നാമിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാം ജീവിക്കുന്ന ഈ ലോകം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഏറെ മാറിക്കഴിഞ്ഞു. വരുന്ന ഒരു നൂറ്റാണ്ടിനുള്ളിൽ അത്യധികം മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതുമുണ്ട്. ചിലർക്ക് ഈ മാറ്റങ്ങൾ അസ്വീകാര്യമാണെന്നു മാത്രമല്ല അവർ പഴയ കാലത്തിൻ്റെ ലാളിത്യവും പരിശുദ്ധിയും ആഗ്രഹിക്കുന്നതും കാണാം. എന്നാൽ ചരിത്രം പരിശോധിച്ചാൽ പഴയ കാലം അത്രമാത്രം പരിശുദ്ധമോ സുന്ദരമോ ആയിരുന്നില്ലെന്നു നമുക്കു ബോധ്യമാവും. ആധുനികവൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത ആ പഴയ കാലത്ത് സ്ത്രീകളുടെ പ്രസവം പോലും അപകടകരമായിരുന്നുവെങ്കിലും പ്രത്യേകാനുകൂല്യങ്ങൾ ലഭ്യമായിരുന്ന ഒരു ധനികന്യൂനപക്ഷത്തിന്റെ അനുഭവം അത്ര മാത്രം മോശമായിരുന്നില്ല. അക്കാലത്തെ ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ജീവിതം ഹ്രസ്വവും ദുരിതപൂർണ്ണവും മൃഗസമാനവുമായിരുന്നു.
എന്തായിരുന്നാലും ആരു വിചാരിച്ചാലും കാലത്തെ പിറകോട്ടു നടത്തിച്ച് പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ സാധിക്കില്ല. അറിവും സാങ്കേതിക പരിജ്ഞാനവും വിസ്മരിക്കാനും കഴിയില്ല. ഭാവിയിലേക്ക് തുടർന്നുള്ള പ്രയാണം ആർക്കും തടഞ്ഞു നിർത്താനുമാവില്ല. ഗവേഷണത്തിനുള്ള ധനസഹായം സർക്കാർ സമ്പൂർണ്ണമായും നിർത്തലാക്കിയാലും (ഇപ്പോൾ അതങ്ങിനെയാണ് സംഭവിക്കുന്നത്) മത്സരങ്ങളുടെ കരുത്തിൽ സാങ്കേതികവിദ്യകൾ വികസിക്കും. പ്രതിഫലം കൊടുത്താലും ഇല്ലെങ്കിലും അടിസ്ഥാന ശാസ്ത്രത്തെപ്പറ്റി അന്വേഷിക്കുന്നതിൽ നിന്ന് അന്വേഷണതല്പരരെ തടഞ്ഞു നിർത്തുക സാധ്യമല്ല. ഇനിയുള്ള വികസനങ്ങൾ തടയണമെങ്കിൽ ഒരേ ഒരു വഴി അഖില ലോകാടിസ്ഥാനത്തിലുള്ള എന്തിനെയും തടയുകയും ഏതു പുതിയ കാര്യത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു സമഗ്രാധിപത്യമാണ്. എന്നാൽ ഈ രൂപത്തിൽ തടയിടാൻ കഴിയാത്ത വിധത്തിലുള്ളവയാണ് മനുഷ്യൻ്റ സംരംഭകത്വവും വൈഭവവുമെല്ലാം തന്നെ. മാറ്റങ്ങളുടെ വേഗത കുറയ്ക്കുക മാത്രമെ അത്തരം ഒരു സമഗ്രാധിപത്യത്തിനു സാധ്യമാവുകയുള്ളൂ.
