുന്നു എന്നാണ്. ഇന്ന് സർക്കാർ രേഖ കളിലും മറ്റും കാണപ്പെടുന്ന പോലുള്ള അസംഖ്യം ജാതികൾ അക്കാലത്തേ ഇവിടെ ഉണ്ടായിരുന്നെന്നും, ഇന്നത്തേതുപോലെയുള്ള നാഗരികതയും സാങ്കേതിക തയുമെല്ലാം അക്കാലത്ത് പോലും ഇവിടെ വികസിച്ചു നിന്നിരുന്നു എന്നും സ്ഥാപിക്കാനാണ് അവ ഉത്സാഹിക്കുന്നത്.

കേരളത്തിലാണെങ്കിൽ ഹരപ്പൻ സംസ്‌കൃതിയുടെ ഒരു അടയാളവും കണ്ടെത്താനാകാത്ത കാലമാണ് അത്. മൊഹൻ ജൊ ദാരോയിലേയും ഹാരപ്പയിലേയും ജീവിതനിലവാരവും ഇന്നത്തെ ഒരു ചെറുപട്ടണത്തിലെ ജീവിത നിലവാരവും താരതമ്യപ്പെടുത്തിയാൽ, മിക്ക ഘടകങ്ങളുടെ കാര്യത്തിലും അത് ഇന്നത്തേക്കാൾ വളരെ പിന്നിലായിരുന്നന്നും ഇന്നത്തെ ജീവിതപരിസരങ്ങൾക്ക് തന്നെയാണ് മനുഷ്യരെ കൂടുതൽ പരിരക്ഷിക്കാൻ സാധിക്കുന്നതെന്നും കാണാൻ പ്രയാസമില്ല. നഗരാസൂത്രണത്തിലും മറ്റും മുന്നേറ്റങ്ങൾ ഉണ്ടായിരുന്നെങ്കിലും, ആ ആൾക്കൂട്ടങ്ങൾക്ക് പരിമിതമായ സ്ഥലത്ത് കൂടിക്കഴിയേണ്ടി വന്നത് പലവിധ ആപത്ഭീഷണികളും ഭയങ്ങളും കൊണ്ടുകൂടി ആയിരുന്നിരിക്കണം. കൃഷി കൂടുതൽ വിളകളിലേക്ക് വ്യാപിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. ഗതാഗതം കാൽനടയിലും, ഏതാനും വളർത്തുമൃഗങ്ങളുടെ സേവനത്തിലും പരിമിതപ്പെട്ടുനിന്നു. ജലഗതാഗതം കരയോട് വളരെ ചേർന്ന് സഞ്ചരിച്ചിരുന്ന കൊച്ചുനൗകകളിൽ ഒതുങ്ങിയിരുന്നു. ഗൃഹനിർമാണത്തിന് ഇന്ന് ലഭ്യമായ സാങ്കേതികവിദ്യകൾ ഹരപ്പൻ കാലത്തേക്കാൾ എത്രയോ മടങ്ങ് മെച്ചപ്പെട്ടവയാണ്. രോഗനിവാരണത്തിലും ചികിത്സയിലും ആയുർദൈർഘ്യത്തിലുമൊക്കെ ഹാരപ്പൻ സംസ്‌കൃതികൾ ഇന്നത്തേക്കാൾ എത്രയോ പുറകിലായിരുന്നു. ബ്രസീലിലെ സിക്ക വൈറസ് ബാധ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ലോകത്തെമ്പാടും ഏതാണ്ട് അന്നേയ്ക്കന്നേ ഇന്ന് ലഭ്യമാകുന്നു. എന്നാൽ പതിനാലാം നൂറ്റാണ്ടിലാകട്ടെ, അനേകരുടെ ജീവനെടുത്ത പ്ലേഗ് മഹാമാരി, മദ്ധ്യേഷ്യയിൽ നിന്ന് പതിനഞ്ച് കൊല്ലം മുൻപേ പൊട്ടിപ്പുറപ്പെട്ട് ചൈനയിലൂടെ പടർന്നുകയറി തങ്ങളുടെ പടിവാതിൽക്കൽ എത്തുന്നതുവരെയും യൂറോപ്പിന് അജ്ഞാതമായിരുന്നു. ഈ മാരക രോഗം ഇന്ന് ലോകമെങ്ങും നിയന്ത്രണാധീനമാണ്. ഒരു കാലത്ത് അനേകരുടെ ജീവിതങ്ങളെ അകാലത്തിൽ അവസാനിപ്പിച്ച് തേർവാഴ്ച നടത്തിയ വസൂരി എന്ന മഹാമാരിയെ ഇന്ന് മനുഷ്യൻ അടക്കിനിർത്തിയിരിക്കുന്നു. പോളിയോ അധികം താമസിയാതെ ആരോഗ്യപ്ര വർത്തകർക്ക് മുൻപിൽ മുട്ടുമടക്കുകയും ചെയ്യും.

