Read Time:9 Minute
[author title=”സാബു ജോസ്” image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg”][/author]

ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്. 2016 ജൂലൈ 7 ന് അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്ത HD131399Ab എന്ന ഗ്രഹം മൂന്ന് നക്ഷത്രങ്ങളുള്ള വ്യൂഹത്തിന്റെ ഭാഗമാണ്. ഈ ഗ്രഹത്തെപറ്റിയുള്ള വിശേഷങ്ങള്‍ വായിക്കാം.

plant-three-stars
ത്രയനക്ഷത്ര ഗ്രഹം | courtesy: http://www.ibtimes.com
[dropcap]ഭൂ[/dropcap]

മിയില്‍ നിന്നും 340 പ്രകാശവര്‍ഷം അകലെയുള്ള സെന്റാറസ് നക്ഷത്രഗണത്തിലുള്ള HD131399Ab എന്ന ഗ്രഹം വ്യാഴത്തിന്റെ നാലുമടങ്ങ് വലിപ്പമുള്ള വാതകഗോളമാണ്. HD131399A, B, C എന്നിങ്ങനെ പേരിട്ടിട്ടുള്ള മൂന്ന് നക്ഷത്രങ്ങളാണ് ഈ വ്യൂഹത്തിലുള്ളത്. ഇതില്‍ HD131399A നക്ഷത്രം സൂര്യന്റെ 1.8 മടങ്ങ് വലിപ്പമുള്ള വെള്ള ഭീമന്‍ നക്ഷത്രമാണ്. B നക്ഷത്രം സൂര്യനേക്കാള്‍ അല്‍പ്പം ചെറുതും C നക്ഷത്രം സൂര്യന്റെ പകുതിയുമുള്ള കുള്ളന്‍ നക്ഷത്രവുമാണ്. പുറമെയുള്ള ഒരു പൊതു പിണ്ഡകേന്ദ്രത്തെ ആധാരമാക്കി കുള്ളന്‍നക്ഷത്രങ്ങള്‍ പരസ്പരം പ്രദക്ഷിണം ചെയ്യുന്നുണ്ട്. കുള്ളന്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ 140 കോടി കിലോമീറ്റര്‍ ദൂരണ്ട്. 1220 കോടി കിലോമീറ്റര്‍ ശരാശരി വ്യാസാര്‍ദ്ധമുള്ള ദീര്‍ഘവൃത്ത പഥത്തിലൂടെയാണ് ഗ്രഹം വലിയ നക്ഷത്രത്തെ ചുറ്റുന്നത്. ഇത് സൂര്യനും പ്ലൂട്ടോയ്ക്കും ഇടയിലുള്ള ശരാശരി ദൂരത്തിന്റെ രണ്ട് മടങ്ങാണ്. 550 വര്‍ഷങ്ങള്‍ കൊണ്ടാണ് ഗ്രഹം ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. ഈ കാലഘട്ടത്തിന്റെ നാലില്‍ ഒരു ഭാഗവും, ഏകദേശം 140 ഭൗമവര്‍ഷങ്ങള്‍ ഗ്രഹത്തില്‍ തുടർച്ചയായി പകലായിരിക്കും. വ്യാഴത്തെപ്പോലെതന്നെ ഹൈഡ്രജനും ഹീലിയവുമാണ് ഗ്രഹ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അന്തരീക്ഷത്തില്‍ ജലബാഷ്പവും മീഥേയ്‌നും സമൃദ്ധമായി ഉണ്ട്. മേഘപാളികളിലെ ശരാശരി താപനില 577 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ വ്യാഴത്തിന്റെ അന്തിരീക്ഷത്തിലുള്ള മേഘപാളികള്‍ പോലെ കട്ടിയുള്ളവയല്ല ഇത്. ഇരുമ്പുപരലുകളാണ് ഗ്രഹത്തില്‍ മഴയായി പെയ്യുന്നത്.

SPHERE observations of the planet HD 131399Ab
ചിലിയിലുള്ള വെരി ലാര്‍ജ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് പകര്‍ത്തിയ ത്രിനക്ഷത്രവ്യൂഹത്തിലെ HD131399Ab | By ESO/K. Wagner et al via Wikimedia Commons
വളരെ വലിയ പ്രദക്ഷിണപഥമുള്ള എക്‌സോപ്ലാനറ്റുകളെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് HD131399Ab ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുന്നത്. ആകാശത്തെ വിവിധ മേഖലകളായി തിരിച്ച് ഭൂതല ദൂരദര്‍ശിനികളുപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ പി.എച്ച്.ഡി ഗവേഷകനായ കെവിന്‍ വേഗ്നറുടെ നേതൃത്വത്തിലുള്ള സംഘം ചിലിയിലുള്ള യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലിസ്‌ക്കോപ്പ് ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ തിരിച്ചറിഞ്ഞത്. ദൂരദര്‍ശിനിയിലുള്ള സ്ഫിയര്‍ (Spectro-Polarimetric High-contrast Exoplanet REsearch Instrument- SPHERE) എന്ന ശാസ്ത്രീയ ഉപകരണത്തിന്റെ സഹായത്തോടെയാണ് അവര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇന്‍ഫ്രാറെഡ് വികിരണങ്ങളോട് സംവേദനക്ഷമമായ ഈ ഉപകരണം വിദൂര ഗ്രഹങ്ങളുടെ താപനില കണ്ടുപിടിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്.

trinary_sunset_big
മൂന്ന് സൂര്യന്മാരുള്ള ഗ്രഹദ്യയങ്ങളുടെ ചിത്രീകരണം | by NASA/JPL-Caltech

