ഔഷധ മേഖല കൂടുതല്‍ പ്രതിസന്ധികളിലേക്ക്

[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍
ചീഫ് എഡിറ്റര്‍
[email protected] [/author]

മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിയുടെ അധികാരം പുനസ്ഥാപിക്കുക. ഔഷധ വിലനിയന്ത്രണ നിയമം പഴുതുകളടച്ച് സമഗ്രമായി പരിഷ്കരിക്കുക.  അമേരിക്കന്‍ സാമ്പത്തിക താത്പര്യം സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉഭയകക്ഷി സമിതിയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങുക…

P Pharmaceuticsഔഷധ വിലനിയന്ത്രണ ചുമതലയുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ വിലനിയന്ത്രണ അധികാരം  കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, എയിഡ് സ് എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുതിച്ചുയര്‍ന്നിരിക്കയാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി  സെപ്തംബര്‍ 22 നാണ് അതോറിറ്റിയുടെ വിലനിയന്ത്രണാധികാരം  സര്‍ക്കാര്‍  എടുത്തുകളഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍  മേധാവിത്വം വഹിക്കുന്ന വിദേശ   മരുന്നു നിര്‍മ്മാണക്കമ്പനികള്‍ക്ക്  കൊള്ളലാഭം കൊയ്യാന്‍ ഇത് വഴിയൊരുക്കിയിരിക്കയാണ്. 2013 ലെ ഔഷധ വിലനിയന്ത്രണ ഉത്തരവനുസരിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ പൊതുതാല്‍പ്പര്യമനുസരിച്ച്, 348 അവശ്യമരുന്നുകളുടെ പട്ടികയ്ക്ക്  പുറത്തുള്ള മരുന്നുകളുടെ വിലയിലും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിക്ക് അധികാരമാണ് സര്‍ക്കാര്‍  റദ്ദാക്കിയത്.

അതോറിറ്റി വിലനിയന്ത്രിച്ചിരുന്ന ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, എയിഡ് സ് , ക്ഷയം  തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ 98 ശതമാനത്തിന്റെയും വില ഇതോടെ വര്‍ധിക്കും. ഔഷധ വിലവര്‍ധന കൂടുതല്‍ ബാധിക്കുക കേരളീയരെയായിരിക്കും. ജീവിതരീതി രോഗങ്ങള്‍ കൂടുതലുള്ളതും ആധുനിക ഔഷധം കൂടുതല്‍ ഉപയോഗിക്കുന്നതും കേരളത്തിലാണ്.  കേരളത്തില്‍ പ്രതിവര്‍ഷം 40,000 ത്തോളം പേര്‍ കാന്‍സര്‍ ബാധിതരാകുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം പ്രമേഹരോഗികളും ഇവിടെയാണ്. മരുന്നിന്റെ വിലനിയന്ത്രണം എടുത്തുകളയുന്നതോടെ ഈ രോഗികള്‍ കടുത്ത പ്രതിസന്ധിയിലാകും.

Clickfine_Needlesവിലനിയന്ത്രണത്തിന്റെ ചരിത്രം

1979 ല്‍ ജനതാ ഗവര്‍മെന്റിന്റെ കാലത്താണ് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രണ വിധേയമാക്കിയത്. 1970 ലെ പേറ്റന്റ് നിയമത്തോടൊപ്പം ഔഷധവില കുറയ്കുന്നതില്‍ വിലനിയന്ത്രണം വലിയ പങ്കു വഹിച്ചു. കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ 1987 ല്‍ 142 ആയും 1995 ല്‍ 74 ആയും കുറച്ചു. ഇതേ തുടര്‍ന്നാണ് ഔഷധവില നിയന്ത്രണാതീതമായി വര്‍ധിച്ചു തുടങ്ങിയത്. തുടര്‍ന്ന് 2002 -ല്‍ ഇതിന്റെ എണ്ണം 24 ആയി ചുരുക്കി. എന്നാല്‍ ആ  ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു.

