റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51

സംഗീത ചേനംപുല്ലി 

രിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോ എന്ന് പലപ്പോഴും അറിയപ്പെടുന്നതാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എക്സ് ആര്‍ ഡി മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട ഫോട്ടോ 51 എന്ന ചിത്രം. റോസലിന്റ് ഫ്രാങ്ക്ളിന്‍ (Rosalind Franklin 1920-1958) എന്ന ശാസ്ത്രജ്ഞയായിരുന്നു ഡി എന്‍ എ യുടെ എക്സ്റെ ചിത്രണം അടങ്ങിയ ആ ഫോട്ടോക്ക് പിന്നില്‍. ജനിതക രഹസ്യങ്ങളെ പിന്‍തലമുറകളിലേക്ക് കൈമാറുന്ന തന്മാത്രയായ ഡി എന്‍ എയുടെ ഘടന കണ്ടെത്തിയതാര് എന്ന ചോദ്യത്തിന് വാട്സണ്‍, ക്രിക്ക്, വില്‍ക്കിന്‍സ് എന്നീ നോബല്‍ നേടിയ ശാസ്ത്രജ്ഞരുടെ പേരുകളില്‍ നമ്മുടെ ഉത്തരങ്ങള്‍ ഒതുങ്ങാറാണ് പതിവ്. എന്നാല്‍ ഡി എന്‍ എ ഘടനയുടെ കണ്ടെത്തലിന് യഥാര്‍ത്ഥത്തില്‍ അടിത്തറയിട്ട റോസലിന്റ് ഫ്രാങ്ക്ളിന്‍റെ കഥ ശാസ്ത്രരംഗത്തെ ഏറ്റവും വലിയ അനീതികളിലൊന്നിനെയാണ് വെളിപ്പെടുത്തുന്നത്. റോസലിന്റ് ഫ്രാങ്ക്ളിന്‍ പകര്‍ത്തിയ എക്സ്-റേ ചിത്രമില്ലായിരുന്നെങ്കില്‍ ഡി എന്‍ എയുടെ രഹസ്യത്തിന്റെ ചുരുളഴിയാന്‍ പിന്നെയും ഏറെക്കാലമെടുത്തേനെ. മുപ്പത്തേഴ് വയസ്സുവരെ മാത്രം നീണ്ട ജീവിതകാലം കൊണ്ട് പുതിയ കണ്ടെത്തലുകള്‍ മാത്രമല്ല പുതിയ കാഴ്ചപ്പാടുകളും ശാസ്ത്രലോകത്തിന് സമ്മാനിച്ചാണ് റോസലിന്റ് ഫ്രാങ്ക്ളിന്‍ യാത്രയായത്. ശാസ്ത്രംഗത്തെ ഏറ്റവും സ്വാധീനിച്ച വനിതകളില്‍ ഒരാളായി അവര്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.

