പത്തു പതിനഞ്ചു വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരു ഉൾനാടൻ ഗ്രാമത്തിലാണ് സംഭവം. ഒരു പ്ലാവിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു. പ്ലാവിനടുത്തു കൂടി പോകുമ്പോൾ ഒരു തുള്ളി വെള്ളം കയ്യിൽ വീണോ എന്ന് വീട്ടുകാർക്ക് സംശയം തോന്നി. പിന്നെ അത് ഉറപ്പായി. വെള്ളം വീഴുന്നുണ്ട്. ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞു.
ഇപ്പോൾ മഴയ്ക്കു ശേഷം മരം ചെയ്യുന്നതു പോലെ പ്ലാവിൽ നിന്നും വെള്ളം വീഴുന്നുണ്ട്. മണമൊന്നുമില്ല. രുചിച്ചപ്പോൾ ഇളംമധുരം തോന്നിപോലും.! പച്ചവെള്ളത്തിനേക്കാൾ ഇത്തിരി കട്ടിയുണ്ടോ എന്നൊരു സംശയം. മധുരമുള്ളതിനാലാവാം. പ്ലാവിന്റെ ചുവടു ഭാഗം മണ്ണ് നന്നായി നനഞ്ഞു കിടക്കുന്നു. അത്ഭുത വാർത്തകൾക്ക് നമ്മുടെ നാട്ടിൻപുറങ്ങളിൽ നല്ല മാർക്കറ്റാണെല്ലോ. കൊട്ടാരത്തിൽ ശങ്കണ്ണിയുടെ ഭാഷയിൽ പറഞ്ഞാൽ കർണ്ണാ കർണ്ണികയാ മഴ പൊഴിക്കുന്ന പ്ലാവിന്റെ കഥ നാട്ടിൻ പരന്നു.
അത്ഭുത മരം കാണാൻ ആളുകൾ വന്നു തുടങ്ങി. മധുരമുള്ള വെള്ളം കുപ്പിയിലാക്കി രോഗശമനത്തിനായി പലരും കൊണ്ടുപോയിത്തുടങ്ങി. വിവരം സ്ഥലം കൃഷിയാപ്പീസറുടെ ചെവിയിലുമെത്തി. പഠിച്ചത് പക്ഷിശാസ്ത്രമല്ലാത്തതിനാൽ നമ്മുടെ ആപ്പീസർ മറ്റ് ചില കൃഷിശാസ്ത്രജ്ഞരോടൊത്ത് ദിവ്യ ജലം പൊഴിയ്ക്കുന്ന അത്ഭുത വൃക്ഷത്തെ സന്ദർശിച്ചു. ശരിയാണ്, വെള്ളം പൊഴിയുന്നുണ്ട്. ചുവടാകെ നനഞ്ഞു കിടക്കുന്നു. അവർ മരത്തെയാകമാനംനിരീക്ഷിച്ചു. ഒരുപാട് വലിയ മരമല്ല. പ്ലാവിൽ നിറയെ തളിരിലകളാണ് ഉണ്ടായിരുന്നത്. നിറയെ ഉറുമ്പ് വരിയിട്ട് പോകുന്നുണ്ട്. ഒരു തളിർത്ത പൊടിപ്പ് തോട്ടി കൊണ്ട് ഒടിച്ചെടുത്തു. പരിശോധിച്ചപ്പോൾ ഇളംതണ്ടിനെ ആകെ പൊതിഞ്ഞ് കുഞ്ഞൻ പ്രാണികൾ. ആഫിഡ് എന്ന ചെടികളുടെ നീരൂറ്റിക്കുടിയ്ക്കുന്ന ഒരു പ്രാണിവർഗ്ഗം !
