Read Time:7 Minute

ഡോ. കെ.പി.അരവിന്ദന്‍

കോവിഡ് 19 രോഗ നിർണ്ണയത്തിന് ഏറ്റവും പുതുതായി അനുമതി നൽകിയിട്ടുള്ള മാർഗ്ഗമാണ് റാപ്പിഡ് ടെസ്റ്റുകൾ.  ഇതെപ്ഫറ്റി കൂടുതൽ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ

എന്താണ് റാപിഡ് ടെസ്റ്റുകൾ?

ഇതു വരെ ചെയ്തുവന്നിരുന്ന PCR ടെസ്റ്റുകൾ വൈറസ്സിന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്തിരുന്നതെങ്കിൽ Rapid ടെസ്റ്റുകൾ വൈറസ്സിനു് എതിരെ ശരീരം ഉത്പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ (പ്രതിവസ്തുക്കളെ) കണ്ടെത്തുകയാണ് ചെയ്യുക. ആന്റിബോഡി നിർണ്ണയ ടെസ്റ്റുകളിൽ ഏറ്റവും അംഗീകൃതമായിട്ടുള്ളത് ELISA ടെസ്റ്റുകളാണു്. ഇവയേക്കാൾ വേഗത്തിലും സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവർക്കു പോലും കൈകാര്യം ചെയ്യാവുന്നതുമായ ടെസ്റ്റുകളാണ് Rapid ടെസ്റ്റുകൾ. സ്വാഭാവികമായും ഇവയ്ക്ക് ഈ ഗുണങ്ങളോടൊപ്പം പരിമിതികളും ഉണ്ട്.

ഈ ടെസ്റ്റുകൾ ചെയ്യുന്നതെങ്ങനെ?

വൈറസ്സിന്റെ ഘടകങ്ങളായ ചില പ്രോട്ടീനുകളെ ഒരു കാർഡിനു മുകളിൽ വരകളായി പറ്റിപ്പിടിപ്പിക്കുകയും രക്തത്തിൽ ആന്റിബോഡികൾ ഉണ്ടോ എന്ന് ഇതുപയോഗിച്ചു് കണ്ടെത്തുകയുമാണു് രീതി. രക്തത്തിൽ വൈറസ്സിനെതിരെ പ്രധാനമായും രണ്ടു തരം ആന്റിബോഡികൾ ഉത്പാദിക്കപ്പെടുന്നു. IgM ഉം IgG യും. ഇതിൽ IgM രോഗലക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു് 3-7 ദിവസങ്ങൾക്കുള്ളിൽ ഉല്പാദനം തുടങ്ങുകയും 1-2 ആഴ്ചകൾക്കുള്ളിൽ പരമാവധി ആവുകയും പിന്നെ ക്രമേണ കുറയുകയും ചെയ്യും. IgG ആകട്ടെ ഉല്പാദനം ക്രമേണ വർധിച്ചു് ഏറെക്കാലം രക്തത്തിൽ നിലനിൽക്കും. അതു കൊണ്ട് IgM അടുത്തുണ്ടായ രോഗത്തെ കണ്ടുപിടിക്കാനും IgG മുൻപു് ഈ രോഗം വന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനും ഉപയോഗപ്രദമാണ്. IgG യോ IgM ഓ രക്തത്തിൽ ഉണ്ടെങ്കിൽ അവ കാർഡിലെ പ്രോട്ടീനുകളിൽ പറ്റിപ്പിടിക്കുകയും അവിടെ നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യും. IgG യുടെയും IgM ന്റെയും സ്ഥാനത്ത് ഓരോ വരകൾ തെളിഞ്ഞു കാണുകയാണ് എന്നതിന് അർത്ഥം രോഗിക്കു് കോവിഡ് 19 ബാധ ഉണ്ടെന്നാണ്. മുൻപ് രോഗം ബാധിച്ചു മാറിയവരാണെങ്കിൽ IgG യുടെ ഒരു വര മാത്രമേ കാണുകയുളളൂ.

ഈ ടെസ്റ്റിന്റെ ഗുണദോഷങ്ങൾ

ഈ ടെസ്റ്റിന്റെ പ്രധാന ഗുണങ്ങൾ വളരെ വേഗം ചെയ്യാമെന്നും വൈദഗ്ധ്യം ആവശ്യമുള്ള സങ്കീർണതകൾ ഇല്ലെന്നും താരതമ്യേന വില കുറവാണെന്നുള്ളതുമാണ്. മാത്രമല്ല, ഇതിന് രോഗിയുടെ പകരാൻ സാധ്യതയുള്ള സ്രവങ്ങൾ വേണ്ട, പകരം ഈ സാധ്യത ഇല്ലാത്ത രക്തം മാത്രം മതി എന്നുള്ളതാണ് മറ്റൊരു ഗുണം. അതും വിരൽ കുത്തിയെടുക്കുന്ന ഏതാനും തുള്ളി രക്തം മാത്രം.

പ്രത്യേകം അറിയേണ്ട കാര്യം Rapid അല്ലെങ്കിൽ വേഗത എന്നാൽ ശരീരത്തിൽ പ്രവേശിച്ചു് എത്രയും വേഗത്തിൽ അണുവിനെ കണ്ടെത്താനാവും എന്ന അർത്ഥത്തിൽ അല്ല എന്നുള്ളതാണ്. ടെസ്റ്റിന്റെ റിസൾട്ട് ഏതാനം മിനുട്ടുകൾക്കുള്ളിൽ ലഭ്യമാകും എന്നതു മാത്രമാാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ ടെസ്റ്റിന്റെ പ്രധാന പരിമിതി ഈ രോഗത്തിന്റെ ഏറ്റവും തുടക്കത്തിൽ ഇതു ഉപയോഗപ്രദമല്ല എന്നതാണ്. അതിനു് PCR ടെസ്റ്റ് തന്നെ വേണം.

റാപിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങൾ

ടെസ്റ്റുകൾ സർക്കാർ / സ്വകാര്യ മേഖലകളിൽ ചെയ്യാവുന്നതാണ്. നിബന്ധനകൾ ഇവയാണ്
1. NABL അക്രഡിറ്റേഷൻ ഉള്ള ലാബ് ആയിരിക്കണം
2. കോവിഡ്-19 ടെസ്റ്റുകൾക്ക് ICMR അംഗീകരിച്ചവയായിരിക്കണം
3. ഈ ടെറ്റ്സുകൾ ചെയ്യാനായി അതിനു വേണ്ടി രൂപീകരിച്ച് പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം
4. അമേരിക്കയിലെ FDA യോ ICMR ഓ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ

ടെസ്റ്റ് ചെയ്യേണ്ടയത് ആരിലെല്ലാം?

ഈ ടെസ്റ്റുകൾ ആരിൽ ചെയ്യുന്നു എന്നത് അതീവ പ്രധാന്യമുള്ളതാണ്. ഇതിന്റെ പരിമിതികളെ പറ്റി ബോധ്യമുള്ളവർ ആവശ്യപ്പെടുന്നതിനനുസരിച്ചേ ടെസ്റ്റ് ചെയ്യാവൂ എന്നുറപ്പു വരുത്തണം. അതീവ ഭീതി ഉള്ളവർ പലരും സ്വയം തീരുമാനിച്ച് ടെസ്റ്റ് ചെയ്യാൻ മുതിർന്നാൽ ടെസ്റ്റ് കിറ്റുകൾ വേഗം തീരും. എന്നു മാത്രമല്ല, വിഭവങ്ങളുടെ ദുർവ്യയവും തെറ്റായ കണക്കുകൾ കിട്ടാനുള്ള കാരണവുമാകും അത്. ആരെയെല്ലാം ടെസ്റ്റിനു വിധേയമാക്കാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ ഇവയാണ്.

  1. ടെസ്റ്റ് ചെയ്യാൻ കോവിഡ് നിയന്ത്രണ പരിപാടിയിൽ പങ്കാളിയായ ഒരു ഡോക്ടറിന്റെ prescription വേണം.
  2. ടെസ്റ്റിന് വിധേയമാക്കാവുന്നവർ
    1. വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരോ അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരോ
    2. കോവിഡ് രോഗം ഉണ്ടെന്ന് വിദഗ്ദ്ധർ സംശയിക്കുന്നവർ
    3. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായി രോഗലക്ഷണങ്ങൾ കാണിച്ച എന്നാൽ RT-PCR ടെസ്റ്റ് നെഗറ്റിവ് ആയവർ
    4. കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവർത്തകർ
    5. സാധാരണയിൽ കവിഞ്ഞ് ഗുരുതര ശ്വാസകോശരോഗങ്ങൾ റിപ്പോർട്ട്  ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങൾ
    6. ഗുരുതര ശ്വാസകോശരോഗങ്ങളിൽ നിന്ന് രോഗമുക്തി നേടിയവർ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 28
Next post കോവിടാശാന് ചിലത് പറയാനുണ്ട്
Close