ലോക സസ്യശാസ്ത്ര ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു മഹാശാസ്ത്രകാരനായിരുന്നു പ്രൊഫ. പഞ്ചാനൻ മഹേശ്വരി. അദ്ദേഹം 1904 നവംബർ 9 ന് ജയ്പൂരിൽ ജനിച്ചു. പഞ്ചാനൻ എന്ന വാക്കിന് അഞ്ചു മുഖമുള്ള പ്രതിഭ എന്നാണർത്ഥം. ഈ പേരിന് അദ്ദേഹം സർവ യോഗ്യനാണെന്ന് താമസിയാതെ തന്നെ വ്യക്തമായി. അദ്ദേഹത്തിന്റെ പിതാവ് ഒരു സാധാരണ ഗുമസ്തനായിരുന്നു; മകന് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാൻ ആ പിതാവ് കഠിനാധ്വാനം ചെയ്തു. പഞ്ചാനൻ ജയ്പൂരിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 13-ാം വയസ്സിൽ അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷ പാസായി. ദുർബലമായ കാഴ്ചശക്തി മൂലം അദ്ദേഹത്തിന് വൈദ്യവിദ്യാഭ്യാസത്തിനു പോകാൻ കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം ശാസ്ത്രപഠനം തിരഞ്ഞെടുത്തു.
അലഹബാദ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായിരുന്ന ഇർവിങ്ങ് ക്രിസ്റ്റ്യൻ കോളേജിൽ അദ്ദേഹം BSc ക്കു ചേർന്നു (1929). ഇവിടെ വച്ച് വിൻഫിൽഡ് സ്‌കോട്ട് ഡഡ്ജൺ എന്ന അമേരിക്കൻ മിഷണറിയായ അധ്യാപകൻ മഹേശ്വരിയെ ഏറെ സ്വാധീനിച്ചു. പ്രശസ്ത സസ്യശാസ്ത്രജ്ഞനും ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ സ്ഥാപക അധ്യക്ഷനുമായിരുന്നു ഡഡ്ജൺ. എല്ലാവരും ബഹുമാനിക്കുന്ന, എന്നാൽ കാർക്കശ്യത്തിനു പേരുകേട്ട അധ്യാപകനായിരുന്നു അദ്ദേഹം. മഹേശ്വരിയെ കണ്ട ഉടൻ താൻ ദീർഘനാളായി തേടിക്കൊണ്ടിരുന്ന ശിഷ്യനെ കണ്ടെത്തിയതുപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. അദ്ദേഹം സസ്യസ്‌പെസിമെനുകൾ ശേഖരിക്കാനുള്ള പര്യവേഷണയാത്രകളിൽ യുവാവായ മഹേശ്വരിയെ കൂടെക്കൂട്ടി; പ്ലാന്റ് മോർഫോളജിയുടെ അടിസ്ഥാനസങ്കേതങ്ങളിൽ ശിഷ്യന് പരിശീലനം നൽകി. ഒരിക്കൽ ഡഡ്ജൻ മഹേശ്വരിയോട് ഇപ്രകാരം പറഞ്ഞു: ”ഹൈന്ദവനായ ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം പുത്രന് നല്ല വിദ്യാഭ്യാസം നൽകിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം പൂർത്തീകരിക്കപ്പെടും. എന്റെ പുത്രൻ മരിച്ചുപോയി. പക്ഷേ എന്റെ ജീവിതലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തനായ ഒരു ശിഷ്യനെയെങ്കിലും സൃഷ്ടിക്കാനാവണം എന്നാണെന്റെ മോഹം”.
