ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.’അമോര്‍ ഫോഫാലസ് ടൈറ്റാനം’ എന്ന ശാസ്ത്രീയ നാമത്തിലുള്ള പൂവാണ് പേരിയയിലെ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞത്.

Big-Flower-wayanad
അമോര്‍ ഫോഫാലസ് ടൈറ്റാനം വയനാട്ടില്‍ വിരിഞ്ഞപ്പോള്‍ | Photo: deshabhimani.com 20-07-2016

പൂക്കുലയ്ക്ക് മൂന്ന് മീറ്ററോളം ഉയരവും പൂവിന് ഒരു മീറ്ററോളം വിസ്തൃതിയുമുണ്ട്. ‘ടൈറ്റാന്‍സ് ആരം’ എന്നാണ് ഇംഗ്ളീഷ് പേര്. ഇന്തോനേഷ്യയിലെ സുമാത്ര ദീപുകളിലെ വനങ്ങളില്‍ കാണുന്ന പൂവ് മറ്റൊരിടത്ത് വിരിഞ്ഞത് ആദ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് സന്ദര്‍ശകര്‍ പൂവ് കാണാന്‍ ഗാര്‍ഡനിലെത്തി.

Titan-arum1web
കടപ്പാട് : https://commons.wikimedia.org/wiki/File%3ATitan-arum1web.jpg
എന്നാല്‍ ഏറ്റവും വലിയ പുഷ്പം റഫ്ലേഷിയയും, ഏറ്റവും വലിയ പൂക്കുല കുടപ്പനയുടേതും ആണെന്നാണ് വിദഗ്ധ അഭിപ്രായം. ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുലയാണ് ടൈറ്റാന്‍സ് ആരത്തിന്റേത്.

തിങ്കളാഴ്ച രാത്രിയാണ് ഒരുദിവസം മാത്രം ആയുസ്സുള്ള പൂവ് വിരിഞ്ഞത്. ആണ്‍പൂക്കള്‍ ആദ്യം വിരിയും. ഈച്ചകള്‍ വഴിയാണ് പരാഗണം. ഈച്ചകള്‍ അകത്ത് കയറുന്നതോടെ രോമസമാനമായ വാതില്‍ അടയും. 24 മണിക്കൂറിനുശേഷം പെണ്‍പൂവ് വിരിയുന്നതോടെ ഈച്ചകള്‍ പെണ്‍പൂവിലേക്ക് മാറി പരാഗണം നടക്കും. കൊഴിയുന്നതതോടെ രൂക്ഷഗന്ധവും വമിക്കും.

ഇന്തോനേഷ്യയിലെ മണ്ണ് കൊണ്ടുവന്നാണ് വിത്തിട്ടത്. പശ്ചിമഘട്ട മലനിരകളിലെ നിരവധി അപൂര്‍വ സസ്യങ്ങളുടെ വന്‍ ശേഖരം ഈ ഗാര്‍ഡനിലുണ്ട്. ജര്‍മന്‍ സ്വദേശിയായ വൂള്‍ഫ് ഗാങ് തിയര്‍കോഫ് 1981ല്‍ ആരംഭിച്ചതാണ് ഗാര്‍ഡന്‍. പേരിയ സ്വാമി എന്നറിയപ്പെട്ട വൂള്‍ഫ് ഗാങ് രണ്ടുവര്‍ഷം മുമ്പ് അന്തരിച്ചു.

കൂടുതല്‍ വായനയ്ക്ക് : ദേശാഭിമാനി, ജൂലൈ 20, 2016

Leave a Reply