ബിംബിസാര മഹാരാജാവിനെപ്പറ്റി ബൗദ്ധഗ്രന്ഥങ്ങളിൽ ഒരു കഥയുണ്ട്. മകൻ അജാതശത്രുവിന്റെ ഒരു കൈവിരലിൽ മുറിവ് പറ്റി, പഴുത്തു. കുട്ടി വേദനകൊണ്ട് പുളഞ്ഞു. രാജാവിന് സഹിച്ചില്ല അദ്ദേഹം മകന്റെ ആ കൈവിരൽ സ്വന്തം വായിലിട്ട് നാക്കുകൊണ്ട് തലോടി. ആ സുഖത്തിൽ കുഞ്ഞ് ഉറങ്ങുകയും ചെയ്തു. പക്ഷേ രാജവിന്റെ വായിൽ വ്രണത്തിൽ നിന്നുള്ള പഴുപ്പ് നിറഞ്ഞു. കുട്ടി ഉണരുമെന്ന ഭയത്താൽ വാ തുറക്കാൻ മടിച്ച അദ്ദേഹം ഒടുവിൽ വായിലെ പഴുപ്പ് അകത്തേക്കിറക്കി എന്നാണ് കഥ. സാധാരണഗതിയിൽ നമുക്കാർക്കും സങ്കൽപിക്കാൻപോലുമാകാത്ത ഒരു കാര്യമാണ് രാജാവ് ചെയ്തത്. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ സുഖസൗകര്യങ്ങളുടെയോ കാര്യത്തിൽ മാത്രമല്ല, 

ആരോഗ്യപരിപാലന-പരിചരണങ്ങളുടെ കാര്യത്തിലും അതാത് കാലത്തെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങൾ അനുഭവിക്കാനാകുന്ന ഭരണാധികാരിക്ക് പോലും രോഗാണുവാഹകമായ പഴുപ്പ് വയറ്റിലേയ്ക്കിറക്കരുതെന്ന ആരോഗ്യപരിജ്ഞാനം അന്നുണ്ടായിരുന്നില്ലെന്ന് കഥ ധ്വനിപ്പിക്കുന്നു. രോഗികളുടെ ശരീരവ്രണങ്ങളിൽ നിന്നുള്ള സ്രവങ്ങൾ കൈകളിൽപ്പോലും പുരളാതിരിക്കാൻ കയ്യുറയുമായാണ് ഇന്ന് നഴ്‌സുമാരും മറ്റും രോഗികളെ പരിചരിക്കുന്നതെന്നോർക്കണം.

