Read Time:43 Minute

ജെ.ബി.എസ്.ഹാല്‍ഡേന്‍

ഒരു ബ്രിട്ടിഷ് പരിണാമജൈവശാസ്ത്രജ്ഞനും (evolutionary biologist) ജനിതകശാസ്ത്രജ്ഞനുമായിരുന്നു (geneticist) ജെ.ബി.എസ്. ഹാൽഡേൻ (1892-1964). റൊണാൾഡ് ഫിഷർ (Ronald Fisher),സെവാൾ റൈറ്റ് (Sewall Wright) എന്നിവരോടൊപ്പം സമൂഹജനിതകശാസ്ത്രത്തിന്റെ (Population Genetics) ഉപജ്ഞാതാവായി ഹാൽഡേൻ കണക്കാക്കപ്പെടുന്നു. 1919നും 1920നുമിടയ്ക്കു് ജോൺ ഓക്സ്‌ഫഡിലെ ന്യൂ കോളജിൽ ഫെല്ലൊ ആയിരുന്നു. അതിനുശേഷം കേംബ്രിജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളജിലേക്കു് മാറി. അവിടെ ജൈവരസതന്ത്രത്തിൽ (Biochemistry) റീഡറായി 1932 വരെ പഠിപ്പിച്ചു. അവിടെയുണ്ടായിരുന്ന കാലം ഹാൽഡേൻ എൻസൈമുകളിലും (enzymes) ജനിതകശാസ്ത്രത്തിന്റെ ഗണിതശാസ്ത്രവശങ്ങളിലുമാണു് (mathematical genetics) ശ്രദ്ധ കേന്ദ്രീകരിച്ചതു്. വളരെ ഉറച്ച മാർക്സിസ്റ്റായിരുന്ന അദ്ദേഹം സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ചു് ബ്രിട്ടൻ വിട്ടു് ഇന്ത്യയിലെത്തി ഇന്ത്യൻ പൌരത്വം സ്വീകരിച്ചു. ജെ.ബി.എസ് ഹാൽഡേൻ രചിച്ച എലികൾ എന്ന ശാസ്ത്രകഥ വായിക്കാം

ഒരുകാലത്ത് സ്മിത്ത് എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. അയാളൊരു പച്ചക്കറിക്കടക്കാരനായിരുന്നു. ക്ലഫാമിലാണ് അയാള്‍ ജീവിച്ചിരുന്നത്. അയാള്‍ക്ക് നാല് പുത്രന്മാരുണ്ടായിരുന്നു. മൂത്തവന് രാജാവിന്റെ ബഹുമാനാര്‍ത്ഥം ജോര്‍ജ്ജ്  എന്നു പേരിട്ടു. അയാള്‍ സ്മിത്തിന്റെ കാലശേഷം കച്ചവടം തുടരണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്ക്കൂളില്‍ അവന്‍ സ്പെഷ്യല്‍ ബോട്ടണി ക്ലാസ്സില്‍ ചേരുകയും നൂറ്റമ്പത്  ഇനം വ്യത്യസ്ത ക്യാബേജുകളെപ്പറ്റിയും നാല്പത്തി നാലിനം ലെറ്റ്യൂസുകളേക്കുറിച്ചും(പച്ചടിച്ചീര)പഠിച്ചു. തുടര്‍ന്ന് അവന്‍ ജന്തുശാസ്ത്രക്ലാസ്സില്‍ പോയി ക്യാബേജുകളില്‍ ജീവിക്കുന്ന എഴുപത്തേഴിനം  കമ്പിളിപ്പുഴുക്കളേക്കുറിച്ചും അതില്‍ പച്ചനിറമുള്ളവ ക്യാബേജില്‍ സോപ്പുവെള്ളം തളിച്ചാല്‍ എങ്ങിനെ പുറത്തുവരുമെന്നും വരകളുള്ളവ പുകയിലക്കഷായം തളിച്ചാല്‍ എങ്ങിനെ പുറത്തുവരുമെന്നും തവിട്ടുനിറമുള്ള തടിയന്മാര്‍ ഉപ്പുവെള്ളം തളിച്ചാല്‍ എങ്ങിനെ പുറത്തുവരുമെന്നും പഠിച്ചു. അങ്ങനെ  വലുതായപ്പോള്‍ അവന്‍ ലണ്ടനിലെ ഏറ്റവും നല്ല പച്ചക്കറിക്കടക്കാരനായി മാറി. അയാളുടെ ക്യാബേജുകളില്‍ ഒരാള്‍ക്കും പുഴുക്കളെ കാണാനായില്ല.

സ്മിത്തിന് ഒരു കട മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ മറ്റു മൂന്ന് പുത്രന്മാര്‍ക്കും സ്വന്തം ജീവിതമാര്‍ഗ്ഗം കണ്ടെത്തേണ്ടിവന്നു. രണ്ടാമത്തെ മകന്റെ പേര് ജെയിംസ് എന്നാണെങ്കിലും അയാളെ ജിം എന്നാണ് വിളിച്ചിരുന്നത്. അയാള്‍ സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പ്രബന്ധരചനയ്ക്കുള്ള എല്ലാ സമ്മാനങ്ങളും കരസ്ഥമാക്കി. അയാള്‍ സ്ക്കൂള്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഹാഫ് ബാക്ക് ആയാണ് കളിച്ചിരുന്നത്. അയാള്‍ അതീവ ബുദ്ധിമാനായിരുന്നു.  എല്ലാത്തരം ചെപ്പടിവിദ്യകളും അയാള്‍ക്കറിയാമായിരുന്നു. അദ്ധ്യാപകര്‍ക്കെതിരെ പോലും അവ പ്രയോഗിക്കുമായിരുന്നു. ഒരിക്കലയാള്‍ ചോക്കുകഷണത്തില്‍ ഒരു തീപ്പെട്ടിക്കൊള്ളിയുടെ തല തിരുകിവച്ചു. അതൊരു സേഫ്ടിമാച്ച് അല്ലായിരുന്നു. എവിടെയും ഉരയ്ക്കാവുന്ന നീലയും വെള്ളയും നിറമുള്ള കൊള്ളികളിലൊന്നായിരുന്നു. അദ്ധ്യാപകന്‍ ബോര്‍ഡില്‍ എഴുതാനാരംഭിച്ചപ്പോള്‍ തീപ്പെട്ടിക്കോലുരഞ്ഞു. അടുത്ത അഞ്ചു മിനിറ്റ് ആരും ഒന്നും ചെയ്തില്ല! വേറൊരു ദിവസം അയാള്‍ മഷിക്കുപ്പികളില്‍ മിതൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സ്പിരിറ്റ് ഒഴിച്ചുവച്ചു. അതോടെ പേനകളില്‍ മഷി പിടിച്ചിരിക്കാതായി. മാഷിന് എല്ലാ മഷിയും മാറ്റാന്‍ അരമണിക്കൂര്‍ വേണ്ടിവന്നു. അതോടെ അന്നത്തെ ഫ്രഞ്ച് ക്ലാസ് ഒട്ടും നടന്നില്ല. അയാള്‍ക്ക് ഫ്രഞ്ച് വെറുപ്പായിരുന്നു.  താക്കോല്‍ ദ്വാരത്തില്‍ പുട്ടി വയ്ക്കുകയോ ചത്ത എലിയെ മാഷിന്റെ മേശപ്പുറത്തു വയ്ക്കുകയോ പോലുള്ള സാധാരണ വേലകളൊന്നും അയാള്‍ ചെയ്യാറില്ല.