2013 ല്‍  യു പി എ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം 348 അവശ്യമരുന്നുകളുടെ മരുന്നുകളുടെ (National Essential Drug List) പുതുക്കിയ പട്ടികയും  പുതിയ ഔഷധവില നയവും ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംങ് അതോറിറ്റി പ്രഖ്യാപിച്ചു. ഔഷധങ്ങളുടെ ഉല്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമനുവദിക്കുന്ന ചെലവടിസ്ഥാന വില നിശ്ചയിക്കലിന്റെ സ്ഥാനത്ത്  (Cost Based Pricing) കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ (Market Based Pricing) നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ക്കറ്റില്‍ ഒരു ശതമാനത്തിനുമേല്‍ പങ്കാളിത്തമുള്ള മരുന്നുകളുടെ ശരാശരി വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിക്കുന്ന  രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ഇതേതുടര്‍ന്ന് ചില മരുന്നുകളുടെ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും  പല മരുന്നുകളുടേയും വില വര്‍ധിക്കാണുണ്ടായത്. മാത്രമല്ല 2005 ലെ പേറ്റന്റ് നിയമ മാറ്റത്തിനു ശേഷം പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകളും ഔഷധ ചേരുവകളും വിലനിയന്ത്രണത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നില്ല. ഇതിനു പുറമേ നിരവധി ജീവന്‍ രക്ഷാഔഷധങ്ങളും അവശ്യമരുന്ന് പട്ടികയില്‍ പെടുത്തിയിരുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അവശ്യമരുന്ന് പട്ടികക്ക് പുറത്തുള്ള മരുന്നുകള്‍ക്ക് കൂടി വിലനിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നിയമം സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതാണ് ഇപ്പോള്‍ മരുന്നുകമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നീക്കം ചെയ്തിരിക്കുന്നത്.

ഉഭയകക്ഷി സമിതിയുടെ ഉദ്ദേശം

pricing

ഇന്ത്യന്‍ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാനിടയുള്ള മറ്റൊരു സുപ്രധാന വിവരം കൂടി  പുറത്ത് വന്നിരിക്കുന്നു. ഒബാമ – മോദി കൂടിക്കാഴ്ചയെ തുടര്‍ന്ന് ഇന്ത്യ-യു എസ് വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  ഇന്ത്യന്‍ പേറ്റന്റ് നിയമം ഭേദഗതി ചെയ്യുന്നതിനായി ഉഭയകക്ഷി സമിതി  രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ലോകവ്യാപര സംഘടനയുടെ നിബന്ധന പ്രകാരം 2005 ല്‍ പുതുക്കിയ ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ അവശേഷിച്ചിട്ടുള്ള ജനോപകാരപ്രദമായ വകുപ്പുകള്‍ നീക്കം ചെയ്യുന്നതിനും ഇന്ത്യന്‍ താത്പര്യത്തിന് ഹാനികരമായ ചില വകുപ്പുകള്‍ ചേര്‍ക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു സമിതി രൂപീകരിക്കുന്നത് എന്നത് വ്യക്തമാണ്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 3 (ഡി),  നിര്‍ബന്ധിത ലൈസന്‍സിങ് (Compulsory Licensing) എന്നീ വകുപ്പുകള്‍ നീക്കം ചെയ്യണമെന്നും  വിവരകുത്തക  (Data Exclusivity) എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തണമെന്നുമാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുകയാണ് സമിതിയുടെ ചുമതല. അമേരിക്കന്‍ മരുന്നു കമ്പനികളുടെ സമ്മര്‍ദ്ദത്തിന് കീഴ് പ്പെട്ടും ഇന്ത്യന്‍ ജനതയുടെ ആരോഗ്യ താത്പര്യങ്ങള്‍ അവഗണിച്ചുമാണ് പ്രധാനമന്ത്രി ഇത്തരമൊരു സമിതി രൂപീകരിക്കുന്നതിന് സമ്മതം മൂളിയിരിക്കുന്നതെന്ന് വ്യക്തമാണ്. ലോകവ്യാപര സംഘടനയുടെ   നിബന്ധന പ്രകാരം  2005 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പുതുക്കിയ ഇന്ത്യന്‍ പേറ്റന്റ്  നിയമത്തില്‍ ജനതാത്പര്യം  സംരക്ഷിക്കാനായി അവശേഷിച്ചിരുന്ന പേറ്റന്റ് വ്യവസ്ഥകള്‍കൂടി തങ്ങളുടെ താത്പര്യപ്രകാരം മാറ്റിയെടുക്കുന്നതില്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ വിജയിച്ചുവെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.