ബി.സി.ഇ 1600-നും 1100-നുമിടയ്ക്ക് പ്രചാരത്തിലായ ഗ്രീക്ക് ഇതിഹാസകാവ്യങ്ങൾ ഇലിയഡും ഒഡീസ്സിയും ഏറെക്കാലം നിലനിന്നത് വായ്‌മൊഴിരൂപത്തിലാണ്. അത് ലിഖിതരൂപത്തിലാകുന്നത് ബി.സി.ഇ. ഒമ്പതാം നൂറ്റാണ്ടിന് ശേഷം ഗ്രീക്കുകാർ ഫിനീഷ്യന്മാരിൽ നിന്ന് എഴുത്തുവിദ്യ സ്വായത്തമാക്കിക്കഴിഞ്ഞ ശേഷമാണ്. അതുപോലെ ബി.സി.ഇ. 1500-ന് ശേഷം ഇൻഡോ-ഇറാനിയൻ ജനങ്ങളും സൈന്ധവനാഗരികതയുടെ ബാക്കിയും കൂടിച്ചേർന്ന് ഒരു പുതിയ സമൂഹം ഉരുത്തിരിയുന്ന കാലത്ത്, കിഴക്ക് മഗധത്തിലെ ജരാ സന്ധനും വടക്കുപടിഞ്ഞാറ് ഗാന്ധാരത്തിൽ നിന്ന് വരു ന്ന ഗാന്ധാരിയും ശകുനിയും പടിഞ്ഞാറൻ കടൽത്തീരത്തെ ദ്വാരകയിലെ കൃഷ്ണനും മദ്ധ്യേന്ത്യയിലെ വിദർഭയിൽ നിന്നുള്ള രുക്മിയും രുക്മിണിയുമൊക്കെ കഥാപാത്രങ്ങളായ മഹാഭാരതം രൂപം കൊണ്ടതും വായ്‌മൊഴികളിലാണ്.

മഹാഭാരതസംഭവങ്ങളുടെ കാലമെന്ന് പലരും ഗണിച്ചുവച്ചിട്ടുള്ള ബി.സി.ഇ നാലാം സഹസ്രാബ്ദത്തിൽ ലോകത്തൊട്ടാകെ ഒന്നരക്കോടിയോളം മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ശാസ്ത്രം വിലയിരുത്തുന്നു. കഥയിലാകട്ടെ, പതിനെട്ട് അക്ഷൗഹിണി കളിലുമായി സായുധരായ ഏതാണ്ട് അരക്കോടി പുരുഷന്മാരാണ് ഭാരതയുദ്ധത്തിൽ അണിനിരന്നത്. ആയിരക്കണക്കിന് ആനകളും കുതിരകളൂം വേറേയും. അവർക്ക് ചുരുങ്ങിയത് പതിനെട്ട് ദിവസത്തേക്കെങ്കിലും താമസിക്കാനും ഭക്ഷണമൊരുക്കാനും ആയുധസംഭരണത്തിനും മറ്റുമായി കൈനിലകളിൽ എത്ര പേർ വേണ്ടിയിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.
ഏറ്റവും ചുരുങ്ങിയത് അത്രയും തന്നെ സ്ത്രീകളും അന്ന് ഭാരതവർഷത്തിലുണ്ടായിരുന്നിരിക്കണം. അതിന് പുറമേയാണ് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളും വൃദ്ധരും കൃഷിക്കാരും വർത്തകരുമായി വേറെയും ജനം. ഇത്രയുമാകുമ്പോൾ തന്നെ നേരത്തേ പറഞ്ഞ ലോകത്തൊട്ടാകെ ഒന്നരക്കോടി മനുഷ്യർ എന്ന ശാസ്ത്രീയ നിഗമനത്തിന് നിരക്കാതാകുന്നു. മഹാഭാരതയുദ്ധത്തെപ്പറ്റിയുള്ള വർണ്ണനകൾ എത്രമാത്രം പൊലിപ്പിച്ചാണ് എഴുതി വയ്ക്കപ്പെട്ടിട്ടുള്ളത് എന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ കഥയിൽ പറയുന്നതാണ് ആത്യന്തികമായ ശരി എന്നാണ് വാദവും വിശ്വാസവും.

