സന്തോഷ് ശേംഡ്കർ
പരിഭാഷ – ജയ് സോമനാഥൻ വി.കെ , ചിത്രങ്ങള്‍ : ശ്രീജ പള്ളം (ഫേസ്ബുക്കില്‍ പങ്കിടുന്ന Visage of corona days ചിത്രപരമ്പരയില്‍ നിന്നും)
കവിത കേൾക്കാം
രാജാവേ,നിങ്ങളാണ് തെറ്റുകാരൻ
ഭക്തന്മാർ നിങ്ങളെ എത്രത്തോളം
പാടിപ്പുകഴ്ത്തിയാലും
അവർ നിങ്ങളെ ലോകരക്ഷകനെന്ന് തന്നെ നിനച്ചാലും,
ഈ രാജ്യത്തെ ജനങ്ങൾക്കു മുമ്പിൽ
രാജാവേ ,നിങ്ങളാണ് തെറ്റുകാരൻ
വിചിത്രസ്വഭാവക്കാരനായൊരു രാജാവുണ്ടായിരുന്നു
കാലങ്ങൾക്ക് മുമ്പ്, റോമിൽ.
റോം കത്തിയെരിയുമ്പോൾ അയാൾ
വീണ വായിക്കുകയായിരുന്നു.
നിങ്ങളും അതുപോലെ തന്നെ.
ജനങ്ങൾ പകർച്ചവ്യാധിയോട് പൊരുതിക്കൊണ്ടിരിക്കുമ്പോൾ
നിങ്ങൾ മൈക്കിലൂടെ അലറിക്കൊണ്ടിരുന്നു
രാജ്യത്ത് മരണം താണ്ഡവമാടുമ്പോൾ
നിങ്ങൾ തിരഞ്ഞെടുപ്പുൽസവക്കളികളിലായിരുന്നു.
എത്ര തന്നെ വോട്ടു നേടിയാലും
എല്ലായിടത്തും താമര വിരിഞ്ഞാലും
നിങ്ങളാണ് തെറ്റുകാരൻ.
ജനങ്ങൾക്കു മുന്നിൽ ശരിക്കും തെറ്റുകാരൻ.
ഞങ്ങൾ ടെസ്റ്റിങ്ങിനായി ദിവസം മുഴുവൻ വരി നിൽക്കുന്നത് നിങ്ങളറിയുന്നുണ്ടോ?
ഒരു ബെഡ് കിട്ടാൻ റോഡിൽ കാത്ത് നിൽക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ?
എവിടേയും കാത്തിരിപ്പാണ്…
മരുന്നന്വേഷിച്ച് ഒരുപാട് അലഞ്ഞു,
ഓക്സിജനായി കാത്തിരുന്നു,
അവസാനം ശ്മശാനത്തിലും… കാത്തിരിപ്പ്.
തങ്ങളുടെ ജീവൻ രക്ഷിക്കാൻ
പാവങ്ങളായ പട്ടിണിക്കാർ,
സാധാരണക്കാർ പൊരുതുകയാണ്.
ആരുടെയൊക്കെയൊ അമ്മമാർ
അവസാനശ്വാസത്തിനായി പിടയുന്നു.
ആരുടെയൊക്കെയൊ അച്ഛന്മാർ
ഓക്സിജൻ കിട്ടാതെ മരിച്ചുവീഴുന്നു.
മരുന്നുകളില്ല,
ശവങ്ങൾ ദഹിപ്പിക്കാനുള്ള
വിറക് പോലുമില്ല.
ഭയമാണ് ആകെ,
ഉയരുന്നത് മരണവിലാപങ്ങൾ മാത്രം.
‘മഹാമാരി’ യുടെ ഈ രണ്ടാം വരവ്
നിങ്ങൾക്ക് അറിയാമായിരുന്നില്ലേ?
ജനങ്ങളിവിടെ വിശന്ന് മരിച്ചു വീഴുന്നത്
നിങ്ങൾ അറിയാത്തതാണൊ?
നിങ്ങളെ തിരഞ്ഞെടുക്കുമ്പോൾ
ഞങ്ങൾക്കൊരു സ്വപ്നമുണ്ടായിരുന്നു. ഏതെങ്കിലുമൊരു കക്ഷിക്കപ്പുറത്താണ് ഞങ്ങടെ രാജാവെന്നഭിമാനിച്ചിരുന്നു.