നിര്‍ബന്ധിത ലൈസന്‍സിങ് വകുപ്പുപയോഗിച്ച് ബേയര്‍ എന്ന ജര്‍മ്മന്‍ കമ്പനി വിറ്റുവന്നിരുന്ന കാന്‍സറിനുള്ള മരുന്ന് വളരെ തുച്ചമായ വിലയ്ക് ഉല്പാദിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി ചരിത്രം സൃഷ്ടിച്ചത് അന്നത്തെ പേറ്റന്റ് കൺട്രോളറായിരുന്ന ശ്രീ പി എച്ച് കുര്യന്‍ ഐ എ എസ് ആയിരുന്നു. ജനോപകാരപ്രദമായ ഈ നിയമം തന്നെ അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ റദ്ദാക്കാനുള്ള നീക്കമാണ് നടക്കുന്നത്.  ചികിത്സാപരമായി പ്രസക്തിയില്ലാത്ത  കാരണങ്ങള്‍ അവതരിപ്പിച്ച് അനാവശ്യ പേറ്റന്റുകള്‍ നേടുന്നതില്‍ നിന്നും  പേറ്റന്റ് കാലാവധി കൃത്രിമമായി നീട്ടി  ഉയര്‍ന്ന വിലക്ക് മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നിന്നും കമ്പനികളെ തടയുന്നതിനുമായി ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലുള്ള 3 (ഡി) വകുപ്പു് നീക്കം ചെയ്യാനും ശ്രമം നടക്കുന്നു. ഇത് നടപ്പായാല്‍ അനാവശ്യപേറ്റന്റുകളുടെ പ്രളയം തന്നെ ഇന്ത്യയിലുണ്ടാവും ഈ വകുപ്പിനെതിരെ സ്വിസ് കമ്പനിയായ നൊവാര്‍ട്ടിസ് സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ 3 (ഡി) വകുപ്പ് നിലനിര്‍ത്തണമെന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. നിര്‍ബന്ധിത ലൈസന്‍സിങ് നല്‍കിയതും 3(ഡി) കേസില്‍ നൊവാര്‍ട്ടിനെതിരെ സുപ്രീം കോടതി വിധി പ്രസ്ഥാവിച്ചതും ലോകമെമ്പാടും ഇന്ത്യയുടെ പ്രശസ്തി വര്‍ധിപ്പിച്ച കാര്യം പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്. പേറ്റന്റ് കാലവാധി കഴിയുന്ന മരുന്നുകളെ സംബന്ധിച്ച വിവരം മറ്റ് കമ്പനികള്‍ക്ക് നല്‍കരുതെന്ന് നിഷ്കര്‍ഷിക്കുന്ന കരിനിയമമായ വിവരകുത്തക നിയമം ഇന്ത്യയിലും നടപ്പിലാക്കാനും ഉഭയകക്ഷി സമിതി തീരുമാനിക്കുമെന്നറിയുന്നു. ഈ നിയമം നടപ്പിലായാല്‍ പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ മറ്റ് കമ്പനികള്‍ക്ക് കുറഞ്ഞ വിലക്ക് പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകള്‍ ഉല്പാദിപ്പിക്കാന്‍ കഴിയാതെ വരും. അമിതവിലക്ക് തുടര്‍ന്നും മരുന്ന് വില്‍ക്കാന്‍ പേറ്റന്റെടുത്ത കമ്പനിക്ക് കഴിയും.

അമേരിക്കന്‍ താല്പര്യം Vs. പൊതുതാല്പര്യം

പൊതുതാല്‍പ്പര്യമനുസരിച്ച് അവശ്യമരുന്നുകളുടെ പട്ടികയ്ക്ക്  പുറത്തുള്ള മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിക്ക് അധികാരം നല്‍കുന്ന 19-ാം വകുപ്പ് പുനസ്ഥാപിക്കണമെന്നും ഔഷധ വിലനിയന്ത്രണ നിയമം പഴുതുകളടച്ച് സമഗ്രമായി പരിഷകരിക്കണമെന്നും  അമേരിക്കന്‍ സാമ്പത്തിക താത്പര്യം സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉഭയകക്ഷി സമിതിയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയാരോഗ്യ സംഘടനകള്‍ അഖിലേന്ത്യാ തലത്തിലും  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന നയങ്ങള്‍ തിരുത്തിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

[divider]

One thought on “ഔഷധ മേഖല കൂടുതല്‍ പ്രതിസന്ധികളിലേക്ക്

 1. ഔഷധ വില നിയന്ത്രണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന പ്രസ്താവനയുമായി പെട്രോളിയം രാസവകുപ്പ് രംഗത്തെത്തിയിരിക്കുന്നു. വളരെ സമർത്ഥമായാണ് സർക്കാർ ഔഷധ വിലനിയന്ത്രണം അട്ടിമറിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കയാണ്.

