Read Time:6 Minute

ആകാശത്ത് ഒരു സൂപ്പർനോവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ അടുത്ത കാലത്ത് വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്ന വാർത്ത.

സാമാന്യം നല്ല ടെലിസ്കോപ്പുകൾ കൊണ്ട് കാണാനും ഫോട്ടോയെടുക്കാനും കഴിയുമെന്നതാണ് ഇതിനെ ഒരു വലിയ സംഭവമാക്കുന്നത്. സപ്തർഷിമണ്ഡലമെന്ന (Ursa Major) നക്ഷത്രമണ്ഡലത്തിലെ മരീചിയുടെ വടക്കുഭാഗത്തായി കാണുന്ന M101 എന്ന ഗാലക്സി (Pinwheel galaxy) യിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ഇതു കണ്ടെത്തിയിരിക്കുന്ന ഭാഗത്തിന് NGC 5461 എന്നും പേരുണ്ട്.

കൊയ്ചി ഇതഗാക്കി (Koichi Itagaki)

2023 മേയ് 19 -ന് അമച്വർ അസ്ട്രോണമർ കൊയ്ചി ഇതഗാക്കി (Koichi Itagaki)യാണ് ഇതു കണ്ടെത്തിയത്. പിന്നീടുള്ള പരിശോധനയിൽ മുമ്പേ എടുത്ത ചില ചിത്രങ്ങളിലും ഇതിനെ കണ്ടെത്തി. സൂര്യനേക്കാൾ പലമടങ്ങ് മാസ്സ് ഉള്ളതും 6000 മടങ്ങിലധികം പ്രഭയുള്ളതുമായ ഒരു വൻ നക്ഷത്രമാണ് സൂപ്പർനോവയായി മാറിയത്. ഏതാനും മാസങ്ങൾ കൂടി അതു ഇടത്തരം ടെലിസ്കോപ്പുകളിലൂടെ ദൃശ്യമാകും. സൂപ്പർനോവകളിൽ ടൈപ്പ് 2 വിഭാഗത്തിലാണ് ഇതു പെടുന്നത്. വലിയ നക്ഷത്രങ്ങളുടെ അവസാന കാലത്ത് ന്യൂക്ലിയാർ ഫ്യൂഷൻ വഴിയുള്ള ഊർജ്ജഉത്പാദനം ഏതാണ്ട് നിലയ്ക്കുന്ന സന്ദർഭത്തിൽ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാതെ അതിന്റെ കാമ്പ് തകർന്നു പോകും. തുടർന്ന് പുറത്തേക്ക് കുതിക്കുന്ന ഷോക്ക് വേവിന്റെ ഊർജത്തിൽ പുറംപാളികളിൽ ന്യൂയിയാർ ഫ്യൂഷൻ നടക്കുകയും വൻ സ്ഫോടനമായി അതു ദൃശ്യമാവുകയും ചെയ്യും. ആ സന്ദർഭത്തിൽ ആവർത്തനപ്പട്ടികയിലെ അറ്റോമിക് നമ്പർ കൂടിയ മൂലകങ്ങൾ ഉണ്ടാവുകയും ചെയ്യും. നമ്മുടെ രക്തത്തിലുള്ള ഇരുമ്പിന്റെ വലിയൊരുഭാഗവും  സൗരയൂഥം ജനിക്കും മുമ്പേ നടന്ന ഏതോ സൂപ്പർനോവകളിൽ ഉണ്ടായതായിരിക്കണം.

ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന SN 2023ixf സൂപ്പർനോവ ഉണ്ടായത് ഇവിടെ നിന്നും 2 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സിയിലാണ്. Image credit: Steven Bellavia)

ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന SN 2023ixf സൂപ്പർനോവ ഉണ്ടായത് ഇവിടെ നിന്നും 2 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സിയിലാണ്. അതായത് നമ്മൾ ഏതാണ്ട് 2 കോടി വർഷം മുമ്പു നടന്ന സംഭവങ്ങളാണ് ഇപ്പോൾ കാണുന്നത്.

പണ്ടുകാലത്ത്, ടെലിസ്കോപ്പുകൾ കണ്ടുപിടിക്കുന്നതിനു മുമ്പേ, വിരലിലെണ്ണാവുന്ന അത്ര സൂപ്പർനോവകളെ മാത്രമാണ് മനുഷ്യർ നിരീക്ഷിച്ചിട്ടുള്ളത്. അതിനാൽ പഴയ സൂപ്പർനോവകളെ വർഷം വച്ചാണ് സൂചിപ്പിക്കാറ്. ഉദാഹരണത്തിന് SN1054 എന്നത് CE 1054-ൽ ചൈനീസ് ജ്യോതിശ്ശാസ്ത്രജ്ഞന്മാർ വിശദമായി നിരീക്ഷിച്ച സൂപ്പർനോവയാണ്. അതിന്റെ അവശിഷ്ടമാണ് ക്രാബ് നെബുല എന്ന മനോഹര ദൃശ്യമായി നമുക്കു ടെലിസ്കോപ്പുകൾ കാണിച്ചു തരുന്നത്. SN 1604 എന്നത് അതേ വർഷം ജോഹാന്നസ് കെപ്ലെർ നിരീക്ഷിച്ച പ്രസിദ്ധമായ സൂപ്പർനോവയാണ്. പിന്നീട് നല്ല ടെലിസ്കോപ്പുകൾ വന്നതോടെ ഒരു വർഷം ഒന്നിലധികം സൂപ്പർ നോവകളെ കണ്ടെത്തിയതോടെ വർഷത്തിന്റെ കൂടെ A, B, C എന്നിങ്ങനെ Z വരെയുള്ള ലാറ്റിൻ അക്ഷരങ്ങൾ ചേർക്കുന്ന രീതി വന്നു. 1987 -ൽ നഗ്നനേത്രങ്ങൾക്കു ദൃശ്യമായ SN 1987A ഉദാഹരണം. പിന്നീട് ഈ രീതിയും മതിയാകാതെ വന്നപ്പോൾ aa, ab എന്നിങ്ങനെയും പിന്നെ aaa, aab എന്നിങ്ങനെ ചേർക്കുന്ന രീതി നിലവിൽ വന്നു. ഇപ്പോഴത്തെ വാർത്തയിലെ സൂപ്പർനോവയുടെ പേരിലെ ixf ഇങ്ങനെ വന്നതാണ്. 2023 – ൽ ഏതാണ്ട് 20,000 സൂപ്പർനോവകളെ നമ്മുടെ ടെലിസ്കോപ്പുകൾ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

Supernova SN 2023ixf in Messier 101. 6 June 2023.

ചിത്രം കാണാം
Happy
Happy
19 %
Sad
Sad
3 %
Excited
Excited
58 %
Sleepy
Sleepy
3 %
Angry
Angry
0 %
Surprise
Surprise
16 %

Leave a Reply

Previous post മൂത്ര ചികിത്സ ശാസ്ത്രീയമാണോ ?
Next post പിൻവീൽ ഗ്യാലക്സിയിലെ സൂപ്പർനോവ -കേരളത്തിൽ നിന്നുള്ള കാഴ്ച്ച
Close