പബ്ലിക് ഹെൽത്ത് പ്രസ്ഥാനം
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ രോഗങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് പല നിരീക്ഷണങ്ങളും യൂറോപ്പിൽ നടന്നു. ജോൺ സ്നോവിന്റെ ലണ്ടൻ കോളറാനിയന്ത്രണത്തിലുള്ള സംഭാവനയും, സെമ്മൽ വെയ്സിന്റെ കൈ കഴുകൽ സിദ്ധാന്തവും പതുക്കെയാണെങ്കിലും അംഗീകാരം നേടി. എങ്കിലും അവ എന്തുകൊണ്ടാണ് ഫലപ്രദമായത് എന്ന് ആർക്കും വലിയ തീർച്ചയില്ലായിരുന്നു. അന്നത്തെ പ്രമുഖ സിദ്ധാന്തം ‘മയാസ്മാ’ സിദ്ധാന്തം ആയിരുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ഒരു ‘മയാസ്മ‘- ആർക്കും കാണാൻ പറ്റാത്ത ഒരു വിഷവായു- ഉയർന്നുവരും എന്നും, അതാണ് രോഗങ്ങൾക്കു കാരണം എന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്. മറിച്ച് എന്തെങ്കിലും തെളിയിക്കാൻ ആർക്കും കഴിഞ്ഞിരുന്നുമില്ല. ഏതായാലും ഈ വിഷവായുവിനൊടുള്ള ഭയം കാരണം ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം യൂറോപ്യന്മാർക്ക് ബോധ്യപ്പെട്ടു തുടങ്ങി. ജർമ്മനിയുടെ പ്രവിശ്യയായിരുന്ന സൈലേഷ്യയിൽ ടൈഫസ് രോഗം പടാർന്നു പിടിച്ചപ്പോൾ ചാൻസല്ലറായിരുന്ന ഓട്ടോഫോൺ ബിസ്മാർക്ക് നിർദ്ദേശിച്ചതനുസരിച്ച് അതു പഠിക്കാൻ നിയോഗിക്കപ്പെട്ടത് ഫിർക്കോവ് ആയിരുന്നു. (ഇന്നു നമുക്കറിയാം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന ചെള്ളുകളിൽകുടിയാണ് ടൈഫസ് പകരുന്നതെന്ന്). ഫിർകോവിന്റെ റിപ്പോർട്ടിൽ രോഗത്തിന്റെ സാമൂഹ്യതലത്തെക്കുറിച്ച് ആദ്യമായി വിശദമായി പരാമർശമുണ്ടായി. വൃത്തിഹീനമായ ജീവിതപരിസരങ്ങൾ, കെട്ടിടങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അവസ്ഥ, പോഷണക്കുറവ്, മാലിന്യനിർമ്മാർജ്ജനത്തിനുള്ള സൗകര്യങ്ങൾ ഇല്ലാതിരിക്കൽ, കുടിവെള്ളത്തിന്റെ ദൗർലഭ്യം എന്നിവയൊക്കെ രോഗത്തിനു വഴിവക്കുന്നു എന്നത് അന്ന് അപരിചിതമായ ഒരു കാഴ്ചപ്പാടായിരുന്നു.
അന്ന് യൂറോപ്പ്യൻ നഗരങ്ങളെ പേടിപ്പെടുത്തിയിരുന്ന പ്രധാനരോഗങ്ങളായിരുന്നു ടൈഫസ്, കോളറ, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയവ. (എന്നാൽ ഏറ്റവും അധികം മരണങ്ങൾക്ക് കാരണമായിരുന്ന ക്ഷയരോഗം ഇത്രത്തോളം ഭയം ഉളവാക്കിയിരുന്നില്ല. ഇതിനു കാരണം ക്ഷയരോഗം കൊണ്ട് ഉണ്ടാകുന്ന മരണങ്ങൾ വളരെപ്പെട്ടെന്ന് ഉണ്ടാകുന്നവയല്ലായിരുന്നു; മറിച്ച് രോഗം പിടിപെട്ട് വർഷങ്ങൾ കഴിഞ്ഞാണു പലരും മരണപ്പെട്ടിരുന്നത്. എങ്കിലും ഉണ്ടാകുന്ന മരണങ്ങളിൽ ഒരു വലിയ ഭാഗം ക്ഷയരോഗത്തിന് അവകാശപ്പെട്ടതായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ക്ഷയരോഗം എപ്പിഡെമിക്ക് ആയി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല; മറിച്ച് അതിന് ഒരു എൻഡെമിക്ക് സ്വഭാവമാണ് ഉണ്ടായിരുന്നത്. ഈ വ്യത്യാസം ഇംഗ്ലണ്ടിൽ വില്യം ഫാറിന്റെ ശ്രദ്ധ്യയിൽ പെട്ടിരുന്നത് മുൻപെ കണ്ടുവല്ലോ). ഇവയിൽ പലതും നേരിട്ടുപകരുന്നവ- ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് സമ്പർക്കം കൊണ്ടു മാത്രം- അല്ലാതിരുന്നതുകൊണ്ട് അവയുടെ സാംക്രമിക സ്വഭാവം പോലും അന്ന് അത്ര പരക്കെ ഡോക്ടർമാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. ഇങ്ങിനെയുള്ള മഹാമാരികളെ പ്രതിരോധിക്കാൻ പ്രാർത്ഥനയും മാന്ത്രികപൂജകളും മറ്റുമാണ് സാധാരണക്കാർ ആശ്രയിച്ചിരുന്നത്. ഇവ നിയന്ത്രിക്കുന്നതിൽ ഗവണ്മെനിന്റിന് എന്തെങ്കിലും പങ്കുണ്ടെന്ന് ആരും കരുതിയിരുന്നില്ല. ഏകദേശം സമാനമായ അവസ്ഥയായിരുന്നു അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിലുള്ള വൻ നഗരങ്ങളിലും ഉണ്ടായിരുന്നത്.