യുവാവായ മഹേശ്വരി പഠനകാര്യങ്ങളിൽ മിടുമിടുക്കനായിരുന്നു. ഡഡ്ജന്റെ ശിഷ്യത്വത്തിൽ അദ്ദേഹം MSc (1927) യും DSc (1931) യും പൂർത്തിയാക്കി. ആഞ്ചിയോസ്‌പേമുകളുടെ (സപുഷ്പി സസ്യങ്ങൾ) മോർഫോളജി, അനാറ്റമി, എംബ്രിയോളജി എന്നിവയിൽ അദ്ദേഹം സവിശേഷ വൈദഗ്ധ്യം നേടിയിരുന്നു. പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം തന്റെ ഗുരുവിന് ‘ഗുരുദക്ഷിണ’ നൽകാനെത്തി. ഗുരുവിന്റെ ഉത്തരം ഇപ്രകാരമായിരുന്നു. ”ഞാൻ നിനക്കായി ചെയ്തത്, നീ നിന്റെ ശിഷ്യന്മാർക്കായി ചെയ്യുക”. ഈ സന്ദേശം ശിഷ്യൻ തന്റെ ഹൃദയത്തോടു ചേർത്ത് സൂക്ഷിച്ചു. പിൽക്കാലത്ത് എവിടെയായിരുന്നപ്പോഴും, ആഗ്രയിലാവട്ടെ, ഡാക്കയിലാവട്ടെ, ഡൽഹിയിലാവട്ടെ, തന്റെ ഗുരുവിന്റെ വാക്കുകളോട് പൂർണ നീതി പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചു.
1931-ൽ ആഗ്രാ കോളേജിൽ ചേർന്ന ഉടനെ തന്നെ അദ്ദേഹം അവിടെ സസ്യഭ്രൂണവിജ്ഞാന (Plant embryology) പഠനത്തിനായി ഒരു കേന്ദ്രം സ്ഥാപിച്ചു. പരിമിതമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു മൈക്രോസ്‌കോപ്പും ഒരു മൈക്രോടോമും വാങ്ങി. സ്‌കൂൾ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ പത്‌നി ശാന്തി തികച്ചും ശാസ്ത്രീയമായി സ്ലൈഡുകൾ നിർമിച്ചുനൽകി!
ഒരു പുഷ്പത്തിന്റെ അണ്ഡങ്ങളിൽ ബീജാധാരണം നടക്കുന്നത് ഏതെങ്കിലും ജീവിയോ, കാറ്റോ മറ്റൊരു ചെടിയിൽനിന്ന് പൂമ്പൊടി എത്തിക്കുമ്പോളാണെന്ന് നമുക്കറിയാം. പൂവിന്റെ ആന്തരികഭാഗത്തുള്ള അണ്ഡാശയ (Ovary) മെന്ന അറയിൽവച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ പ്രക്രിയയുടെ ഫലമാണ് ഭ്രൂണം അഥവാ എംബ്രിയോ. ഈ എംബ്രിയോ, ഗർഭസ്ഥ സസ്യം, ചുറ്റുപാടുമുള്ള മണ്ണിൽ നിന്ന് ഭക്ഷണവും പോഷകാംശങ്ങളും സ്വീകരിച്ച് പൂർണസസ്യമായി വളരുന്നു. ഒരു എംബ്രിയോ പൂർണരൂപത്തിലുള്ള സസ്യമായിത്തീരുന്ന പ്രക്രിയ ഓരോ സസ്യജാതിയിലും വ്യത്യസ്തമാണ്. മഹേശ്വരി വ്യത്യസ്ത സപുഷ്പി സസ്യസ്പീഷിസുകളിൽ, ഈ പ്രക്രിയ സൂക്ഷ്മപഠനത്തിനു വിധേയമാക്കി. ഭ്രൂണവിജ്ഞാനത്തെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനങ്ങളിൽ കണ്ടെത്തിയ വ്യത്യാസങ്ങൾ ആധാരമാക്കി അദ്ദേഹം അവയെ വർഗീകരിക്കുകയും ചെയ്തു.
