സുനില്‍ പി ഇളയിടം
ഏറ്റവും പുതിയ ശാസ്ത്രഗവേഷണങ്ങളെ തന്നെ മുൻനിർത്തി ശാസ്ത്രമേഖലയിൽ ആഴത്തിൽ വേരുപിടിച്ച സ്ത്രീവിരുദ്ധതയെ തുറന്നുകാണിക്കുന്ന പുസ്തകമാണ് ഏയ്ഞ്ചലാ സെയ്നിയുടെ Inferior
എയ്ഞ്ചലാ സെയ്നിയുടെ ‘അപകൃഷ്ടം’ എന്ന ഗ്രന്ഥം(Inferior: How Science Got Women Wrong and the New Research That’s Rewriting the Story) എന്ന അസാധാരണ ഗ്രന്ഥം, മുകളിൽ സൂചിപ്പിച്ച വസ്തുതകൾ വെളിവാക്കുന്നതുപോലെ ആധുനികശാസ്ത്രസ്ഥാപനത്തിൽ നിലീനമായ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള സവിശേഷമായ ഒരന്വേഷണമാണ്. ഒപ്പംതന്നെ, ശാസ്ത്രമേഖലയിലെ പുതിയ ഗവേഷണങ്ങൾ അത്തരം സ്ത്രീവിരുദ്ധതയെ സൂക്ഷ്മാന്വേഷണങ്ങളിലൂടെ മറികടന്നുപോരുന്നതെങ്ങനെ എന്നതിന്റെ വിശദീകരണവും. ആ നിലയിൽ, ഒരുഭാഗത്ത് ആധുനികശാസ്ത്രത്തെ ചരിത്രപരവും പ്രകരണനിഷ്ഠവുമായ ഒരുസ്ഥാനത്ത് പ്രതിഷ്ഠിച്ച് അതിനെ വിമർശനാത്മക പരിശോധനയ്ക്ക് വിധേയമാക്കാനും മറുഭാഗത്ത് ചരിത്രപരമായ മുൻവിധികളെ ‐ ലിംഗപരമെന്നതുപോലെ വംശീയവും അധിനിവേശപരവും മറ്റുമായ മുൻവിധികളെ ശാസ്ത്രം മറികടക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാനും ശ്രമിക്കുന്ന ഗ്രന്ഥമാണിത്.
ബിബിസിയിലെ ശാസ്ത്രസംബന്ധിയായ പരിപാടിയിലൂടെ ലോകശ്രദ്ധയിലെത്തിയ പത്രപ്രവർത്തകയും ശാസ്ത്രകാരിയുമാണ് ഏയ്ഞ്ചലോ സെയ്നി. ഒക്സ്ഫെഡിൽനിന്ന് എൻജിനിയറിങ് ബിരുദം നേടിയ അവർ സാങ്കേതികപഠനകാലത്തെ തന്റെ വ്യക്തിപരമായ അനുഭവം മുൻനിർത്തിയാണ്, ആധുനികശാസ്ത്രവും (സാങ്കേതികവിദ്യയും) പുരുഷാധികാരവും തമ്മിലുള്ള കൂടിക്കുഴയലുകളെക്കുറിച്ച‌് ഗൗരവമേറിയ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞത്. വിശ്വപ്രസിദ്ധമായ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശാസ്ത്രപത്രപ്രവർത്തനമേഖലയിലെ ഫെല്ലോ ആയും ഏയ്ഞ്ചലോ സെയ്നി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തെയും തലച്ചോറിനെയും സംബന്ധിച്ച മാമൂൽധാരണകളെ ‘ഏറ്റവും പുതിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തകർത്തെറിയാൻ വായനക്കാരെ സഹായിക്കുന്ന ആയുധപ്പുര’ എന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ എക്സ്പിരിമെന്റൽ ഫിസിക്സ് പ്രൊഫസർ അഥീൻ ഡൊണാൾഡ് വിശേഷിപ്പിച്ച, ഈ ഗ്രന്ഥം 2017 അവസാനത്തോടെ ലണ്ടൻ ആസ്ഥാനമായ ഫോർത്ത് എസ്റ്റേറ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആണധികാരം എന്ന സവിശേഷപ്രമേയത്തെ മുൻനിർത്തി ആധുനികശാസ്ത്രത്തെ, പ്രത്യേകിച്ചും ശരീരശാസ്ത്രത്തെയും മനഃശാസ്ത്രത്തെയും ചരിത്രപരവും വിമർശനാത്മകവുമായി സമീപിക്കാനുള്ള ഏയ്ഞ്ചലോ സെയ്നിയുടെ ശ്രമം സമകാലിക