ലണ്ടനിലെ നോട്ടിംഗ്ഹില്ലില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം പുലര്‍ത്തിയിരുന്ന ഒരു ജൂതകുടുംബത്തിലാണ് റോസലിന്റ് ഫ്രാങ്ക്ളിന്‍ ജനിച്ചത്. അപകടകരമാം വിധം ബുദ്ധിമതിയായ കുട്ടിയായാണ് കുടുംബവൃത്തങ്ങളില്‍ അവള്‍ വിശേഷിപ്പിക്കപ്പെട്ടത്. സ്കൂള്‍ പഠനത്തിന് ശേഷം കേംബ്രിജിലെ ന്യൂന്‍ഹാം കോളേജില്‍ നിന്ന് രസതന്ത്രം ഐച്ഛികമായി ബിരുദം നേടി. പിന്നീട് ഫെലോഷിപ്പോടെ അവിടെത്തന്നെ ഗവേഷണം തുടങ്ങി. പില്‍ക്കാലത്ത് രസതന്ത്ര നോബല്‍ നേടിയ റൊണാള്‍ഡ് നോറിഷിനു കീഴിലുള്ള ഗവേഷണം അഭിപ്രായ വ്യത്യാസങ്ങളാല്‍ ഏറെക്കാലം തുടര്‍ന്നില്ല. പിന്നീട് യുദ്ധകാല സേവനത്തിന്‍റെ ഭാഗമായി ബ്രിട്ടിഷ് കല്‍ക്കരി ഗവേഷണകേന്ദ്രത്തില്‍ ജോലി ചെയ്യുകയും കല്‍ക്കരിയുടെ തരംതിരിക്കലിന് പുതിയ രീതി കണ്ടെത്തുകയും ചെയ്തു. ഇതേ വിഷയത്തിലായിരുന്നു പി.എച്ച്ഡി. ബിരുദവും. തുടർന്ന് പാരീസില്‍ ഗവേഷണം നടത്തവേ എക്സ് റേ ക്രിസ്റ്റലോഗ്രാഫിയില്‍ പ്രവീണ്യം നേടി. എക്സ് കിരണങ്ങള്‍ എന്നറിയപ്പെടുന്ന ഇലക്ട്രോണ്‍ ധാര ഉപയോഗിച്ച് ഖരവസ്തുക്കളുടെ ഘടനനിര്‍ണ്ണയിക്കുന്ന രീതിയാണത്. ഫെലോഷിപ്പ് നേടി കിംഗ്സ് കോളേജില്‍ ഗവേഷണത്തിനെത്തിയപ്പോള്‍ ഡി. എന്‍.എ ഘടനയേ സംബന്ധിച്ച പഠനങ്ങള്‍ക്ക് നിയോഗിക്കപ്പെടാന്‍ എക്സ് റെ ക്രിസ്റ്റലോഗ്രാഫിയിലെ പരിചയം കാരണമായി. എന്നാല്‍ ഡി.എന്‍.എ. ഘടനയില്‍ മുന്‍പേ ഗവേഷണം നടത്തിയിരുന്ന മോറിസ് വില്‍ക്കിന്‍സുമായി (Maurice Wilkins) പി എച്ച് ഡി വിദ്യാര്‍ത്ഥിയായ ഗോസ്ലിങ്ങിന്റെ (Raymond Gosling) ഗവേഷണ ചുമതല സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തു. ധീരമായി കണ്ണില്‍ നോക്കി സ്വാഭിപ്രായം തുറന്നുപറയുന്ന അവരുടെ സ്വഭാവം പുരുഷശാസ്ത്രജ്ഞരെ അലോസരപ്പെടുത്തിയിരുന്നത്രേ. ഗോസ്ല്ലിങ്ങിന്‍റെ  സഹായത്തോടെ നിരവധി എക്സ് -റേ ചിത്രങ്ങള്‍ രേഖപ്പെടുത്തി. ഈര്‍പ്പത്തിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഡി എന്‍ എ രണ്ട് രൂപങ്ങള്‍ കാണിക്കുന്നു എന്ന് അവര്‍ കണ്ടെത്തി. ഇവക്ക് DNA – A എന്നും DNA – B എന്നും പേര് നൽകി. വിൽക്കിൻസുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടു പേരും ഓരോ ഘടനയെപ്പറ്റി സ്വതന്ത്രമായി പഠിക്കാൻ തീരുമാനിച്ചു. റോസലിന്റിന് കിട്ടിയത് DNA- A ആയിരുന്നു. ആദ്യത്തെ ചില കുഴഞ്ഞുമറിഞ്ഞ നിഗമനങ്ങള്‍ക്ക് ശേഷം രണ്ട് ഡി എന്‍ എ യും പരസ്പരബന്ധിതമായ ഇരട്ട നാരുകളുടെ രൂപത്തിലാണ് നിലനില്‍ക്കുന്നത് എന്ന് കണ്ടെത്തി.ഘടനയെപ്പറ്റി വ്യക്തമായ ധാരണ രൂപപ്പെട്ട ശേഷം മാത്രമേ അത് പ്രസിദ്ധീകരിക്കാൻ തയ്യാറായുള്ളൂ. ഇതേസമയം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ജെയിംസ് വാട്സനും ഫ്രാന്‍സിസ് ക്രിക്കും (James Watson & Francis Crick) ഡി എന്‍ എ ഘടന സംബന്ധിച്ച അന്വേഷണത്തിലായിരുന്നു.

