Read Time:9 Minute


സുഘോഷ് പി.വി.

ഇന്ന് ചെറുതല്ലാത്തരീതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഓട്ടോമൊബൈൽ മേഖലയാണ് വൈദ്യുതവാഹനങ്ങളുടേത്. ഇന്ധനങ്ങളുപയോഗിക്കുന്ന എഞ്ചിനുകൾക്ക് പകരം ബാറ്ററിയും, മോട്ടോറും ഉപയോഗിച്ചാണ് ഇത്തരം വാഹനങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇ-വാഹനങ്ങളുടെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണ്. വിലകൂടിയ ഇന്ധനങ്ങളുടെ ആവശ്യമില്ല എന്നതും വളരെ കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമാണ് എന്നതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ആവശ്യകത കൂടിവരാൻ കാരണമാകുന്നു. കേരള സംസ്ഥാന സർക്കാരിന്റെ KAL (Kerala Automobiles Limited) എന്ന സ്ഥാപനം ഈയടുത്ത് നീം-ജി എന്ന ഓട്ടോറിക്ഷകൾ പുറത്തിറക്കുകയുണ്ടായി. ഇത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

KAL ന്റെ Neem G ഓട്ടോറിക്ഷ കടപ്പാട് deccanherald

പൊതുവേ എല്ലാ വൈദ്യുതവാഹനനിർമ്മാതാക്കളും zero emission അവകാശപ്പെട്ടു കാണുന്നുണ്ട്. പുകമലിനീകരണം ഇല്ലാത്തതിനാൽ തന്നെ വൈദ്യുതവാഹനങ്ങൾ പരിസ്ഥിതിസൗഹാർദ്ദപരമാണെന്നാണ് അവരുടെ അവകാശവാദം. ഇത് യാഥാർത്ഥ്യമാണോ? വൈദ്യുതവാഹനങ്ങളിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നില്ല എന്നതു കൊണ്ടുമാത്രം അവ പരിസ്ഥിതി സൗഹാർദ്ദപരമാണെന്ന് പറയാൻ സാധിച്ചേക്കില്ല. ഇതിലുപയോഗിക്കുന്ന വൈദ്യുതി പരിസ്ഥിതി സൗഹാർദ്ദപരമാണോ എന്നതും പ്രധാന ഘടകമാകുന്നുണ്ട്. ഇന്ത്യയിൽ ആകെ വൈദ്യുത ഉൽപാദനശേഷിയുടെ 61% ഉം താപവൈദ്യുത നിലയങ്ങളാണ്¹. താപവൈദ്യുത നിലയങ്ങൾ പ്രധാനമായും coal, lignite, diesel, natural gas, other oils എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. മറ്റ് വൈദ്യുത നിലയങ്ങളെ അപേക്ഷിച്ച് വളരെയേറെ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നവയാണ് ഇത്തരം താപനിലയങ്ങൾ. വലിയ തോതിലുള്ള ഹരിതഗൃഹവാതകങ്ങളുടെ (CO2, H2O etc) വിസർജ്ജനം തന്നെ താപനിലയങ്ങളിൽ നിന്നുണ്ടാകുന്നുണ്ട്. WNA (world nuclear Association)യുടെ റിപ്പോർട്ട്2 അനുസരിച്ച് ഏറ്റവും കൂടുതൽ കാർബൺ ഡൈഓക്സൈഡ് വിസർജ്ജനം Lignite, coal എന്നിവയിൽ നിന്നാണ്.

