ഡോ.എന്‍.ഷാജി
ഇതാ വരുന്നു അടുത്ത ഗ്രഹണം. ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.
ഒടുവിലിതാ ഡിസംബർ 26-ലെ വലയ ഗ്രഹണ ത്തിനുശേഷം അടുത്ത പൗർണമിയിൽ അതായത് 2020 ജനുവരി 10-11 രാത്രിയിൽ, ഒരു ചന്ദ്രഗ്രഹണം നടക്കുന്നു. എന്നാൽ ഇതു കാണാൻ ഉറക്കമിളച്ചിരുന്നാൽ നിരാശയാകും ഫലം. ഇത് ഒരു ഉപഛായാഗ്രഹണം (penumbral eclipse) മാത്രമായിരിക്കും. അതായത് ചന്ദ്രനിൽ വീഴുന്ന വെളിച്ചത്തിന്റെ അളവ് കുറച്ചു കുറയുമെന്നു മാത്രം. നമുക്ക് ഒരു പക്ഷേ അതു തിരിച്ചറിയാൻ തന്നെ കഴിഞ്ഞെന്നു വരില്ല. രസകരമായ ഒരു കാര്യം കൂടി സൂചിപ്പിക്കാം. ആ സമയത്ത് ചന്ദ്രനിൽ നിന്നു നോക്കിയാൽ ഭാഗിക സൂര്യഗ്രഹണം കാണാൻ കഴിയും, അതായത് ഭൂമി സൂര്യന്റെ ഒരു ഭാഗം മറയ്ക്കും.
ഗ്രഹണപാത കാണാം
ഇത്തരത്തിൽ രണ്ടാഴ്ചയുടെ ഇടവേളയിൽ രണ്ടു ഗ്രഹണങ്ങൾ ഉണ്ടാകുന്നത് എങ്ങനെ വിശദീകരിക്കാമെന്നു നോക്കാം. ഖഗോളത്തിൽ (celestial sphere) ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നതായി തോന്നുന്ന പാതകൾ സന്ധിക്കുന്ന ബിന്ദുക്കളാണ് രാഹുവും കേതുവും. അവയിൽ നിന്ന് അധികം അകലെയല്ലാതെ (കോണളവിൽ) സൂര്യൻ കാണപ്പെടുന്ന 34-35 ദിവസമാണ് ഒരു ഗ്രഹണസീസൺ എന്നറിയപ്പെടുന്നത്. ഇതിന്നിടയിൽ വരുന്ന കറുത്തവാവു ദിനങ്ങളിൽ സൂര്യഗ്രഹണവും വെളുത്തവാവു ദിനങ്ങളിൽ ചന്ദ്രഗ്രഹണവും ഉണ്ടാകും. അതിനാൽ ഒരു ഗ്രഹണസീസണിൽ ഉറപ്പായും രണ്ടു ഗ്രഹണങ്ങൾ ഉണ്ടാകും. ഇനി അപൂർവമായി സീസണിന്റെ തുടക്കത്തിൽ ഒരു ഗ്രഹണമുണ്ടായാൽ മൊത്തം മൂന്നു ഗ്രഹണത്തിനും സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന് 2018 ജൂലൈ 13, ജൂലൈ 27, ആഗസ്റ്റ് 11 എന്നീ ദിവസങ്ങളിൽ യഥാക്രമം ഭാഗിക സൂര്യഗ്രഹണം, പൂർണ ചന്ദ്രഗ്രഹണം, ഭാഗിക സൂര്യഗ്രഹണം എന്നിവയുണ്ടായി. രണ്ടായിരമാണ്ടിൽ അപൂർവമായ ഒരു കാര്യം ഉണ്ടായിട്ടുണ്ട്. ആ മാസം 1,16, 31 തീയതികളിലായി മൂന്നു ഗ്രഹണങ്ങൾ നടന്നു.