എങ്കിലും വൻ നഗരങ്ങളിലെങ്കിലും ജീവിത സാഹചര്യങ്ങളും മഹാമാരികളും തമ്മിലുള്ള ബന്ധം അവഗണിക്കാനാകത്ത അവസ്ഥയിലെത്തി. എല്ലാ നഗരങ്ങളിലും മാലിന്യകൂമ്പാരങ്ങളായ ചേരികളും, ദരിദ്രർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളും ഉണ്ടായിരുന്നു. എത്ര അവഗണിച്ചാലും മറച്ചുവെയ്ക്കാനാകാത്ത വിധം ഇവ വളർന്നു. മാത്രമല്ല, ധനികരുടെ വീടുകളിൽ പണിക്കായി എത്തുന്ന പലരും താമസിച്ചിരുന്നത് ഈ ചേരികളിൽ ആണെന്നതുകൊണ്ട്, തങ്ങളെയും ഈ അവസ്ഥ ബാധിച്ചേക്കാമെന്നുള്ള ചിന്ത വളർന്നു. യൂറോപ്പിലും അമേരിക്കയിലും വൻ നഗരങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ വൃത്തിയുള്ള തെരുവുകളും, മാലിന്യനിർമ്മാർജ്ജനവും മറ്റും ആവശ്യപ്പെട്ട് പലപ്രമുഖരും അഭിപ്രായം പറയാനും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തുടങ്ങി. അമേരിക്കയിൽ അന്നു നിലവിൽ വന്നിരുന്ന അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ പലപ്പോഴും ഇതിനു നേതൃത്വം നൽകി. എന്നാൽ ഭരണകർത്താക്കളിൽ പലരും ഇതിനെ ഡോക്ടർമാർക്ക് ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരു കൗശലമായാണു കണ്ടത് (കോവിഡിന്റെ കാലത്തും സാങ്കേതിക വിദഗ്ദ്ധരും രാഷ്ട്രീയക്കാരും തമ്മിലുള്ള ആശയസംഘർഷം നാം കാണുന്നുണ്ടല്ലോ). ക്രമേണ ഇതു ഡോക്ടർമാരുടെ കേവല സാങ്കേതികപ്രശ്നം എന്നതിലുപരി എല്ലാവരും ഏറ്റെടുക്കേണ്ട പ്രശ്നമാണെന്ന നിഗമനം ഉയർന്നു വന്നു. അമേരിക്കൻ പൊതുജനാരോഗ്യ അസ്സോസിയേഷൻ എന്ന സംഘടന ഈ കാലത്താണു നിലവിൽ വന്നത്. ഡോക്ടർമാർ മാത്രമല്ല, എല്ലാത്തരം വിദഗ്ദ്ധരും അല്ലാത്തവരും പൊതുജനാരോഗ്യ പ്രവർത്തനത്തിനു ആവശ്യമാണെന്ന ചിന്താഗതിയുടെ പരിണാമമായിരുന്നു അത്. നഗരഭരണകർത്താക്കൾക്ക് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നിവൃത്തിയില്ല എന്നു വന്നു. വലിയ നഗരങ്ങളെല്ലാം ഡ്രെയിനേജ് സംവിധാനം- മനുഷ്യവിസർജ്ജ്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന രീതി- ഏർപ്പെടുത്തി. കുടിവെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യാനുള്ള സംരംഭങ്ങൾ ഉണ്ടായി. ‘പബ്ലിക് ഹെൽത്ത് മൂവ്മെന്റ് ‘ എന്നറിയപ്പെട്ടിരുന്ന ഈ പൗരമുന്നേറ്റം യൂറോപ്പിലും അമേരിക്കയിലും പടർന്നുപിടിച്ചതോടെയാണ് അവിടങ്ങളിലെ നഗരങ്ങൾ കൂടുതൽ വൃത്തിയുള്ളവയാകാൻ തുടങ്ങിയത്. അതോടൊപ്പം കോളറ, ടൈഫോയ്ഡ്, പ്ലേഗ്, തുടങ്ങിയ പല സാംക്രമികരോഗങ്ങളും യൂറോപ്പിൽ അപൂർവങ്ങളാകാൻ തുടങ്ങി. ഈ പബ്ലിക് ഹെൽത്ത് പ്രസ്ഥാനം ന്യൂ യോർക് തുടങ്ങിയ അമേരിക്കൻ കിഴക്കൻ തീരദേശനഗരങ്ങളിലും ഉണ്ടായി. ജെയിംസ് ചാഡ്വിക്ക് ആയിരുന്നു അമേരിക്കയിൽ ഇതിനെ ഒരു പ്രധാനി. രോഗം ഉണ്ടാകുന്നതിനെക്കുറിച്ച് ഇവരുടെ ബോധ്യങ്ങൾ തെറ്റായിരുന്നു എന്ന് തിരിഞ്ഞുനോക്കി നമുക്കു പറയാമെങ്കിലും, അന്ന് അവർ എതിരിട്ടിരുന്നത് രോഗം ദൈവകോപമോ, മറ്റു അമാനുഷികശക്തികളുടെ പ്രവർത്തങ്ങളോ ആണെന്ന പൊതുബോധ്യത്തോടാണ് എന്നത് മറന്നുകൂടാ. രോഗത്തിനെ ഭൗതികസാഹചര്യങ്ങളിലേക്ക് കൊണ്ടുവരാൻ പബ്ലിക് ഹെൽത്ത് പ്രസ്ഥാനത്തിനു കഴിഞ്ഞു.
രോഗാണുക്കളും വാക്സിനുകളും
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി ഒരു വൈജ്ഞാനിക വിപ്ലവത്തിനും സാക്ഷ്യം വഹിച്ചു. ജോൺ സ്നോ, സെമ്മൽ വെയ്സ് എന്നിവരൊന്നും രോഗാണുക്കളെക്കുറിച്ച് അറിവുള്ളവരായിരുന്നില്ല. രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ പത്തോളജിയുടെ പിതാവെന്നറിയപ്പെടുന്ന ഫിർക്കോവ് പോലും രോഗാണു എന്ന സങ്കല്പത്തിൽ വിശ്വസിച്ചില്ല. എന്നു മാത്രമല്ല രോഗാണു സിദ്ധാന്തത്തെ പരിഹസിക്കുകയും അതിന്റെ വക്താക്കളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. യൂറോപ്പിൽ അദ്ദേഹത്തിനു വലിയ സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം കോശങ്ങളാണ് രോഗങ്ങളുടെ ആവിർഭാവത്തിലും പുരോഗതിയിലും വലിയപങ്കുവഹിക്കുന്നത് എന്ന് സിദ്ധാന്തിച്ചു- ‘സെല്ലുലാർ പത്തോളജി’ എന്ന ശാസ്ത്രശാഖക്കുതന്നെ ജന്മം കൊടുത്തു. രോഗാണുക്കളെ മൈക്രോസ്കോപ്പിൽ തിരിച്ചറിഞ്ഞപ്പോഴും, അവ ആകസ്മികമായി ശരീരത്തിൽ കാണപ്പെടുന്നവയാണെന്നും, രോഗകാരണങ്ങളാകാൻ സാധ്യമല്ലെന്നും പല പ്രമുഖരും വാദിച്ചു. ഈ വാദങ്ങളെ പൊളിക്കുക അത്ര എളുപ്പമല്ലായിരുന്നു.
