നവനീത് കൃഷ്ണൻ എസ്.
ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകളുമായി പേഴ്സിവിയറൻസ്! പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് 125 ദിവസങ്ങൾ കഴിഞ്ഞു. ഇത്രയും ദിവസങ്ങൾകൊണ്ടു മാത്രം പുറത്തുവിട്ടതാണ് ഈ ഒരു ലക്ഷം ചിത്രങ്ങളും. ജൂണ് 27നായിരുന്നു ഈ നേട്ടം. ഇന്ജന്യൂയിറ്റി എടുത്ത ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.
നിരവധി ക്യാമറകളുള്ള പേഴ്സിവിയറന്സ് എടുത്ത ഫോട്ടോകൾ പലതും ഇനിയും ഭൂമിയിലെത്താനുണ്ട്. പ്രത്യേകിച്ചും ചൊവ്വയിലെ ലാന്റിംഗ് സമയത്തു പകർത്തിയവ. അവ കൂടി പരിഗണിച്ചാൽ ഈ നേട്ടം കുറച്ചു ദിവസങ്ങള്ക്കു മുന്പേ തന്നെ കൈവരിച്ചതായി കരുതാവുന്നതുമാണ്. മാസ്റ്റ്കാം, നാവിഗേഷന് ക്യാമറ തുടങ്ങിയവയിലെടുത്ത ചിത്രങ്ങളിൽ ചൊവ്വയുടെ ഉപരിതലസവിശേഷതകൾ വളരെ വിശദമായി കാണാം.
ചിത്രം. 125ാമത്തെ ചൊവ്വാദിനത്തില്‍ പേഴ്സിവിയറന്‍സിലെ മാസ്റ്റ്കാം ക്യാമറ പകര്‍ത്തിയ ചിത്രം.
ഒരു ലക്ഷം ചിത്രങ്ങൾ എന്നൊക്കെ ആവേശത്തോടെ പറയാമെങ്കിലും പലതും കണ്ടാൽ ഒരു പോലെയിരിക്കും. പഠനാവശ്യങ്ങൾക്കായി ഒരേ ആംഗിളിൽ ഉള്ള നിരവധി ചിത്രങ്ങൾ പേഴ്സിവിയറന്സ് പകർത്തുന്നനതിലാണിത്. ഇതുവരെ പകർത്തിയ ചിത്രങ്ങൾ കൂട്ടിച്ചേര്ത്ത് നിരവധി പനോരമകളും സെൽഫികളും പുറത്തുവന്നിട്ടുണ്ട്. നാസ ഔദ്യോഗികമായി ചെയ്തെടുത്തതു കൂടാതെ ലോകമെമ്പാടുമുള്ള സിറ്റിസൺ സയന്റിസ്റ്റുകളും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്തായാലും ഒന്നാം വാർഷികം ആഘോഷിക്കുമ്പോഴേക്കും മൂന്നു ലക്ഷത്തിലധികം ചിത്രങ്ങൾ പേഴ്സി പുറത്തുവിട്ടിരിക്കും. ഇതുകൂടാതെ നിരവധി സയൻസ് പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ചൊവ്വയിലുള്ള ക്യൂരിയോസിറ്റി റോവര് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത് 8 ലക്ഷം ചിത്രങ്ങള് മാത്രമാണ്. 3160 ദിവസം കഴിഞ്ഞു ക്യൂരിയോസിറ്റി അവിടെയെത്തിയിട്ട്.

Leave a Reply

Previous post ജ്ഞാന സമൂഹത്തിന്റെ ബോധനമാധ്യമം – ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും – RADIO LUCA
Next post കാലിവസന്ത നിർമാർജ്ജനം – ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ
Close