പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് ഒരു ചൊവ്വാവർഷം കഴിഞ്ഞു.
687. ചൊവ്വയും ഭൂമിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ 365പോലെ പ്രാധാന്യമുള്ള സംഖ്യ. 668നുമുണ്ട് വലിയൊരു പ്രാധാന്യം.
സൂര്യനുചുറ്റും കറങ്ങിവരാൻ ഭൂമി എടുക്കുന്നത് 365 ദിവസമാണ് എന്നതുപോലെ ചൊവ്വ സൂര്യനുചുറ്റും കറങ്ങിവരാൻ 687 ഭൗമദിനങ്ങൾ എടുക്കും. ചൊവ്വാദിനങ്ങളുടെ കണക്കിലാണെങ്കിൽ 668. ഭൂമിയെപ്പോലെ ഏതാണ്ട് 24 മണിക്കൂറാണ് ചൊവ്വ സ്വന്തം അക്ഷത്തിൽ കറങ്ങാൻ എടുക്കുന്ന സമയം. ഭൂമിയുടെ ഭ്രമണത്തിനു വേണ്ടിവരുന്നതിനെക്കാൾ 39 മിനിറ്റും 35 സെക്കന്റും അധികം വേണം എന്നു മാത്രം.
അതിനാൽ 668 ചൊവ്വാദിനങ്ങൾ മതി ഒരു ചൊവ്വാവർഷത്തിന്.
പേഴ്സിവിയറൻസിന് ചൊവ്വയിലെ ഒന്നാം വാർഷികം
പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് ഒരു ചൊവ്വാവർഷം കഴിഞ്ഞു. ചൊവ്വയിലെ ഒന്നാംജന്മദിനമെന്നോ വാർഷികമെന്നോ ഒക്കെ പറയാം. സൂര്യനുചുറ്റും ഒരു തവണ ചുറ്റിക്കറങ്ങി എന്നർത്ഥം. ഈ കാലയളവിനുള്ളിൽ മൂന്നുലക്ഷത്തി എണപതിനായിരം ചിത്രങ്ങളാണ് പേഴ്സിവിയറൻസ് ഭൂമിയിലേക്കയച്ചത്. ഭൂമിയിലേക്കു കൊണ്ടുവരാനുള്ള 38 സാമ്പിളുകളിൽ പതിനെട്ടു സാമ്പിളുകൾ ശേഖരിച്ചു. അതിൽ അഞ്ചെണ്ണവും ചൊവ്വയിൽ നിക്ഷേപിച്ചു. ചൊവ്വയിൽ ചെന്ന് ഓക്സിജൻ നിർമിച്ചു. നിരവധി തവണ ഹെലികോപ്റ്റർ പറത്തി. അങ്ങനെ പല പല സംഭവങ്ങൾ! അഞ്ചാമത്തെ സാമ്പിൾ ചൊവ്വയിലിട്ടത് 668ാമത്തെ സോളിലാണ്. അതായത് ഒന്നാം വാർഷികത്തിൽ.
എന്താണീ സോൾ ?
ചൊവ്വയിൽ പര്യവേഷണം നടത്തിത്തുടങ്ങിയതു മുതൽക്കാണ് സോൾ എന്ന ആശയം വേണ്ടിവന്നത്. ഒരു മാർസ് സോളാർ ഡേയാണ് സോൾ. 1976ൽ വൈക്കിങ് ലാൻഡർ ചൊവ്വയിലിറങ്ങിയതു മുതൽ സോൾ ചൊവ്വയുടെ ഔദ്യോഗികദിനമായി മാറി. yestersol, tosol, nextersol(solmorrow) തുടങ്ങിയ പദങ്ങളും പിന്നീട് രൂപപ്പെടുകയും ചെയ്തു.