പുതിയതായി കണ്ടെത്തിയ ഗ്രഹത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേരാണ് HD131399Ab. മൂന്ന് സൂര്യന്‍മാര്‍ സ്വന്തമായി ഉള്ളതുകൊണ്ട് ട്രൈസോള്‍ (Trisol) എന്ന പേര് ചില ശാസ്ത്ര ലേഖകര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രസംഘം ഇതിനോട് പ്രതികരിച്ചിട്ടില്ല. വ്യാഴത്തിന്റെ നാലിരട്ടി വലിപ്പമുണ്ടെങ്കിലും ഇതുവരെ നേരിട്ടുനിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ള അന്യഗ്രഹങ്ങളില്‍ ഏറ്റവും ചെറുതും താപനില കുറഞ്ഞതും HD131399Ab യാണ്. ഈ വ്യൂഹത്തിലെ ചെറിയ നക്ഷത്രങ്ങള്‍ ഗ്രഹത്തോടൊപ്പം വലിയ നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നുണ്ട്. വലിയനക്ഷത്രത്തില്‍ നിന്നും ഏകദേശം 300 ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് (ഭൂമിക്കും സൂര്യനുമിടയിലുള്ള ദൂരമാണ് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്. ഇത് ഏകദേശം 15 കോടി കിലോമീറ്ററാണ്.) അകലെയാണ് ചെറിയ നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രഹരൂപീകരണം നടന്നത് ചെറിയ നക്ഷത്രങ്ങള്‍ക്കു സമീപമാണെന്നും പിന്നീട് അവയെല്ലാം വലിയ നക്ഷത്രത്തിന്റെ ഗുരുത്വ വലയത്തില്‍ അകപ്പെടുകയായിരുന്നു എന്നുമാണ് കരുതുന്നത്.

HD131399Ab ശൈശവാവസ്ഥിലുള്ള ഗ്രഹമാണ്. ഗ്രഹരൂപീകരണം നടന്നിട്ട് 1.6 കോടി വര്‍ഷങ്ങളേ ആയിട്ടുള്ളൂ. സൗരയൂഥത്തിനു വെളിയില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹമാണിത്. ഭൂമിയുടെ പ്രായം ഏകദേശം 460 കോടി വര്‍ഷമാണ്. 2018 ല്‍ നാസ വിക്ഷേപിക്കുന്ന ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് ഉപയോഗിച്ച് ഈ ഗ്രഹത്തിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വ്യൂഹത്തിന് എത്രത്തോളം സ്ഥിരതയുന്നെ് പറയാന്‍ കഴിയില്ല. ആസന്നഭാവിയില്‍ ഒരു പക്ഷെ ഈ ഗ്രഹത്തെ നക്ഷത്രങ്ങള്‍ പുറന്തള്ളിക്കളഞ്ഞേക്കാം.

[box type=”info” align=”” class=”” width=””]നമ്മുടെ സൗരയൂഥം പോലെ ഒരു നക്ഷത്രത്തെ ആധാരമാക്കി രൂപീകരിക്കപ്പെട്ടിട്ടുള്ള വ്യൂഹങ്ങള്‍ പോലെതന്നെ ഒന്നിലധികം നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന വ്യൂഹങ്ങള്‍ പ്രപഞ്ചത്തില്‍ സാധാരണമാണ്. സൗരയൂഥത്തിനു സമീപമുള്ള നക്ഷത്രങ്ങളില്‍ 50ശതമാനം മുതല്‍ 60 ശതമാനം വരെ ഇരട്ട നക്ഷത്രങ്ങളാണ്. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അവയില്‍ പത്ത് ശതമാനം നക്ഷത്രങ്ങള്‍ക്കു ചുറ്റിലും ഗ്രഹരൂപീകരണം നടന്നിട്ടുണ്ട്. രണ്ടിലേറെ നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന വ്യൂഹങ്ങളും ഉണ്ട്. എന്നാല്‍ നേരിട്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞ ആദ്യവ്യൂഹം HD131399A വ്യൂഹമാണ്. എന്നാല്‍ ഇത്തരം വ്യൂഹങ്ങളിലെ ഗ്രഹങ്ങളുടെ ഭ്രമണപഥവും, ഗ്രഹരൂപീകരണത്തിനാവശ്യമായ ഘടകങ്ങളും സൗരയൂഥം പോലെ ഏക നക്ഷത്ര വ്യൂഹങ്ങളിലുള്ള ഗ്രഹങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. അസ്ഥിരമായ ഭ്രമണപഥങ്ങളുള്ള ഇത്തരം വ്യൂഹങ്ങള്‍ക്ക് ആയുസ്സ് പൊതുവെ കുറവായിരിക്കും. നക്ഷത്രങ്ങളുടെ ഗുരുത്വ സ്വാധീനത്താല്‍ ഗ്രഹങ്ങള്‍ ചിതറിപ്പോവുകയോ വ്യൂഹത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോവുകയോ ആണ് പതിവ്. പുതിയതായി കണ്ടെത്തിയ HD131399Ab ഗ്രഹത്തിന്റെ ഭ്രമണപഥം കൃത്യമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഗ്രഹം ഈ വ്യൂഹത്തില്‍ നിന്നും അകന്നു പൊയ്‌കൊരിക്കുകയാണോ എന്നും വ്യക്തമല്ല. അങ്ങനെ സംഭവിച്ചാല്‍ സ്‌പേസില്‍ അലഞ്ഞു തിരിയുന്ന കോടിക്കണക്കിന് അന്യഗ്രഹങ്ങളുടെ ഗണത്തിലേക്ക് HD131399Ab യും എത്തിച്ചേരും[/box]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇനി അന്യഗ്രഹ ജീവികളോട് സംസാരിക്കാം
Next post ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു
Close