ഫോട്ടോ 51

റോസലിന്റിന്റെ സെമിനാർ അവതരണവും, ലിനസ് പോളിംഗ്‌ രൂപപ്പെടുത്തിയ ഘടനയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതും വാട്സണെ സഹായിച്ചു. ഒരിക്കല്‍ വില്‍ക്കിന്‍സിനെ കാണാനെത്തിയ വാട്സണ് അദ്ദേഹം റോസലിന്റ് ഫ്രാങ്ക്ളിന്‍ രേഖപ്പെടുത്തിയ എക്സ് റെ ചിത്രം കാണിച്ചുകൊടുത്തു. റോസലിന്റ് അറിയാതെയും അവരുടെ സമ്മതമില്ലാതെയുമായിരുന്നു അത്. അന്നോളം ഇരുട്ടില്‍ തപ്പിയ വാട്സന്റെ ഗ്രൂപ്പിന് ആ ചിത്രം മുന്നോട്ട് പോകാനുള്ള വഴിതെളിച്ചു. ഏതാണ്ടൊരേ സമയത്താണ് രണ്ട് ഗ്രൂപ്പുകളും ഡി എന്‍ എ യുടെ ഇരട്ടക്കോവണി രൂപത്തിലുള്ള ഘടന കണ്ടെത്തിയത്. വില്‍ക്കിന്‍സുമായുള്ള അഭിപ്രായവ്യത്യാസം കാരണം കിംഗ്സ്കോളേജ് വിട്ടുപോകുമ്പോള്‍ താന്‍ പകര്‍ത്തിയ എക്സ്റേ ചിത്രങ്ങളെല്ലാം റോസലിന്റ് കൈമാറിയിരുന്നു. പിന്നീട് വില്‍ക്കിന്‍സ് വാട്സന്റെ ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഡി എന്‍ എ ഘടന സംബന്ധിച്ച വാട്സന്റെയും ക്രിക്കിന്റെയും വിഖ്യാതമായ പേപ്പറില്‍ അടിക്കുറിപ്പായി മാത്രം റോസലിന്റ് ഫ്രാങ്ക്ളിന്‍റെ പങ്ക് പരാമര്‍ശിക്കപ്പെട്ടു. വാട്സന്റെ ഡബിള്‍ ഹെലിക്സ് എന്ന വിഖ്യാതമായ പുസ്തകത്തിലും റോസലിന്റ് ഫ്രാങ്ക്ളിന്റെ സംഭാവനകൾ വേണ്ടത്ര സൂചിപ്പിക്കപ്പെട്ടില്ല. 1953 ല്‍ ബിര്‍ബെക്ക് കോളെജിലേക്ക് അവര്‍ മാറി. അവിടെ പ്രശസ്ത ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റും എഴുത്തുകാരനുമെല്ലാമായ ജെ. ഡി ബര്‍ണലിന്‍റെ സഹായത്തോടെ ഗവേഷണം തുടങ്ങി. ശാസ്ത്രരംഗത്തെ സ്ത്രീപ്രവേശനം പ്രോത്സാഹിപ്പിച്ചിരുന്ന ബര്‍ണല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. അവിടെവെച്ച് ടോബാക്കോ മൊസൈക് വൈറസിന്‍റെ ഘടന കണ്ടെത്തി. വൈറസുകളില്‍ ഗവേഷണം നടത്തുന്നവരെയെല്ലാം ഏകോപിപ്പിച്ച്, അതില്‍ എതിരാളിയായ വാട്സനും ഉള്‍പ്പെട്ടിരുന്നു. ഗവേഷണം ഊര്‍ജ്ജിതമാക്കാന്‍ അവര്‍ക്കായി.

ടോബാക്കോ മൊസൈക് വൈറസിന്‍റെ ഘടന – ഇലക്ട്രോൺ മൈക്രോസ്കോപ്പ് കാഴ്ച്ച

അമേരിക്കയിലേക്കുള്ള യാത്രക്കിടെയാണ് അണ്‌ഡാശയകാന്‍സര്‍ ബാധ കണ്ടെത്തിയത്. ദീർഘകാലം എക്സ്-റേ ഏറ്റതാവാം കാരണം തുടര്‍ന്നു പല സര്‍ജറികള്‍ക്ക് വിധേയയായി. ഇതിനിടെയും പോളിയോ വൈറസിനെപ്പറ്റി പഠിക്കാനുള്ള വലിയ പദ്ധതിക്ക് അംഗീകാരം നേടിയെടുത്തു. പതിമൂന്ന് ഗവേഷണപേപ്പറുകള്‍ ഇക്കാലയളവില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്രസല്‍സില്‍ നടന്ന അന്താരാഷ്ട്ര എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ ടോബാക്കോ മൊസൈക് വൈറസിന്‍റെ ഘടന നിര്‍മ്മിക്കവേ, വെറും മുപ്പത്തിയേഴാം വയസ്സിലായിരുന്നു (1958) അന്ത്യം.

1962ല്‍ വാട്സനും ക്രിക്കും വില്‍ക്കിന്‍സും ഡി എന്‍ എ ഘടനയുടെ കണ്ടെത്തലിന് രസതന്ത്ര നോബല്‍ നേടി. മരണാനന്തര ബഹുമതിയായി നോബല്‍ നല്‍കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ റോസലിന്റ് പരിഗണിക്കപ്പെട്ടില്ല. മൂന്ന് പേർക്കേ നോബൽ പങ്കിടാനാവൂ എന്നതിനാൽ. ജീവിച്ചിരുന്നാലും പരിഗണിക്കപ്പെടുമായിരുന്നോ എന്നതും സംശയമാണ്. പിന്നീട് അവരുടെ സുഹൃത്തും സഹഗവേഷകനുമായ ആരോണ്‍ ക്ലഗ് (Aaron Klug) 1982ലെ രസതന്ത്രനോബല്‍ നേടി. റോസലിന്റ് ഫ്രാങ്ക്ളിൻ കൂടി ചേര്‍ന്നു തുടങ്ങിവെച്ച പഠനത്തിനായിരുന്നു അത്. മരണാനന്തരം പല ബഹുമതികളും അവരുടെ ഓര്‍മ്മക്കായി നല്‍കപ്പെട്ടു. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു.

Leave a Reply