ഈ കാലഘട്ടത്തിൽ രോഗാണുക്കൾ രോഗവാഹകരാകും എന്ന സിദ്ധാന്തത്തിനു ഒരു പക്ഷേ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത് ആ സിദ്ധാന്തത്തെ ഉറപ്പിച്ചുനിറുത്തിയത് ലൂയി പാസ്ചർ, റോബർട്ട് കോഖ് എന്നീ രണ്ടു ശാസ്തജ്ഞരാണ്. കോളറാ, ക്ഷയരോഗം മുതലായി മനുഷ്യരെ ഏറ്റവുമധികം ഭയപ്പെടുത്തിയിരുന്ന രോഗങ്ങളുടെ കാരണങ്ങൾ യഥാക്രമം വിബ്രിയോ കോളറാ, മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുക്കളാണെന്ന് കോഖ് സമർത്ഥിച്ചു. ഈ രോഗാണുക്കളെ വേർതിരിച്ചു പഠിക്കുന്നതിന് കോഖ് വലിയ സംഭാവനകളാണു ചെയ്തത്. പാൽ കേടുവരുത്തുന്നത് സൂക്ഷ്മജീവികളുടെ പ്രവർത്തനം കൊണ്ടാണെന്നും പാൽ 60 ഡിഗ്രിക്കുമുകളിൽ തിളപ്പിച്ച് തണുപ്പിച്ചാൽ കേടുകൂടാതെ സുക്ഷിക്കാനാകുമെന്നും പാസ്ചർ കണ്ടുപിടിച്ചു. പാസ്ചറൈസേഷൻ എന്ന പ്രക്രിയയാണ് ഇത്. പാസ്ചറൈസേഷൻ വീഞ്ഞു ചീത്തയായിപോകാതെ സൂക്ഷിക്കാനും ഉതകും എന്നു കണ്ടുപിടിച്ചതോടുകൂടി കർഷകസമ്പദ് വ്യവസ്ഥക്കുതന്നെ പാസ്ചർ വലിയ സംഭാവനയാണു ചെയ്തത്. അണുവിമുക്തമായ ഒരു അന്തരീക്ഷത്തിൽ ജൈവവസ്തുക്കൾ കേടുകൂടാതെ ഇരിക്കും എന്ന പ്രതിഭാസം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതു വഴി അക്കാലത്ത് വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്ന ‘ജീവന്റെ താനെയുള്ള ഉത്പാദനം’ എന്ന സിദ്ധാന്തം – കേടാവുന്ന ജൈവവസ്തുക്കളിൽനിന്ന് ജീവജാലങ്ങൾ തനിയെ ഉദ്ഭവിക്കും എന്ന വിശ്വാസം- തെറ്റാണെന്നു തെളിയിക്കാനും പാസ്ചറിനു കഴിഞ്ഞു.
രോഗാണുക്കളുടെ പ്രാഭവം തിരിച്ചറിയുക മാത്രമല്ല, ഒരു പടികൂടി കടന്ന്, അവക്കെതിരായുള്ള കുത്തിവെപ്പുകളും പാസ്ചർ പരീക്ഷിച്ചു. വസൂരിക്കെതിരായ കുത്തിവെപ്പ് എഡ്വേർഡ് ജെന്നർ ഇതിനകം കണ്ടുപിടിക്കുകയും അത് യൂറോപ്പിൽ വ്യാപകമായിത്തുടങ്ങുകയും ചെയ്തിരുന്നു. പാസ്ചർ ‘അന്ത്രാക്സ്’ എന്ന രോഗത്തിനെതിരായ കുത്തിവെപ്പ് ചെമ്മരിയാടുകളിൽ ആദ്യം പരീക്ഷിച്ചു. വസൂരിക്കുത്തിവെപ്പ് ‘കൗപോക്സ്’ എന്ന താരതമ്യേന തീക്ഷ്ണതകുറഞ്ഞ സ്വാഭാവികരോഗാണുവിനെ ശരീരത്തിൽ കടത്തിവിട്ടുകൊണ്ടായിരുന്നുവെങ്കിൽ, പാസ്ചർ ഒരുപടികൂടി കടന്ന്, വീര്യം കൂടിയ അന്ത്രാക്സ് ബാക്റ്റീരിയയെ ലാബറട്ടറിയിൽ കൃത്രിമമായി വീര്യം കുറച്ച് ആണ് വാക്സിൻ ഉണ്ടാക്കിയത്. കർഷകർക്ക് വളരെയധികം നഷ്ടം വരുത്തിവെക്കുന്ന ഒരു അണുബാധയായിരുന്നു അന്ത്രാക്സ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തവും ദേശീയമായി ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഒരു പക്ഷേ ഏറ്റവും മഹത്തായ സംഭാവന, നായ്ക്കളും ചെന്നായ്ക്കളും കടിച്ചതിനെത്തുടർന്നുണ്ടാകുന്ന ‘റാബീസ്’ എന്ന പേവിഷബാധക്കെതിരെ അദ്ദേഹം വികസിപ്പിച്ച വാക്സിൻ ആയിരുന്നു. ഏകദേശം ഒരു നൂറ്റാണ്ടിലധികം കാലം ഈ വാക്സിൻ മരണത്തിൽ നിന്ന് അനേകം പേരെ രക്ഷിക്കാൻ അതേ രൂപത്തിൽ ലോകത്തിലെങ്ങും ഉപയോഗിക്കപ്പെട്ടു.
പോഷണക്കുറവിന്റെ രോഗങ്ങൾ
രോഗാണുക്കൾ കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിൽ പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വലിയ മുന്നേറ്റങ്ങൾ നടന്നുവെങ്കിലും, അണുരോഗങ്ങൾ മാത്രമല്ല അക്കാലത്ത് വ്യാപകമായിരുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ വാസ്കോഡിഗാമയുടെയും കൊളംബസിന്റെയും പര്യവേഷണങ്ങൾ യൂറോപ്പിൽ മൊത്തം ശ്രദ്ധ പിടിച്ചുപറ്റിയതോടുകൂടി നീണ്ട കപ്പൽ യാത്രകൾ സർവസാധാരണമായി. കടലിൽ ആധിപത്യം സ്ഥാപിക്കുവാനും സ്വന്തം സാമ്രാജ്യങ്ങൾ കൂടുതൽ വിസ്തൃതമാക്കാനും യൂറോപ്പ്യൻ ശക്തികൾ തമ്മിൽ മത്സരിച്ചു. അമെരിഗോ വെസ്പുച്ചി, കബ്രാൾ, മഗെല്ലൻ, കാപ്റ്റൻ കുക്ക് എന്നിങ്ങനെയുള്ള പര്യവേക്ഷകരുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായി.