ശാസ്ത്രവും സാങ്കേതിക വിദ്യകളും ലോകത്തെ മാറ്റിത്തീർക്കുമെന്ന വസ്തുത അംഗീകരിച്ചു കഴിഞ്ഞാൽപ്പിന്നെ ചുരുങ്ങിയത് നാം ചേയ്യേണ്ടത് അവയുണ്ടാക്കുന്ന മാറ്റങ്ങൾ ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിൽ തീരുമാനങ്ങളെടുക്കാനുള്ള ചുമതല വിദഗ്ധർക്ക് വിട്ടുകൊടുക്കുന്നതിനു പകരം ജനങ്ങൾക്ക് ശാസ്ത്രത്തെ സംബന്ധിക്കുന്ന അടിസ്ഥാന അറിവുകൾ ആർജിക്കാനും അവയുടെ പിൻബലത്തിലുള്ള അവബോധത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും വേണം. ജനങ്ങൾക്ക് ഇപ്പോൾ ശാസ്ത്രത്തോട് പരസ്പരവിരുദ്ധ സ്വഭാവത്തിലുള്ള വൈകാരിക നിലപാടുകളാണുള്ളത്. ശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യകളുടെയും പുതു വികാസങ്ങൾ തങ്ങളുടെജീവിത നിലവാരത്തെ മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുമ്പോൾത്തന്നെ ശാസ്ത്രത്തെക്കുറിച്ചുള്ള അറിവിൻ്റെ അഭാവം അവർക്ക് ശാസ്ത്രത്തിലുള്ള അവിശ്വാസത്തിനു കാരണമാവുകയും ചെയ്യുന്നു. ഭ്രാന്തൻ ശാസ്ത്രജ്ഞൻ പരീക്ഷണശാലയിൽ ഫ്രാങ്കൻസ്റ്റീനെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാർട്ടൂൺ ഈ അവിശ്വാസത്തിൻ്റെ ഒരുദാഹരണമാണ്. ഹരിതരാഷ്ട്രീയത്തിനു ലഭിക്കുന്ന ജനപിന്തുണയ്ക്കു പിന്നിലെ സുപ്രധാനമായ ഒരു ഘടകവും ഈ അവിശ്വാസമാണ്. എന്നാൽ ജനങ്ങൾക്ക് ശാസ്ത്രത്തിലുള്ള , പ്രത്യേകിച്ച് ജ്യോതിശാസ്ത്രത്തിലുള്ള വലിയതാല്പര്യം കോസ്മോസ് എന്ന ടെലിവിഷൻ പരിപാടിയിലും സയൻസ് ഫിക്ഷനിലും അവരിലേറെപ്പേർ ആകൃഷ്ടരാവുന്നു എന്നതിലൂടെ പ്രകടിതമാവുകയും ചെയ്യുന്നു.
അമ്ലമഴ, ഹരിതഗൃഹപ്രവാഹം, ആണവായുധങ്ങൾ, ജനറ്റിക് എഞ്ചിനിയറിംഗ് പോലെയുള്ള വിഷയങ്ങൾ സംബന്ധിച്ചൊക്കെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ തീരുമാനങ്ങൾ കൈക്കൊള്ളാനും ശാസ്ത്രത്തിലുള്ള താല്പര്യസൃഷ്ടിക്കും അവർക്ക് പിന്തുണ നൽകുന്നതിൽ എന്തു ചെയ്യാൻ സാധിക്കും? തീർച്ചയായുംസ്കൂളുകളിൽ എന്തു പഠിപ്പിക്കുന്നു എന്നതിലാണ് ഇവയുടെയൊക്കെ അടിത്തറ സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്കൂളുകളിൽ പലപ്പോഴും വളരെ വിരസമായും അനാകർഷകമായുമാണ് ശാസ്ത്രമവതരിപ്പിക്കുന്നത്. കുട്ടികൾ പരീക്ഷ ജയിക്കാൻ വേണ്ടി മാത്രം അവരുടെ ചുറ്റുമുള്ള ലോകത്തിലെ പ്രസക്തി എന്തെന്നറിയാതെയാണ് ശാസ്ത്രം പഠിക്കുന്നത്. കൂടാതെ ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നത് പലപ്പോഴും അവയുടെ സമവാക്യങ്ങളിലൂടെയാണ് . സമവാക്യങ്ങൾ ഗണിതാശയങ്ങൾ പ്രതിപാദിക്കാനുള്ള സംക്ഷിപ്തവും കൃത്യതയുമുള്ള ഉപാധികളാണെങ്കിലും അവ അധികമാളുകളെയും ഭയപ്പെടുത്തുന്നതായി തോന്നാറുണ്ട്. ഒരു ജനപ്രിയ പുസ്തകം രചിച്ച സന്ദർഭത്തിൽ എനിക്കു കിട്ടിയ ഉപദേശം അവയിൽ ഉൾച്ചേർക്കുന്ന ഒരോ സമവാക്യവും പുസ്തകത്തിൻ്റെ വില്പനയെ പകുതി കണ്ട് കുറയ്ക്കുമെന്നായിരുന്നു. അതുകൊണ്ട് ഞാനതിൽ ഐൻസ്റ്റയിൻ്റെ സുപ്രസിദ്ധമായ E=mc2 എന്ന സമവാക്യം മാത്രമെ ചേർത്തുള്ളൂ. ഒരു പക്ഷെ അതു കൂടി ഒഴിവാക്കിയിരുന്നെങ്കിൽ ആ പുസ്തകത്തിൻ്റെ ഇരട്ടി കോപ്പികൾ കൂടി വിറ്റുപോയേനെ.
ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും അവരുടെ ആശയങ്ങൾ സമവാക്യങ്ങളിൽ പ്രതിപാദിക്കുന്നതിനു കാരണം അവർക്ക് കൃത്യതയുള്ള അളവുകൾ ആവശ്യമായതിനാലാണ്. എന്നാൽ നമ്മെപ്പോലുള്ളവർക്ക് ശാസ്ത്രസംബന്ധിയായ വിഷയങളുടെ ഗുണപരമായ ധാരണ ലഭ്യമാവാൻ സമവാക്യങ്ങൾ ഉപയോഗിക്കാതെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള പ്രതിപാദനങ്ങൾ മതിയാവും.
സാമാന്യജനങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസ കാലത്ത് പഠിക്കുന്ന ശാസ്ത്രത്തിലൂടെ തന്നെ അടിസ്ഥാന ധാരണകൾ കൈവരിക്കാൻ സാധിക്കും. എന്നാൽ അവർ സ്ക്കൂളുകളിലും കോളേജുകളിലും പഠിച്ച കാലത്തെ അപേക്ഷിച്ച് എത്രയോ വലിയ നിരക്കിലുള്ള ശാസ്ത്ര വികാസമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഞാൻ സ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് തന്മാത്രാ ജീവശാസ്ത്രം സംബന്ധിച്ചോ ട്രാൻസിസ്റ്റ റുകൾ സംബന്ധിച്ചോ ഉള്ള വിഷയങ്ങൾ പഠിച്ചിരുന്നില്ല. എന്നാൽ ജനിതക എഞ്ചിനീയറിംഗും കമ്പ്യൂട്ടറുകളുമാണ് നമ്മുടെയെല്ലാം ഭാവിജീവിതത്തെ നിർണ്ണയിക്കാൻ പോകുന്ന ശാസ്ത്രവികാസമേഖലകൾ. ശാസ്ത്ര വികാസസംബന്ധിയായ നവീന ആശയങ്ങൾ ശാസ്ത്ര മാസികകളിലൂടെയും ജനപ്രിയ പുസ്തകങ്ങളിലൂടെയും ലഭ്യമാവുമെങ്കിലും ജനപ്രിയമെന്ന നിലയിൽ ഏറെ വിജയിച്ച പുസ്തകം പോലും വായിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. ടെലിവിഷൻ പരിപാടികൾക്കു മാത്രമെ ഒരു വലിയ പ്രേക്ഷകസമൂഹത്തെ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. ടെലിവിഷനുകളിൽ ചില നല്ല പരിപാടികൾ ഉണ്ടാവാറുണ്ടെങ്കിലും മറ്റുള്ളവ പലതും വേണ്ടത്ര വിശദീകരണങ്ങൾ ഇല്ലാത്ത ശാസ്ത്ര അത്ഭുതങ്ങളും മാജിക്കുകളുമായിരിക്കും. ടെലിവിഷൻ പരിപാടികൾ ഉൽപ്പാദിപ്പിക്കുന്നവർ ഓർമിക്കേണ്ടത് അവർക്ക് ജനങ്ങളെ പഠിപ്പിക്കാനുള്ള ബാധ്യതയാണുള്ളത് അല്ലാതെ രസിപ്പിക്കൽ മാത്രമല്ല എന്നതാണ്.
ഭാവിയിൽ ജനങ്ങൾക്ക് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടുന്ന ശാസ്ത്രസംബന്ധിയായ വിഷയങ്ങൾ എന്തൊക്കെയാണ് ?