ഇന്ത്യയിൽ ആകെ സ്ഥാപിത ശേഷിയിൽ ഏറ്റവും കൂടുതൽ ഉള്ളത് coal ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതനിലയങ്ങളാണെന്നത് നമ്മുടെ വൈദ്യുതി എത്രത്തോളം പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടികാണിച്ചുതരുന്നു. വിദ്യുച്ഛക്തിമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 53. 3% സ്ഥാപിതശേഷിയും coal വൈദ്യുത നിലയങ്ങളിലാണ്.3 നമ്മുടെ രാജ്യത്ത് വിതരണം ചെയ്യുന്ന 61% വൈദ്യുതിയും താപവൈദ്യുതിയും 53.3% ഉം കോൾ ബേസ്ഡ് വൈദ്യുതിയുമാകുമ്പോൾ അതുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു വൈദ്യുതവാഹനവും പരിസ്ഥിതിസൗഹാർദ്ദപരമാണെന്ന് പറയാൻ കഴിയില്ലെന്നതാണ് വാസ്തവം. ഇന്ത്യയിലെ ഇലക്ട്രിക്ക് കാറുകൾ പരിശോധിച്ചാൽ ഉയർന്ന ദൂരപരിധിയുള്ള ഒരു കാറാണ് Hyundai kona EV. ഇതിന് 1 kwh വൈദ്യുതി ഉപയോഗിച്ച് 11 കിലോ മീറ്റർ ദൂരം സഞ്ചരിക്കാനാകും. സാധാരണ Hyundai ഉൾപ്പെടേ എല്ലാ കമ്പനികളുടെ കാറുകൾക്കും 25 kmpl മൈലേജ് കിട്ടാറുണ്ട്. ഒരു ഡീസൽ പവർപ്ലാന്റിൽ ഒരു ലിറ്റർ ഡീസൽ വൈദ്യുതിയാക്കിമാറ്റിയാൽ ഏതാണ്ട് 3 kwh വൈദ്യുതി ലഭ്യമാകും. അതായത് ഒരു ലിറ്റർ ഡീസൽകൊണ്ട് സാധാരണ 25 കിലോമീറ്ററോ അതിൽ കൂടുതലോ മൈലേജ് കിട്ടുമ്പോൾ, ഒരു ലിറ്റർ ഡീസൽ വൈദ്യുതിയാക്കി മാറ്റിയാൽ ഇലക്ട്രിക്ക് കാറിൽ 35 കിലോമീറ്ററോ അതിൽ കൂടുതലോ സഞ്ചരിക്കാനാകും. വൈദ്യുതിക്കാണെങ്കിൽ യൂണിറ്റിന് (kwh) വളരെ കുറഞ്ഞ വിലയേ ഉള്ളൂ. പക്ഷെ വളരെ വിലകൂടിയ ഡീസൽ ഇങ്ങനെ അതിന്റെ നിർമ്മാണച്ചെലവ് ഉൾപ്പെടേ വളരെ ഭീമമായ നഷ്ടം സഹിച്ച് വൈദ്യുതിയാക്കി കുറഞ്ഞ വിലക്ക് വിതരണംചെയ്യാൻ ഒരു സ്ഥാപനത്തിനും കഴിയില്ല. ഇന്ത്യയിൽ ആകെ ഡീസൽ പവർപ്ലാന്റുകൾ 510 മെഗാ വാട്ട് മാത്രമേയുള്ളൂ. ഇത് ഇന്ത്യയുടെ മൊത്തം സ്ഥാപിതശേഷിയുടെ 1% പോലുമില്ല (0.1%). നിലവിൽ ഡീസൽ പവർപ്ലാന്റുകൾ ഓരോന്നായി അടച്ചുപൂട്ടികൊണ്ടിരിക്കുകയാണ്. എങ്കിലും മറ്റു നിലയങ്ങളിലെ കുറഞ്ഞ വിലക്ക് കിട്ടുന്ന വൈദ്യുതിയെയാണ് നാം ആശ്രയിക്കുന്നത് എന്നതു കൊണ്ടുതന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ ലാഭകരമാണെന്ന് പറയാം. ഇത് യാത്രാച്ചെലവ് കുറക്കാനും കാരണമാകുന്നുവെന്ന ഗുണമേന്മയുമുണ്ട്. ചുരുക്കിപറഞ്ഞാൽ “പാരിസ്ഥിതികാഘാതത്തെ പരിഗണിച്ച് നാം ഇലക്ട്രിക്ക് വാഹനങ്ങളെ നോക്കുമ്പോൾ അത് പരിസ്ഥിതി സൗഹാർദ്ദപരമല്ല എന്നാണ് മനസ്സിലാക്കാനാകുന്നത്. എന്നാൽ യാത്ര‌ാച്ചെലവും സാമ്പത്തികലാഭവും നോക്കിയാൽ വൈദ്യുതിവാഹനങ്ങൾ വളരെയേറേ ലാഭകരവുമാണ്.”

