പച്ചക്കറികൾ കഴിക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്ക് പോലും പൊട്ടറ്റോ ചിപ്സും ഫ്രഞ്ച് ഫ്രൈയും ഇഷ്ടമാണ്. ദോശക്കുള്ളിൽ മസാലയായും പൂരിക്ക് സബ്ജിയായും കറികൾക്കു കൂടുതൽ സ്വാദേകിയും, ഏത് ചേരുവയോടും ചേർന്ന് അതായിത്തീരുന്ന ഉരുളക്കിഴങ്ങ് വീട്ടമ്മമാർക്കും പ്രിയം തന്നെ. വ്യത്യസ്ത രീതികളിൽ, രുചി ഭേദങ്ങളിൽ നിഷ്പ്രയാസം പാചകം ചെയ്തെടുക്കാമെന്ന സൗകര്യം തന്നെയാണ് ഉരുളക്കിഴങ്ങിന്റെ വർദ്ധിച്ച ജനപ്രീതിക്ക് കാരണം.
സമീകൃതാഹാരത്തെക്കുറിച്ച് നമുക്കറിയാം. ഒരൊറ്റ ഭക്ഷ്യവിള മാത്രം കഴിച്ച് ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ മനുഷ്യർക്ക് സാധിക്കുമെങ്കിൽ അത് ഉരുളക്കിഴങ്ങ് മാത്രമാണ്. ഉരുളക്കിഴങ്ങും പാലും മാത്രം ഭക്ഷിക്കുകയാണെങ്കിൽ മോളിബ്ഡിനം എന്ന മൂലകമൊഴികെ മറ്റെല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. അന്നജം, വിറ്റമിൻ സി, വിറ്റമിൻ കെ, നാരുകൾ എന്നിവയുടെ പോഷകകലവറയാണ് ഉരുളക്കിഴങ്ങ്. വിറ്റമിൻ എ, ഡി, കാൽസ്യം എന്നിവയ്ക്കായി പാലിനെ ആശ്രയിക്കുകയാണെങ്കിൽ ഉരുളക്കിഴങ്ങും പാലും ചേർന്നാൽ സമീകൃതാഹാരമായി. ഇത്തരം ഭക്ഷണ രീതിഭക്ഷണരീതിഭക്ഷണ രീതി അവലംബിക്കുക വഴി മനുഷ്യകുലം അതിജീവിച്ച ചരിത്രമുണ്ട്. മാനവരാശിയുടെ വളർച്ചയും തളർച്ചയുമായി ഉരുളക്കിഴങ്ങിന്റെ ചരിത്രം അത്രമാത്രം കെട്ടുപിണഞ്ഞുകിടക്കുന്നു.
തെക്കേ അമേരിക്കയിലെ പെറു, ബൊളീവിയ എന്നിവിടങ്ങളിൽ അധിവസിച്ചിരുന്ന പുരാതനനിവാസികളായ ഇൻഡിക ഇന്ത്യൻസ്, 8000 BC മുതൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. 150 തരത്തിലുള്ള ഉരുളക്കിഴങ്ങ് വർഗങ്ങളെക്കുറിച്ച് ഇവർക്കറിയാമായിരുന്നു. കാട്ടു കിഴങ്ങുകളായിരുന്ന ഇവയിൽ വിഷലിപ്‌തമായ ഗ്ലൈക്കോ ആൽകലോയ്ഡ്‌സ് നിറയെയുണ്ട്. ഇത്തരത്തിൽ ഉയർന്ന സാന്ദ്രതയിലുള്ള ആൽകലോയ്ഡ്‌സിനെ കുറച്ചു കൊണ്ടുവന്ന് ഭക്ഷ്യയോഗ്യമായ സങ്കരയിനം ഉരുളകിഴങ്ങുകൾ ഇൻക വംശജർ ഉത്പാദിപ്പിച്ചതെങ്ങനെയാണെന്നത് ആധുനിക ലോകത്തിന് ഇന്നും അജ്ഞാതമാണ്.