ശാസ്ത്രവിചാരമേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായി പരിഗണിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ആധുനികശാസ്ത്രത്തിന്റെ സ്ഥാപനപരമായ ഉള്ളടക്കത്തിൽ നിലീനമായ സ്ത്രീവിരുദ്ധതയുടെ തെളിവുകൾ സെയ്നി തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അണിനിരത്തുന്നുണ്ട്. ഒട്ടൊരു കൗതുകത്തോടെയും വിസ്മയത്തോടെയും മാത്രമേ നമുക്ക് ആ വസ്തുതകളെ അഭിമുഖീകരിക്കാനാവൂ. മധ്യകാല മതാത്മകപാരമ്പര്യത്തെ പിൻപറ്റിയ ഓക്സ്ഫെഡ്, കേംബ്രിഡ്ജ് സർവകലാശാലകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടംവരെ ബ്രഹ്മചര്യത്തെ ശാസ്ത്രസമൂഹത്തിന്റെ ഒരനിവാര്യനിയമമായി നിലനിർത്തിയിരുന്നു. ശാസ്ത്രഗവേഷകരും പ്രൊഫസർമാരും വിവാഹം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ആ സ്ഥാപനങ്ങൾ സ്ത്രീകൾക്ക് അധ്യയനത്തിലോ അധ്യാപനത്തിലോ പ്രവേശനം അനുവദിച്ചിരുന്നുമില്ല. സ്ത്രീകൾക്ക് ബിരുദം നൽകാൻ കേംബ്രിഡ്ജ് സർവകലാശാല 1947 വരെയും ഹാവാർഡ് മെഡിക്കൽ സ്കൂൾ 1945 വരെയും കാത്തുനിന്ന കാര്യം ഏയ്ഞ്ചലാ സെയ്നി എടുത്തുപറയുന്നുണ്ട്. ശാസ്ത്രമേഖലയിൽ രണ്ടുതവണ നൊേബൽ പുരസ്കാരം നേടിയ മേരി ക്യൂറിക്ക് ഫ്രാൻസിൽ സയൻസ് അക്കാദമി സ്ത്രീയായതുകൊണ്ട് അംഗത്വം നിരസിക്കുകയാണ് ചെയ്തത്.
ലിംഗനിർണയത്തിന് അടിസ്ഥാനമാകുന്ന ക്രോമോസോമുകളെ കണ്ടെത്തുന്നതിൽ അമേരിക്കൻ ജീവശാസ്ത്രജ്ഞയായ നെറ്റി മരിയാ സ്റ്റീവൻസ് നിർണായക പങ്കാണ് വഹിച്ചതെങ്കിലും പിൽക്കാല ശാസ്ത്രചരിത്രം അവരെ വിസ്മരിക്കുകയാണ് ചെയ്തത്. ‘സ്ത്രീകൾ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തുകുത്തിയതിനുശേഷം ലോകംകണ്ട ഏറ്റവും വലിയ ഗണിതപ്രതിഭ’ എന്ന് ആൽബർട്ട് ഐൻസ്റ്റീൻ തന്നെ വിശേഷിപ്പിച്ച എമ്മിനോയ്തർ ഗോട്ടിങ്ങൻ സർവകലാശാലയിൽ ഒരു പുരുഷന്റെ കള്ളപ്പേര് സ്വീകരിച്ച്, ശമ്പളമില്ലാതെ, അനൗദ്യോഗികമായാണ് അധ്യാപനവൃത്തിയിൽ ഏർപ്പെട്ടത്! 1944ൽ ന്യൂക്ലിയർ ഫിഷന്റെ കണ്ടെത്തലിൽ നിർണായക പങ്കുവഹിച്ച ലിസി മെയ്റ്റ്നർക്ക് അതിനുള്ള അംഗീകാരത്തിൽ ഇടം ലഭിച്ചില്ല. ആസ്ട്രിയയിൽ പതിനാല് വയസ്സിനപ്പുറം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഘട്ടത്തിലാണ് ലിസി മെയ്റ്റ്നർ സ്വകാര്യപഠനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിലേക്കും ശാസ്ത്രഗവേഷണത്തിലേക്കും എത്തിപ്പെട്ടത്. ഡിഎൻഎയുടെ ഘടന അനാവരണം ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ച ആളായിരുന്നു റോസലിന്റ് ഫ്രാങ്ക്ളിൻ, പക്ഷേ, നൊബേൽ സമ്മാനപരിഗണനയിൽ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറിസ് വിൽസൺ എന്നിവർക്കൊപ്പം റോസലിന്റ് ഫ്രാങ്ക്ളിൻ പരിഗണിക്കപ്പെടാതെ പോയി.
