വിജയകുമാർ ബ്ലാത്തൂർ
ചെങ്കോമാളി (Red pierrot- Talicada nyseus)
നീലി ശലഭങ്ങളായ ലൈക്കിനിഡെയിൽ പെട്ട ചെറുതും തറയോട് ചേർന്ന് പറക്കുന്നതുമായ ശലഭമാണിത്. ആണും പെണ്ണും കാഴ്ചയിൽ ഒരുപോലിരിക്കും. ചിറകിൽ ചുവന്ന പാടുകളുള്ള കോമാളി ശലഭമാണിത്. മുൻ ചിറകിന്റെ മുകൾ ഭാഗം ഇരുണ്ട തവിട്ട് നിറമാണുണ്ടാകുക.പിൻ ചിറകിന്റെ മുകൾ ഭാഗം മൂന്നിൽ രണ്ട് ഭാഗം ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലും. എന്നാൽ ഇവ വിശ്രമിക്കുന്ന സമയത്തൊക്കെ ചിറകിന്റെ അടി ഭാഗം ആണ് കാണുക. മേൽ ചിറകിന്റെ അടിഭാഗത്തായി വെളുപ്പിൽ കറുത്ത പൊട്ടുകളും ഉണ്ട്. പിൻ ചിറകിന്റെ അടിയിലെ ചുവപ്പ് കലർന്ന ഓറഞ്ച് പശ്ചാത്തലത്തിൽ ഉള്ള വെളുത്ത പൊട്ടുകൾ ഇതിനെ അതി മനോഹരമാക്കുന്നുണ്ട്. നൃത്തം ചെയ്യും പോലെ ഉഷാറായി തത്തിപ്പാറി നടക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യും. അപ്പോഴും പിൻ ചിറകുകൾ താളത്തിൽ ഉരുമ്മിക്കൊണ്ടിരിക്കും. ചിറക് പകുതി തുറന്ന് വെച്ച് വെയിൽ കായുന്ന സ്വഭാവവും ഉണ്ട്. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഇലമുളച്ചിച്ചെടി പൂത്തു കഴിയുന്ന കാലം ഇവയെ ധാരാളം കാണാം. ഇവയിലാണ് ഇവ മുട്ടയിടുക. നിലം പറ്റി വളരുന്ന ചെറു ചെടികളിലെ പൂക്കളിലും ചളിയിടങ്ങളിലും ഒക്കെ കറങ്ങി നടക്കും. ഇവക്ക് അരുചിയുള്ളതിനാൽ പക്ഷികൾ ഇതിനെ സാധാരണയായി തീറ്റയാക്കാറില്ല. മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവ തടിച്ച ഇല തുരന്ന് ഉള്ളിൽ കയറി തീറ്റ ആരംഭിക്കും, കൂടാതെ ലാർവഘട്ടം മുഴുവനും ഇലയിൽ തന്നെ കഴിയും. ഇലയിൽ നിന്ന് പുറത്തെടുക്കുകയാണെങ്കിൽ ചത്തതുപോലെ അഭിനയിച്ച് കിടക്കും.