ലണ്ടനിൽ പതിനേഴാം നൂറ്റാണ്ടിൽ -1666 സപ്തം ബർ രണ്ടാം തിയ്യതി ഞായറാഴ്ച മുതൽ അഞ്ചാം തിയ്യതി ബുധനാഴ്ച വരെ- ഉണ്ടായ ഒരു വൻ തീപിടിത്തമുണ്ട്. ഇംഗ്ലീഷുകാർ അന്നേയ്ക്ക് ഇന്ത്യയിൽ മദ്രാസിൽ കോട്ട കെട്ടി താവളമുറപ്പിച്ചുകഴിഞ്ഞിരുന്നു. അക്കാലത്താണ് താജ്മഹലിന്റെ നിർമാണം നടക്കുന്നതും ദൽഹിയിൽ ചെങ്കോട്ടയുടെ പരിസരത്ത് ഇന്നത്തെ പഴയ ഡൽഹി രൂപം കൊള്ളുന്നതും. 1666-ലെ ആ തീ പിടിത്ത സമയത്ത് ലണ്ടനിലെ വീടുകൾ മുഴുവനും മരം കൊണ്ടുണ്ടാക്കിയതായിരുന്നുവത്രെ. ചുമരും മേൽപുരയും തട്ടുമെല്ലാം മരം കൊണ്ടുതന്നെ. ഇഷ്ടിക ഉപയോഗിച്ചിരുന്ന വിശാലമായ എടുപ്പുകൾ നഗരമ ദ്ധ്യത്തിന് പുറത്തുള്ള ഏതാനും രാജകീയമന്ദിരങ്ങൾ മാത്രമായിരുന്നു. വളരെ ഇടുങ്ങിയ തെരുവുകളുടെ ഇരുവശത്തുമായി തൊട്ടുതൊട്ടാണ്  കെട്ടിടങ്ങൾ നിർമിച്ചിരുന്നത്. ചെറിയ കുതിരവണ്ടികൾക്ക് പോലും കടന്നുപോകാനാകാത്ത ഇടുങ്ങിയ തെരുവുകളാണ് ഉണ്ടായിരുന്നത്. ആളുകൾ തിങ്ങിപ്പാർത്തിരുന്ന സ്ഥല ങ്ങളിൽ തന്നെ, നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ വകവയ്ക്കാതെ, കൊല്ലന്മാരുടെ ആലകളും വലിയ ബേക്കറികളും മറ്റും പ്രവർത്തിച്ചുപോന്നു. അഗ്നിബാധ തുടങ്ങിയതും ഒരു ബേക്കറിയിൽ നിന്നാണ്. അഗ്നി മൂന്ന് ദിവസം മുഴുവൻ പട്ടണം നിറഞ്ഞാടി. നാലോ അഞ്ചോ ദിവസങ്ങൾക്ക് ശേഷം തീ മുഴുവനും അടങ്ങിക്കഴിഞ്ഞപ്പോഴേയ്ക്ക് നഗരകേന്ദ്രത്തിന്റെ 80 ശതമാനം പ്രദേശങ്ങളും കത്തിയമർന്നിരുന്നു. ഏതാണ്ട് നാനൂറ്റി മുപ്പത് ഏക്കർ സ്ഥലത്തെ 13000 വീടുകളും 89 പള്ളികളും 50 ഗിൽഡ് ഹാളുകളും ഇല്ലാതായി. നഗരത്തിലെ 80,000 ജനങ്ങളിൽ 70,000 പേരും ഭവനരഹിതരായി. ധനികർ പലരും ദരിദ്രരുമായി. തൊട്ട് മുൻപുള്ള വർഷങ്ങളിൽ പ്ലേഗ് പടർത്തിക്കൊണ്ടിരുന്ന എലിക്കൂട്ടങ്ങൾ മുച്ചൂടും തീയിൽപ്പെട്ട് ചത്തുകിട്ടി എന്നത് മാത്രമാണ് ആകപ്പാടെ കിട്ടിയ മെച്ചം. എലിയെ കൊല്ലാൻ വേണ്ടി ആരോ ഇല്ലം ചുട്ട പോലെ!