മൂന്നാമത്തെ മകന്റെ പേര് ചാള്‍സ് എന്നായിരുന്നു. അയാള്‍ കണക്കിലും ചരിത്രത്തിലും ഒരുമാതിരി തരക്കേടില്ലായിരുന്നു. ക്രിക്കറ്റ് ടീമില്‍ ഇടംകൈയ്യന്‍ സ്ലോ ബൗളറായി ഇടംനേടി. എന്നാലയാള്‍ ശരിക്കും മിടുക്കനായിരുന്നത് കെമിസ്ട്രിയിലായിരുന്നു. അയാളുടെ സ്ക്കൂളില്‍(എനിക്കറിയാവിന്നിടത്തോളം  വേറെ ഏതെങ്കിലും  സ്ക്കൂളില്‍ പോലും) പാരാഡൈമിതൈല്‍ അമിനോബെന്‍സാല്‍ഡിഹൈഡ് ഉണ്ടാക്കിയ ഒരേ ഒരാള്‍ അയാളായിരുന്നു, അറാബിറ്റോള്‍ പോലും (അതുണ്ടാക്കുന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. അതിന് റാബിറ്റ്- എലിയുമായി ഒരു ബന്ധവുമില്ലാ കേട്ടോ.) അയാള്‍ ഉണ്ടാക്കും. അയാള്‍ വേണമെങ്കില്‍ എത്ര വൃത്തികെട്ട നാറ്റവും ഉണ്ടാക്കാന്‍ പ്രാപ്തനായിരുന്നു. അതെങ്ങനെയെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എന്നാലയാള്‍ ഒരു നല്ല പയ്യനായിരുന്നതിനാല്‍ അതു ചെയ്തില്ല. മാത്രമല്ല, അയാളതു ചെയ്തിരുന്നെങ്കില്‍ അയാളുടെ കെമിസ്ട്രി പഠനം അവര്‍ നിര്‍ത്തിച്ചേനെ. അയാളാകട്ടെ ജീവിതകാലം മുഴുവനും കെമിസ്ട്രി കൊണ്ടുപോകാന്‍ ആഗ്രഹിച്ചിരുന്നു.

നാലാമത്തെ മകനെ  ജാക്ക് എന്നാണ് വിളിച്ചിരുന്നത്. അയാള്‍ പഠനത്തിലൊന്നും അത്ര മെച്ചമായിരുന്നില്ല, എന്നതുപോലെ തന്നെ കളികളിലും.  ഒരു ബോള്‍ പോലും നേരേചൊവ്വെ അടിക്കാന്‍ അയാള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.  ക്രിക്കറ്റിലാണെങ്കില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോകും. അയാള്‍ക്ക് ആകെ  പ്രാഗത്ഭ്യം ഉണ്ടായിരുന്നത് വയര്‍ലെസ്സില്‍ മാത്രമാണ്. വീട്ടിലെ എല്ലാം അയാള്‍ നന്നായി ചെയ്തുവച്ചു, വാല്‍വുകളൊഴികെ. ഈ കഥ തുടങ്ങുമ്പോള്‍ അത് ശരിയാക്കാന്‍ പഠിക്കുകയായിരുന്നു അയാള്‍. അയാള്‍ക്ക് മറ്റില്‍ഡാ എന്നു പേരുള്ള ഒരു വല്യമ്മായി ഉണ്ടായിരുന്നു. വളരെയേറെ പ്രായമായ അവര്‍ക്ക് ലണ്ടനില്‍ നിന്ന്  ഡോവറിലേക്കുള്ള റെയില്‍പാത നിര്‍മ്മിച്ചത് ഓര്‍മ്മയുണ്ടായിരുന്നു പോലും. നടക്കാനാകാത്തതിനാല്‍ അവര്‍ സദാസമയവും കിടക്കയില്‍ തന്നെ ആയിരുന്നു. അവര്‍ക്ക് കേള്‍വിയെ സഹായിക്കാനായി അയാള്‍ ഇയര്‍ഫോണുണ്ടാക്കിക്കൊടുത്തു. വിക്ടോറിയാ രാജ്ഞിയുടെ കാലത്തിനു ശേഷം ഒരിക്കലും ഇത്ര സന്തോഷം ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. മറ്റു വൈദ്യുതോപകരണങ്ങളുടെ കാര്യത്തിലും ജാക്ക് വിരുതനായിരുന്നു.

അയാള്‍ തന്റെ പിതാവിന്റെ വീട്ടില്‍ കാശുകൊടുക്കാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള ഒരു സൂത്രപ്പണി ചെയ്തു. ഒരാഴ്ചത്തേക്ക് മീറ്ററില്‍ ഒന്നും കാണിച്ചില്ല. അപ്പോള്‍  എന്താണു സംഭവിക്കുന്നത് എന്ന് അച്ഛന്‍ കണ്ടുപിടിച്ചു.”നാമിതു ചെയ്യരുത്. നമ്മള്‍ ഇലക്ട്രിക് കമ്പനിയില്‍ നിന്ന് മോഷ്ടിക്കുകയാണ് “, അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാക്ക് പറഞ്ഞു “ഇത് മോഷണമാണെന്ന് ഞാന്‍ കരുതുന്നില്ല, ഒരു കമ്പനി ഒരു വ്യക്തിയല്ല. മാത്രമല്ല, ഈ കറന്റ് നമ്മുടെ വിളക്കുകളിലൂടെ കയറി തിരികെ മെയിനിലേക്കു തന്നെ പോവുകയുമാണ്.  അതുകൊണ്ട് നമ്മളത് സൂക്ഷിക്കുന്നില്ല, കടം വാങ്ങുന്നതേ ഉള്ളു”. എന്നാല്‍ അയാളുടെ അച്ഛന്‍ അയാളേക്കൊണ്ട് ആ ഉപകരണം മാറ്റിച്ചു, കറന്റിന്റെ കാശ് കമ്പനിക്ക് കൊടുക്കുകയും ചെയ്തു. അദ്ദേഹം സത്യസന്ധനായ ഒരാളായിരുന്നു.

സ്മിത്തിന് ലൂസിയേല്‍ എന്ന പേരുള്ള ഒരു മകളുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും അവളെ പാജി എന്നാണ് വിളിച്ചിരുന്നത്. അവള്‍ക്ക് ഈ കഥയില്‍ വലിയ പങ്കൊന്നുമില്ല. അതുകൊണ്ട് കഥയുടെ അവസാനം വരെ കൂടുതലായൊന്നും പറയുന്നില്ല. ഒരു കാര്യം മാത്രം – കുഞ്ഞുന്നാളില്‍ അവളുടെ മുന്നിലെ പല്ലുകള്‍ ഉന്തിനിന്നിരുന്നു, എന്നാല്‍ അവസാനം അത് തള്ളി സ്ഥാനത്താക്കാന്‍ കഴിഞ്ഞിരുന്നു എന്നു മാത്രം.