പറയു രാജാവേ, എവിടെയാണ് നിങ്ങൾ?
നിങ്ങളുടെ മന്ത്രിമാർ എവിടെയാണ്?
ഞങ്ങൾക്കറിയാം, നിങ്ങൾ തിരഞ്ഞെടുപ്പുവിജയത്തിനായുള്ള
രണാങ്കണത്തിലായിരുന്നു.
വോട്ട് ചോദിച്ച് കരയുകയായിരുന്നു.
അമ്പത്താറിഞ്ച് നെഞ്ചളവ്
ഒരു പക്ഷെ ഇനിയും വികസിച്ചേക്കും.
എന്നാൽ എത്ര ചിതകളിൽ താമര വിരിയുമെന്നത് നിങ്ങൾക്ക് എണ്ണിത്തീർക്കാനാവില്ല.
നിങ്ങളുടെ വാക്കുകളുടെ ഇന്ദ്രജാലത്തിൽ മയങ്ങി
നോട്ടുനിരോധനം ഞങ്ങൾ സഹിച്ചു.
ജി എസ് ടി യും സഹിച്ചു
ഡോക് ലാമിനെക്കുറിച്ച് ചോദ്യമുയർത്തിയില്ല.
സർജിക്കൽ സ്ട്രൈക്ക് കൈയുംകെട്ടി നോക്കി നിന്നു.
സീസൽ വില കൂട്ടിയപ്പോൾ, ഞങ്ങൾ
നെഞ്ചുവിരിച്ച് മൗനികളായി.
ജാതിമതചിന്ത മൂർഛിപ്പിച്ചപ്പോഴും
ഞങ്ങൾ നിശ്ശബ്ദരായി നോക്കി നിന്നു.
മഹാമാരിയെ തുരത്താനായി നിങ്ങൾ പറഞ്ഞത് പാത്രം കൊട്ടാനാണ്,
ഞങ്ങളതോരോന്നും അനുസരിച്ചു..
പാത്രം കൊട്ടി, ദീപം കൊളുത്തി,
ഗോ കൊരോണ ഗോ മന്ത്രമുരുവിട്ടു..
നിങ്ങളുടെ ഭക്തർ കർഷകരെ വിളിച്ചത്
ഖലിസ്ഥാനികളെന്നായിരുന്നു.
ഞങ്ങളത് കേട്ടു നിന്നു.
ചൊദ്യം ചെയ്യുന്നവരേയെല്ലാം
രാജ്യദ്രോഹികളെന്ന് ആക്ഷേപിക്കുകയായിരുന്നല്ലോ.
ശരിയാണ്, ഞങ്ങൾ നിശ്ശബ്ദരായിരുന്നു
ഇല്ല മൗനികളാവാൻ ഇനിയും കഴിയില്ല
സഹിച്ചിരിക്കില്ല ,ചോദ്യങ്ങളുയർത്തും.
ഞങ്ങൾ പൊരുതാനുറച്ചിരിക്കയാണ്.
ആ സിംഹാസനത്തിൽ നിന്നിറങ്ങി അഹങ്കാരം വെടിഞ്ഞ് ചുറ്റും ഒന്ന് നോക്കു
കണ്ണാടിക്ക് മുന്നിൽ ഒന്ന് ചെന്നു നിൽക്കൂ
നിങ്ങൾ വിതച്ച സ്വപ്നമെന്തായിരുന്നു?
എന്താണിപ്പോൾ വിളവെടുക്കുന്നത്?
ഭക്തരുടെ ചോര തിളക്കുന്നുണ്ടെന്ന്
ഞങ്ങൾക്കറിയാം
ഞങ്ങളെ രാജ്യദ്രോഹികളാക്കുമെന്നുമറിയാം
എങ്കിലും ഞങ്ങൾ ഉറക്കെ വിളിച്ചു പറയും
രാജാവേ
നിങ്ങളാണ് തെറ്റുകാരൻ
നിങ്ങളാണ് തെറ്റുകാരൻ
നിങ്ങളാണ് തെറ്റുകാരൻ..
Do not use this place for your political motto