പെട്ടെന്ന് കേൾക്കുമ്പോൾ ഇതിൽ എന്താണ് ഇല്ലായ്മ എന്ന് തോന്നാം. നഗരാസൂത്രണവും സുരക്ഷിതമായ പാർപ്പിടങ്ങളും അഗ്നിപ്രതിരോധ സംവിധാനങ്ങളുമൊന്നും ഇന്നത്തേതുപോലെ വളർന്നിരുന്നില്ല എന്നത് തന്നെ. ആളുകൾ തിങ്ങിപ്പാർക്കുന്ന, ഏതാണ്ട് ഒരു കിലോമീറ്റർ വീതിയിലും ഒന്നേമുക്കാൽ കിലോമിറ്റർ നീളത്തിലുമുള്ള ഒരു പ്രദേശം മുഴുവനുമാണ് അന്ന് ലണ്ടനിൽ വെന്ത് ചാമ്പലായിപ്പോയത്. അത് പട്ടണത്തിന്റെ എൺപത് ശതമാനമായിരുന്നു എന്നറിയുമ്പോൾ അന്നത്തെ ലണ്ടൻ പട്ടണത്തിന്റെ കേന്ദ്രം രണ്ട് ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങിയിരുന്നുവെന്നും കാണാം. ഷേക്‌സ്പീയറിയൻ നാടകങ്ങൾ വായിക്കുമ്പോഴോ കാണുമ്പോഴോ നമ്മുടെ ഭാവനയിൽ ഉരുത്തിരിയുന്ന ലണ്ടൻ നഗരത്തിന്റെ പ്രൗഢിയും വലിപ്പവും അതിന്റെ അക്കാലത്തെ വാസ്തവവും തമ്മിലുള്ള ഈ അന്തരം നാം കേട്ടുവരുന്ന ചരിത്രകഥകളിലെ ഇല്ലായ്മകളെത്തന്നെയാണ് വെളിവാക്കുന്നത്. ഇന്നത്തെ ഒരു പട്ടണങ്ങളിലും ഇത്രയും കനത്ത നാശം വിതയ്ക്കാൻ ഒരു അഗ്നിബാധയ്ക്കും ആവില്ല.

സിന്ധുനദിക്ക് വടക്ക്കിഴക്ക് ഭാഗത്താണ് ഇന്ത്യൻ ലിപിസഞ്ചയത്തിന്റെ മൂലസ്രോതസ്സായ ബ്രാഹ്മിലിപി ബി.സി.ഇ. ആറാം നൂറ്റാണ്ടോടെ രൂപം കൊള്ളുന്നത്. കപിലവാസ്തുവിലെ ഗൗതമബുദ്ധന്റെ കാലവും ഇതിനോടടുപ്പിച്ച് തന്നെ. ആദ്യകാല മഗധയുടെ കാലത്ത്, ജനപദങ്ങൾ ഉണ്ടായിവരുന്ന കാലത്ത്, ബിംബിസാരന്റേയും അജാതശത്രുവിന്റെയും കാലത്ത, ഗംഗാസമ തലത്തിൽ എഴുത്തുവിദ്യ ഇല്ലായിരുന്നെന്നും പിന്നേയും പത്തിരുനൂറ് കൊല്ലം കഴിഞ്ഞ് അശോകചക്രവർത്തിയുടെ മഹാജനപദത്തിന്റെ, സാമ്രാജ്യത്തിന്റെ, കാലമാകുന്നതോടെയാണ് അത് അവിടെ വ്യാപിക്കുന്ന തെന്നുമാണ് ഇത് തെളിയിക്കുന്നത്. അശോകന്റെ പി താമഹനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ സിന്ധുതീരത്തെ പടയോട്ടങ്ങളെ തുടർന്നായിരിക്കാം ഗംഗാസമതലത്തിലുള്ളവർക്ക് എഴുത്തുവിദ്യ ലഭ്യമാകുന്നത്. അതിന് മുമ്പുള്ള മഗധൻ രാജവംശങ്ങൾക്കൊന്നും അവരുടെ അതിർത്തി സിന്ധുനദിക്കരയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അശോകലിഖിതങ്ങളേക്കാൾ പഴക്കമുള്ള ലിഖിതങ്ങളൊന്നും ഗംഗാസമതലത്തിൽ നിന്ന് ഇതു വരെ കണ്ടുകിട്ടിയിട്ടുമില്ല. ഗൗതമബുദ്ധന് ലിപികളിലൂടെ, എഴുത്തിലൂടെ, ജനങ്ങളോടിടപഴകാൻ അവസരം കിട്ടിയിട്ടുണ്ടാവില്ലെന്ന് നമുക്ക് അപ്പോൾ സന്ദേഹിക്കേണ്ടിവരുന്നു. മകന് പകർന്നുകൊടുക്കാൻ ശുദ്ധോദന മഹാരാജാവിന്റെ പക്കലുണ്ടായിരുന്ന വിദ്യകളുടെ കൂട്ടത്തിൽ എഴുത്തുവിദ്യ ഉണ്ടായിരുന്നില്ലെന്ന് വരാം! പക്ഷേ സിദ്ധാർത്ഥഗൗതമൻ നന്നേ ചെറുപ്പത്തിൽത്തന്നെ എല്ലാ വിദ്യകളും അഭ്യസിച്ചു എന്നേ കഥകളിൽ നാം പറഞ്ഞുകേട്ടിട്ടുള്ളൂ. എഴുത്തുവിദ്യ ഇല്ലാതിരുന്നതുകൊണ്ടാകണം അക്കാലത്ത് ചാർവാകരും ആജീവകരും ജൈനരും ബൗദ്ധരുമെല്ലാം സ്വന്തമായ ശ്രമണ സമൂഹങ്ങൾ ഉണ്ടാക്കിയിരുന്നത്. എഴുതുക എന്ന ആശയം വ്യാപകമാകുന്നതോടെ തക്ഷശിലയും നാളന്ദയും പോലുള്ള വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടാകുന്നുമുണ്ട്.