ഈ കാലഘട്ടത്തില്‍ ലണ്ടന്‍ ഡോക്കുകളില്‍ എലികളുടെ ഒരു വലിയ പെരുപ്പമുണ്ടായി. അവ വളരെ നിഷ്ഠുരന്മാരായിരുന്നു. അവരുടെ പൂര്‍വ്വികര്‍ ഹോങ്കോങ്ങില്‍ നിന്ന് ആവിക്കപ്പലുകളില്‍ ചായയുടെയും ഇഞ്ചിയുടെയും സില്‍ക്കിന്റെയും അരിയുടെയമെല്ലാം കൂടെ കയറി വന്നവരാണ്. ഇംഗ്ലണ്ടിലെ ആളുകളെയെല്ലാം തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷ്യോല്പാദനം സാധ്യമല്ലാത്തതിനാല്‍ ഞങ്ങള്‍ ലണ്ടനിലേക്ക് കപ്പലുകളില്‍ കൊണ്ടുവരുന്ന എല്ലാത്തരം ഭക്ഷണവസ്തുക്കളും എന്നാല്‍ ഈ എലികള്‍ തിന്നിരുന്നു, ക്യാനഡയില്‍ നിന്നുള്ള ഗോതമ്പും ഹോളണ്ടില്‍ നിന്നുള്ള പാല്‍ക്കട്ടിയും(ചീസ്) ന്യൂസിലണ്ടില്‍ നിന്നുള്ള ആട്ടിറച്ചിയും അര്‍ജന്റീനയില്‍ നിന്നുള്ള മാട്ടിറച്ചിയുമെല്ലാം അവ തിന്നു. പേഴ്സ്യന്‍ കാര്‍പെറ്റുകളുടെ നടുഭാഗം തന്നെ കടിച്ചെടുത്ത് അവ തങ്ങളുടെ മാളങ്ങളില്‍ വിരിച്ചു, ചൈനയില്‍ നിന്നുള്ള സില്‍ക്കുടുപ്പുകളില്‍ കാലുരച്ചു.

ലണ്ടനിലെ എല്ലാ ഡോക്കുകളുടെയും പരമാധികാരി ലണ്ടന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ആണ്. അദ്ദേഹം തീര്‍ച്ചയായും വലിയൊരാളുതന്നെയാണ്. അദ്ദേഹത്തിന് ടവര്‍ ഹില്ലിനടുത്തായി ഏകദേശം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ  അത്രതന്നെ വലിപ്പമുള്ള ഒരു ഓഫീസ്  ഉണ്ടായിരുന്നു. എലികളുടെ കാര്യത്തില്‍ അദ്ദേഹം വല്ലാതെ ക്ഷുഭിതനായിരുന്നു, കാരണം കപ്പലുകളില്‍ ഇടയ്ക്കിടെ കൊണ്ടുവരുന്ന ചരക്കുകള്‍ ഇറക്കിവയ്ക്കുന്നതും അവിടെനിന്ന് ട്രെയിനുകളിലും ലോറികളിലും വണ്ടികളിലും  കയറ്റി അയയ്ക്കുന്നതും വരെ അദ്ദേഹം മേല്‍നോട്ടം വഹിക്കണമായിരുന്നു. അതുകൊണ്ട് എലി തിന്നുതീര്‍ത്തതിനൊക്കെ അദ്ദേഹം പണം കൊടുക്കേണ്ടിയിരുന്നു. അദ്ദേഹം ലണ്ടനിലെ ഏറ്റവും നല്ല എലിപിടുത്തക്കാരെ വിളിച്ചുവരുത്തി. എന്നാല്‍ എലികള്‍ വളരെ വിരുതന്മാരായിരുന്നതിനാല്‍ അവര്‍ക്ക് ഏതാനും നൂറുകണക്കിന്  എലികളെ മാത്രമേ പിടിക്കാനായുള്ളു. എലികള്‍ക്ക് ആഴത്തിലുള്ള ഒരു മാളത്തില്‍ കഴിയുന്ന ഒരു രാജാവുണ്ടായിരുന്നു. എല്ലാ എലികളും അവന് മികച്ച ഭക്ഷണം തന്നെ കൊണ്ടുപോയി കൊടുക്കുമായിരുന്നു. അവര്‍ അവന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചോക്കലേറ്റുകളും ഫ്രാന്‍സില്‍ നിന്നുള്ള ടര്‍ക്കിക്കോഴി ഇറച്ചിയുടെ കഷണങ്ങളും അള്‍ജിയേഴ്സില്‍ നിന്നുള്ള ഈന്തപ്പഴങ്ങളും മറ്റും മറ്റും കൊണ്ടുവന്നു കൊടുക്കും. മറ്റുള്ള എലികള്‍ എന്തുചെയ്യണമെന്ന് അയാള്‍ പറയും. ഏതെങ്കിലും എലി ഒരു കെണിയില്‍ അകപ്പെട്ടാല്‍ അപകടമുന്നറിയിപ്പു നല്‍കാനായി പ്രത്യേക ദൂതന്മാരെ അയയ്ക്കും. ഏറ്റവും ധൈര്യശലികളായ പതിനായിരം യുവ എലികളുടെ ഒരു സൈന്യം അയാള്‍ക്കുണ്ടായിരുന്നു. അവര്‍ക്കെതിരെ അയയ്ക്കപ്പെടുന്ന ഏതു ശത്രുമൃഗങ്ങള്‍ക്കും എതിരെ  അവര്‍ പൊരുതും. ഒരു ടെറിയര്‍ നായയ്ക്ക് ഒന്നോ രണ്ടോ എലികളെ നിഷ്പ്രയാസം കൊല്ലാന്‍ കഴിയും. എന്നാല്‍ ഒരു നൂറെലികള്‍ ഒരുമിച്ചു വന്നാല്‍ അവനൊരു മൂന്നുനാലെണ്ണത്തിനെ കൊല്ലുമായിരിക്കും, പക്ഷേ അവസാനം ബാക്കിയുള്ലവരെല്ലാം കൂടി അവനെ കൊന്നിരിക്കും. ഏറ്റവും ദൃഢമായ പല്ലുകളുള്ള എലികളെ എന്‍ജിനീയര്‍മാരാകാന്‍ പരിശീലിപ്പിച്ചു. ഏതെങ്കിലും എലികള്‍  കെണിയിലകപ്പെട്ടാല്‍ ഇവര്‍ പോയി കമ്പികളറുത്ത് അവരെ മോചിപ്പിക്കും.

അങ്ങനെ ഒരു മാസക്കാലം കൊണ്ട് ഈ എലികള്‍ 181 പൂച്ചകളേയും 49 നായകളേയും 95 കീരികളേയും കൊന്നൊടുക്കി. മറ്റനേകം എണ്ണത്തെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായി ഈ ജന്തുക്കള്‍ ഒരു എലിയെ കാണണമെന്നില്ല, എലിയുടെ മണം കേട്ടാല്‍ തന്നെ ഓടിക്കളയും.    ഈ എലികള്‍ 618കെണികളില്‍ നിന്ന് 742 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. അങ്ങനെ എലിപിടുത്തക്കാര്‍ക്ക് അവരുടെ ഏറ്റവും നല്ല നായകളും കീരികളേും  കെണികളും നഷ്ടപ്പെട്ടു. നിരാശരായ അവരെല്ലാം പണി ഉപേക്ഷിച്ചു. ഡോക്കുകളിലെ ആളുകള്‍ എല്ലാ മരുന്നുകടകളിലും പോയി എല്ലാത്തരം എലിവിഷവും വാങ്ങി പലവിധ ഭക്ഷണപദാര്‍ത്ഥങ്ങളിലും വിതറി വച്ചു. എന്നാല്‍ ഏതെങ്കിലും പെട്ടിയില്‍ നിന്നോ ബാരലില്‍ നിന്നോ ബാഗില്‍ നിന്നോ നേരിട്ടു കിട്ടുന്നതല്ലാത്ത യാതൊരു ഭക്ഷണവും പ്രജകള്‍ തിന്നരുതെന്ന്  എലിരാജാവ് കല്പന പുറപ്പെടുവിച്ചു. അതുകൊണ്ട് അനുസരണക്കേടുള്ള ഏതാനും എലികള്‍ക്കു മാത്രമാണ് വിഷബാധയേറ്റത്. അവരത് അര്‍ഹിക്കുന്നുണ്ടെന്ന് മറ്റുള്ള എലികള്‍ പറഞ്ഞു.  അങ്ങനെ നായകളും കീരികളും കെണികളും എന്നപോലെ വിഷവും നിഷ്പ്രയോജനമായി.