AD 1532 ന് ശേഷം ഇവിടങ്ങളിൽ സ്വർണം തേടിയെത്തിയ സ്പാനിഷ് അധിനിവേശക്കാർ സ്വർണഖനികളെക്കാൾ മൂല്യമേറിയ ഈ ഭക്ഷ്യവിളയെ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ല. പത്ത് വർഷത്തോളം ഉരുളക്കിഴങ്ങ് കേടുകൂടാതെ സൂക്ഷിക്കാൻ ( chuno ) ഇൻക സാമ്രാജ്യവാസികൾക്കറിയാമായിരുന്നു. വിളനാശം സംഭവിച്ചാൽക്കൂടി മികച്ച രീതിയിലുള്ള ഉരുളക്കിഴങ്ങ് സംഭരണത്തിലൂടെ ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഇൻകകൾ പ്രാപ്തരായിരുന്നു. സ്പെയിൻകാരാകട്ടെ സ്വദേശത്തേക്കുള്ള മടക്ക യാത്രകളിൽ കപ്പലിൽ അടിസ്ഥാന റേഷനായി ഉരുളക്കിഴങ്ങ് നല്കിപ്പോന്നു. മിച്ചം വന്ന കിഴങ്ങുകൾ സ്പെയിനിലെത്തിയപ്പോൾ മണ്ണിലിട്ട് മുളപ്പിച്ചു. 1570 കളിൽ സ്പെയിനിൽ ഉരുളക്കിഴങ്ങ് കൃഷിയാരംഭിച്ചു. കന്നുകാലികൾക്കുള്ള തീറ്റയായാണ് അന്നൊക്കെ ഉരുളക്കിഴങ്ങുപയോഗിച്ചു പോന്നത്. സ്പെയിനിൽ നിന്നും ഇറ്റലിയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ക്രമേണ ഉരുളക്കിഴങ്ങ് കൃഷി വ്യാപിച്ചു.
യൂറോപ്പിലെത്തിയിട്ടും 150 വർഷത്തോളം ഉരുളക്കിഴങ്ങ് നികൃഷ്ട വിളയായി കണക്കാക്കപ്പെട്ടു. ഭക്ഷ്യയോഗ്യമായ ഭാഗം സൂര്യന് നേരെ വളരുന്നതിന് പകരം മണ്ണിനടിയിൽ വിളയുന്നത് ചെടിയുടെ അധമഗുണമാണ് കാണിക്കുന്നതെന്നായിരുന്നു പൊതു അഭിപ്രായം. വിശുദ്ധഗ്രന്ഥത്തിൽ പരാമർശിച്ചിട്ടില്ലാത്ത കിഴങ്ങിനെ പിശാചിന്റെ വിളയായി കരുതി തിരസ്കരിക്കാനുള്ള മതപുരോ ഹിതരുടെ ആഹ്വാനവും ഉരുളക്കിഴങ്ങ് കൃഷിയെ ഏറെക്കാലം അന്ധവിശ്വാസത്തിന്റെ കരിനിഴലിൽ നിർത്തി.
എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടിന് വിരുദ്ധമായി അയർലണ്ടിലെ ജനത ഉരുളക്കിഴങ്ങ് കൃഷിയെ സുസ്വാഗതം ചെയ്തു. ദൈവദത്തമായ കിഴങ്ങ്,, അംഗങ്ങളേറെയുള്ള കുടുംബത്തെ പട്ടിണിയിൽ നിന്നും കാത്തു രക്ഷിക്കുമെന്ന് ഐറിഷ്കാർക്കുറപ്പുണ്ടായിരുന്നു. കല്ല് നിറഞ്ഞ ഒരേക്ര ഭൂമിയിലുള്ള ഉരുളക്കിഴങ്ങ് കൃഷി വർഷം മുഴുവൻ നല്ല വിളവുനല്കി അവരുടെ വിശപ്പകറ്റി. 1780 ഓട് കൂടി ഐറിഷ് ജനതയുടെ 90 % വും പൂർണ്ണമായോ ഭാഗികമായോ ഉരുളക്കിഴങ്ങ് ഭക്ഷണമായി ഉപ യോഗിച്ചു വന്നു. ഇക്കാലയളവിൽ ഉരുളക്കിഴങ്ങും പാലും അല്ലെങ്കിൽ ഉരുളക്കിഴങ്ങും വെള്ളവും പോഷണം നൽകി അവരുടെ ജീവൻ നിലനിർത്തി.