1936-37 കാലത്ത് പ്രൊഫ. മഹേശ്വരി യൂറോപ്പും ഇംഗ്ലണ്ടും സന്ദർശിച്ചു. ഇക്കാലത്ത് ഒട്ടേറെ പ്രമുഖ ശാസ്ത്രജ്ഞരുമായി സമ്പർക്കം പുലർത്താൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തിരിച്ച് നാട്ടിലെത്തിയതിനുശേഷം അൽപകാലം ലക്‌നോവിൽ പ്രശസ്ത പാലിയോബൊട്ടാണിസ്റ്റായ പ്രൊഫ. ബീർബൽ സാഹ്നിയോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. 1939-ൽ മഹേശ്വരി പുതിയൊരു ജീവശാസ്ത്രവിഭാഗം ആരംഭിക്കുക എന്ന ദൗത്യവുമായി ഡാക്കാ സർവകലാശാലയിൽ ചേർന്നു. അവിടെ വച്ച് സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ തുടങ്ങി ഒട്ടേറെ പ്രഗത്ഭരുമായി അടുത്തിടപഴകുകയുണ്ടായി. പത്തുവർഷക്കാലം അദ്ദേഹം ഡാക്കാ സർവകലാശാലയിൽ ജോലി ചെയ്തു. ഇക്കാലത്താണ് സർവകലാശാലയിലെ അതിപ്രശസ്തമായിത്തീർന്ന സ്‌കൂൾ ഓഫ് ബോട്ടണി അദ്ദേഹം പടുത്തുയർത്തിയത്. 1947-ൽ രാഷ്ട്രം വിഭജിക്കപ്പെട്ടുവെങ്കിലും ഡാക്കയിൽ പ്രവർത്തനം തുടരാൻ കിഴക്കൻ പാക്കിസ്ഥാന്റെ ഭരണാധികാരികൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയുണ്ടായി. പക്ഷേ അതിനിടയിലാണ് നിരസിക്കാനാവാത്ത ഒരു ക്ഷണം അദ്ദേഹത്തിനു ലഭിക്കുന്നത്.
1949-ൽ അന്നത്തെ ദൽഹി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന സർ മോറിസ് ഗ്വേയർ (ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ബ്രിട്ടീഷ് ചീഫ് ജസ്റ്റിസും ഇദ്ദേഹമായിരുന്നു) പുതുതായി ആരംഭിക്കുന്ന ബോട്ടണി വിഭാഗത്തിന് നേതൃത്വം നൽകാൻ പ്രൊഫസർ മഹേശ്വരിയെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സർഗാത്മകവും ഉൽപാദനക്ഷമവുമായ കാലഘട്ടമായിരുന്നു അവിടെ ആരംഭിച്ചത്. 1950 ഓടെ അദ്ദേഹം തന്റെ പ്രവർത്തനരംഗത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയിരുന്നു. അസാധാരണമായ വ്യക്തിവൈശിഷ്ട്യത്തിന്റെയും പിഴവുപറ്റാത്ത ഓർമശക്തിയുടെയും ഉടമയായിരുന്നു പ്രൊഫ. മഹേശ്വരി. ഗവേഷണപ്രവർത്തനത്തിന്റെ കാര്യത്തിൽ തികഞ്ഞ കാർക്കശ്യക്കാരനും പാരമ്പര്യനിഷേധിയുമായിരുന്ന അദ്ദേഹം അടങ്ങാത്ത ഊർജസ്വലതയുടെ ഉറവിടമായിരുന്നു. പ്രവർത്തനമാണ് ആരാധന എന്നു വിശ്വസിച്ചിരുന്ന മഹേശ്വരി ഒരു തികഞ്ഞ പണ്ഡിതനും മികവുറ്റ അധ്യാപകനുമായിരുന്നു. പരിപൂർണതയിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് ‘രണ്ടാംകിട’യിൽപ്പെട്ട ഒന്നും സ്വീകാര്യമായിരുന്നില്ല. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും സമയബോധവും പ്രസിദ്ധമായിരുന്നു.
ചിലവുകുറഞ്ഞതും സ്വയം ആവിഷ്‌കരിച്ചതുമായ ഗവേഷണോപകരണങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം തന്റെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുപോന്നു. ക്രമേണ അദ്ദേഹത്തിന്റെ കഠിനപരിശ്രമത്തിന്റെ ഫലം കണ്ടുതുടങ്ങി. അദ്ദേഹത്തിന്റെ ഡിപ്പാർട്ടുമെന്റ് വികസിക്കുകയും വിദേശങ്ങളിൽപോലും അംഗീകാരം നേടുകയും ചെയ്തു. മറുനാടുകളിലുള്ള നിരവധി ശാസ്ത്രജ്ഞർ എംബ്രിയോളജിയിൽ താൽപര്യം പ്രകടിപ്പിക്കുകയും ആ രംഗത്ത് ഗവേഷണമാരംഭിക്കുകയും ചെയ്തു. അദ്ദേഹത്തെ ആധുനികഎംബ്രിയോളജിയുടെ പിതാവ് എന്നു വിശേഷിപ്പിക്കാവുന്നതാണ്.