അതുകൊണ്ട് ലണ്ടന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെ മഹത്തായ ബോര്‍ഡ് റൂമില്‍ അതോറിറ്റിയുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. “എലികളുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനാകുമോ?“  അദ്ദേഹം ചോദിച്ചു. പത്രങ്ങളില്‍ ഒരു പരസ്യം കൊടുക്കുവാന്‍ വൈസ് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ആഴ്ച എല്ലാ പത്രങ്ങളിലും പരസ്യം പ്രത്യക്ഷപ്പെട്ടു. അത് ഇംഗ്ലണ്ടിലെ എല്ലാവരും തന്നെ വായിക്കുന്നതിനു വേണ്ടി വലിയ അക്ഷരങ്ങളില്‍ അച്ചടിച്ച  ഒരു മുഴുവന്‍ പേജ് പരസ്യമായിരുന്നു.  സ്മിത്ത് കുടുംബത്തിലെ എല്ലാവരും അതു വായിച്ചു, പത്രം വായിക്കാറില്ലാത്ത, എല്ലാ റേഡിയോവാര്‍ത്തകളും ശ്രദ്ധിക്കാറുള്ള, മെറ്റില്‍ഡാ വലിയമ്മായി  ഒഴികെ.

ഈ പരസ്യം മറ്റെല്ലാ മത്സരങ്ങളെയും നിഷ്പ്രഭമാക്കി. കാരണം ഡോക്കുകളിലെ എലികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍  വിജയിക്കുന്ന ആള്‍ക്ക് ചെയര്‍മാന്‍ വാഗ്ദാനം ചെയ്തത് ഒരു ലക്ഷം പൗണ്ട് സമ്മാനവും കൂടാതെ തന്റെ ഏകപുത്രിയെ വിവാഹം കഴിച്ചു കൊടുക്കാമെന്നുമായിരുന്നു. (വിജയി വിവാഹിതനാണെങ്കില്‍ വീണ്ടും വിവാഹം അനുവദിക്കില്ല, പകരം ഒരു ആശ്വാസസമ്മാനമായി  വിജയിയുടെ ഭാര്യയ്ക്ക് ഒരു വജ്രക്കങ്കണം കൊടുക്കും). ഒരു ലക്ഷം പൗണ്ടിന്റെ ഒരു ഫോട്ടോയും പരസ്യത്തിലുണ്ടായിരുന്നു. അവ വെറും കറന്‍സി നോട്ടുകളല്ലായിരുന്നു, യഥാര്‍ത്ഥ സ്വര്‍ണ്ണനാണയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു.  നീളം കുറഞ്ഞു ചുരുണ്ട സ്വര്‍ണ്ണമുടിയും നീലക്കണ്ണുകളും ഉള്ള അതിസുന്ദരിയായിരുന്നു അവള്‍. കൂടാതെ അവള്‍ വയലിന്‍ വായിക്കുമായിരുന്നു, പാചകത്തിലും നീന്തലിലും ഫിഗര്‍സ്കേറ്റിംഗിലും സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഒരേയൊരു  കുഴപ്പം  എലികളെ കൊല്ലുന്നതിനുള്ള എല്ലാ സാധനങ്ങളും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമായിരുന്നു എന്നതാണ്. അതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ചെലവ് വളരെ വലുതായി.

എന്നിട്ടും ആയിരക്കണക്കിന് പേര്‍ അതിനു തയ്യാറായി. പിറ്റേന്ന് രാവിലെ ചെയര്‍മാന് കത്തുകളെത്തിച്ചുകൊടുക്കാനായി കൂടുതലായി മൂന്ന് പോസ്റ്റ്മാന്‍മാരെക്കൂടി വയ്ക്കേണ്ടിവന്നു. കൂടാതെ നിരവധി പേര്‍ ഫോണ്‍ ചെയ്യാനും തുടങ്ങിയതോടെ ഫോണ്‍ കേബിള്‍ ഉരുകിപ്പോയി. മാസങ്ങളോളം എല്ലാത്തരം ആളുകളും അവരുടെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നു. അതില്‍ കെമിസ്റ്റുകളുണ്ടായിരുന്നു, ജന്തുശാസ്ത്രജ്ഞരും  സിംഹവേട്ടക്കാരുമുണ്ടായിരുന്നു, എന്നാല്‍ ആര്‍ക്കും ഏതാനും എലികളില്‍ കൂടുതല്‍ പിടിക്കാന്‍ സാധിച്ചില്ല. മാത്രമല്ല,  കപ്പലുകളില്‍ നിന്ന് ചരക്കിറക്കുന്നതെല്ലാം അവരുടെ പ്രവര്‍ത്തനം മൂലം അലങ്കോലപ്പെടുത്തിയതുവഴി ധാരാളം ധാന്യങ്ങള്‍ ലണ്ടനിലേക്ക് അയയ്ക്കുന്നതിനു പകരം ലിവര്‍പൂളിലേക്കും കാര്‍ഡിഫിലേക്കും ഹള്ളിലേക്കും സൗത്താംപ്ടണിലേക്കും അയച്ചു.

ഭാഗ്യപരീക്ഷണം നടത്തിയവരില്‍ സ്മിത്തിന്റെ മക്കളായ ജിമ്മും ചാള്‍സും ജാക്കും ഉണ്ടായിരുന്നു. ജാക്ക് കരുതിയത് വെറും സാധാരണമെന്നു തോന്നിക്കുന്ന കെണികള്‍ പരീക്ഷിച്ചാല്‍ സ്ക്കൂളില്‍ മാഷന്മാരെ പറ്റിച്ചതുപോലെ എലികളേയും പറ്റിക്കാമെന്നായിരുന്നു. ഡോക്കുകള്‍ക്കരികിലെല്ലാം എല്ലാത്തരം പഴയ ടിന്നുകളും കിടപ്പുണ്ടെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. അങ്ങിനെ ഒരു പഴയ ടിന്നുപയോഗിച്ച് അയാളൊരു പ്രത്യേകതരം കെണി രൂപകല്പന ചെയ്തു. എലി അകത്തിരിക്കുന്ന തീറ്റയുടെ മണം പിടിച്ചതിനാല്‍ അതിന്റെ മുകളിലേക്ക് ചാടിക്കയറി. എന്നാല്‍ മുകള്‍വശം ആയിരുന്നു കെണിയുടെ വാതില്‍. അങ്ങിനെ എലി കെണിയ്ക്കകത്തായി, അതിന് പുറത്തുകടക്കാനായില്ല. അയാള്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ തന്റെ ഒഴിവുസമയം മുഴുവനും കെണികളുണ്ടാക്കാന്‍ ചെലവഴിച്ചു. അയാള്‍ അച്ഛനോട് പത്തു പൗണ്ട് കടം വാങ്ങി, പണിയില്ലാതെയിരുന്ന ടിന്‍ ജോലിക്കാരനായ ബില്‍ ജോണ്‍സണെ കൂടുതല്‍ കെണികളുണ്ടാക്കാന്‍ നിയോഗിച്ചു. അവസാനം അയാള്‍ 1394 കെണികളുണ്ടാക്കി, എന്നാല്‍ അതില്‍ 17 എണ്ണം തീരെ മോശമായിരുന്നതിനാല്‍ കൊണ്ടുവന്നില്ല.