മാസങ്ങളും വർഷങ്ങളും പായ്കപ്പലിൽ കഴിയുന്ന നാവികർക്ക് സർവസാധാരണമായി കണ്ടുവന്നിരുന്ന ഒരു രോഗമായിരുന്നു ‘സ്കർവി’. മോണകൾ വീങ്ങുകയും, അവയിൽ നിന്ന് രക്തം വാർന്നു തുടങ്ങുകയും, പല്ലൊക്കെ കൊഴിഞ്ഞുപോയി ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ പോഷകക്കുറവുമൂലം മരണം വരെ സംഭവിക്കുകയും ചെയ്യുമായിരുന്നു. ഈ രോഗത്തിന്റെ കാരണം എന്താണെന്നു ആർക്കും അറിയുമായിരുന്നില്ല. എന്നാൽ ഇതിനെ പ്രതിരോധിക്കേണ്ടത് സർക്കാരുകളുടെപോലും മുൻഗണനയിൽ വരുന്ന വിഷയമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടൻ ലോകത്തിലെതന്നെ ഏറ്റവും വലിയ നാവികശക്തിയായി ഉയർന്നുതുടങ്ങിയപ്പോൾ, അവരെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു പക്ഷേ സ്കർവി ആയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പല പരീക്ഷണങ്ങളും നടത്തുന്നതിനിടയിൽ, ജെയിംസ് ലിൻഡ് എന്ന ബ്രിട്ടീഷ് നാവികപ്പടയിലെ ഡോക്ടർ, ഒരു കാര്യം കണ്ടുപിടിച്ചു: ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ ജ്യൂസ് കപ്പലിൽ കരുതുകയും, അവ നാവികർക്ക് നിർബന്ധമായി കൊടുക്കുകയും ചെയ്താൽ സ്കർവി വരുന്നത് ഒഴിവാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം.
ഇതിനെക്കുറിച്ച് നിരന്തരം എഴുതുകയും അധികൃതരോട് നിവേദനം നടത്തുകയും ചെയ്തതിന്റെ ഭാഗമായി ബ്രിട്ടീഷ് നാവികസേനയെ നിയന്ത്രിക്കുന്ന ഓഫീസായ അഡ്മിറാൽറ്റി, എല്ലാ ബ്രിട്ടീഷ് കപ്പലുകളിലും നിർബന്ധമായി ഓറഞ്ച്, നാരങ്ങ എന്നിവയുടെ ജ്യൂസ് ആവശ്യത്തിനുകരുതുകയും, അവ നാവികരുടെ ഭക്ഷണത്തിൽ നിർബന്ധമായി ഉൾപ്പെടുത്തുകയും വേണം എന്ന് കല്പന പുറപ്പെടുവിച്ചു. അന്നത്തെ പായ്കപ്പലുകളിൽ റെഫ്രിജറേഷൻ – ഭക്ഷണം ശീതീകരിച്ചു സൂക്ഷിക്കനുള്ള സൗകര്യം- ഇല്ലാതിരുന്നതുകൊണ്ട് പഴവർഗ്ഗങ്ങൾ അതുപോലെ സൂക്ഷിക്കുക പ്രയാസമായിരുന്നു. (പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനനാളുകളിൽ അമേരിക്കൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം നടക്കുമ്പോൾ, കപ്പലിൽ ‘ലൈം’ – നാരങ്ങ- സൂക്ഷിക്കുന്നതുകൊണ്ട് ബ്രിട്ടീഷ്കാരെ ‘ലൈമികൾ’ എന്നു വിളിച്ച് അമേരിക്കക്കാർ ആക്ഷേപിക്കാൻ തുടങ്ങി. ഇന്നും ബ്രിട്ടിഷുകാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കപ്പെടുന്ന ‘ലൈമി’ എന്ന പദത്തിന്റെ ഉദ്ഭവം ജെയിംസ് ലിൻഡിന്റെ പരീക്ഷണം ആണ്).
സ്കർവി പ്രതിരോധിക്കാൻ നാരങ്ങ ഉതകും എന്നു അസന്നിഗ്ദ്ധമായി തെളിയിച്ചു എങ്കിലും എന്തുകൊണ്ടാണ് അത് ഫലപ്രദമാകുന്നത് എന്ന് ലിൻഡിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഡോക്ടർമാർക്കും അറിഞ്ഞുകൂടായിരുന്നു. യഥാർത്ഥത്തിൽ നാരങ്ങ, ഓറഞ്ച് മുതലായ ‘സിട്രസ്’ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ‘സി’ എന്ന ജീവകം- വൈറ്റമിൻ സി-ആണ് ഇവിടെ രക്ഷകനായത്; കാരണം സ്കർവി ‘സി’ ജീവകത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന രോഗമാണ്. എന്നാൽ വൈറ്റമിൻ സി എന്ന ജൈവ മോളിക്യൂൾ കണ്ടുപിടിക്കാൻ പിന്നെയും ഒരു നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ഇതുപോലെ അഭാവം കൊണ്ട് രോഗം ഉണ്ടാക്കുന്ന പല ഭക്ഷ്യഘടകങ്ങളെക്കുറിച്ചുമുള്ള അറിവ് പുറത്തുവന്നുകൊണ്ടിരുന്നു. ഇവയെ പൊതുവെ ‘ജീവകങ്ങൾ’- വൈറ്റമിൻസ് – എന്നാണു വിളിച്ചിരുന്നത്. ആദ്യകാലത്ത് ഇവയുടെ അഭാവം കൊണ്ട് രോഗം ഉണ്ടാകും എന്നല്ലാതെ ഈ ഭക്ഷ്യഘടകങ്ങളുടെ രാസഘടനയെപ്പറ്റി വലിയ അറിവൊന്നുമില്ലായിരുന്നു. വൈറ്റമിൻ സി യെ ‘ആന്റിസ്കോർബ്യൂട്ടിക് വൈറ്റമിൻ’- സ്കർവിവിരുദ്ധ ജീവകം- എന്നാണ് ആദ്യം വിളിച്ചിരുന്നത്. എന്നാൽ ഇതിന്റെ രാസഘടന കൃത്യമായി കണ്ടുപിടിച്ചതിന് ആൽബർട്ട് സെന്റ് ഗ്യോർഗിക്ക് 1937ലെ നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി.