പരിസ്ഥിതിമലിനീകരണം പരിഗണിച്ച് E-Vehicle ഉപയോഗം കുറക്കണമോ എന്ന് ചോദിച്ചാൽ; ഇലക്ട്രിക്ക് വാഹനങ്ങൾ പൊതുവേ അതിന്റെ വളർച്ചയുടെ ശൈശവദശയിലാണിന്ന്. നിരത്തുകളിലവ ഓടിതുടങ്ങുന്നേയുള്ളൂ. ഇ-വാഹനങ്ങളുടെ ക്രമേണയുള്ള വർദ്ധനവ് രാജ്യത്തെ വൈദ്യുതോപഭോഗവും കൂടുന്നതിന് കാരണമാകും.
ഇന്ത്യ ഒരു ഊർജ്ജപ്രതിസന്ധി നേരിടുന്ന രാജ്യം കൂടിയാണ്. നമുക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഇന്നും നമുക്ക് ഉൽപാദിപ്പിക്കാനാകുന്നില്ല. ഇനി വരുന്ന കാലത്ത് ഊർജ്ജോൽപ്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കും. നിലവിൽ കേന്ദ്ര വിദ്യുച്ഛക്തിമന്ത്രാലയം ഊർജ്ജോൽപാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ താപനിലയങ്ങൾ കുറക്കുകയും മലിനീകരണം കുറഞ്ഞ ന്യൂക്ലിയാർ പവർപ്ലാന്റുകളും, ഹൈഡ്രോ ഇലക്ട്രിക്ക് പവർപ്ലാന്റുകളും, വിൻഡ് പവർപ്ലാന്റുകളും മറ്റ് റിന്യൂവബിൾ എനർജി ശ്രോതസ്സുകളും വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ക്രമേണ നമുക്ക് ഇത്തരം മാലിന്യം കുറഞ്ഞ സ്രോതസ്സുകളിലൂടെ തന്നെ വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ അത് വൈദ്യുതവാഹനങ്ങളേയും പരിസ്ഥിതിമലിനീകരണം വളരെ കുറഞ്ഞ ഗതാഗതമാർഗ്ഗമാക്കി തീർക്കും. അതിനാൽ ശൈശവദശയിലുള്ള ഇലക്ട്രിക്ക് വാഹനങ്ങളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം നമ്മുടെ വൈദ്യുത സ്രോതസ്സുകളേ മലിനികരണം കൂടിയ താപവൈദ്യുത നിലയങ്ങളിൽനിന്ന് (geothermal powerplant ഒഴികെ) മലിനീകരണം കുറഞ്ഞ റിന്യൂവബിൾ സ്രോതസ്സുകളിലേക്ക് മാറ്റുകയും വേണം.


റഫറൻസ്

  1. https://powermin. nic. in/en/content/power-sector-glance-all-india
  2. http://www.world-nuclear. org/uploadedFiles/org/WNA/Publications/Working_Group_Reports/comparison_of_lifecycle. pdf
  3. https://powermin.nic.in/en/content/overview
  4. https://www. hyundai.com/in/en/find-a-car/kona-electric/highlights.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post H5N8 -പക്ഷികളിൽ മാരകം, മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ടുകളില്ല
Next post പള്‍സ് ഓക്സിമീറ്റര്‍: പ്രവര്‍ത്തനവും പ്രാധാന്യവും
Close