അയാള്‍ തന്റെ അച്ഛന്റെ ഒരു വണ്ടിയില്‍ ടിന്നുകളുമായി ടവര്‍ ഹില്ലിലേക്ക് പോയി. എലിപടുത്തത്തിന്റെ ചുമതലയുണ്ടായിരുന്ന വൈസ് ചെയര്‍മാനെ കണ്ടു. അദ്ദേഹം ഒരു പ്രഭു ആയിരുന്നു. “ഈ കെണികള്‍ എല്ലാ ഡോക്കിലും എല്ലായിടത്തും പോകുന്നതിന് മതിയാകില്ല, അതുകൊണ്ട് നമുക്ക്  ഒരിടത്ത് പരീക്ഷിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവര്‍ വെസ്റ്റ് ഇന്ത്യാ ഡോക്കില്‍ അവ പരീക്ഷിച്ചു.  ജമൈക്കയില്‍ നിന്നും അതിനടുത്തുള്ള ദ്വീപുകളില്‍ നിന്നും ഉള്ള കപ്പലുകളില്‍ പഞ്ചസാരയും റമ്മും ശര്‍ക്കരപ്പാവും വാഴപ്പഴവും ആണ് അവിടെ എത്തിയിരുന്നത്.  തെരഞ്ഞെടുക്കാന്‍ ഏറെ അനുയോജ്യമായ ഒരു സ്ഥലമാണ് അതെന്ന് എനിക്ക് തോന്നുന്നില്ല, കാരണം അവിടെയുള്ള എലികളെല്ലാം ചുറുചുറുക്കുള്ളവയും അതിവേഗം ഓടുന്നവരും ആയിരുന്നു. അതിനു കാരണം അവിടത്തെ എലികള്‍ ബാരലുകളിലേക്കും വീപ്പകളിലേക്കും വീഞ്ഞുവീപ്പകളിലേക്കും ശര്‍ക്കരപ്പാവിന്റെ വീപ്പകളിലേക്കും സ്ഥിരമായി തെന്നിവീഴുന്നത് പതിവായിരുന്നു. സാവധാനം പ്രതികരിക്കുന്നവര്‍ കെണിയില്‍ വീണു, അതവരുടെ അന്ത്യമായിരുന്നു. വേഗതയുള്ളവര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അവിടെയുള്ള എല്ലാ എലികളും പെട്ടെന്ന് പ്രതികരിക്കുന്നവരും നല്ല കയറ്റക്കാരും ആയിരുന്നു.

ജിമ്മിന്റെ പകുതി കെണികളില്‍  പാല്‍ക്കട്ടി തീറ്റയായി വച്ചതായിരുന്നു, പകുതിയില്‍ പന്നിയിറച്ചിയും.ആദ്യത്തെ രാത്രിയില്‍ അവര്‍ 918 എലികളെ പിടിച്ചു. ജിം വലിയ സന്തോഷത്തിലായിരുന്നു, താന്‍ സമ്മാനം നേടുമെന്നു തന്നെ വിചാരിച്ചു. എന്നാല്‍ അടുത്ത രാത്രിയില്‍ അവര്‍ക്ക് മൂന്ന എലികളെ മാത്രമേ പിടിക്കനായുള്ളു, മൂന്നാം ദിവസം രണ്ടും. എലിരാജാവ് എല്ലാ പ്രജകളെയും ടിന്നുകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വിഡ്ഢികളും അനുസരണയില്ലാത്തവരും മാത്രമാണ് പിടിക്കപ്പെട്ടത്. നാലാമത്തെ രാത്രി അവര്‍ കെണികളെല്ലാം വിക്ടോറിയ ഡോക്കിലേക്ക് മാറ്റിയെങ്കിലും നാല് എലികളെ മാത്രമേ പിടിക്കാനായുള്ളു. മുന്നറിയിപ്പ് ശരിക്ക് പരന്നുകഴിഞ്ഞിരുന്നു. ജിം ഏറെ ദുഃഖിതനായി വീട്ടിലേക്ക് മടങ്ങി. അവന്‍ തന്റെ ഏറെ സമയവും പത്തു പൗണ്ടും പാഴാക്കിക്കഴിഞ്ഞു. സ്ക്കൂളിലെ കൂട്ടുകാരെല്ലാം അവനെ ടിന്നിലടച്ച എലി എന്നു വിളിച്ചു കളിയാക്കി.

ചാള്‍സ് സ്മിത്തിന് തികച്ചും വ്യത്യസ്തമായൊരു പരിപാടിയാണുണ്ടായിരുന്നത്.  അയാള്‍ മണമോ ചുവയോ ഇല്ലാത്ത ഒരു പ്രത്യേക ഇനം വിഷം കണ്ടുപിടിച്ചു. അത് എന്താണെന്നോ എങ്ങിനെയാണത് ഉണ്ടാക്കുന്നതെന്നോ ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നില്ല,, കാരണം ഏതെങ്കിലുമൊരു കൊലയാളി ഈ കഥ വായിച്ച് എല്ലാത്തരം ആളുകളേയും കൊല്ലാന്‍ അത് ഉപയോഗിച്ചേക്കാം. അയാള്‍ ഈ വിഷം കുറേ അധികം ഉണ്ടാക്കി, അതുകൂടാതെ ഫ്രാന്‍സിലുണ്ടാക്കുന്ന ഏറ്റവും വിലകുറഞ്ഞ പാല്‍ക്കട്ടിയായ റോക്ക്ഫോര്‍ട്ട് ചീസിന്റെ വാസനയുള്ള ഒരു വസ്തുവും കുറേ ഉണ്ടാക്കി. ഇതിന്റെ പേര് മീതൈല്‍- ഹെപ്റ്റാഡിസൈല്‍ കീറ്റോണ്‍ എന്നാണ്.  അതിന് നല്ലൊരു വാസനയുണ്ടെന്ന് ഞാന്‍ കരുതുന്നു. മറ്റുചിലരത് ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ എലികള്‍ക്കത് ഇഷ്ടമാണ്. അയാള്‍ അച്ഛനോട് 20 പൗണ്ട് കടം മേടിച്ച്  അതുകൊണ്ട് വിലകുറഞ്ഞ, വൃത്തികെട്ട നൂറ് പാല്‍ക്കട്ടി വാങ്ങി. അയാളത് ഓരോന്നും നൂറു ചെറുകഷണങ്ങളായി മുറിച്ചു. എന്നിട്ടവ ആദ്യം വിഷത്തിലും പിന്നീട് റോക്കഫോര്‍ട്ട് വാസനയുള്ള വസ്തുവിലും മുക്കിവച്ചു. അവ പതിനായിരം കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കി വച്ചു. അയാള്‍ വിചാരിച്ചത് എലികള്‍ അത് പെട്ടികളൊന്നുമില്ലാതെ അങ്ങിങ്ങ് വിതറിയിടുന്ന സാധാരണ വിഷം കലര്‍ത്തിയ തീറ്റയാണെന്ന് കരുതുകയില്ലെന്നും അങ്ങനെ എളുപ്പം എലികളെ പിടിക്കാമെന്നുമാണ്.