സമാനമായ ഒരു മുന്നേറ്റമാണ് ‘പെല്ലാഗ്ര’ എന്ന രോഗത്തിന്റെ കാര്യത്തിലും ഉണ്ടായത്. തൊലിപ്പുറമെ ഉണ്ടാകുന്ന പല മാറ്റങ്ങളും കൊണ്ട് ഇതൊരു പകർച്ചവ്യാധിയാണെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്; പോരാത്തതിന് വളരെ മോശപ്പെട്ട ചുറ്റുപാടുകാളിൽ ജീവിക്കുന്ന വളരെ പാവപ്പെട്ട ആളുകളിലാണ് ഇത് സാധാരണ കാണാറ്. എന്നാൽ വളരെ ശ്രദ്ധയോടുകൂടിയ പഠനങ്ങൾ വഴി ഗോൾഡ്ബെർഗ്ഗർ എന്ന അമേരിക്കൻ പൊതുജനാരോഗ്യസർവീസിലെ ഡോക്ടർ ഇത് ഒരു പകർച്ചവ്യാധിയല്ലെന്നും, മറിച്ച് ചോളം മുഖ്യമായിട്ടുള്ള ഭക്ഷണത്തിൽ പോഷകഘടകങ്ങളുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന രോഗമാണെന്നും അസന്നിഗ്ദ്ധമായി തെളിയിച്ചു. എന്നാൽ അന്നത്തെ മെഡിക്കൽ വൃത്തങ്ങളിൽ പ്രാമുഖ്യമുള്ള അഭിപ്രായം പെല്ലാഗ്ര രോഗാണു കൊണ്ടുണ്ടാകുന്ന ഒരവസ്ഥയാണെന്നതായിരുന്നു- രോഗാണു സിദ്ധാന്തം അപ്പോഴേക്കും ഫാഷനബിൾ ആയി മാറിയിരുന്നു. പല പ്രമുഖരുടെയും അഭിപ്രായത്തിനു വിരുദ്ധമായി പെല്ലാഗ്ര ഒരു പകർച്ചവ്യാധിയല്ലെന്നു സമർത്ഥിക്കുന്നതായിരുന്നു ഗോൾഡ്ബെർഗ്ഗറുടെ തീസിസ്. ഈ നിഗമനത്തിനു അദ്ദേഹം പ്രധാനമായും ആശ്രയിച്ചത്, പെല്ലാഗ്ര പിടിപെട്ട് ആശുപത്രി വാർഡുകളിൽ കഴിയുന്ന രോഗകളുമായി നിരന്തരം ഇടപഴകുന്ന ആരോഗ്യപ്രവർത്തകരായ ഡോക്ടർമാർക്കും നഴ്സുമാർക്കും ഇത് ഒരിക്കലും പിടിപെടാറില്ല എന്ന നിരീക്ഷണമാണ്. ഗോൾഡ്ബെർഗ്ഗറുടെ പെല്ലാഗ്രയെപറ്റിയുള്ള നിഗമനങ്ങൾ ഇന്നും ഒരു ശാസ്ത്രസത്യം സാക്ഷ്യപ്പെടുത്തുന്നതിന്റെ മാതൃകയായും ഒരു ക്ലാസ്സിക് ആയും കണക്കാക്കപ്പെടുന്നു. നിർഭാഗ്യവശാൽ ഏതിന്റെ അഭാവമാണോ പെല്ലാഗ്രക്ക് കാരണമാകുന്നത്, ആ വൈറ്റമിൻ ബി 6 അഥവാ നിയാസിന്റെ കണ്ടുപിടിത്തത്തിനുമുൻപ് ഗോൾഡ്ബെർഗ്ഗർ നിര്യാതനായി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളോടുകൂടി, അണുബാധ, വൈറ്റമിനുകൾ പോലെയുള്ള സൂക്ഷ്മപോഷകങ്ങളുടെ അഭാവം എന്നിവ കൂടാതെ പരാദങ്ങളുടെ ആക്രമണവും രോഗകാരണമായേക്കാമെന്നു ശാസ്ത്രജ്ഞന്മാർക്ക് ബോധ്യമായി. സാമ്രാജ്യങ്ങളുടെ വലിപ്പം കൂട്ടുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കടന്നുപോകേണ്ടിവന്ന പട്ടാളക്കാർ അവിടങ്ങളിൽ പല പുതിയ രോഗങ്ങൾക്കും ഇരകളായി. മലേറിയ, ഫൈലേറിയ, ചാഗാസ് രോഗം എന്നിങ്ങനെ ഏഷ്യയിലും ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും നിന്ന് പുതിയ രോഗങ്ങൾ യൂറോപ്പിൽ വന്നു കൊണ്ടിരുന്നു. പ്രധാനമായും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കോളണികളിലാണ് ഈ പുതുരോഗങ്ങൾ പട്ടാളക്കാരെ ആക്രമിച്ചത്. ഇവയെ പഠിക്കാനും പ്രതിരോധിക്കാനും പല കൊളൊണിയൽ രാഷ്ട്രങ്ങളും പഠനകേന്ദ്രങ്ങൾ തന്നെ സ്ഥാപിച്ചു. അങ്ങിനെ ഉണ്ടായതിൽ ഏറ്റവും പ്രമുഖമാണ് ലണ്ടനിലെ ‘ഉഷ്ണെമേഖലാരോഗപഠന’ സ്കൂൾ അഥവ സ്കൂൾ ഒഫ് ട്രോപ്പിക്കൽ മെഡിസിൻ. ഇന്നും പൊതുജനാരോഗ്യത്തിൽ ഉന്നതപഠനത്തിന് കേൾവികേട്ട സ്ഥാപനമാണ് ‘ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ’. സമാനമായ സ്കൂളുകൾ ലിവർപൂൾ, ബെൽജിയത്തിലെ ആന്റ്‌വെർപ്പ് എന്നീനഗരങ്ങളിലും ഉയർന്നുവന്നു.
ഓരോ രോഗത്തിനും ഓരോ നിർദ്ദിഷ്ട കാരണങ്ങൾ ഉണ്ടെന്നുള്ള ഒരു പൊതു ധാരണ അതോടെ ഉണ്ടായി- സൂക്ഷ്മാണുക്കളുടെയോ, പരാദങ്ങളുടെയോ ആക്രമണം, സൂക്ഷ്മപോഷകങ്ങളുടെ അഭാവം എന്നിവയാണ് ഇവയിൽ മുന്നിട്ടുനിന്നത്. മാത്രമല്ല, പല പരാദരോഗങ്ങളും പരത്തുന്നതിൽ മറ്റുചില ജീവികൾ ഇടനിലക്കാരാണെന്നതും മനസ്സിലാക്കാൻ തുടങ്ങി. കൊതുകുകൾ, ചെള്ളുകൾ, മനുഷ്യന്റെ രക്തം കുടിക്കുന്ന ചിലതരം ഷഡ്പദങ്ങൾ എന്നിവ ഇവയിൽ മുഖ്യമായിരുന്നു. ഇന്ത്യയിലെ സെക്കന്തരാബാദിലിലെ ഒരു പരീക്ഷണശാലയിൽ വെച്ചാണ് റോണാൾഡ് റോസ്സ് എന്ന ബ്രിട്ടീഷ് ഡോക്ടർ ആദ്യമായി മലേറിയ പരത്തുന്നത് അനോഫിലിസ് കൊതുകുകളാണെന്നത് തെളിയിച്ചത്. അദ്ദേഹത്തിനും നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി- ഇന്ത്യയിൽ നടന്ന ഒരു പരീക്ഷണം വഴി നൊബേൽ സമ്മാനത്തിനർഹനാകുന്ന ആദ്യവ്യക്തിയാണ് റോസ്സ്- ഇന്ത്യക്കാരനല്ലെങ്കിലും. എന്നാൽ രോഗഹേതു എന്നു കരുതുന്ന അവസ്ഥയുള്ള എല്ലാവരിലും രോഗമുണ്ടാകുന്നില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.