ചാൾസ് ഡാർവിൻ പ്രസ്താവിച്ചതു പോലെ ഏത് കാലാവസ്ഥയിലും – മരുഭൂമികളിലും മഴക്കാടുകളിലും – വളരാനുള്ള കഴിവ് തന്നെയാണ് ഉരുളക്കിഴങ്ങിന്റെ പ്രത്യേകത. ഉയർന്ന വിളവും പോഷക മൂല്യവും സ്വീകാര്യത കൂട്ടുന്ന ഘടകങ്ങളാണ്. എങ്കിലും വളരെയേറെ കീടബാധകൾക്ക് സാദ്ധ്യതയുള്ള പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പല തരം രോഗങ്ങൾ ക്കും 260 തരത്തിലുള്ള കീടാക്രമണങ്ങൾക്കും (Blight or infestation ) വിധേയമാകുന്ന സസ്യമാണിത്. യൂറോപ്പിൽ കൃഷിയാരംഭിച്ചത് മുതൽ അയർലണ്ടിലെ കടുത്ത ക്ഷാമകാലം (Great Irish famine) വരെയുള്ള 120 വർഷങ്ങളിൽ 24 തവണ വിളനാശമുണ്ടായ ചരിത്രം ഉരുളക്കിഴങ്ങിനുണ്ട്. 1739 ലുണ്ടായ ഫംഗസ് ബാധ കനത്ത കൃഷിനാശമുണ്ടാക്കുകയും മൂന്ന് ലക്ഷത്തോളമാളുകളുടെ പട്ടിണി മരണത്തിനിടയാക്കുകയും ചെയ്തു. കൂടുതൽ രൂക്ഷമായ ക്ഷാമം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1845-49 ലുണ്ടായ കടുത്ത ക്ഷാമ കാലത്ത് (Great Irish famine) തുടർച്ചയായ വർഷങ്ങളിലുണ്ടായ ഫംഗസ് ബാധ (phytophthora infestane) അനേകം പട്ടിണി മരണങ്ങൾക്ക് ഇടയാക്കി. പത്ത് ലക്ഷം പേർ മരണപ്പെടുകയും അത്ര തന്നെ ആളുകൾ പാലായനം ചെയ്യുകയുമുണ്ടായി. ലണ്ടനും അയർലണ്ടും മില്യൺ കണക്കിന് ടൺ സമുദ്രവിഭവങ്ങളും ധാന്യങ്ങളും മാംസവും മുട്ടയും കയറ്റുമതി ചെയ്തിരുന്ന ഇക്കാലയളവിൽ നിരാംലബരായ ഐറിഷ് ജനത വിശപ്പിനോട് പൊരുതി തോൽക്കുകയായിരുന്നുവെന്നത് വിരോധാഭാസമായി തോന്നാം.
ഉപരിവർഗ്ഗ ജനത ഉരുളക്കിഴങ്ങിന്റെ രുചിയറിഞ്ഞു തുടങ്ങിയതോടെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ കർഷകരും ഉരുളക്കിഴങ്ങ് കൃഷിയിലേക്കിറങ്ങാൻ നിർബന്ധിതരായി. അന്ധവിശ്വാസങ്ങളിലുഴറിയ ഭൂവുടമകൾ രാജകല്പനയുണ്ടായിട്ടും ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ വിസമ്മതിച്ചു. ഇതിന് പരിഹാരം കാണാൻ അധികാരികൾ പലവിധ തന്ത്രങ്ങൾ മെനഞ്ഞു. കൊട്ടാരത്തിലെ ഉദ്യാനങ്ങളിൽ ഉരുളക്കിഴങ്ങ് ചെടികൾ നട്ടുപിടിപ്പിക്കുകയും അവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ച് കനത്ത കാവലേല്പിക്കുകയുമാണ് രാജാവ് ചെയ്തത്. ഇപ്രകാരം മഹത് വൽക്കരിക്കപ്പെട്ട ചെടികൾ രാത്രികാലങ്ങളിൽ മോഷ്ടിക്കപ്പെടുകയും വീടുകളിൽ രഹസ്യമായി വളർത്തപ്പെടുകയും പിന്നീട് കൃഷിയിടങ്ങളിൽ വ്യാപകമാകുകയും ചെയ്തു. ഉദ്ദേശിച്ച ഫലപ്രാപ്തിയിൽ അധികാരികൾ സന്തുഷ്ടരായി എന്ന് പറയേണ്ടതില്ലല്ലോ.