പകല്‍ മുഴുവനും രണ്ടുപേര്‍ കൈവണ്ടികളുമായി ഡോക്കുകളെല്ലാം കറങ്ങി, പതിനായിരം ചീസ് പെട്ടികളും വിവിധ ഇടങ്ങളിലായി നിക്ഷേപിച്ചു. ചാള്‍സ് അവരുടെ പിന്നാലെ ഒരു പീച്ചാങ്കുഴലുമായി ചെന്ന് ചീസിന്റെ വാസനയുള്ള വസ്തു അവയ്ക്കുമുകളില്‍ ചാമ്പിയൊഴിച്ചു. കിഴക്കേ ലണ്ടന്‍ മുഴുവനും ചീസിന്റെ വാസന പരന്നു. അന്നു വൈകീട്ട് സൂര്യനസ്തമിച്ചപ്പോള്‍ എലികള്‍ പുറത്തുവന്നു. അവര്‍ പരസ്പരം പറഞ്ഞു “ഇത് അത്യുഗ്രന്‍ ചീസായിരിക്കും. ഒരു ചെറിയ പെട്ടിയിലുള്ളതിനു പോലും ഒരു വലിയപെട്ടി  സാധാരണ ചീസിന്റെ അത്രയും വാസനയുണ്ട്.” അങ്ങിനെ ഒട്ടേറെ എലികള്‍ അതു തിന്നു. അവര്‍ കുറച്ച് എലിരാജാവിനു പോലും എത്തിച്ചുകൊടുത്തു. ഭാഗ്യവശാല്‍  വാള്‍നട്ടും പുകകയറ്റിയ സാല്‍മണും ചേര്‍ന്ന ഒരു വലിയ സദ്യ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട്  രാജാവിനു തീരെ വിശപ്പുണ്ടായിരുന്നില്ല. വിഷം പ്രവര്‍ത്തിക്കാന്‍ കുറച്ചു സമയം എടുത്തു. അതുകൊണ്ട് രാവിലെ മൂന്നുമണിയാകുമ്പോഴേക്കാണ്  എലികള്‍ ചാവാന്‍ തുടങ്ങിയത്. രാജാവിന് അപ്പോള്‍ തന്നെ ചീസില്‍ സംശയം തോന്നി, തന്റെ പ്രജകള്‍ക്ക് അതേപ്പറ്റിയുള്ള  മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

തന്റെ സ്വന്തം കുഞ്ഞുങ്ങളെ തിന്നു എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുഴപ്പക്കാരന്‍ എലിയുണ്ടായിരുന്നു. രാജാവ് തനിക്കായി കൊണ്ടുവന്ന ചീസിന്റെ കഷണം അവനേക്കൊണ്ട് തീറ്റിച്ചു. അവന്‍ ചത്തപ്പോള്‍ ചീസ് വിഷമുള്ളതാണെന്ന് രാജാവിന് ഉറപ്പായി, വീണ്ടും കുറെ സന്ദേശവാഹകരെ വിന്യസിച്ചു. പിറ്റേന്ന് രാവിലെ 4514 ചത്ത എലികളെ ശേഖരിച്ചു. വളരെയേറെ എണ്ണം മാളങ്ങളിലും ചത്തുകിടന്നു. കൂടാതെ മറ്റു ചിലത് രോഗികളുമായി.  ചെയര്‍മാന്‍ ഏറെ സന്തുഷ്ടനായതുകൊണ്ട് ചാള്‍സിന് കുറച്ചുകൂടി ചീസ് വാങ്ങുന്നതിന് പണം കൊടുത്തു. എന്നാല്‍, രണ്ടുദിവസം കഴിഞ്ഞ് നോക്കിയപ്പോള്‍ എണ്ണായിരം പെട്ടികളില്‍ രണ്ടെണ്ണം മാത്രമേ തുറന്നിരുന്നുള്ളു. അങ്ങനെ എലികള്‍ തങ്ങളേക്കാള്‍ ബുദ്ധിയുള്ളവരാണെന്ന് വീണ്ടും അവര്‍ മനസ്സിലാക്കി.  ചാള്‍സ് ഏറെ ദുഃഖിതനായി. അയാള്‍ക്ക് തന്റെ വിജയത്തില്‍ നല്ല ഉറപ്പുണ്ടായിരുന്നു, ചെയര്‍മാന്റെ പുത്രിയുമായുള്ള തന്റെ വിവാഹത്തിന് മോതിരം ഓര്‍ഡര്‍ ചെയ്യുകയും വിവാഹം നടത്തിത്തരുവാനായി ക്യാന്റര്‍ബെറി ആര്‍ച്ച്ബിഷപ്പിന് കത്തയയ്കക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ വിവാഹം ചെയ്യുന്നില്ലെന്നു പറഞ്ഞ് ആഭരണക്കടക്കാരനും ആര്‍ച്ച് ബിഷപ്പിനും കത്തെഴുതേണ്ടിവന്നു. എല്ലാത്തിലും കഷ്ടമായത് ചീസിന്റെ മണം അയാളെ ഒരു മാസത്തോളം വിട്ടുപോയില്ല എന്നതിനാല്‍ സ്ക്കൂളില്‍ കയറ്റിയല്ല എന്നു മാത്രമല്ല വീട്ടിലാണെങ്കില്‍ കല്‍ക്കരി ഷെഡ്ഡില്‍ കിടക്കേണ്ടതായും വന്നു.

അവസാനം ജാക്ക്  തന്റെ പദ്ധതി ശ്രമിച്ചുനോക്കി. അതിന് ധാരാളം പണം വേണമായിരുന്നു. അച്ഛന്റെ പക്കല്‍ നിന്ന് മുപ്പത് പൗണ്ട് കടം വാങ്ങിയെങ്കിലും അത് മതിയായില്ല. അയാള്‍ എന്നോട് കുറച്ചു പണം കടം വാങ്ങുകയും ആവശ്യള്ള തുക ഒക്കുന്നതുവരെ അയാളുണ്ടാക്കിയ ചില വയര്‍ലസ്സ് സെറ്റുകള്‍ വില്‍ക്കുകയും ചെയ്തു. അയാള്‍ സാധാരണ കാണുന്നതിനേക്കാള്‍ വളരെ നേര്‍ത്ത കുറെ രാക്കുപൊടി വാങ്ങി. അത് ബേക്ക് ചെയ്ത് ബിസ്കറ്റുകളാക്കി. ഈ ബിസ്കറ്റുകളെല്ലാം ഡോക്കുകളില്‍ വിന്യസിച്ചു. ആദ്യമൊന്നും എലികള്‍ ഈ ബിസ്കറ്റുകള്‍ തൊട്ടതുപോലുമില്ല, എന്നാല്‍ അവ ഒരു ഉപദ്രവും ചെയ്യുകയില്ല എന്നു മനസ്സിലാക്കി തിന്നാന്‍ തുടങ്ങി. ഇതിനിടയ്ല്‍ ജാക്ക്   വളരെ വലിയ ഏഴ് എലക്ട്രോമാഗ്നറ്റുകള്‍(വൈദ്യുതകാന്തങ്ങള്‍) വാങ്ങി. അതെല്ലാം വിവിധ ഡോക്കുകളില്‍ വച്ചു. അവയോരോന്നും മിനുസമുള്ള വശങ്ങളോടുകൂടിയ ആഴമേറിയ കുഴികളിലാണ് സ്ഥാപിച്ചത്. ഡിസ്ട്രിക്ട് റയില്‍വേയില്‍ നിന്നും ഈസ്റ്റ് ലണ്ടന്‍ റയില്‍വേയില്‍ നിന്നുമുള്ള വൈദ്യുതി മാഗ്നറ്റുകളില്‍ക്കൂടി കടത്തിവിടാന്‍ പാകത്തിന് കേബിളുകളും ബന്ധിപ്പിച്ചു.