ഒരു പുതിയ ‘പാരഡൈം‘
ഇങ്ങിനെയുള്ള പല പുതിയ അറിവുകളും വ്യാപകമായതോടൂകൂടി രോഗങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള പല മുൻ ധാരണകളും തിരുത്തി. ശരീരത്തിലെ ചില വസ്തുക്കൾ – ‘ഹ്യൂമറുകൾ- തമ്മിലുള്ള സമന്വയം ഇല്ലാതാകുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത് എന്നായിരുന്നു പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ അന്നുവരെയുള്ള അടിസ്ഥാനസിദ്ധാന്തം. പ്രാചീന ഗ്രീക്ക് വൈദ്യശാസ്ത്രത്തിൽനിന്ന് തുടങ്ങി, പിന്നീട് അറേബ്യൻ വൈദ്യന്മാർ ഏറ്റെടുത്ത് പുഷ്ടിപ്പെടുത്തിയ ഈ സങ്കല്പത്തിന് ഭാരതീയമായ ആയുർവേദചികിത്സയിലെ ‘ത്രിദോഷ’ സിദ്ധാന്തവുമായി നല്ല സാമ്യമുണ്ട്. വാതം, പിത്തം, കഫം എന്ന ‘ത്രിദോഷ’ങ്ങളുടെ സമന്വയത്തിൽ തകരാറുണ്ടാകുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത് എന്നായിരുന്നു ത്രിദോഷസിദ്ധാന്തത്തിന്റെ പൊരുൾ. പാശ്ചാത്യരാകട്ടെ നാലു ‘ഹ്യൂമറുകളു’ടെ സമതുലിതാവസ്ഥയാണ് ആരോഗ്യം എന്നു വിശ്വസിച്ചു: രക്തം, കറുത്ത ബൈൽ, മഞ്ഞബൈൽ, കഫം എന്നിവയായിരുന്നു അവരുടെ നാലു ‘ഹ്യൂമറു’കൾ.
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലുമുണ്ടായ പുതിയ അറിവുകളുടെ കുത്തൊഴുക്കിൽ, പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ഇളകി. രോഗകാരണങ്ങളെപ്പറ്റിയുള്ള ‘ഹ്യൂമർ’ സിദ്ധാന്തത്തിനു പകരം, ‘ഏജന്റ്- ഹോസ്റ്റ് – എൻവയോണ്മെന്റ്’ എന്ന പുതിയ സമീപനത്തിലേക്ക് പാശ്ചാത്യവൈദ്യത്തിലെ രോഗകാരണസങ്കല്പം മാറി. രോഗഹേതു (പ്രത്യേകസൂക്ഷ്മജീവിയോ, വിഷവസ്തുവോ, പ്രത്യേകസൂക്ഷ്മപോഷകവസ്തുവിന്റെ അഭാവമോ), ശരീരത്തിന്റെ പ്രതിരോധശക്തിയുടെ കുറവ്, രോഗം വളർത്താൻ ഉതകുന്ന ചുറ്റുപാട് എന്നീ മൂന്നു ഘടകങ്ങൾ ഒത്തു ചേരുമ്പോഴാണ് ഒരാൾ രോഗിയാകുന്നത് എന്നതായിരുന്നു പുതിയ പാരഡൈം അഥവാ സമീപനം. ‘ഏജന്റ്- ഹോസ്റ്റ്- എൻവയോണ്മെന്റ്’ അഥവ രോഗഹേതു- രോഗം ബാധിക്കുന്ന ശരീരം- രോഗത്തിന്റെ പരിസ്ഥിതി എന്ന ത്രിത്വം. ഇതിന്റെ അർത്ഥം, രോഗപ്രതിരോധം ഇവയിൽ ഏതിനെ ഊന്നിയും സാധ്യമാകും എന്നതായിരുന്നു. പോഷകക്കുറവ് ഭക്ഷണത്തിലൂടെ പരിഹരിക്കാമെങ്കിൽ, പല സൂക്ഷ്മാണുരോഗങ്ങൾക്കും പ്രതിരോധത്തിനായി വാക്സിനുകൾ കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. കൊതുകുകൾ, ചെള്ള്, എലികൾ മുതലായ ക്ഷുദ്രജീവികളുടെ നിർമ്മാർജ്ജനം വഴി മലേറിയ, പ്ലേഗ് മുതലായ പല രോഗങ്ങളെയും അകറ്റിനിർത്താമെന്നും കണ്ടു. പരിസരശുചിത്വവും രോഗരഹിതമായ ഒരു സ്ഥിതിക്ക് അത്യന്തം ആവശ്യമായിരിക്കുന്നു.
