പൗരത്വ ഭേദഗതി നിയമം : വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു

ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പൗരത്വനിയമത്തിന്റെ പശ്ചാത്തലത്തില്‍ The Quint ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.  

മലയാളം സബ്ടൈടൈറ്റിൽ ചെയ്ത വീഡിയോ

സമകാലിക ഇന്ത്യനവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു ?

ഭൂരിപക്ഷ ഹിതം ന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൌരന്മാരായ മുസ്ലീങ്ങളെ ബാധിക്കില്ല എന്നവര്‍ പറയുന്നു, പക്ഷെ അതല്ല കാര്യം, ഇന്ത്യയിലെ 200 ദശലക്ഷം വരുന്ന മുസ്ലീം പൌരന്മാരില്‍ തങ്ങളുടെ മതം അത്ര ഭാരതീയമല്ലെന്നും ഇന്ത്യയെ സംബന്ധിച്ച് സാധുവായതല്ലെന്നും ഉള്ള തോന്നല്‍ ഉണ്ടാക്കും. അത് ഇന്ത്യയുടെ ഐക്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ലതല്ല. ഇന്ത്യ മത്സരിക്കേണ്ടത് പാകിസ്ഥാനോടോ അഫ്ഗാനിസ്ഥാനോടോ അല്ല.

അമിത് ഷായുടെ വാദം- “നിങ്ങള്‍ പറയുന്നത് പാകിസ്താനില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്  എന്നാണോ? ബംഗ്ലാദേശില്‍ അവര്‍ ആക്രമിക്കപ്പെടുന്നുണ്ടോ ? ഒരിക്കലും ഇല്ല. അവിടെയൊക്കെ ന്യൂനപക്ഷഹിന്ദുക്കള്‍ ആണ് അക്രമിക്കപ്പെടുന്നത്..” ഇതിനോടുള്ള പ്രതികരണം ?

ആ പറയുന്നത് തനി മണ്ടത്തരമാണ്. ഞാന്‍ ശാസ്ത്രത്തില്‍ നിന്നൊരു ഉദാഹരണം വെച്ച് പറയാം. അബ്ദുല്‍ സലാം ഒരു മഹാനായ സൈദ്ധാന്തിക ഭൌതിക ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന് തന്റെ മേഖലയില്‍ നോബല്‍ പുരസ്കാരവും കിട്ടിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തെ അപമാനിച്ചു. കാരണം അദ്ദേഹം അഹമ്മദീയ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു. അവരെ ചിലര്‍ യഥാര്‍ത്ഥ മുസ്ലീങ്ങളായി കണക്കാക്കുന്നില്ല.
അവിടെ എല്ലാത്തരം മനുഷ്യരും പീഡിപ്പിക്കപ്പെടുന്നുണ്ട്. പൂര്‍ണ്ണമായുമുള്ള ഒഴിവാക്കലിനു പകരം ഓരോരുത്തരുടെ കേസും വ്യക്തിപരമായി പരിഗണിക്കുന്ന സമീപനമാണ് വേണ്ടത്.

പൗരത്വനിയമഭേദഗതിയും ഇന്ത്യന്‍ ഭരണഘടണയെ തകര്‍ക്കുന്നതാണോ ?

നാം അഭിമാനിക്കേണ്ട ഒരു പ്രധാന കാര്യം ഇന്ത്യക്ക് അത്യന്തം പ്രബുദ്ധമായ ഒരു ഭരണഘടന ഉണ്ട് എന്നതിലാണ്. 1950 കളില്‍ എഴുതപ്പെട്ടതാണെങ്കിലും അത് അത്ഭുതാവഹമായ വിധത്തില്‍ പുരോഗമനപരമായ രേഖയാണ്. അങ്ങനെ നോക്കുമ്പോള്‍ അത് ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇന്ത്യയുടേത് പ്രബുദ്ധവും പുരോഗമനപരവും എല്ലാവരോടും സഹിഷ്ണുത പുലര്‍ത്തുന്നതുമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയാണ്.