ആഫിഡിന്റെ എണ്ണമില്ലാത്തത്ര കോളനികൾ ആ കമ്പുകളിൽ പാർപ്പുറപ്പിച്ചിരുന്നു. ആഫിഡ് പുറത്തുവിട്ടിരുന്ന ഹണി ഡ്യൂ എന്നു വിളിക്കപ്പെടുന്ന ദ്രാവകമായിരുന്നു നമ്മുടെ ദിവ്യ ഔഷധം. ഒന്നുകൂടി അന്വേഷിച്ചപ്പോൾ മനസ്സിലായത് ആ വീട്ടിൽ വളർത്തുന്ന ആടിന് തീറ്റയായി നിത്യവും ധാരാളം പ്ലാവില ഒടിച്ചെടുക്കാറുണ്ട് എന്നാണ്. അപ്പോൾ നിറയെ പുതിയ കൂമ്പുകളും ചിനപ്പുകളും പൊടിച്ചു വന്നു. ഒടിയ്ക്കും തോറും ഏറിടും എന്നാണല്ലോ ! ആഫിഡുകൾക്ക് വേറെ താവളമന്വേഷിച്ച് എങ്ങും പോകണ്ടി വന്നില്ല . ഇവിടം സ്വർഗ്ഗമാണെന്നുറപ്പിച്ച് അവരവിടെ സുഖവാസമായി. നൂറായിരം കോളനികളായി. ലക്ഷോപലക്ഷം ആഫിഡ് പ്രാണികൾ വിസർജ്ജിച്ചിരുന്ന പലതുള്ളി ഹണിഡ്യൂ ആണ് തേൻമഴയായി പെയ്തത്.
ഈ ആഫിഡിൻ കൂട്ടിൽ ഉറുമ്പിനെന്താ കാര്യം?
കാര്യമുണ്ട്. നമ്മൾ കരുതുന്ന പോലെഉറുമ്പ് അത്ര ചില്ലറക്കാരനല്ല. ഉറുമ്പ് ഒരു ഫാർമറാണ്. നമ്മൾപാലിന് വേണ്ടി ആട് വളർത്തലിലും പശുവളർത്തലിലും ഏർപ്പെടുന്നതു പോലാണ് ഉറുമ്പുകൾ ആഫിഡിന്റെ ഫാം നടത്തുന്നത്. ഉറുമ്പ് ആഫിഡിന്റെ വയറിൽ സ്പർശിനി കൊണ്ട് തടവും. ആഫിഡ് പശു ‘തേൻ മഞ്ഞു’ ചുരത്തും. മനുഷ്യർ പശുവിനെ കറക്കുന്നതിന് സമാനം. പകരം ഉറുമ്പ് ആഫിഡ് കോളനിയുടെ കാവൽക്കാരനാണ്. ലേഡി ബേർഡ് വണ്ടു പോലെയുള്ള ആഫിഡിന്റെ ശത്രുക്കളെ തുരത്തും. ചത്തുപോയ ആഫിഡിന്റെ ശവങ്ങളെ നീക്കം ചെയ്യുന്നതും ഇവർ തന്നെ.
ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്ക് ആഫിഡുകളെ ചുമന്നുകൊണ്ടു പോവുന്ന ജോലിയും ഉറുമ്പുകൾ ചെയ്യും. ജന്തുലോകത്തും ആരും ആരെയും വെറുതെ ചുമക്കാറില്ല. എന്തെങ്കിലും പ്രയോജനം കിട്ടണം. ഇങ്ങനെയുള്ള പരസ്പര സഹായസഹകരണബന്ധത്തിന് ആംഗലേയ നാമം സിംബയോസിസ്എന്നാണ്. ആഫിഡിന് സാധാരണയായി ചിറകില്ല. എന്നാൽ ആതിഥേയ സസ്യത്തിൽ ആഫിഡിന്റെ സംഖ്യ ക്രമാതീതമായി പെരുകുമ്പോൾ പെൺആഫിഡുകൾക്ക് ചിറകു മുളയ്ക്കുകയും അവ വേറെ ചെടി തേടി പറക്കുകയും ചെയ്യുന്നു. എന്നാൽ അടുത്ത തലമുറ കുഞ്ഞുങ്ങൾ ചിറകില്ലാത്തവയായിരിക്കും.
ആഫിഡിനെ കൂടാതെ തേൻ ചുരത്തുന്ന കുഞ്ഞു പ്രാണിയാണ് ശൽക്കകീടങ്ങൾ. എന്നാൽ കർഷകരെ സംബന്ധിച്ച് പല വൈറസ് രോഗങ്ങളും പരത്തുന്ന ഭീകരർ തന്നെയാണ് മിക്കവാറും എല്ലാ നീരൂറ്റുന്ന പ്രാണികളും. ഹണി ഡ്യൂ എന്ന ‘മധുഹിമ’ത്തിൽ വിവിധ ഇനം പഞ്ചസാരകളും, അമിനോ അമ്ലങ്ങളും, ചെറിയ അളവിൽ കൊഴുപ്പും കലർന്നിരിയ്ക്കും.