ഈ സമീപനത്തിന്റെ വിജയത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ക്ഷയരോഗം. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ യൂറോപ്പിലും അമേരിക്കയിലും ഏറ്റവുമധികം ജീവൻ അകാലത്തിൽ അപഹരിച്ചിരുന്ന രോഗമായിരുന്നു ക്ഷയരോഗം. റോബർട്ട് കോഖ് ക്ഷയരോഗാണുവിനെ കണ്ടുപിടിച്ചുകഴിഞ്ഞിട്ടും അവയെ ശരീരത്തിൽതന്നെ നശിപ്പിക്കാൻ കഴിയുന്ന മരുന്നുകൾ ലഭ്യമായിരുന്നില്ല. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴെക്കും ക്ഷയരോഗം കൊണ്ടുള്ള മരണങ്ങളും, ക്ഷയരോഗത്തിന്റെ ഇൻസിഡൻസും യൂറോപ്പിലും അമേരിക്കയിലും കുറയാൻ തുടങ്ങി. ഇതിനു കാരണം പൊതുവെ സാമ്പത്തികനിലയിലുണ്ടായ മെച്ചം കൊണ്ട് ജനങ്ങളുടെ പോഷകാവസ്ഥ നന്നാവുകയും, നഗരങ്ങളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനു ഒരു പരിധിവരെ അറുതിവരികയും ചെയ്തു എന്നുള്ളതാണ്. ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു ക്ഷയരോഗനിവാരണത്തിനും കാരണം. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, ഇതേകാരണം കൊണ്ടുതന്നെ ഇന്ത്യയും ആഫ്രിക്കയും പോലുള്ള രാജ്യങ്ങളിൽ ക്ഷയരോഗം ഒരു വെല്ലുവിളിയായി തുടരുകയും ചെയ്യുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ശാസ്ത്രകാരന്മാരെ ഓർക്കുമ്പോൾ അവരിൽ ഏറ്റവും തലയെടുപ്പോടുകൂടി ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരാളാണ് ലൂയി പാസ്ച്ചർ. മൈക്രോബയോളജി (സൂക്ഷ്മാണുശാസ്ത്രം), ഇമ്മുണോളജി ( രോഗപ്രതിരോധ ശാസ്ത്രം), കെമിസ്റ്റ്രി (രസതന്ത്രം) എന്നിങ്ങനെ അനേകം ശാസ്ത്രസാഖകൾക്ക് മൗലികസംഭാവനകൾ നൽകിയ ആളാണ് പാസ്ചർ. അദ്ദേഹത്തിനുമുൻപ് അഴുകുന്ന ജൈവവസ്തുക്കളിൽ ജീവൻ സ്വയം ഉൽഭവിക്കുമെന്നായിരുന്നു പ്രമുഖശാസ്ത്രകാരന്മാരെല്ലാം വിശ്വസിച്ചിരുന്നത്. എന്നാൽ ലബോറട്ടറിയിലെ പരീക്ഷണങ്ങൾ കൊണ്ട് സ്വയംഭൂവായ ജീവൻ എന്ന സങ്കൽപ്പം ശാസ്ത്രത്തിനു നിരക്കാത്തതാണെന്ന് അദ്ദേഹം തെളിയിച്ചു. മാത്രമല്ല അണുനാശനം വരുത്തുന്നതു വഴി പുളിക്കൽ -ഫെർമെന്റേഷൻ- എന്ന പ്രക്രിയ ഇല്ലാതാക്കാൻ പറ്റുമെന്നും അദ്ദേഹം കാണിച്ചു. യീസ്റ്റുകൽ പോലെയുള്ള ബാക്റ്റീരിയയുടെ പ്രവർത്തനം മൂലമാണ് വീഞ്ഞിലും മറ്റും പുളിപ്പ് ഉണ്ടാകുന്നത് എന്നും, ഈ പ്രക്രിയ നിയന്ത്രിക്കാൻ സാധിക്കുമെന്നും പാസ്ച്ചർ കണ്ടുപിടിച്ചു. അന്ത്രാക്സ്, ചിക്കൻ പനി മുതലായി മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക് വാക്സിൻ കണ്ടുപിടിച്ചുകൊണ്ടാണ് പാസ്ച്ചറുടെ രോഗപ്രതിരോധ പരീക്ഷണങ്ങൾ മുന്നേറിയത്. ജോസഫ് മീസ്റ്റർ എന്ന പേപ്പട്ടിയുടെ കടിയേറ്റ ഒരു കർഷകബാലന് മുയലിന്റെ തലച്ചോറിൽ പേവിഷം അടങ്ങിയ നായുടെ ഉമിനീർ കുത്തിവെച്ച് വളർത്തിയെടുത്ത വാക്സിൻ പ്രയോഗിച്ച് രോഗം വരാതെ രക്ഷിച്ചതുവഴി പേവിഷത്തിനെതിരായ ആദ്യത്തെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചതും പാസ്ച്ചറാണ്. ലോകമെമ്പാടും കൊണ്ടാടപ്പെട്ട ഒരു കണ്ടുപിടിത്തമായിരുന്നു അത്. പക്ഷേ ഒരു ഡോക്ടർ അല്ലാതിരുന്ന പാസ്ച്ചർ, ഈ പരീക്ഷണം നടത്തിയത് വളരെയധികം വിമർശനം നേരിട്ടുകൊണ്ടാണ്. സെമ്മൽവെയ്സിനെപ്പോലെ ജീവിതകാലത്ത് അവഗണിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞനായിരുന്നില്ല പാസ്ച്ചർ. ഫ്രാൻസിലും യൂറോപ്പിലും ലഭ്യമായ ഏതാണ്ട് എല്ലാ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം സ്ഥാപിച്ച പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിന് ലോകമെമ്പാടും സമാനമായ സ്ഥാപനങ്ങൾ ഉണ്ടായി. ഇതിന് ഒരു കാരണം പാസ്ച്ചറിന്റെ പരീക്ഷണങ്ങൾ പലതും ഫ്രാൻസിന്റെ കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വീഞ്ഞിന്റെ ഉത്പാദനം, ആടു വളർത്തൽ, പട്ടുനൂല്പുഴുക്കളെ വളർത്തൽ എന്നിവയെ സംരക്ഷിക്കാൻ സഹായിക്കുന്നവയായിരുന്നു എന്നുള്ളതായിരിക്കണം. എന്നാൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ വെച്ച് ബൗദ്ധികമായി ഏറ്റവും പ്രാധാന്യമർഹിക്കുന്നതായി പല ചരിത്രകാരന്മാരും കണക്കാക്കുന്നത് ‘റാസമൈസേഷൻ’ എന്ന പ്രക്രിയയെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളാണ്. വീഞ്ഞിൽനിന്ന് വേർതിരിച്ചെടുക്കാവുന്ന ഒരു ജൈവാംളമാണ് ടാർടാറിക് ആസിഡ്. ഇതിന്റെ പരലുകളിൽക്കൂടി ധ്രുവീകൃതമായ വെളിച്ചം – പോളാറൈസ്ഡ് ലൈറ്റ്- കടത്തിവിട്ടുകൊണ്ട് അവയെ മൈക്രോസ്കോപ്പിൽകൂടി നോക്കിയാൽ അവ ഒരു പ്രതേകരീതിയിൽ തിളങ്ങുന്നതുകാണാം. എന്നാൽ ലാബറട്ടറിയിൽ കൃത്രിമമായി ഉണ്ടാക്കിയ പരലുകൾക്ക് ഈ സ്വഭാവം ഇല്ല. ടാർടാറിക് ആസിഡിന്റെ തന്മാത്രകൾക്ക് ‘കൈറാലിറ്റി’- പ്രതിസമത- എന്ന സ്വഭാവം ഉണ്ടെന്ന് പാസ്ച്ചർ കണ്ടുപിടിച്ചു: അതായത് അതിന്റെ ഘടന ഒരേ രാസവസ്തുവായിരിക്കുമ്പോൾ തന്നെ രണ്ടുരീതിയിൽ ‘തിരിഞ്ഞ്’ കാണപ്പെടുന്നു. -വലമ്പിരി ശംഖുകൾ എന്ന പോലെ.
പ്രകൃതിയിൽ എമ്പാടും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് പ്രതിസമത- മനുഷ്യർക്കിടയിലും വലതുകൈയന്മാരും ഇടംകൈയന്മാരും ഉണ്ടല്ലോ. വീഞ്ഞിൽനിന്നുള്ള സ്വാഭാവിക ടാർടാറിക് ആസിഡിൽ ഇവയിൽ ഒരു തരത്തിലുള്ള തന്മാത്രകളായിരിക്കും കൂടുതൽ. അതുകൊണ്ട് അവ പ്രകാശത്തെ ഒരു പ്രത്യേകരീതിയിൽ കടത്തിവിടുന്നു. എന്നാൽ ലാബറട്ടറിയിൽ നിർമ്മിക്കുന്ന ടാർട്ടാറിക് ആസിഡിൽ തന്മാത്രകളുടെ രണ്ടുരൂപങ്ങളും ഏകദേശം സമം സമം ആയിരിക്കുന്നതുകൊണ്ട് പ്രകാശം കടന്നുപോകുമ്പോൾ അവതമ്മിലുള്ള പ്രതിപ്രവർത്തനം കൊണ്ട് അതിന് തിളക്കം കാണുന്നില്ല. ഈ പ്രതിഭാസത്തിന് ‘റാസമൈസേഷൻ’ എന്നാണുപറയുക. ഒരു ജൈവ തന്മാത്രക്ക് കൈറാലിറ്റി എന്ന സ്വഭാവം ഉണ്ടാകാം എന്ന് ആദ്യമായി പ്രത്യക്ഷപ്പെടുത്തിയത് പാസ്ച്ചറാണ്. ജൈവരസതന്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു പ്രതിഭാസമാണ് കൈറാലിറ്റി. പാസ്ച്ചറുടെ മറ്റു സംഭാവനകളെല്ലാം മാറ്റിവെച്ചാലും ശാസ്ത്രചരിത്രത്തിൽ സ്ഥാനം പിടിക്കാൻ ഇത് മാത്രം മതിയാകുമെന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം.
ജെയിംസ് ലിൻഡ് ബ്രിട്ടീഷ് നേവിയിൽ ഡോക്ടറായിരുന്നു. നാവികർക്ക് വ്യാപകമായി ഉണ്ടായിരുന്ന സ്കർവിയെപ്പറ്റി അദ്ദേഹം ഒരുപാട് വ്യാകുലപ്പെട്ടു. അന്നത്തെ സിദ്ധാന്തങ്ങൾ അനുസരിച്ച് അംളതയുടെ കുറവുകൊണ്ടാണ് സ്കർവി ഉണ്ടാകുന്നത് എന്നാണ് അദ്ദേഹം വിശ്വസിച്ചത്. അതനുസരിച്ച് സ്കർവി പിടിപെട്ട പന്ത്രണ്ട് നാവികരെ തെരഞ്ഞെടുത്ത് ഈ രണ്ടുപേരെ വീതം ആറു ഗ്രൂപ്പുകൾ ആക്കി തിരിച്ച് നാരങ്ങാനീര്, വിനിഗർ, നേർപ്പിച്ച സൽഫ്യൂരിക് അംളം എന്നിങ്ങനെയുള്ള മരുന്നുകൾ നൽകി. ഇവരിൽ നാരങ്ങാനീര് കഴിച്ചവർ മാത്രം കുറച്ചുദിവസം കൊണ്ട് രോഗമുക്തി കൈവരിക്കുകയും തിരിച്ചു ജോലിചെയ്യാൻ സന്നദ്ധരാകുകയും ചെയ്തു. ഈ പരീക്ഷണത്തിൽനിന്നാണ് ലിൻഡിന് നാവികർക്ക് സ്കർവി ഉണ്ടാകാതിരിക്കാൻ നാരങ്ങാനീര് കൊടുത്താൽ മതി എന്ന ആശയം ലഭിച്ചത്.
ഒരു മരുന്നിന്റെ ക്ഷമത അറിയുവാൻ ആധുനിക കാലഘട്ടത്തിൽ ഉപയോഗിക്കുന്ന ക്ലിനിക്കൽ ട്രയൽ എന്ന രീതിശാസ്ത്രത്തിന്റെ ഒരു ആദ്യ ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാണിക്കാറുണ്ട്. മുൻവിധിയില്ലാതെ പഠനപങ്കാളികളെ ഗ്രൂപ്പുകളായി തിരിക്കൽ, ഗ്രൂപ്പുകൾ തമ്മിലുള്ള താരതമ്യം, പ്രതീക്ഷിക്കുന്ന ഫലം എന്താണെന്നുള്ള കൃത്യമായ നിർവചനം എന്നിങ്ങനെ ഒരാധുനിക ട്രയലിനുവേണ്ട ഒട്ടനവധി ലക്ഷണങ്ങൾ ലിൻഡിന്റെ പരീക്ഷണത്തിൽ ഉണ്ടായിരുന്നു. പക്ഷേ രണ്ടു കാര്യത്തിൽ മാത്രം അത് വ്യത്യസ്തമായിരുന്നു. ഏതു മരുന്നാണ് ഫലിക്കുക, ഏതാണു താരതമ്യത്തിനുവേണ്ടിയുള്ള കണ്ട്രോൾ എന്നത് ലിൻഡിനും അറിഞ്ഞുകൂടായിരുന്നു. ‘പൊട്ടക്കണ്ണന്റെ മാവിൽ ഏറ്’ ആയിരുന്നു ലിൻഡിന്റെ പരീക്ഷണം. രണ്ടാമത്, പരീക്ഷണത്തിനു വിധേയരാകാൻ പോകുന്നവരുടെ സമ്മതം തേടിയിട്ടല്ല പരീക്ഷണം നടന്നത്. അങ്ങിനെയൊരു പരീക്ഷണം ഇക്കാലത്ത് ഒരിക്കലും സാധ്യമാവുകയില്ല.
ലേഖനത്തിന്റെ നാലാം ഭാഗം വായിക്കാം
ലേഖനത്തിന്റെ മൂന്നാം ഭാഗം വായിക്കാം
ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം
ലേഖനത്തിന്റെ ഒന്നാം ഭാഗം -വായിക്കാം