സപുഷ്പി സസ്യങ്ങളുടെ ടെസ്റ്റ്ട്യൂബ് ഫെർട്ടിലൈസേഷൻ സങ്കേതം കണ്ടുപിടിച്ചത് മഹേശ്വരിയാണ്. സപുഷ്പിസസ്യങ്ങളുടെ ബീജാങ്കുരണം ടെസ്റ്റ്യൂബിൽ വച്ച് നടത്താനാവുമെന്ന് അതുവരെ ആരും സങ്കല്പിച്ചിരുന്നില്ല. ഈ സങ്കേതം, വിത്തുകളിലെ സുഷുപ്താവസ്ഥ ഒഴിവാക്കിക്കൊണ്ട് ബീജാങ്കുരണത്തിന്റെ ഗതിവേഗം വർധിപ്പിക്കാൻ സഹായിച്ചു. നിരവധി സപുഷ്പിസസ്യങ്ങൾ ക്രോസ്ബ്രീഡ് ചെയ്യാമെന്നായി. ഈ രീതി പ്ലാന്റ് ബ്രീഡർമാർക്ക് ഏറെ ഉപകാരപ്രദമായിത്തീർന്നു. പ്രയുക്ത ബോട്ടണിയുടെ രംഗത്തും അതുമായി ബന്ധപ്പെട്ട സാമ്പത്തികമേഖലയിലും ഇതിന്റെ ഫലങ്ങൾ അനുഭവപ്പെട്ടു.
ദൽഹി സർവകലാശാലയിൽ ചേർന്ന് അധികം താമസിയാതെ അദ്ദേഹം An Introduction to the Embryology of Angiosperms എന്ന പ്രശസ്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ മേഖലയിലെ ഒരു ക്ലാസിക്കായി അംഗീകരിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥം റഷ്യൻ ഭാഷയടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ട് 50 വർഷത്തിലേറെയായെങ്കിലും നിരവധി ഗവേഷണപ്രബന്ധങ്ങളിൽ ഈ ഗ്രന്ഥം ഇപ്പോഴും ഉദ്ധരിക്കപ്പെട്ടുവരുന്നു!
മഹേശ്വരിയുടെ ഗവേഷണപ്രവർത്തനങ്ങൾ സസ്യശാസ്ത്രത്തിന്റെ സർവമേഖലകളിലേക്കും വ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവുമൊടുവിലത്തെ സമ്പൂർണ സസ്യശാസ്ത്രജ്ഞരുടെ പരമ്പരയിൽപ്പെടുന്ന ഒരാളാണ് അദ്ദേഹം. മഹേശ്വരിയും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും അടങ്ങുന്ന കൂട്ടായ്മ നൂറിലേറെ സപുഷ്പി സസ്യങ്ങളെയാണ് സമഗ്രപരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പ്രവർത്തനത്തിനിടയിൽ ഒട്ടേറെ തെറ്റുകളും അബദ്ധധാരണകളും കണ്ടെത്താനും തിരുത്താനും അവർക്കു കഴിഞ്ഞു. An Illustrated Flora of Delhi എന്ന പ്രശസ്ത ഗ്രന്ഥം തയ്യാറാക്കപ്പെട്ടത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ രംഗത്തെ ഏറ്റവും ആധികാരികമായ ഫീൽഡ് ഗൈഡ് എന്ന സ്ഥാനം പ്രസ്തുത ഗ്രന്ഥം നിലനിർത്തിവരുന്നു.