അതിശ്രേഷ്ഠമോ ഭൂതകാലം?

ചരിത്രത്തിലെ ഇത്തരം ഇല്ലായ്മകളെക്കുറിച്ച് സാധാരണ ചരിത്രപണ്ഡിതന്മാരൊന്നും നമ്മോട് പറയാ റില്ല. ഇങ്ങനെ കാലപ്പുറകിലെ ഇല്ലായ്മകളെ കണ്ടെത്തുമ്പോഴേ സ്വന്തം ജീവിതത്തിന്റെ ഗുണനിലവാരം എത്രമാത്രം മെച്ചപ്പെടുത്താൻ മനുഷ്യസമൂഹത്തിന് സാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാനാകൂ. ജനസംഖ്യാവർ ദ്ധനയുമായി തട്ടിച്ചുനോക്കിയാൽ, ആ ഗുണനിലവാരം പോയ കാലത്തേതിനെക്കാൾ കൂടുതൽ ജനങ്ങളിലേക്ക് സന്തുലിതമായ തോതിൽ എത്തിക്കാൻ സമൂഹങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും കാണാം. ഈ ഗുണനിലവാരവർദ്ധനയിൽ മുഴുവൻ പങ്കും വഹിച്ചത് ശാസ്ത്രവും ശാസ്ത്രചിന്തയുമാണ്.