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനക്ക് വിരുദ്ധമാകുന്നത് എന്തുകൊണ്ടെന്നാല്‍ അത് പൗരത്വത്തിന് മതത്തെ മാനദണ്ഡമാക്കുന്നു.
മാത്രമല്ല ഒരു മതത്തെ മനപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് മറ്റുമതങ്ങളെ അംഗീകരിക്കുന്നു. സാമുദായികമായ കലാപങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് ഇന്ത്യയെ പുറകോട്ടു വലിക്കുകയേ ഉള്ളൂ, മാത്രമല്ല വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, സാമ്പത്തിക വളര്‍ച്ച എന്നിവയിലെല്ലാം പുരോഗതിയുണ്ടാക്കാനുള്ള കഠിനപരിശ്രമങ്ങള്‍ക്ക് അത് തുരങ്കം വെക്കും. ഇത് ഒരു മോശം സൂചനയാണ്, ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ച് ദുസ്സൂചനയാണ്‌. ന്യൂനപക്ഷത്തിന്റെ ഹിതം പരിഗണിക്കാതെ ഭൂരിപക്ഷ ഹിതം ന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നു എന്ന് ഞാന്‍ കരുതുന്നു.അത് ജനാധിപത്യത്തിന്റെ ഒരു വകഭേദമാണെന്ന് പറയാമെങ്കിലും അതൊരു ഉദാത്ത ജനാധിപത്യ മാതൃകയല്ല. ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ വ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങളോടും വിഭിന്നാഭിപ്രായങ്ങളോടും സഹിഷ്ണുതയുണ്ടായിരിക്കും. അതായിരുന്നു ഇന്ത്യയുടെ സൗന്ദര്യം.
ദരിദ്രമായ ഒരു രാജ്യമായിരുന്നെങ്കിലും ഇന്ത്യ സഹിഷ്ണുതയുള്ള ഒരു രാജ്യമായിരുന്നു. ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ കടന്നുകയറാന്‍ ശ്രമിച്ചിരുന്നില്ല. എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ സ്വന്തമായി തോന്നിയിരുന്ന ഒരു രാജ്യമായിരുന്നു അത്. ഇപ്പോള്‍, ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നോ ആറിലൊന്നോ വരുന്ന ജനതയെ അന്യവത്കരിക്കുമ്പോള്‍ അവര്‍ക്ക് ഈ രാജ്യം സ്വന്തമായി തോന്നാതാകും. അത് ഒരു രാജ്യത്തെ സംബന്ധിച്ച് അപകടകരമായ സ്ഥിതിവിശേഷമാണ്.

താങ്കള്‍ ഇപ്പോള്‍ അമേരിക്കന്‍-യു.കെ. ഇരട്ട പൗരത്വമുള്ള വ്യക്തിയാണ്. ഇന്ത്യയിലെ പൗരത്വ ഭേദഗതിയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ കാരണം?

സാധാരണയായി ഇന്ത്യയിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഞാന്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല. ഇന്ത്യയിലെ വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ദ്ധരും പൌരത്വബില്ലിനെതിരെയുള്ള അപേക്ഷയില്‍ ഒപ്പുവെച്ചതായി ഞാനറിഞ്ഞു. ഒരു ഇന്ത്യന്‍ പൗരന്‍ അല്ലാത്തതിനാല്‍ ഞാന്‍ അതില്‍ ഒപ്പുവെച്ചില്ല. പക്ഷെ ഞാന്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ്. പത്തൊന്‍പത് വയസ്സുവരെ എന്റെ വിദ്യാഭ്യാസം പൂര്‍ണ്ണമായും ഇവിടെയായിരുന്നു. ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടും വരെ. എനിക്ക് നാഷണല്‍ സയന്‍സ് ടാലന്റ് സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു. ഞാന്‍ ഈ രാജ്യത്തോട് നന്ദിയുള്ളവനാണ്. കുറെക്കാലം മുമ്പ് ഇന്ത്യവിട്ട, ദീര്‍ഘകാലമായി ഇന്ത്യന്‍ പൌരനല്ലാത്ത ഒരാളെന്ന നിലക്ക് എനിക്കൊരു പ്രാദേശിക അസ്തിത്വമില്ല. എങ്കിലും ഈ രാജ്യത്തില്‍ നിന്നുള്ളയാളാണ് ഞാന്‍, അത് കൊണ്ട് ഇന്ത്യയോടെനിക്ക് ഗാഡമായ സ്നേഹമുണ്ട്, ഇന്ത്യക്ക് നന്മയുണ്ടാകണമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യക്ക് ദാരിദ്ര്യം, ജലദൗര്‍ലഭ്യം, ഊര്‍ജ്ജം, സാമ്പത്തിക വളര്‍ച്ച തുടങ്ങി നേരിടേണ്ട ധാരാളം വെല്ലുവിളികളുണ്ട്. ഇന്ത്യക്കാര്‍ ഒന്നിച്ചു നിന്ന് ശ്രമിച്ചാലേ അത് സാധിക്കൂ. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തങ്ങള്‍ അന്യരാണെന്നും പൗരത്വപദവിക്കര്‍ഹരല്ലെന്നും തോന്നുന്നത് ഇന്ത്യയുടെ പുരോഗതിക്ക് നല്ലതല്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണപരം എന്ന് ഞാന്‍ കരുതുന്നു.


വിവര്‍ത്തനം : സംഗീത ചേനംപുല്ലി

കടപ്പാട് www.thequint.com

Leave a Reply