ഭാഗ്യവശാല്‍ ജാക്കിന് അണ്ടര്‍ഗ്രൗണ്ട് റയില്‍വേയുടെ മുഖ്യ ഇലക്ട്രിക്കല്‍ എന്‍ജിനീയറെ അറിയാമായിരുന്നു, കാരണം അവര്‍ രണ്ടുപേരും വയര്‍ലെസ്സില്‍ തല്പരരായിരുന്നു. അതിനാല്‍ വൈദ്യുതി കടം വാങ്ങാന്‍ അയാള്‍ക്ക് സാധിച്ചു. എലികളെല്ലാം ആവശ്യത്തിന് ഇരുമ്പുപൊടികള്‍ തിന്നു എന്നു ബോധ്യമായപ്പോള്‍ അയാള്‍ മാഗ്നറ്റുകളിലൂടെ വൈദ്യുതി കടത്തിവിടാനുള്ള ഏര്‍പ്പാടുചെയ്തു.  ഇരുമ്പിന്റെയും സ്റ്റീലിന്റെയും നിക്കലിന്റെയും അയഞ്ഞിരുന്ന ഭാഗങ്ങളെല്ലാം ഉറപ്പിച്ചു, കപ്പലുകളാകട്ടെ ഇരുമ്പും സ്റ്റീലും കൊണ്ട് നിര്‍മ്മിച്ചവയാകയാല്‍ കൂടുതല്‍ കേബിളുകളിട്ട് നന്നായി ബന്ധിപ്പിച്ചു. ആ രാത്രിയില്‍ ഡോക്കുകളിലുള്ള എല്ലാ ആളുകളും ആണികളില്ലാത്ത പ്രത്യേക ബൂട്ടുകളോ ഷൂസോ ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. വൈസ് ചെയര്‍മാനെ ബൂട്ടില്‍ സ്വര്‍ണ്ണ ആണികളുള്ളതിനാല്‍ ഇതില്‍ നിന്ന് ഒഴിവാക്കി.

വെളുപ്പിന് 1:30ന് അവസാനത്തെ അണ്ടര്‍ഗ്രൗണ്ട് ട്രെയിനും വന്നുകഴിഞ്ഞപ്പോള്‍ അവര്‍ ട്രെയിന്‍ ഓടിക്കാനുപയോഗിച്ച വൈദ്യുതി ആദ്യത്തെ മാഗ്നറ്റിലേക്ക് കടത്തിവിട്ടു. തുരുമ്പുപിടിച്ച ചില ആണികളും ക്യാനുകളും അതിലേക്ക് പാറിവന്നു. അതുപോലെ തന്നെ സാവധാനത്തില്‍  എലികളും.    അവയെല്ലാം ഇരുമ്പുപൊടികള്‍ കൊണ്ട് നിറഞ്ഞിരുന്നു. മാഗ്നറ്റ് അവയെ നിസ്സാരമായി വലിച്ചെടുത്തു. മാഗ്നറ്റിനു ചുറ്റുമുള്ള കുഴിയെല്ലാം വേഗം തന്നെ എലികളേക്കൊണ്ട് നിറഞ്ഞു. വൈദ്യുതി അടുത്ത മാഗ്നറ്റിലേക്ക് കൊടുത്തു.  തുടര്‍ന്ന് മൂന്നാമത്തെ മാഗ്നെറ്റിലേക്ക്, അങ്ങിനെ ഓരോന്നിലേക്കും. തീര്‍ച്ചയായും ഭൂമിയുടെ ഉപരിതലത്തിലുള്ള എലികള്‍ മാത്രമാണ് മാഗ്നെറ്റിനടുത്തേയ്ക്ക് വലിച്ചെടുക്കപ്പെട്ടുള്ളു. എന്നാലവര്‍ വീണ്ടും വീണ്ടും ഓണ്‍ ചെയ്യുകവഴി കൂടുകല്‍ എലികള്‍ മാളങ്ങളില്‍ നിന്ന് പുറത്തുവരികയും പിടിക്കപ്പെടുകയും ചെയ്തു.

എന്തോ കുഴപ്പമുണ്ടെന്ന് എലിരാജാവിന് മനസ്സിലായി. തന്റെ മാളത്തിന്റെ ഒരു വശത്തേക്ക്  വലിക്കപ്പെടുന്നതായി പുള്ളിക്കാരനും തോന്നി. അയാള്‍ ദൂതന്മാരെ പറഞ്ഞവിട്ടു, എന്നാ‍ല്‍ അവരാരും തിരികെ വന്നില്ല. അവസാനം അയാള്‍ തന്നെ മാളത്തിനു വെളിയിലിറങ്ങി, ഒരു മാഗ്നെറ്റ് അവനേയും ഒരു കുഴിയിലേക്ക് വലിച്ചെടുത്തു. നേരം വെളുത്തപ്പോള്‍ അവര്‍ ടാപ്പുകള്‍ തുറന്ന്  കുഴികളിലകപ്പെട്ട  എല്ലാ എലികളേയും വെള്ളത്തില്‍ മുക്കിക്കൊന്നു. ആ എലികളെല്ലാം കൂടി നൂറ്റമ്പതു ടണ്‍ ഉണ്ടായിരുന്നു. ആരും എലികളെ എണ്ണിനോക്കിയില്ല, പക്ഷേ മുക്കാല്‍ ദശലക്ഷം (ഏഴരലക്ഷം) എലികളെ പിടിച്ചു എന്നാണ് കണക്കാക്കപ്പെട്ടത്.

ചില അസുഖകരമായ അപകടങ്ങളും ഉണ്ടാകാതിരുന്നില്ല.  രാത്രിയിലെ ഒരു കാവല്‍ക്കാരനായ ആല്‍ഫ് ടിമ്മിന്‍സ് ആണിയില്ലാത്ത ഷൂസിടാന്‍ മറന്നുപോയി. അയാളെ മാഗ്നറ്റ് വലിച്ചെടുത്തു, ആദ്യം കാലിലാണ് വലി വന്നത്. അയാള്‍ എലിക്കുഴിയിലേക്ക് വീഴുന്നതിനു മുമ്പ് ബൂട്ടുകള്‍ ഊരിക്കളയാന്‍ കഴിഞ്ഞതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ അയാളുടെ ഓരോ ഉപ്പൂറ്റിയിലും ഓരോ എലികള്‍ കടിച്ചുതൂങ്ങുകയും മാഗ്നറ്റ് ശക്തമായി അവയെ വലിച്ചെടുത്തതിനാല്‍ അയാളുടെ ഉപ്പൂറ്റികള്‍ പറിഞ്ഞുപോവുകയുമുണ്ടായി.  പിന്നീടയാള്‍ക്ക് ഉപ്പൂറ്റിയില്ലാത്തവനായി പതിവിലും ചെറിയ ഷൂസുകളുമിട്ടുകൊണ്ട് ജീവിക്കേണ്ടിവന്നു. (pobble) എന്നാല്‍ ബെര്‍ട്ട ഹിഗ്ഗ്സ് എന്ന മറ്റൊരു കാവല്‍ക്കരന് അല്പം കൂടി ഭാഗ്യമുണ്ടായിരുന്നു. യുദ്ധത്തിനു മുമ്പ് അയാളൊരു പ്രഗത്ഭനായ ബില്യാര്‍ഡ്സ് കളിക്കാരനായിരുന്നു. ഒരു ഷെല്ലിന്റെ ചെറിയ കഷണം അയാളുടെ മസ്തിഷ്കത്തില്‍ തുളച്ചുകയറിയതിനാല്‍ അയാള്‍ക്ക് ബില്യാര്‍ഡ്സ് കളിക്കാന്‍ സാധിക്കാതായി. ഡോക്ടര്‍മാര്‍ക്കൊന്നും അത് പുറത്തെടുക്കാനുമായില്ല. ജാക്ക് മാഗ്നറ്റ് ഓണ്‍ ചെയ്തപ്പോള്‍ ആ കഷണം  പുറത്തേക്ക് തെറിച്ചുവന്നു. അയാളുടെ തലച്ചോറിന്റെ ആ ഭാഗം വീണ്ടും സജീവമാവുകയും അയാളിപ്പോള്‍ പേരുകേട്ട ബില്യാര്‍ഡ്സ് കളിക്കാരനായി മാറുകയും ചെയ്തു.

അടുത്ത രാത്രി അവര്‍ വീണ്ടും മാഗ്നറ്റുകള്‍ ഓണ്‍ ചെയ്തു, കൂടുതല്‍ എലികളേയും കിട്ടി- ഏകദേശം ഒരു നൂറു ടണ്‍. അവയുടെ രാജാവ് ചത്തുകഴിഞ്ഞിരുന്നു. അതുകൊണ്ട് എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അതിനുശേഷവും ബാക്കിയായ ഏതാനും എലികള്‍ ഭയവിഹ്വലരാവുകയും എല്ലാവരും ഓടിപ്പോവുകയും ചെയ്തു. ചിലരെല്ലാം കപ്പലില്‍ കയറിപ്പറ്റി വിദേശങ്ങളിലേക്ക് പോയി. ചിലര്‍ ലണ്ടനിലേക്ക് പോയി ആളുകള്‍ക്കെല്ലാം ശല്യക്കാരായി മാറി. എന്നാല്‍  പിന്നെ ഡോക്കുകളില്‍ ഒന്നും അവശേഷിച്ചില്ല. അവര്‍ നാലാം ദിവസവും എലിയെ പിടിച്ചു. അടുത്ത ദിവസം നായകളും കീരികളുമായി വേട്ടയാടാനിറങ്ങിയെങ്കിലും ഒരൊറ്റ എലിയും അവശേഷിച്ചിരുന്നില്ല.

അങ്ങനെ ജാക്ക് സ്മിത്തിന് ഒരു ലക്ഷം പൗണ്ട്  ലഭിച്ചു. ചെയര്‍മാന്റെ പുത്രിയെ കടലില്‍ ഒരു കപ്പലില്‍ വച്ച് വിവാഹം കഴിച്ചു. ഒരു പള്ളിയില്‍ വച്ചുള്ള വിവാഹത്തിന് അയാള്‍ക്ക് താല്പര്യമില്ലായിരുന്നു. രജിസ്ട്രാറുടെ ഓഫീസ് വൃത്തിഹീനമാണെന്നും അയാള്‍ കരുതി. അതുകൊണ്ട് അയാളൊരു  കപ്പല്‍ വാടകയ്ക്കെടുത്തു. കപ്പല്‍ മൈലുകള്‍ക്കപ്പുറമെത്തിയപ്പോള്‍ ക്യാപ്റ്റന്‍ അവരുടെ  വിവാഹം നടത്തി, കാരണം കരയില്‍ നിന്ന് രണ്ടര മൈല്‍ മാത്രം അകലെയാണെങ്കില്‍ അതു സാദ്ധ്യമാവുകയില്ലായിരുന്നു. അതാണ് നിയമം. അവര്‍ക്ക് രണ്ട് ആണ്‍ മക്കളും  ഒരു മകളും ഉണ്ടായി. ജാക്കിന് ബിബിസി യില്‍ ഒരു എന്‍ജിനീയറായി നല്ലൊരു ജോലി ലഭിച്ചു. കിട്ടിയ പണമെല്ലാം കൊണ്ട് യാതൊരു ജോലിയും ചെയ്യാതെ അയാള്‍ക്ക് ജീവിതാവസാനം വരെ കഴിയാമായിരുന്നു. എന്നാല്‍ അയാള്‍ വയര്‍ലെസ്സില്‍ അത്രയേറെ തല്പരനായിരുന്നതിനാല്‍ അതില്‍ തന്നെ ജോലി തുടരാന്‍ അയാള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

അയാളുടെ സഹോദരി  ഡ്യൂക്കിനെ വിവാഹം കഴിച്ചു. അങ്ങിനെ അവള്‍ ഒരു ഡച്ചസ് ആയി. പക്ഷേ ഡച്ചസ് കള്‍ക്ക്  പണ്ടത്തെ അത്രയൊന്നും പ്രാധാന്യം ഉണ്ടായിരുന്നില്ല. അവളുടെ ഷൂസിന് ഭര്‍ത്താവിന്റെ  സ്വര്‍ണ്ണ ആണികളുമായി ഒത്തുപോകുന്നതിനായി  വജ്രഹീലുകളും ഉണ്ട്. അയാള്‍ സഹോദരന്മാരായ ജിമ്മിനും ചാള്‍സിനും തങ്ങളുടെ പ്രൊഫഷന്‍ തുടരാനായി പണം കൊടുത്തു. അങ്ങനെ ജിം അത് മാന്ത്രിക വടികളും തൊപ്പികളും മേശകളും വാങ്ങാനായി ചെലവഴിച്ചു. അയാളൊരു നല്ല മാന്ത്രികനായി മാറി. ചാള്‍സ്  യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് കെമിസ്ട്രി പ്രൊഫസറായി മാറി. ഞാനുമൊരു പ്രൊഫസറാണ്. എനിക്കയാളെ നല്ലവണ്ണം അറിയാം. അങ്ങിനെ അവരെല്ലാം ശിഷ്ടകാലം സന്തോഷത്തോടെ കഴിഞ്ഞു.


വിവര്‍ത്തനം- ജി.ഗോപിനാഥന്‍

അധികവായനയ്ക്ക്

  1. Ratsby J. B. S. Haldane
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും 
Next post കാലാവസ്ഥാവ്യതിയാനവും ‘ബട്ടര്‍ഫ്‌ളൈ ഇഫക്ടും!’
Close