വ്യവസായ വിപ്ലവവും ജനസംഖ്യാവിസ്ഫോടനവും ഉരുളക്കിഴങ്ങിനെ കൂടുതൽ ജനകീയമാക്കി. നഗരങ്ങളിൽ തിങ്ങിപ്പാർത്ത ഫാക്ടറി തൊഴി ലാളികൾക്ക് ദിവസവും പതിനാറുമണിക്കൂർ വരെയൊക്കെ ജോലി ചെയ്യേണ്ടി വന്നു. ഇത്രയും നീണ്ട ജോലി കഴിഞ്ഞുവരുമ്പോൾ എളുപ്പത്തിൽ പാചകം ചെയ്യാവുന്ന, നിറയെ ഊർജ്ജം നൽകുന്ന, വയറ് നിറഞ്ഞെന്ന സംതൃപ്തിയുളവാക്കുന്ന വിഭവമായി ഉരുളക്കിഴങ്ങ് തീൻ മേശയിൽ ഇടം പിടിച്ചു.
യൂറോപ്പിലുടനീളം തുടർച്ചയായി നടന്ന യുദ്ധങ്ങളിൽ കൃഷിയിടങ്ങളിലൂടെയുള്ള സൈനിക മുന്നേറ്റങ്ങൾ പതിവായിരുന്നു. ഉപരിത ലത്തിലുണ്ടായിരുന്ന മുഴുവൻ വിളകളും നശിപ്പിച്ചിരുന്ന ഇത്തരം പോരാട്ടങ്ങൾ ഭൂമിക്കടിയിൽ സുരക്ഷിതമായി വിളയുന്ന ഉരുളക്കിഴങ്ങു കൃഷിയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിച്ചു.
വിശപ്പിനും പോഷണത്തിനുമപ്പുറം വൈകാരികമായ പരിവേഷം കൂടി കല്പിച്ചാണ് ബ്രിട്ടീഷ്കാർ ഉരുളക്കിഴങ്ങിന്റെ വേരോട്ടം ഇന്ത്യൻ മണ്ണിലുറപ്പിച്ചത്. സന്തോഷം പ്രദാനം ചെയ്യാൻ കഴിയുന്ന ഭക്ഷണമായാണ് (potato is the embodiment of happiness) ഇന്ത്യാക്കാർക്കിടയിലിത് അവതരിപ്പിക്കപ്പെട്ടത്. കയറ്റുമതിക്ക് പുറമെ വലിയ തോതിലുള്ള ആഭ്യന്തര വിപണനവും ബ്രിട്ടീഷുകാർ മനസ്സിൽ കണ്ടിരുന്നു. ഇന്ത്യക്കാരുടെ അരി ഭക്ഷണത്തിന് പകരമാകും ഉരുളക്കിഴങ്ങ് എന്ന ചിന്തയാണ് കൃഷി വിപുലമാക്കാൻ അധികാരികളെ പ്രേരിപ്പിച്ചത്. എന്നാൽ അരിയെ മാറ്റി നിർത്താതെ തന്നെ മറ്റ് കിഴങ്ങു വർഗങ്ങളുടെയും വെള്ളരി വർഗങ്ങളുടെയും (gourds) സ്ഥാനത്തേക്കാണ് ഇന്ത്യൻ ഭക്ഷണത്തളികയിൽ ഉരുളക്കിഴങ്ങ് കടന്നുവന്നത്.
ഇൻകാ സാമ്രാജ്യത്തിൽ നിന്നാരംഭിച്ച ഉരുളക്കിഴങ്ങിന്റെ ജൈത്രയാത്ര ലോകമെമ്പാടുമെത്തി നിൽക്കുകയാണ്. പ്രായഭേദമന്യേ രുചിമുകുളങ്ങളെ സ്വാധീനിച്ച മറ്റ് ഭക്ഷ്യവിളകൾ ഏറെയില്ല. കാർഷിക വിപ്ലവങ്ങൾക്ക് മുന്നേ ജനലക്ഷങ്ങൾക്ക് അന്നമേകിയ അത്ഭുതവിളയെ എത്ര മാനിച്ചാലും അധികമാവില്ല. വിളയുമ്പോൾ അതിജീവനൗഷധമായും കരിയുമ്പോൾ അശനിപാതമായും മനുഷ്യകുലത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റേതു വിളയുണ്ട് ഭൂമിയിൽ.