സഹസ്രാബ്ദങ്ങൾക്കും മുൻപേ ഈജിപ്തിലും ഗ്രീസിലും മെസൊപ്പൊട്ടേമിയയിലും ഭാരതത്തിലുമെല്ലാം നടന്ന നിർമാണപ്രവർത്തനങ്ങളും, കലയിലും സാഹിത്യത്തിലും തത്വചിന്തയിലും ഉണ്ടായ കുതിപ്പുകളും ചൂണ്ടിക്കാട്ടി, മാനവരാശി ഇന്നത്തേക്കാളേറെ പുരോഗതി അക്കാലത്ത് തന്നെ കൈവരിച്ചിരുന്നുവെന്നും, എന്നാലിപ്പോൾ ഇതിഹാസങ്ങളുടേയും പുരാണങ്ങളുടേയും ആ മഹദ് സംസ്‌കൃതിയിൽ നിന്ന് മനുഷ്യസമൂഹത്തിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥാപിക്കാൻ മത മൗലികവാദികൾ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാൻ നമ്മുടെ ഭൂതകാലത്തെ വസ്തുനിഷ്ഠമായിത്തന്നെ നാം അറിഞ്ഞേ തീരൂ.
എല്ലാ ആദികൃതികളും ചർച്ച ചെയ്യുന്നത് മനുഷ്യർ എത്തിച്ചേരേണ്ട ഔന്നത്യങ്ങളെക്കുറിച്ചാണെങ്കിലും, മനുഷ്യർ എന്നേ എത്തിച്ചേർന്ന ഉന്നതസ്ഥലികളേക്കുറിച്ചാണ് അത് ചർച്ച ചെയ്യുന്നതെന്നും അതുമായി തട്ടിച്ചുനോക്കുമ്പോൾ വർത്തമാനകാലം അധമമാ ണെന്നും അവർ സാമാന്യജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. വർഷങ്ങൾക്ക് മുൻപേ ചന്ദ്രനിൽ പോയിവന്ന മനുഷ്യർ ചൊവ്വയുടെ പടിവാതിലിൽ എത്താറായിട്ടുണ്ടെന്നും ഉടലും തലയും പരസ്പരം മാറ്റിവയ്ക്കാനാകുന്ന ശസ്ത്രക്രിയകളടക്കം അസാധ്യമെന്ന് കരുതുന്ന പലതും സാധ്യമാക്കാനുള്ള കുതിച്ചുചാട്ടത്തിലാണ് ആധുനികശാസ്ത്രമെന്നും ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യൻ സ്വജീവിതവും ജീവിതവീക്ഷണവും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രദ്ധിക്കാനോ അതിനൊക്കെ വേണ്ടി നടത്തപ്പെടുന്ന ശാസ്ത്രീയമായ തയാറെടുപ്പുകളെക്കുറിച്ച് അറിയാനോ ഒന്നുംതന്നെ മേൽപറഞ്ഞവർ തയ്യാറല്ല. പഴയതെല്ലാമായിരുന്നു നല്ലതും മഹത്തുമെന്നും, കഴിഞ്ഞുപോയതെല്ലാം മഹാസംഭവങ്ങളായിരുന്നു വെന്നും ഉദ്‌ഘോഷിച്ചുകൊണ്ട് നമ്മുടെ ചരിത്രകാരന്മാരിൽ മിക്കവരും ചരിത്രത്തെ കെട്ടുകഥകളാക്കി മാറ്റുന്നുണ്ട്. ഭൂതകാലത്തെ സംബന്ധിച്ച് അവർ അഴിച്ചുവിടുന്ന ഈ തെറ്റായ പ്രചരണങ്ങളിൽ കുടുങ്ങാതിരിക്കണമെങ്കിൽ ആ ഭൂതകാലത്തിലെ ഇല്ലായ്മകളെ  ശരിയായിത്തന്നെ അന്വേഷിച്ചറിയേണ്ടതുണ്ട്. നേടാനാകുന്നതിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇന്ന് നാം എത്തിനിൽക്കുന്നതെന്ന് ആ അറിവ് നമ്മെ ബോദ്ധ്യപ്പെടുത്തും. 


  1. ‘There grew there [India] a wonderful tree which bore tiny lambs on the endes of its branches. These branches were so pliable that they bent down to allow the lambs to feed when they are hungrie.’.John Mandeville – The Travels of Sir John Mandeville, Public Domain

2018 ഫെബ്രുവരി മാസത്തെ ശാസ്ത്രഗതിയിൽ നിന്നും

Happy
Happy
43 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
29 %

Leave a Reply

Previous post കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?
Next post ഇന്ത്യൻ സർവകലാശാലകളെ സംരക്ഷിക്കുക : നേച്ചർ
Close