അരസിബോ ടെലിസ്കോപ്പ് ആരും മറന്നിട്ടില്ലല്ലോ? 1960 മുതൽ പ്രവർത്തിക്കുന്ന അരസിബോ ലോകശ്രദ്ധ ആകർഷിക്കുന്നത് 1999 ലെ [email protected] എന്ന പദ്ധതി പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ്. അരസിബോ സ്വീകരിക്കുന്ന റേഡിയോ തരംഗങ്ങൾ വീക്ഷിച്ചു പ്രപഞ്ചത്തിൽ ഏതെങ്കിലും തരം ജീവനുണ്ടോ എന്നാണ് SETI(Search for Extraterrestrial Intelligence)

അന്യേഷിക്കുന്നത് . ഇപ്പോൾ ഇതേ പദ്ധതിയിൽ പ്രവർത്തിക്കാൻ കുറച്ചുകൂടി മെച്ചപ്പെട്ട ടെലിസ്കോപ്പ് ചൈന നിർമിച്ചിരിക്കുന്നു. അരസിബോയുടെ വ്യാസം 305 മീറ്റർ ആണെങ്കിൽ ചൈന നിർമിച്ചിരിക്കുന്ന ടെലിസ്കോപ്പിൻറെ വ്യാസം 500 മീറ്റർ ആണ്. ഇതിന്റെ പേര് ഫാസ്റ്റ് ( Five hundred meter Aperture Spherical Telescope (FAST))എന്നാണ്. മുപ്പത് ഫുട്ബാൾ ഗ്രൗണ്ടിൻറെ വലിപ്പമുണ്ട് ഈ ടെലിസ്കോപ്പിന്.
സേതിയിൽ മാത്രമല്ല ഫാസ്റ്റ് പ്രവർത്തിക്കുക.വളരെ ദൂരെയുള്ള പൾസാറുകൾ കണ്ടെത്തുന്നതിനും ഗുരുത്വാകർഷണ തരംഗ ഗവേഷണത്തിനും ടെലിസ്കോപ്പ് സഹായിക്കും. 10 സെന്റി മീറ്റർ മുതൽ 4.3 മീറ്റർ വരെ ദൈർഘ്യമുള്ള തരംഗങ്ങളാണ് ഫാസ്റ്റ് പിടിച്ചെടുക്കുക. ഏതാണ്ട് പതിനായിരത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചാണ് ഫാസ്റ്റിനു പ്രവർത്തിക്കാൻ ചൈന സ്ഥലമൊരുക്കുന്നത് . അന്യഗ്രഹ ജീവികളെയൊന്നും കണ്ടെത്തിയില്ലെങ്കിലും അരസിബോ രസികൻ അന്യഗ്രഹ ജീവി സിനിമകൾക്കു കാരണമായിട്ടുണ്ട്.

“ബാറ്റിൽ ഷിപ്പ് “ സിനിമയിൽ അരസിബോയാണ് വില്ലൻ. ജെയിംസ്ബോണ്ട് സിനിമയായ ഗോള്‍ഡന്‍ ഐ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണവും ആരസിബോ ടെലിസ്കോപ്പില്‍ വച്ചാണ് നടന്നത്.
ആന്ത്രോപിക് സിദ്ധാന്തം അനുസരിച്ച് , വളരെ ചെറിയ ഒരു സാധ്യത പരിഗണിച്ചാൽ പോലും കുറഞ്ഞത് നൂറു കോടി ഗ്രഹങ്ങളിലെങ്കിലും ജീവനുണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യമുണ്ടെങ്കിൽ, ഭൂമിയെപ്പോലെ സുവർണമേഖലയിൽപ്പെട്ട ആരെയെങ്കിലും കിട്ടാതിരിക്കില്ല. ഫാസ്റ്റിൻറെ കണ്ടെത്തലുകൾക്കായി നമുക്കുകാത്തിരിക്കാം.