ആണവായുധങ്ങൾ സംബന്ധിചുള്ള തീരുമാനങ്ങൾ തന്നെയാണ് പരമപ്രധാനം. ഭക്ഷ്യസുരക്ഷ, കാലാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ട്. ഒരാണവയുദ്ധം എന്നാൽ ദിവസങ്ങൾക്കകം തന്നെ ഭൂമുഖത്ത് മനുഷ്യകുലത്തിൻ്റെ അന്ത്യമെന്നാണർത്ഥമാക്കേണ്ടത്. ശീതയുദ്ധത്തിൻ്റെ അന്ത്യത്തോടെ കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും ഇടയിലുണ്ടായിട്ടുള്ള സംഘർഷങ്ങളിലുള്ള അയവ് ആണവയുദ്ധം സംബന്ധിച്ച് ജനമനസ്സുകളിലുണ്ടായിരുന്ന ആശങ്കയുടെ അളവ് കുറച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ മുഴുവൻ പല തവണ കൊന്നൊടുക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങൾ നിലവിലുള്ള കാലത്തോളം അപകടാവസ്ഥ തുടരുക തന്നെ ചെയ്യും. അമേരിക്കയിലും പഴയ സോവിയറ്റു യൂനിയനിലും ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലെ നഗരങ്ങളെ ആകെ നശിപ്പിക്കാനുള ആണവായുധങ്ങൾ സജ്ജമാക്കിത്തന്നെ നിർത്തിയിട്ടുണ്ട്. ഒരു കമ്പ്യൂട്ടർ പിഴവോ ആയുങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ടവരുടെ ഒരു കലാപമോ മതി ഒരു ലോകയുദ്ധമാരംഭിക്കാൻ. താരതമ്യേന ദുർബലരായ രാഷ്ട്രങ്ങളും ആണവായുധങ്ങൾ കൈവരിക്കുന്നു എന്നത് എറെ ആശങ്കയുളവാക്കുന്ന മറ്റൊരു കാര്യമാണ്. പ്രബലരാഷ്ട്രങ്ങൾ അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കാറുണ്ടെങ്കിലും ആ രൂപത്തിലുള്ള ഒരുത്തരവാദിത്വം ലിബിയ, ഇറാക്ക്, പാക്കിസ്ഥാൻ , അസർബൈജാൻ പോലുള്ള ചെറുരാഷ്ട്രങ്ങൾ കാണിക്കുമെന്ന് ഉറച്ച് വിശ്വസിക്കാൻ പറ്റില്ല. അത്തരം രാഷ്ട്രങ്ങൾ കൈവരിക്കുന്ന ആണവായുധങ്ങളുടെ അപകടസാധ്യത താരതമ്യേന കുറവായിരിക്കുമെങ്കിലും ദശലക്ഷക്കണക്കിനാളുകളെ ഇല്ലാതാക്കാൻ അവ തന്നെ മതിയാവും. എന്നാൽ രണ്ടു ദുർബല രാഷ്ട്രങ്ങൾ ആണവയുദ്ധത്തിലേർപ്പെട്ടാൽ അവർക്കു പിന്നിൽ ധാരാളം ആയുധങ്ങൾ കൈവശമുള്ള വൻശക്തികൾ അണിനിരക്കാനുള്ള സാധ്യതയാണ് വലിയ അപകടമായി കാണേണ്ടത്.
ജനങ്ങൾ അപകടാവസ്ഥ മനസ്സിലാക്കി തങ്ങളുടെ ഭരണാധികാരികളിൽ നിരായുധീകരണത്തിനുള്ള സമ്മർദ്ദം സൃഷ്ടിക്കുക എന്നതാണ് പരമപ്രധാനമായത്. ആണവായുധങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമായി സാധ്യമാവില്ലെങ്കിലും ആയുധങ്ങളുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും അപകടനിലയിൽ ലഘൂകരണം സാധ്യമാക്കാൻ കഴിയും.
നമുക്ക് ആണവയുദ്ധങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ പോലും നമ്മെയെല്ലാം നശിപ്പിക്കാൻ കഴിയുന്ന മറ്റു ചില അപകടങ്ങളുമവശേഷിക്കും. ഒരന്യഗ്രഹ സംസ്ക്കാരവുമായി നമുക്കിതു വരെ ബന്ധപ്പെടാൻ കഴിയാഞ്ഞതിനു കാരണം അത്തരമൊരു സംസ്കാരം നമ്മുടെ നിലയിൽ വളരുമ്പോൾ സ്വയം നശിക്കുമെന്നതു കൊണ്ടാണെന്ന് ഫലിത രൂപേണ പറയാറുണ്ട്. എന്നാൽ ഇതു തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യതയെപ്പറ്റി ജനങ്ങൾക്കുള്ള അവബോധം സംബന്ധിച്ച് എനിക്ക് നല്ല വിശ്വാസവുമാണുള്ളത്.