ആധുനികശാസ്ത്രം സ്ഥാപനവൽക്കരിക്കപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം കൂടുതൽ കൂടുതൽ പ്രബലമായത്. അതിനു മുമ്പ‌് താരതമ്യേന കൂടിയ അളവിൽ ശാസ്ത്രഗവേഷണത്തിൽ സ്ത്രീകൾ പങ്കാളികളായിരുന്നുവെങ്കിൽ സ്ഥാപനവൽക്കരണത്തിന്റെ ദൃഢീകരണത്തോടൊപ്പം സ്ത്രീകൾ ആധുനികശാസ്ത്രത്തിന്റെ മണ്ഡലത്തിൽനിന്ന് കൂടുതൽ ബഹിഷ്കൃതരായി. മിയാമി സർവകലാശാലയിലെ ശാസ്ത്രചരിത്രകാരിയായ കിംബർലി ഹാംലിൻ ചൂണ്ടിക്കാട്ടുന്നതുപോലെ, ശാസ്ത്രമേഖലയിലെ ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും ആധുനികശാസ്ത്രത്തിന്റെ സ്ഥാപനവൽക്കരണത്തോടും പ്രൊഫഷണലൈസേഷനോടും ഒപ്പം കൈകോർത്താണ് മുന്നേറിയത്. 2005‐ൽ സ്ത്രീകൾക്ക് ശാസ്ത്രാന്വേഷണത്തിനുള്ള ആന്തരികവാസന കുറവാണ് എന്നു പറഞ്ഞ ഹാവാർഡ് സർവകലാശാലാ പ്രസിഡന്റ‌് ലോറൻസ് സമ്മേഴ്സ് ഈ വീക്ഷണഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എത്ര പ്രബലമായി തുടരുന്നു എന്നതിന്റെ തെളിവായി ലോകത്തിന് മുന്നിലുണ്ട്. തന്റെ ഏറ്റവും പുതിയ ഗ്രന്ഥത്തിൽ The Age of Scientific Sexism-2005) വിമർശനാത്മക സൈദ്ധാന്തികയായ മാരി റൂനി ആധുനികലോകത്തെ ശാസ്ത്രം ലിംഗവിവേചനത്തെ സ്ഥാപനപരമായി എങ്ങനെ ഉറപ്പിച്ചെടുക്കുന്നുയെന്ന് ആരായുന്നതും അതുകൊണ്ടാണ്. സ്ത്രീകളെ അപകൃഷ്ടജന്മങ്ങളായി (Inferior) ഉറപ്പിച്ചെടുക്കുന്നതിൽ ‘ശാസ്ത്രീയവസ്തുതകൾ’ ഇപ്പോഴും അത്രമേൽ ഉപയോഗിക്കപ്പെടുന്നു. ഒരു സായാഹ്നസൽക്കാരവേളയിലെ വെടിവെട്ടത്തിനിടയിൽ പറഞ്ഞാൽപോലും കടുത്ത എതിർപ്പ് ഉയരേണ്ടതരം പ്രസ്താവനകൾ ശാസ്ത്രപ്രഖ്യാപനങ്ങളായി ശാസ്ത്രജ്ഞരുടെ ലാബ്കോട്ട് ധരിച്ചവരിൽനിന്ന് ഇപ്പോഴും പുറത്തുവരുന്നതായി ഏയ്ഞ്ചലാ സെയ്നി വിമർശിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ്, ഏറ്റവും പുതിയ ശാസ്ത്രഗവേഷണങ്ങളെ തന്നെ മുൻനിർത്തി ശാസ്ത്രമേഖലയിൽ ആഴത്തിൽ വേരുപിടിച്ച സ്ത്രീവിരുദ്ധതയെ തുറന്നുകാണിക്കാൻ ഏയ്ഞ്ചലാ സെയ്നി ശ്രമിക്കുന്നത്.
കടപ്പാട് : ദേശാഭിമാനി