  സംഭവിച്ചതിതൊക്കെയാണ്.
  യുപിയെ സർക്കാരിന്റെ കാലത്ത് 2013 മെയ് 15 ൽ പുറപ്പെടുവിച്ച ഔഷധ വിലനിയന്ത്രണ ഉത്തരവ് (Drug Price Control Order) പ്രകാരം അവശ്യമരുന്ന് പട്ടികയിൽ പെടുത്തിയ 348 മരുന്നുകൾക്ക് പുറമേ പൊതുജനതാത്പര്യമനുസരിച്ച് അതിനു പുറത്തുള്ള മറ്റു മരുന്നുകൾക്കുകൂടി വിലനിയന്ത്രിക്കാൻ അനുവദിക്കുന്ന 19 എന്ന വകുപ്പും പെടുത്തിയിരുന്നു. 2013 മെയ് 30 ന് ഔഷധ വിലനിയന്ത്രിക്കാനുള്ള അനുമതി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് നൽകി. തുടർന്ന് ഘട്ടം ഘട്ടമായി 348 മരുന്നുകളുടെ വിലനിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിക്കപ്പെട്ടത്.
  ഈ ഇത്തരവിൽ ധാരാളം അപാകതളുണ്ടായിരുന്നു. ഇതിനു പുറമേസർക്കാർ പ്രഖ്യാപിച്ച് 348 അവശ്യമരുന്ന് പട്ടികക്ക് പുറത്തായി നിരവധി ജീവൻ രക്ഷ ഔഷധങ്ങൾ ഉണ്ടെന്നും ഇവയുടെ വിലകൂടി നിയന്ത്രിക്കേണ്ടതാണെന്നും ജനകീയാരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. .

  എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അവശ്യമരുന്ന് പട്ടികക്ക് പുറത്തുള്ള മരുന്നുകളുടെ വിലനിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ 2014, മെയ് 29 നംഗീകരിക്കുകയും ജൂലൈ 10 നു 108 മരുന്നുകളുടെ വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കയും ചെയ്തു. ഇതിനെതിരെ ബഹുരാഷ്ട്രാ ഇന്ത്യൻ കുത്തക കമ്പനികൾ മുംബൈ ഹൈക്കോർട്ടിൽ കേസ് ഫയൽ ചെയ്തു. അവശ്യമരുന്നു പട്ടികക്ക് പുറത്തുള്ള മരുന്നുകൾ തെരഞ്ഞെടുക്കുന്നതിനായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി തയ്യാറാക്കിയ മാനദണ്ഡങ്ങൾ പിൻവലിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. സെപ്തം ബർ 22 നു ഇതനുസരിച്ചുള്ള ഉത്തരവ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പുറത്തിറക്കുകയും ചെയ്തു.

  അതോടെ ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 108 മരുന്നുകളുടെ വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് സ്വയം ഇല്ലാതാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഫലത്തിൽ 19 ആം വകുപ്പ് റദ്ദാക്കിയതായോ നിഷ്ക്രിയമാക്കിയതായോ കരുതേണ്ടിവരും. അതുകൊണ്ടാണ് പിൻ വലിച്ച 19 ആം വകുപ്പ് പുന:സ്ഥാപിക്കണമെന്ന് ജനകീയാരോഗ്യ പ പ്രസ്ഥാനങ്ങൾ വശ്യപ്പെട്ടത്.

  ഇതിനെല്ലാം ശേഷം വിലനിയന്ത്രണ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് പെട്രോളിയം രാസ മന്ത്രാലയം രംഗത്തെത്തിയതിൽ നിന്നും വൻകിട മരുന്ന് കമ്പനികളും സർക്കാരും തമ്മിൽ ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന നിഗമനത്തിൽ എത്തിചേരേണ്ടിവരും. ഔഷധമേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്ക് യു പി എ, എൻ ഡി എ സർക്കാരുകൾ ഒരു പോലെ ഉത്തരവാദികളാണ്. .യു പി എ, എൻ ഡി എ സർക്കാരുകളുടെ ഔഷധ വില നയം തിരുത്തിയെഴുതി സമഗ്രമായ പുതിയ ജനകീയ ഔഷധനയം നടപ്പിലാക്കികൊണ്ട് ജനങ്ങൾക്ക് താങ്ങാവുന്ന വിലക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കണമെന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്

Leave a Reply