മഹേശ്വരി കുട്ടികൾക്കായി ”സസ്യശക്തി” (Plant power) യെക്കുറിച്ച് രസകരമായ ശാസ്ത്രലേഖനങ്ങൾ രചിക്കുമായിരുന്നു. ഉദാഹരണമായി ഗാന്ധിജിയുടെ പ്രഥമ സത്യഗ്രഹസമരം, തുണിവ്യവസായത്തിൽ ഏറെ പ്രയോജനപ്പെടുത്തിയിരുന്ന നീലം ചെടിയുടെ (Indigofera Tinctoria) കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം ലേഖനമെഴുതുകയുണ്ടായി. 1951-ൽ അദ്ദേഹം International Society of Plant Morphologists എന്ന സംഘടന സ്ഥാപിച്ചു. പ്രസ്തുത സംഘടനയുടെ ആഭിമുഖ്യത്തിൽ Phytomorphology എന്നൊരു ജേർണലും പ്രസിദ്ധീകരിക്കാനാരംഭിച്ചു. ബിരുദ വിദ്യാർത്ഥികളുടെ ശാസ്ത്രരചനാപാടവം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ The Botanica എന്ന പേരിൽ ഒരു പ്രസിദ്ധീകരണം അദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെയേറെ കാലികപ്രസക്തിയുള്ള വിവരങ്ങളടങ്ങിയ ഈ പ്രസിദ്ധീകരണം പെട്ടെന്നു തന്നെ വലിയ വിജയം കൈവരിച്ചു. NCERT യുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ഒരു ബയോളജി പാഠപുസ്തകം തയ്യാറാക്കുകയുണ്ടായി. ഇന്ത്യയിലെ സമൃദ്ധമായ സസ്യസമ്പത്തിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. പല വിദ്യാഭ്യാസവിദഗ്ധരുടെയും അഭിപ്രായത്തിൽ പ്രൊഫസർ മഹേശ്വരിയുടെ ഏറ്റവും വിലപ്പെട്ട സംഭാവനയാണിത്.
ക്ലാസുമുറിയിലെ പ്രൊഫസർ മഹേശ്വരി തന്റെ ഗുരുവായ ഡഡ്ജനെപ്പോലെയായിരുന്നു. വിദ്യാർത്ഥികൾ ഒരേസമയം സ്‌നേഹത്തോടും നേരിയ ഭയപ്പാടോടും കൂടിയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. അവർ പുതുതായി കണ്ടെത്തിയ പല സസ്യജാതികൾക്കും തങ്ങളുടെ ഗുരുവിന്റെ പേരിടുകയുണ്ടായി. Panchanania Jaipuriensis, Isoetes Panchananii എന്നിവ ഉദാഹരണം. സ്റ്റാലിന്റെ പ്രിയങ്കരനായ കപടശാസ്ത്രജ്ഞൻ ട്രോഫിം ലൈസങ്കോയുടെ പാരമ്പര്യവാദത്തിനെതിരെ അദ്ദേഹം ഏകനായി അതിശക്തമായി പോരാടിയിരുന്നു.
അന്തർദേശീയ അംഗീകാരം നേടിയ ഒരു വിശ്വശാസ്ത്രപൗരനായിരുന്നു പ്രൊഫ. മഹേശ്വരി. ഒട്ടേറെ അക്കാദമികൾ അദ്ദേഹത്തെ വിശിഷ്ട അംഗത്വം നൽകി ബഹുമാനിച്ചു. 1934-ൽ അദ്ദേഹം ബാംഗ്ലൂരിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫെലോ ആയി. 1958-ൽ ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി, ബീർബെൽ സാഹ്‌നി മെഡൽ നൽകി അദ്ദേഹത്തെ ബഹുമാനിച്ചു. 1966-ൽ അദ്ദേഹം റോയൽ സൊസൈറ്റിയിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. പത്രവാർത്ത വഴിയാണത്രെ അടുത്ത കുടുംബാംഗങ്ങൾപോലും ഇക്കാര്യം അറിഞ്ഞത്. ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി പ്രൊഫ. മഹേശ്വരി തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും ആ ചുമതല ഏറ്റെടുക്കാനാവുംമുമ്പ് 1966 മെയ് 18ന് അദ്ദേഹം മരണമടഞ്ഞു. തികച്ചും അകാലത്തിൽ.