ആതിഥേയ സസ്യവും, പ്രാണിയുടെ ഇനവും അനുസരിച്ചായിരിക്കും ഇതിന്റെ രാസഘടകങ്ങൾ. പലപ്പോഴും കൂമ്പിലയിൽ നിന്നും മറ്റ് ഇലകളിലും ചെടികളിലും വീഴുന്ന ഈ മധുര ലായനിയിൽ ഫംഗസ് വളർന്ന് കറുപ്പു നിറത്തിൽ Sooty molds ഉണ്ടാകാറുണ്ട്. പ്രകാശസംശ്ലേഷണത്തിനെ തടസ്സപ്പെടുത്തുന്ന ഈ കരിം പൂപ്പൽ ചെടിയുടെ ആരോഗ്യത്തിനു ഭീഷണിയാകാറുണ്ട്.
കരിംപൂപ്പൽ മരങ്ങളുടെ കീഴിൽ സ്ഥിരമായി പാർക്കു ചെയ്യുന്ന വാഹനങ്ങളിലും, ഗാർഡൻഫർണിച്ചറുകളിലും ഒക്കെ സാധാരണയായി കാണാറുണ്ട്.
ഹണി ഡ്യൂ ചിത്രശലഭങ്ങളേയും തേനീച്ചകളേയും പോലെ പല ജീവികളും ആഹരിക്കാറുണ്ട്. പൂക്കൾ ഇല്ലാത്ത വേനൽ സമയത്ത് ഹണി ഡ്യൂ ശേഖരിച്ച് തേനീച്ച ഉണ്ടാക്കുന്ന തേൻ – ഹണി ഡ്യൂ ഹണി– വളരെ വിലപിടിച്ചതാണ്. ആന്റി ഓക്സിഡൻറ്സും ആൻറി ബാക്ടീരിയൽ ഘടകങ്ങളും ചേർന്ന ഈ തേൻ മെഡിക്കൽ ഗ്രേഡ് ഹണി ആയി ഉപയോഗിക്കുന്നുണ്ട്.
വേനൽക്കാലങ്ങളിൽ നമ്മുടെ കാടുകളിൽ നിന്നും ശേഖരിക്കുന്ന കാട്ടുതേനിലും ഹണി ഡ്യൂ കലർന്നിരിക്കാനുള്ള സാദ്ധ്യതയുണ്ട്. Tamarisk manna scale എന്ന ജീവിയുടെ പെൺവർഗം വലിയ അളവിൽ പുറപ്പെടുവിയ്ക്കുന്ന ഹണി ഡ്യൂ പുല്ലിനു മുകളിൽ വീണ് അടുക്കടുക്കായി ഉണങ്ങി കട്ടിയായതാണ് ഇസ്രായേൽമക്കൾക്ക് ദൈവം നൽകിയ മന്ന എന്നു ശാസ്ത്രലോകം അനുമാനിക്കുന്നു. അറേബ്യയിലും ഇറാക്കിലുമെല്ലാം ഈ വസ്തു വളരെ വിലപിടിച്ച ഭക്ഷണമാണ്. കുബ്ലാഖാൻ വളർന്നത് ഹണി ഡ്യൂകഴിച്ചും പറുദീസയിലെ പാൽ കുടിച്ചുമായിരുന്നെന്ന് കോളറിഡ്ജ്ജ് (Samuel Taylor Coleridge). ആ കവിതയുടെ രണ്ടു വരി വായിച്ച് അവസാനിപ്പിക്കാം മധു ഹൈമവത പുരാണം.
“His flashing eyes, his floating hair!
Weave a circle round him thrice,
And close your eyes with holy dread,
For he on honey-dew hath fed,
And drunk the milk of Paradise .. ‘
രമ കെ നായർ, കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ലൂക്ക സംഘടിപ്പിക്കുന്ന #JoinScienceChain സയൻസെഴുത്തിന്റെ ഭാഗമായി ഫേസ്ബുക്കിലെഴുതിയത്.
ആഫിഡുകളെ കുറിച്ച് ലൂക്ക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം